എരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എരണ്ട
എരണ്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Anatidae

Vigors 1825

അൻസരിഫോർമിസ് വർഗത്തിലെ അൻസരിഡേ കുടുംബത്തിൽ പെട്ട ഒരു പക്ഷി. താറാവുകളും അരയന്നങ്ങളും ഉൾക്കൊള്ളുന്ന കുടുബത്തിലെ ഒരംഗമാണിത്. നെറ്റോപ്പസ് (Nettopus) എന്ന ശാസ്ത്രനാമത്തിലാണ് ഇന്ത്യൻ എരണ്ട അറിയപ്പെടുന്നത്. വിവിധതരം ഭക്ഷണം അകത്താക്കാൻ പറ്റിയ വീതിയുള്ള പരന്ന ചുണ്ടാണിതിനുള്ളത്. കാലിലെ മൂന്ന് മുൻ‌‌വിരലുകൾ ചർമപടലം കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. നാക്കു തടിച്ചതും മാംസളവുമാണ്. പുറത്തേക്കു വലിയുന്ന ഒരു ശിശ്നം എരണ്ടകളുടെ ഒരു പ്രത്യേകതയാണ്.[1]

ദേശാടനക്കിളികൾ[തിരുത്തുക]

വേഗത്തിൽ പറക്കാൻ കഴിവുള്ള ഈ പക്ഷി ഒരു മുങ്ങൽ വിദഗ്ദ്ധൻ കൂടിയാണ്. പ്രതികൂല കലാവസ്ഥകളിൽ ഇരതേടാനും ഇണ ചേരാനും വേണ്ടി അവ ബഹുദൂരം കൂട്ടമായി ദേശാടനം നടത്തുന്നു. ചില പ്രത്യേക കാലങ്ങളിൽ കേരളത്തിലെ കുട്ടനാടൻ പാടശേഖരങ്ങളിലും ഉൾനാടൻ ജലാശയങ്ങളിലും എരണ്ടകൾ സംഘമായി വന്നണയുന്നു. വലിയ ചങ്ങാടം പോലെ അവ ജലോപരിതലത്ത് പൊങ്ങിക്കിടന്ന് ആഹാരസമ്പാദനം നടത്തുന്നു. യൂറോപ്പിൽ നിന്ന് കാലാകാലങ്ങളിൽ നമ്മുടെ നാട്ടിൽ വന്നണയുന്ന അനാസ് ക്രെക്ക എന്ന എരണ്ട താരതമ്യേന ചെറുതാണ്. തലമുതൽ വാലുവരെയുള്ള മൊത്തം വലിപ്പം ശരാശരി 38 സെ. മീ ആണ്, ആണിനും പെണ്ണിനും തമ്മിൽ പ്രകടമായ വർണ വ്യത്യാസമുണ്ട്. ആൺപക്ഷിക്ക് ചാരനിറവും പെണ്ണിന് പോട്ടോടുകൂടിയ തവിട്ടുനിറവുമാണുള്ളത്. ആണിന്റെ കണ്ണിനുചുറ്റും ഒരു കറുത്ത വരയുണ്ട്. ആൺപക്ഷിയുടെ ചിറകിന്റെ തൂവലുകൾക്ക് കറുപ്പും വെളുപ്പും ഇടകലർന്ന വർകളുണ്ട്; ചുണ്ടിന് കറുപ്പു നിറവും.[2]

മുഖ്യഭക്ഷണം[തിരുത്തുക]

എരണ്ടകളുടെ മുഖ്യമായ ഭക്ഷണം ആഴം കുറഞ്ഞ ശുദ്ധജല തടാകങ്ങളിൽ വളരുന്ന ചെടികളാണ് (ലെമ്‌‌ന). ചിറകുകൾ വിടർത്തി തല വെള്ളത്തിനടിയിലേക്കു മുക്കി ആഹാരം തേടുന്ന എരണ്ടകളുടെ ദൃശ്യം മനോഹരമായ ഒരു കാഴ്ച്ചയാണ്. വെള്ളത്തിലൂടെ വേഗത്തിൽ നീന്തിയും ചിറകുകളടിച്ച് ശബ്ദമുണ്ടാക്കി ചാടിയും അവ ഇരതേടുന്നു. ചിലപ്പോൾ കടൽത്തിരകളിലും അവയെ കാണാം. ഷട്പദങ്ങളും ധാന്യമണികളും ആഹരിച്ച് തീരപ്രദേശങ്ങളിൽ അവ കഴിഞ്ഞുകൂടുന്നതായും കാണാറുണ്ട്.

