എം.ഡി. നാലപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിപ്പാൽ സർ‌വകലാശാലയിലെ ജിയോപൊളിറ്റിക്സ്[ക] വിഭാഗത്തിന്റെ ഡയറക്ടർ ജനറലും യുനെസ്കോ പീസ് ചെയർ ഭാരവാഹിയും പ്രശസ്ത എഴുത്തുകാരനുമാണ്‌ എം.ഡി. നാലപ്പാട്ട് (ഇംഗ്ലീഷ്:M D Nalapat) എന്ന പേരിൽ അറിയപ്പെടുന്ന മാധവ് ദാസ് നാലപ്പാട്ട് അല്ലെങ്കിൽ മോനു നാലപ്പാട്ട്.[1][2] പ്രശസ്ത കവയിത്രി കമലാസുരയ്യയുടെ മകൻ. മാതൃഭൂമിയുടേയും ടൈംസ് ഓഫ് ഇന്ത്യയുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുള്ള എം.ഡി നാലപ്പാട്ട്, രാജ്യസുരക്ഷാ നയം, അന്തർദേശീയ വിഷയം എന്നിവയെ കുറിച്ച് വിപുലമായി എഴുതാറുണ്ട്.[3] യു.പി.ഐ ലെ ഒരു കോളമിസ്റ്റാണ്‌ അദ്ദേഹം.[4] ഇന്ത്യാ സർക്കാറിൽ ഔദ്യോഗിക പദവികളൊന്നുമില്ലങ്കിലും ഉന്നത തലങ്ങളിലെ നയരൂപീകരണത്തിൽ അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.[5]

ജീവിതം[തിരുത്തുക]

കേരളത്തിലാണ്‌ എം.ഡി. നാലപ്പാട്ട് ജനിച്ചതെങ്കിലും വളർന്നതും പഠിച്ചതും ബോംബെയിൽ ആയിരുന്നു. ബോംബെ സർ‌വകലാശാലയിൽ നിന്ന് സ്വർണ്ണ മെഡലോടെ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.[2] ചെറുപ്പം മുതലേ എഴുതി തുടങ്ങിയ മാധവ് ദാസ്, മാതൃഭൂമിയിലും മെയിൻസ്ട്രീമിലും രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് എഴുതുമായിരുന്നു. കുറച്ചു കാലം മാധ്യമത്തിലും ഒരു പംക്തി എഴുതിയിരുന്നു.[2] യുനൈറ്റഡ് പ്രസ്സ് ഇന്റർനാഷണലിൽ (UPI) സ്ഥിരമായി അദ്ദേഹം എഴുതാറുണ്ട്. പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മാനേജ്മെന്റ്, പത്രപ്രവർത്തനം,അധ്യാപനം,സാമുഹിക പ്രവർത്തനം തുടങ്ങിയ ബഹുമുഖ മേഖലകളിൽ വ്യാപരിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ജീവിതം. ചൈന, തായ്‌വാൻ,ഇറാൻ, ഇസ്രയേൽ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ ബന്ധം മെച്ചപ്പെടുത്തുവാനും അദ്ദേഹം മുൻ‌കൈ എടുത്തിട്ടുണ്ട്.

ഔദ്യോഗിക രംഗത്ത്[തിരുത്തുക]

