Jump to content

എമണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജർമ്മനിയുടെ എമണ്ടൻ യുദ്ധക്കപ്പൽ
Career (ജർമ്മനി)
Name: എംഡൻ
Namesake: Emden
Builder: കൈസർലിക്ക് വെർഫ്ട് ഡാൻസിഗ്‌
Laid down: 6 ഏപ്രിൽ 1906
Launched: 26 മെയ്‌ 1908
Commissioned: 10 ജൂലൈ 1909
Fate: 1914 നവംബർ 9-ന് ബ്രിട്ടീഷ് ബോംബർ വിമാനങ്ങളുടെ ആക്രമണത്തിൽ തകർന്നു
General characteristics
Class and type:[[

vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല.

]] Imported from Wikidata (?)
Displacement:3,364 tons normal
Length:118 m (387 ft)
Beam:13.4 m (44 ft)
Draught:5.3 m (17 ft)
Propulsion:Twelve boilers, two 16,000 shaft horsepower (12 MW) 3-cylinder triple expansion reciprocating steam engines driving two propellers
Speed:23 knots (42.6 km/h)
Range:3,700 mi (6,000 km)
Complement:360
Armament:Ten 10.5 cm SK L/40 rapid fire guns (10 x 1), and two torpedo-tubes
Armor:Deck 13 mm (0.51 in), Belt 51 mm (2.0 in), Conning tower 102 mm (4.0 in)

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇമ്പീരിയൽ ജെർമ്മൻ നേവിയുടെ യുദ്ധക്കപ്പലായിരുന്നു എംഡൻ അഥവാ എമണ്ടൻ. യുദ്ധത്തിന്റെ ആരംഭ ഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പാശ്ചാത്യ സഖ്യകക്ഷികളുടെ 13 കപ്പലുകളെ തകർക്കുകയോ, പിടിച്ചടക്കുകയോ ചെയ്തിട്ടുണ്ട്. കൊക്കോസ് യുദ്ധത്തിൽ ശക്തമായ ബോംബാക്രമണം കാരണം തകർന്ന കപ്പൽ കരയിലേക്ക് അടുപ്പിക്കാൻ ക്യാപ്ടൻ തീരുമാനിക്കുകയായിരുന്നു.

ജർമ്മനിയിലെ എംഡൻ നഗരത്തിന്റെ പേര് നൽകപ്പെട്ടിരുന്ന ഈ യുദ്ധക്കപ്പൽ നീരാവി എൻജിൻ ഉപയോഗിക്കുന്ന ജർമ്മൻ യുദ്ധക്കപ്പലുകളുടെ ശ്രേണിയിലെ അവസാന കണ്ണിയായിരുന്നു. കപ്പലിലെ പന്ത്രണ്ട് ബോയിലറുകൾക്ക് ഊർജ്ജം പകരാൻ കൽക്കരിയാണ് ഉപയോഗിച്ചിരുന്നത്.

1910 ഏപ്രിൽ 1-ാം തിയതി ജർമ്മനിയുടെ കീൽ നഗരത്തിലെ തുറമുഖത്തിൽ നിന്നും കിഴക്കോട്ടു പുറപ്പെട്ട എമണ്ടൻ കപ്പൽ ചെന്നൈ (അന്നത്തെ മദ്രാസ്) ഉൾപ്പെടെ പല സ്ഥലങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും യാത്ര പുറപ്പെട്ട ശേഷം പിന്നീടൊരിക്കലും ജർമ്മനിയുടെ സമുദ്രാതിർത്തിയിൽ തിരിച്ചെത്തുകയുണ്ടായില്ല.

യുദ്ധരംഗത്ത് എമണ്ടൻ

[തിരുത്തുക]

1911 ജനുവരി മാസം ജർമ്മനിയുടെ കരോളിൻ ദ്വീപുകളിലെ വിഘടനവാദികളെ അമർച്ചചെയ്തുകൊണ്ടായിരുന്നു എമണ്ടന്റെ താണ്ഡവം തുടങ്ങിയത്. റിബലുകളുടെ ശക്തികേന്ദ്രങ്ങളിലേക്ക് പീരങ്കിയുണ്ടകൾ ഉതിർത്ത് ശത്രുപക്ഷത്തെ തളർത്തിയ ശേഷമാണ് ജർമൻ നാവികർ എമണ്ടൻ കപ്പലിൽ നിന്നും കരയിലേക്കു ചെന്ന് റിബലുകളെ തുരത്തി ദ്വീപുകൾ തിരിച്ചുപിടിച്ചത്.