ആവാസവ്യവസ്ഥ[തിരുത്തുക]

എരണ്ടകൾ

ജലാശയങ്ങൾക്കു സമീപമുള്ള കരയോര പ്രദേശങ്ങളിൽ എരണ്ടൾ കൂടുവയ്ക്കുന്നു. അതിനുവേണ്ടി പുല്ലുകളും തൂവലുകളുമാണ് ഉപയോഗപ്പെടുത്തുന്നത്. കുട്ടയുടെ ആകൃതിയിലുള്ള കൂടു നിർമ്മിക്കുന്നത് പെൺപക്ഷികളാണ്. പെൺപക്ഷി വർഷത്തിൽ 5 മുതൽ 16 മുട്ടകൾ വരെ കൂട്ടിനുള്ളിൽ നിക്ഷേപിക്കും. അടയിരിക്കുന്നത് പെൺപക്ഷിയാണ്. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരാൻ 21 മുതൽ 35 വരെ ദിവസങ്ങൾ വേണ്ടിവരും. എരണ്ടകളുടെ ഇണചേരൽസ്വഭാവവും ശിശുസം‌‌രക്ഷണവും വൈചിത്ര്യമുള്ള പ്രധിഭാസങ്ങളാണ്. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരാൻ സമയമാകുന്നതോടുകൂടി പെൺപക്ഷി ഒരു പ്രത്യേകതരം ശബ്ദം (കൂക്കിങ്) പുറപ്പെടുവിക്കുന്നു. കൂടുവിട്ടു പുറത്തുവരാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ ശബ്ദത്തിന്റെ ലക്ഷ്യം.

ഉത്തരാർധഗോളത്തിൽ ഒട്ടാകെ എരണ്ടകളെ സുലഭമായി കാണാം. ചതുപ്പുപ്രദേശങ്ങളിലും നദികളിലും കായലുകളിലും ശുദ്ധജല തടാകങ്ങളിലുമൊക്കെ അവയെ കാണാം. യൂറോപ്യൻ എരണ്ടകൾ ബ്രിട്ടൻ മുതൽ ജപ്പാൻ വരെ വ്യാപിച്ചിരിക്കുന്നു. വടക്കേ അമേരിക്കയിൽ മൂന്ന് സ്പീഷീസ് എരണ്ടകളുണ്ട്; പച്ചനിറമുള്ള തൂവലുള്ള ചിറകുകളൊടുകൂടിയ അനാസ് സി. കരോളിനെൻ സിസ് നീല നിറമുള്ള ചിറകുകളോടുകൂടിയ അനാസ്ഡിസ് കോർസ്, കൂടാതെ അനാസ് പ്ലാറ്റിറിങ്കോസ്. അവസാനത്തേത് വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്നു. ഉത്തര പസഫിക്കിലുള്ള അലൂഷൻ ഉൾനാടുകളിൽ അനാസ് സി. നിമിയാ എന്നറിയപ്പെടുന്ന മറ്റോരു സ്പീഷീസുണ്ട്. ഉത്തര പൂർ‌‌വേഷ്യയിൽ അനാസ് ഫോർമോസാ, അനാസ് ഫൽക്കേറ്റാ എന്നിങ്ങനെ രണ്ട് സ്പീഷീസ് എരണ്ടകളുമുണ്ട്. വസന്തകാളത്ത് അമേരിക്കൻ എരണ്ടകൾ കരീബിയൻ പ്രദേശത്ത് കൂട്ടമായി ദേശാടനം നടത്തുന്നു. ഇന്ത്യൻ എരണ്ടകളുടെ ജീവശാസ്ത്രത്തെ കുറിച്ചോ ദേശാടനത്തെ കുറിച്ചോ കാര്യമായ അറിവൊന്നുമില്ല[3]

അവലംബം[തിരുത്തുക]

  1. http://animaldiversity.ummz.umich.edu/site/accounts/information/Anatidae.html Family Anatidae
  2. http://www.answers.com/topic/anatidae Anatidae
  3. Malayalam Encyclopedia Vol V Page 251 Published by Sate Institute of Encyclopedic Publication Thiruvanathapuram.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എരണ്ട&oldid=3626272" എന്ന താളിൽനിന്ന് ശേഖരിച്ചത്