എദ്വാർ ദലാദിയേ
എദ്വാർ ദലാദിയേ Édouard Daladier | |
---|---|
Prime Minister of France | |
ഓഫീസിൽ 31 January 1933 – 26 October 1933 | |
രാഷ്ട്രപതി | Albert Lebrun |
മുൻഗാമി | Joseph Paul-Boncour |
പിൻഗാമി | Albert Sarraut |
ഓഫീസിൽ 30 January 1934 – 9 February 1934 | |
രാഷ്ട്രപതി | Albert Lebrun |
മുൻഗാമി | Camille Chautemps |
പിൻഗാമി | Gaston Doumergue |
ഓഫീസിൽ 10 April 1938 – 21 March 1940 | |
രാഷ്ട്രപതി | Albert Lebrun |
മുൻഗാമി | Léon Blum |
പിൻഗാമി | Paul Reynaud |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 18 June 1884 Carpentras, Vaucluse |
മരണം | 10 ഒക്ടോബർ 1970 Paris | (പ്രായം 86)
രാഷ്ട്രീയ കക്ഷി | Radical |
മൂന്നുതവണ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായിരുന്ന രാജ്യതന്ത്രജ്ഞനായിരുന്നു എദ്വാർ ദലാദിയേ.
ജീവിതരേഖ
[തിരുത്തുക]1884 ജൂൺ 18-ന് ഫ്രാൻസിൽ ജനിച്ചു. പാരിസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ചരിത്രാധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ദലാദിയേ 1919-ൽ പാർലമെന്റിൽ അംഗമായി. രാഷ്ട്രീയത്തിൽ റാഡിക്കൽ പാർട്ടിയോടൊപ്പമാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1924 മുതൽ പല ക്യാബിനറ്റ് പദവികളും വഹിക്കുവാൻ ഇദ്ദേഹത്തിന് അവസരമുണ്ടായി. 1927-ൽ റാഡിക്കൽ പാർട്ടിയുടെ അധ്യക്ഷപദവിയിലെത്തി. ദലാദിയേക്ക് മൂന്നുതവണ ഫ്രാൻസിലെ പ്രധാനമന്ത്രിപദത്തിലെത്താൻ സാധിച്ചു. എന്നാൽ ആദ്യത്തെ രണ്ടുതവണയും ചുരുങ്ങിയ കാലം മാത്രമേ അധികാരത്തിലിരുന്നുള്ളൂ.
1933 ജനുവരിയിലാണ് ദലാദിയേ ആദ്യമായി ഫ്രാൻസിലെ പ്രധാനമന്ത്രിയായത്. ഒക്ടോബർ വരെ ഈ സ്ഥാനത്തു തുടർന്നു. 1934 ജനുവരിയിൽ വീണ്ടും പ്രധാനമന്ത്രിയാകാൻ ദലാദിയേക്ക് കഴിഞ്ഞുവെങ്കിലും ഇത്തവണ ഏതാനും ദിവസം മാത്രമാണ് അധികാരത്തിലിരിക്കുവാൻ സാധിച്ചത്. പിന്നീട് ലിയോൺ ബ്ലൂമിന്റെ മന്ത്രിസഭയിൽ (1936-37) പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1938 ഏപ്രിലിൽ ഒരിക്കൽക്കൂടി പ്രധാനമന്ത്രിപദത്തിലെത്താൻ ദലാദിയേക്കു കഴിഞ്ഞു. 1938-ൽ മ്യൂണിക്ക് കരാർ ഒപ്പുവച്ചപ്പോൾ ഫ്രാൻസിനെ പ്രതിനിധാനം ചെയ്തത് ദലാദിയേയുടെ ഗവണ്മെന്റായിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ 1939 സെപ്റ്റംബറിൽ ഇദ്ദേഹം ഫ്രാൻസിനെ ജർമനിക്കെതിരായി യുദ്ധരംഗത്തെത്തിച്ചു. 1940 മാർച്ച് വരെ ദലാദിയേ പ്രധാനമന്ത്രിപദത്തിൽ തുടർന്നു. പിന്നീട് അധികാരത്തിൽവന്ന ജർമൻ അനുകൂല വിഷി ഗവണ്മെന്റ് ഇദ്ദേഹത്തെ 1940 സെപ്.-ൽ തടവിലാക്കി. വിചാരണയ്ക്കുശേഷം 1943-ൽ ജർമൻകാർക്ക് കൈമാറി. 1945-ൽ യു.എസ്. സൈനികരുടെ സഹായത്തോടെ മോചിതനായി. 1946 മുതൽ 58 വരെ പാർലമെന്റിൽ അംഗമായിരുന്നു. 1959-ൽ ഇദ്ദേഹം രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു.
1970 ഒക്ടോബർ 10-ന് ദലാദിയേ പാരിസിൽ നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ എദ്വാർ ദലാദിയേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |