എം.ഒ. ജോസഫ് നെടുംകുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സാഹിത്യകാരൻ, ചരിത്ര പണ്ഡിതൻ, പത്രപ്രവർത്തകൻ, സംഘാടകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ കേരളത്തിൽ വിഖ്യാതനായിരുന്നു എം.ഒ ജോസഫ് നെടുംകുന്നം. കോട്ടയം ജില്ല യിലെ നെടുംകുന്നം മരുതുപ്പറന്പിൽ ചാണ്ടപ്പിള്ള-മറിമായമ്മ ദമ്പതികളുടെ മകനായി 1911 ജൂൺ 26ന് ജനിച്ചു. മാമ്മച്ചൻ എന്നായിരുന്നു വിളിപ്പേര്.

ചങ്ങനാശേരി എസ്.ബി കോളേജിൽനിന്ന് ഇൻറർമീഡിയറ്റ് യോഗ്യത നേടിയതോടെ പഠനം അവസാനിപ്പിച്ചു. പതിനാറാം വയസിൽ വിവാഹിതനായി.

അധ്യാപനം,പത്രപ്രവർത്തനം, സാഹിത്യം[തിരുത്തുക]

ചിറക്കടവ് സെൻറ് എഫ്രേംസ്, നെടുംകുന്നം സെൻറ് തെരേസാസ് എന്നീ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ച അദ്ദേഹം പിൽക്കാലത്ത് പത്രപ്രവർത്തനത്തിലേക്ക് ചുവടുമാറ്റി. സത്യദീപം പത്രാധിപ സമിതി അംഗം, കെ.സി.എസ്.എലിന്റെ മുഖപത്രമായിരുന്ന കത്തോലിക്ക വിദ്യാർത്ഥിയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച ജോസഫ് 1958 മുതൽ 17 വർഷക്കാലം കൊച്ചിയിൽ മലബാർ മെയിലിന്റെ പത്രാധിപനായിരുന്നു. ഇടക്ക് സാഹിത്യ പരിഷത്ത് മാസികയുടെ ചുമതലക്കാരനായി പ്രവർത്തിച്ച ഇദ്ദേഹം വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും പംക്തികളും കൈകാര്യം ചെയ്തു.

സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. ലേഖനം, നിരൂപണം, കഥ, കവിത, ചരിത്രം തുടങ്ങിയവ ഉൾപ്പെടെ അറുപതോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറേതായുണ്ട്.പ്രബന്ധ രത്നാവലി, പ്രബന്ധമുക്താവലി, സാഹിത്യബോധിനി, സാഹിത്യ സൗരഭം തുടങ്ങിയവ ഉദാഹരണങ്ങൾ.

കേരള കത്തോലിക്കാ സഭയുടെചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ മികച്ച റഫറൻസ് ഗ്രന്ഥങ്ങളാണ്. കേരള സഭയുടെ വ്യക്തിത്വം, കേരളത്തിലെ മാർതോമാ ക്രിസ്ത്യാനികൾ, കേരള ക്രിസ്ത്യാനികൾ, കത്തോലിക്കാ സഭയിലെ നൂറിലധികം മഹദ് വ്യക്തികളുടെ സംക്ഷിപ്ത ജീവചരിത്രം ഉൾക്കൊള്ളുന്ന കേരളസഭാ താരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

തച്ചിൽ മാത്തൂതകരന്റെ ജീവചരിത്രഗ്രന്ഥം എം.ഒ ജോസഫിനെ സാഹിത്യ താരം അവാർഡിന് അർഹനാക്കി. ഗാർഷ്യ മൊരീനോ, ബീഗം സംറു, ദീപാവലി, ചരിത്രകഥകൾ, വലിയ കപ്പിത്താൻ, ഭാഷാപ്രേമികൾ തുടങ്ങിയവൊക്കെ അദ്ദേഹത്തിന്റെ രചനാപാടവം വിളിച്ചോതുന്ന ഗ്രന്ഥങ്ങളാണ്.

സഭക്കും ക്രിസ്ത്യൻ സമൂദായത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളുടെ അടിസ്ഥാനത്തിൽ ജോസഫിന് അത് ലെത്താ ദേ ഹെന്തോ(champion of the Indian church)ബഹുമതിക്ക് നൽകി ആദരിച്ചിരുന്നു. ക്രൈസ്തവ വിജ്ഞാനകോശത്തിന്റെ രചനയിലും അദ്ദേഹം പങ്കാളിയായി. ഗിരിപ്രഭാഷണമായിരുന്നു അവസാന കൃതി.

പൊതുജീവിതം[തിരുത്തുക]

എം.ഒ ജോസഫിന്റെ പ്രധാന കർമ മണ്ഡലം കൊച്ചിയായിരുന്നു. എ.കെ.സി.സി ജനറൽ സെക്രട്ടറി, ടാറ്റാ ലേബർ യൂണിയൻ, കൊച്ചിയിലെ പത്രപ്രവർത്തക അസോസിയേഷൻ, കൊച്ചി ലേബർ കോൺഗ്രസ് എന്നിവയുടെ ഭാരവാഹിയെന്ന നിലിയിലും അദ്ദേഹം പ്രാഗത്ഭം തെളിയിച്ചു.

ക്രിസ്തുമതം സ്വീകരിക്കുന്ന ഹരിജനങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ട് തിരുക്കൊച്ചി ഗവൺമെൻറ് പുറപ്പെടുവിച്ച നിരോധനാജ്ഞക്കെതിരായ ബഹുജന പ്രക്ഷോഭത്തിന് മുൻകൈ എടുത്തതിന്റെ പേരിൽ ജോസഫ് തിരുവിതാംകൂറിലേക്ക് നാടുകടത്തപ്പെട്ടു. തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തെ ഒൻപതു മാസം വീട്ടുതടങ്കലിലാക്കി.

അമരാവതി കുടിയിറക്ക് വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മലനാട് കർഷക യൂണിയന്റെ നേതൃനിരയിൽ ഫാ. വടക്കനൊപ്പം എം.ഒ ജോസഫും ഉണ്ടായിരുന്നു.

ആദ്യഭാര്യ മരിച്ച് നാലു വർഷത്തിനുശേഷം 1946 നവംബർ നാലിന് നെടുംകുന്നം ചെറുശേരിൽ കുടുംബാംഗമായ അച്ചാമ്മയെ ജോസഫ് വിവാഹം ചെയ്തു. 1976 ഏപ്രിൽ ഏഴിന് അന്തരിച്ച എം.ഒ ജോസഫിന്റെ മൃതദേഹം നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്സ് ദേവലായ സെമിത്തേരിയിൽ സംസ്കരിച്ചു.

"https://ml.wikipedia.org/w/index.php?title=എം.ഒ._ജോസഫ്_നെടുംകുന്നം&oldid=3424609" എന്ന താളിൽനിന്ന് ശേഖരിച്ചത്