രണ്ടാം ചൈനീസ് വിപ്ലവകാലത്ത് യാങ്ങ് ത്സെ നദിക്കരയിലുള്ള വിപ്ലവകാരികളുടെ കോട്ടയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ ബ്രിട്ടന്റേയും, ജപ്പാന്റേയും യുദ്ധക്കപ്പലുകൾക്കൊപ്പം എമണ്ടനും ഉണ്ടായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത എമണ്ടൻ റഷ്യയുടെ റിയാസാൻ എന്ന യുദ്ധക്കപ്പൽ പിടിച്ചെടുത്ത്, ജർമ്മൻ നേവിയുടെ യുദ്ധക്കപ്പലായി മാറ്റിയെടുത്തു. 1914-ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ബ്രിട്ടന്റെ കപ്പലുകൾ മാത്രമുണ്ടായിരുന്നതിനാൽ അക്കാലത്ത് ഇന്ത്യൻ മഹാസമുദ്രത്തെ ബ്രിട്ടന്റെ തടാകം എന്നു വിളിക്കുക പതിവായിരുന്നു. ബ്രിട്ടീഷ് കപ്പലുകളുടെ ആധിക്യമൊന്നും എമണ്ടന് ഒരു പ്രശ്‌നമായിരുന്നില്ല. 1914 സെപ്റ്റംബർ 10-ാം തിയതി മുതൽ എമണ്ടൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടീഷ് കപ്പലുകൾക്ക് നേരേ കടന്നാക്രമണം നടത്തി, ഏതാണ്ട് 17 കപ്പലുകൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലുകളിലെ നാവികരോടും, യാത്രക്കാരോടുമെല്ലാം എമണ്ടന്റെ ക്യാപ്ടൻ മുള്ളർ വളരെ മര്യാദയോടു കൂടിയാണ് പെരുമാറിയിരുന്നത്. യുദ്ധത്തടവുകാരെ സുരക്ഷിതരായി പാർപ്പിക്കണമെന്ന കാര്യത്തിൽ മുള്ളർക്ക് നിർബന്ധമുണ്ടായിരുന്നു.


സെപ്റ്റംബർ 14-ാം തിയതിയാണ് ജർമ്മനിയുടെ എമണ്ടൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുന്നുവെന്ന കാര്യം ബ്രിട്ടൻ അറിയുന്നത്. അപ്പോളേക്കും കൊളംബോയൽ നിന്നും സിങ്കപ്പൂരിലേക്കുള്ള പാത മിക്കവാറും നിശ്ചലമായിക്കഴിഞ്ഞിരുന്നു.

എമണ്ടനെപ്പേടിച്ച് കപ്പലുകൾ തുറമുഖം വിട്ടു നീങ്ങാൻ തയ്യാറായില്ല. മർച്ചന്റ് ഷിപ്പുകളുടെ ഇൻഷൂറൻസ് തുകയും ആകാശംമുട്ടെ ഉയരാൻ തുടങ്ങി. വെറും ഒരേ ഒരു കപ്പൽ ഒട്ടു മൊത്തത്തിൽ ഇന്ത്യൻ മഹാസമുദ്രത്തെത്തന്നെ പിടിച്ചടക്കിയതു പോലുള്ള നില ബ്രിട്ടനെയും സഖ്യകക്ഷികളേയും അമ്പരപ്പിച്ചു.

ബ്രിട്ടീഷ്, ആസ്‌ട്രേലിയൻ, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യൻ യുദ്ധക്കപ്പലുകൾ കൂട്ടം കൂട്ടമായി ഇന്ത്യൻ മഹാസമുദ്രത്തിൽ എമണ്ടനെ അരിച്ചുപെറുക്കി നോക്കിയെങ്കിലും ക്യാപ്ടൻ മുള്ളർ സമർത്ഥമായി അവരുടെയൊന്നും കണ്ണിൽ പെടാതെ രക്ഷപ്പെട്ടു കൊണ്ട് യാത്ര തുടരുകയായിരുന്നു.

മദ്രാസ് മുതൽ പെനാങ്ക് വരെ

[തിരുത്തുക]
1914 സെപ്റ്റംബർ 22-ാം തിയതി എമണ്ടന്റെ ആക്രമണത്തിൽ മദ്രാസ് തുറമുഖത്തിൽ നിർത്തിയിട്ടിരുന്ന ഓയിൽ ടാങ്കറുകൾ കത്തിയെരിഞ്ഞ ദൃശ്യം.
എമണ്ടന്റെ പീരങ്കിയുണ്ട വന്നു വീണ സ്ഥലത്ത് മദ്രാസ് ഹൈക്കോടതി കെട്ടിടത്തിൽ വച്ചിരിക്കുന്ന ശിലാഫലകം

1914 സെപ്റ്റംബർ 22-ാം തിയതി എമണ്ടൻ ചെന്നൈ തുറമുഖത്തിനടുത്തെത്തി. മറിനാ ബീച്ചിൽ നിന്നും 3,000 വാര ദൂരെ സ്ഥാനമുറപ്പിച്ച എമണ്ടൻ പീരങ്കിയാക്രമണം അഴിച്ചുവിട്ടതോടെ മദ്രാസ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബർമ്മാ ഓയിൽ കമ്പനിയുടെ ഓയിൽ ടാങ്കറുകൾ തീപ്പിടിച്ചു നശിച്ചു.

