എടപ്പാൾ ശൂലപാണി വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ജ്യോതിഷികളുടെ കുലപതി[1] എന്നു വിശേഷിപ്പിക്കാവുന്ന ആളാണ് ശൂലപാണി വാര്യർ (ജനനം – 1915 ജനുവരി – മരണം – 2008 സെപ്റ്റംബർ) സാമ്പ്രദായികവും പരമ്പരാഗതവുമായ ജ്യോതിഷത്തെ അതിൻറെ ജീർണ്ണതകളിൽ നിന്ന് സമുദ്ധരിച്ച് മനുഷ്യരുടെ നന്മയ്ക്കായി വിനിയോഗിച്ചു എന്നതായിരുന്നു മറ്റു ജ്യോതിഷികളിൽ നിന്ന് ശൂലപാണി വാര്യരെ വേറിട്ടു നിർത്തിയത്.

ജീവചരിത്രം[തിരുത്തുക]

തലമുണ്ട വാരിയത്ത് ശൂലപാണിവാര്യരുടെയും ഇട്ടിച്ചിരിവാരസ്യാരുടെയും മകനായി ജനിച്ച ശൂലപാണിവാര്യർ കവിതയിലൂടെയും രാഷ്ട്രീയത്തിലൂടെയുമാണ് ജ്യോതിഷരംഗത്തെത്തുന്നത്. സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇദ്ദേഹം പോത്തന്നൂർ ഉണ്ണിക്കണ്ണൻ പണിക്കർ, കുഞ്ഞുണ്ണി നായർ, പെരിങ്ങോടുള്ള എടപ്പാം വീട്ടിൽ കോപ്പ എഴുത്തച്ഛൻ എന്നിവരിൽ നിന്നാണ് ജ്യോതിഷത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. മണ്ണഴി വളപ്പിൽ കുട്ടപ്പ അങ്ങുന്നിന്റെ ശിക്ഷണത്തിൽ സംസ്കൃതത്തിലും ഇദ്ദേഹം പാണ്ഡിത്യം നേടുകയുണ്ടായി.

യുവത്വത്തിന്റെ തിളപ്പിൽ സ്വാതന്ത്ര്യസമരത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും സക്രിമായി പങ്കെടുത്ത ഇദ്ദേഹം നാലപ്പാട്ട് നാരായണമേനോനുമായുള്ള സമ്പർക്കത്തിലൂടെയാണ് ജ്യോതിഷമാണ് തന്റെ കർമ്മമണ്ഡലമെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ‍ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, അക്കിത്തം എന്നിവരുമായി ഉടലെടുത്ത സൗഹൃദം കൂടിയായതോടെ ജ്യോതിഷത്തോടൊപ്പം അദ്ദേഹത്തിന്റെ സാംസ്കാരിക കാഴ്ചപ്പാടും വികസിച്ചു.

പ്രവർത്തന മേഖലയിൽ[തിരുത്തുക]

ശബരിമല, ചോറ്റാനിക്കര, കാടാമ്പുഴ, കോഴിക്കോട് തളി, കണ്ണൂർ മാടായിക്കടവ്, ശുകപുരം ദക്ഷിണാമൂർത്തി തുടങ്ങി കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം ദേവപ്രശ്നങ്ങൾക്ക് കാർമ്മികത്വം വഹിച്ച ഇദ്ദേഹം കേരളത്തിനു പുറത്തും ഒട്ടനവധി ദേവപ്രശ്നങ്ങൾക്കും കുടുംബപ്രശ്നങ്ങൾക്കും കാർമ്മികത്വം നൽകി.

പ്രശസ്തനായത്[തിരുത്തുക]

തന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ അക്കിത്തത്തിന്റെ ജാതകം കുറിക്കുമ്പോൾ അദ്ദേഹം മഹാകവിയാകുമെന്ന് ശൂലപാണിവാര്യർ പ്രവചിക്കുകയുണ്ടായി[അവലംബം ആവശ്യമാണ്]. അന്ന് അക്കിത്തത്തിന് 25 വയസ്സാണ് പ്രായം. പട്ടാമ്പിയിൽ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ തിരഞ്ഞെടുപ്പിന് നിന്നപ്പോൾ ഇ.എം.എസ് തിരഞ്ഞെടുപ്പിൽ വിജയിക്കും പക്ഷേ മുഖ്യമന്ത്രിയാവില്ല എന്ന് ശൂലപാണി വാര്യർ പ്രവചിക്കുകയും തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ പ്രവചനം ശരിയായയെന്നുമാണ് ചരിത്രം[അവലംബം ആവശ്യമാണ്]. കൂടാതെ അടിയന്തരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധി ചിക്കമംഗ്ലൂരിൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചുകൊണ്ടും വാര്യർ ശ്രദ്ധേയനായി[അവലംബം ആവശ്യമാണ്].

സിദ്ധാന്തം[തിരുത്തുക]

മനുഷ്യജീവിതം പഞ്ചഭൂതങ്ങൾ, കാലം, മനസ്സ്, ചലനം, മാലിന്യം എന്നിവയ്ക്ക് വിധേയമായതിനാൽ ഫലപ്രവചനത്തിന് മറ്റു ഗ്രഹങ്ങൾ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തം. ചൊവ്വ, ബുധൻ‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങൾ പഞ്ചഭൂതങ്ങളുടെയും സൂര്യനും ചന്ദ്രനും കാലത്തിന്റെയും മനസ്സിൻറെയും സൂചനകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക്. രാഹു ചലനത്തിൻറെ താളവും, ഗുളികൻ മാലിന്യത്തിൻറെ സൂചകവുമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വജീവിതം കൊണ്ടും പ്രവചനങ്ങൾകൊണ്ടും അദ്ദേഹം അത് തെളിയിക്കുകയുണ്ടായി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര മാനവശേഷി വകുപ്പിൻറെ സംസ്കൃത ജ്യോതിഷരത്നം പുരസ്കാരം
  • കൊച്ചിൻ ദേവസ്വം ബോർഡിൻറെ പുരസ്കാരം

(ഇവയെക്കൂടാതെയും നിരവധി പുരസ്കാരങ്ങള് ശൂലപാണിവാര്യർക്ക് ലഭിച്ചിട്ടുണ്ട്.)

കുടുംബം[തിരുത്തുക]

  • അച്ഛൻ - തലമുണ്ട വാരിയത്ത് ശൂലപാണി വാര്യർ
  • അമ്മ – ഇട്ടിച്ചിരി വാരസ്യാർ
  • ഭാര്യ – അമ്മിണിവാരസ്യാർ
  • മക്കൾ – സി വി ഗോവിന്ദൻ, ടി വി സുബ്രഹ്മണ്യൻ, ടി വി ശൂലപാണി, ടി വി ചന്ദ്രശേഖരൻ
  • മരുമക്കൾ – തങ്കം, കസ്തൂർഭായി, രമണി, ഗീത

അവലംബം[തിരുത്തുക]

  1. ശൂലപാണി വാരസ്യാരെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എടപ്പാൾ_ശൂലപാണി_വാര്യർ&oldid=3626099" എന്ന താളിൽനിന്ന് ശേഖരിച്ചത്