1977 ൽ മാതൃഭൂമിയിൽ ഡയറക്ടറായി ചുമതലയേറ്റു. 1978 എക്സിക്യുട്ടീവ് മാനേജർ. 1984 ൽ മാതൃഭൂമി പത്രാധിപർ. 1989 ൽ മാതൃഭൂമി വിട്ട അദ്ദേഹം അതേവർഷം ടൈംസ് ഓഫ് ഇന്ത്യയിൽ റസിഡന്റ് പത്രാധിപരായി. പത്തുവർഷം അവിടെ ജോലിചെയ്തു. പിന്നീട് അധ്യാപന രംഗത്തേക്ക് തിരിഞ്ഞ നാലപ്പാട്ട്, മണിപ്പാൽ യൂനിവേഴ്സിറ്റിയിലെ ജിയോപൊളിറ്റിക്സ് വിഭാഗത്തിന്റെ പ്രൊഫസറായി. ഇന്ത്യയിലെ ആദ്യ ജിയോപൊളിറ്റിക്സ് അദ്ധ്യാപകനാണ്‌ പ്രൊഫ. എം.ഡി. നാലപ്പാട്ട്.[2]. കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ വികസന സംഘടനയുടെ ആദ്യത്തെ ഹോണററി കോഡിനേറ്റർ എന്ന നിലയിൽ കേരളത്തിലെ സാരക്ഷതാപ്രസ്ഥാനത്തിലും എം.ഡി നാലപ്പാട്ട് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കുട്ടികൾക്കായി വിദ്യാഭ്യാസ ചലച്ചിത്ര പ്രദർശനം നടത്തുന്നതിനുള്ള കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഹോണററി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

രചന[തിരുത്തുക]

ആറു ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള എം.ഡി. നാലപ്പാട്ടിന്റെ രചനകളിൽ പ്രധാനം "ഇന്ദുത്വ" എന്ന പേരിൽ 1997 ൽ എഴുതിയ കൃതിയാണ്‌. "നമ്മുടെ മഹത്തായ ഈ ഉപഭൂഖണ്ഡത്തിലെ ഓരോ വ്യക്തിയുടേയും മനസ്സിൽ വൈദിക-മുഗള സങ്കലനത്തിന്റെ സാംസ്കാരികവും മനഃശ്ശാസ്ത്രപരവുമായ ഒരു ധാര പ്രവർത്തിക്കുന്നുണ്ട്" എന്ന ആശയമാണ്‌ ഈ ഗ്രന്ഥത്തിലെ കേന്ദ്ര പ്രതിപാദ്യം.

ലേഖനം

മനഃപാഠമാക്കാതിരിക്കൂ, പ്രവാചകനിൽ നിന്ന് പഠിക്കൂ പ്രബോധനം വാരിക 2010 ഫെബ്രുവരി 27

സാരഥ്യം[തിരുത്തുക]

  • ഡയറക്ടർ, ജിയോപൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റ്‍, യുനെസ്കോ പീസ് ചെയർ, മണിപ്പാൽ യൂണിവെഴ്സിറ്റി
  • ഡിസ്റ്റിംഗ്യൂഷ്ഡ് ഫെലോ, സി.ഐ.ടി.എസ്. യൂണിവേഴ്സിറ്റി ഓഫ് ജോർജിയ
  • ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ ഉപദേശക സമിതി അംഗം
  • ലണ്ടനിലെ അബ്ദുസ്സലാം ഫൗണ്ടേഷൻ ഭരണ സമിതിയംഗം
  • ജനീവ ലൈഫ് മെമ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആന്റ് ഇകണോമിക് ചെയ്ഞ്ച്, ബാംഗ്ലൂർ
  • ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വൻസ്ഡ് സ്റ്റഡീസിന്റെ സീനിയർ അസോസിയേറ്റ്
  • മീററ്റിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനാജ്മെന്റിന്റെ ഉപദേശക സമിതി അംഗം
  • ന്യൂ ഡൽഹിയിലെ യുനൈറ്റഡ് സർ‌വീസസ് ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് അംഗം

കുറിപ്പ്[തിരുത്തുക]

  • .^ ഭൂമിശാസ്ത്രപരമായ തലങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള രാഷ്ട്രാന്തരീയ ബന്ധങ്ങളെ കുറിച്ച പഠനമേഖലയാണ്‌ ജിയോപൊളിറ്റിക്സ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ഡി._നാലപ്പാട്ട്&oldid=1772165" എന്ന താളിൽനിന്നു ശേഖരിച്ചത്