ആദ്യത്തെ 30 റൗണ്ട് പീരങ്കി വെടിയിൽ ആണ് ഈ കപ്പലുകൾ നശിച്ചത്. മദ്രാസ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന ഒരു മർച്ചന്റ് ഷിപ്പിലാണ് കൂടുതൽ ജീവഹാനി ഉണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ കപ്പൽ യാത്രക്കാർ പിന്നീടുള്ള ദിവസങ്ങളിൽ ചികിത്സ ഫലിക്കാതെ മരണമടയുകയായിരുന്നു.

അരമണിക്കൂറിനകം മദ്രാസ് തീരത്തു നിന്നും പ്രത്യാക്രമണം തുടങ്ങിയതോടെ എമണ്ടൻ സ്ഥലം വിട്ടുവെങ്കിലും പോകുന്ന പോക്കിൽ വീണ്ടും 125 ഷെല്ലുകൾ പായിച്ചുകൊണ്ടാണ് രക്ഷപ്പെട്ടോടിയത്.

എമണ്ടന്റെ പ്രഹരശേഷി ബ്രിട്ടന്റെ ആത്മധൈര്യം ചോർത്തിക്കളഞ്ഞു. ഈ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് ആൾക്കാർ മദ്രാസ് നഗരത്തിൽ നിന്നും വിദൂര സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.[1]

മദ്രാസിൽ നിന്നും രക്ഷപ്പെട്ടു പോയ എമണ്ടൻ നേരെ സിലോണിലേക്കാണ് (ഇന്ന് ശ്രീലങ്ക) പോയത്. എന്നിരുന്നാലും കൊളംബോ തുറമുഖത്തെ സെർച്ച് ലൈറ്റുകളുടെ കണ്ണിൽ പെടാതിരിക്കാനായി എമണ്ടൻ അവിടെ ആക്രമണത്തിനു തുനിഞ്ഞില്ല.

ഒടുവിൽ ബ്രിട്ടീഷ് ബോംബർ വിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ എമണ്ടൻ തകർന്നു കരയടിഞ്ഞു. അതിനു ശേഷം ജർമ്മൻ നേവി വീണ്ടും എമണ്ടൻ എന്ന പേരിൽ നാലു യുദ്ധക്കപ്പലുകൾ നിർമ്മിക്കുകയുണ്ടായി.

വിവിധ ഭാഷകളിലെ എമണ്ടൻ സ്വാധീനം

[തിരുത്തുക]

ശത്രുനിരയുടെ കണ്ണുവെട്ടിച്ച് വിജയകരമായി കടന്നാക്രമണം നടത്തി വന്ന എമണ്ടന്റെ പേര് പിന്നീട് പല ഭാഷകളിലും ഉപമയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ കരയുന്ന കുട്ടികളെ പേടിപ്പിക്കാൻ അമ്മമാർ .. എമണ്ടൻ വരുന്നു എന്ന് പറയുക പതിവാണ്.[2]

വരുന്നതും പോകുന്നതും അറിയാത്ത രീതിയിൽ ഒളിഞ്ഞുമാറി നടക്കുന്നവരെ സൂചിപ്പിക്കുവാനാണ് തമിഴ് ഭാഷയിൽ എമണ്ടൻ എന്ന പദം ഉപയോഗിക്കുന്നത്. അവൻ ശരിയാന എമണ്ടനാക ഇരുക്കാൻ (அவன் சரியான எம்டனாக இருக்கான்) അഥവാ അവൻ ശരിക്കും ഒരു എമണ്ടൻ തന്നെ എന്ന പ്രയോഗം തമിഴിൽ വേരൂന്നാൻ കാരണമായതും ജർമ്മനിയുടെ എമണ്ടൻ എന്ന യുദ്ധക്കപ്പൽ തന്നെ.

എമണ്ടൻ ജോലി, എമണ്ടൻ തിരക്ക്, എമണ്ടൻ നുണ എന്നു തുടങ്ങി മലയാളത്തിൽ പൊതുവേ ശക്തമായ എന്ന അർത്ഥത്തിലാണ് എമണ്ടൻ എന്ന വാക്ക് ഉപയോഗിച്ചു കാണുന്നത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ചെന്നൈയിൽ എമണ്ടൻ നടത്തിയ ആക്രമണം
  2. "ഭാഷകളിലെ എമണ്ടൻ സ്വാധീനം". Archived from the original on 2012-09-30. Retrieved 2013-01-15.
"https://ml.wikipedia.org/w/index.php?title=എമണ്ടൻ&oldid=3802097" എന്ന താളിൽനിന്ന് ശേഖരിച്ചത്