എം.എ. കുട്ടപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ.എം.എ.കുട്ടപ്പൻ
സംസ്ഥാന, എസ്.സി-എസ്.ടി പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
2001 - 2004
മുൻഗാമികെ.രാധാകൃഷ്ണൻ
പിൻഗാമിഎ.പി.അനിൽകുമാർ
നിയമസഭാംഗം
ഓഫീസിൽ
2001, 1996, 1987, 1980
മണ്ഡലം
  • ഞാറയ്ക്കൽ
  • ചേലക്കര
  • വണ്ടൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1947 ഏപ്രിൽ 12
എഴുമാറ്റൂർ മല്ലപ്പള്ളി, പത്തനംതിട്ട ജില്ല
മരണംജൂൺ 20, 2023(2023-06-20) (പ്രായം 76)
കലൂർ, എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിബീബി ജോൺ
കുട്ടികൾ2
As of 21 ജൂൺ, 2023
ഉറവിടം: കേരള നിയമസഭ

2001 മുതൽ 2004 വരെ എ.കെ.ആൻ്റണി മന്ത്രിസഭയിലെ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു ഡോ.എം.എ.കുട്ടപ്പൻ.(1947-2023) നാലു തവണ നിയമസഭാംഗം, പത്താം കേരള നിയമസഭയിലെ കോൺഗ്രസിൻ്റെ ചീഫ് വിപ്പ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ എഴുമറ്റൂർ പഞ്ചായത്തിലെ വാളക്കുഴിയിലെ ഒരു ദളിത് കുടുംബത്തിൽ അയ്യപ്പൻ്റെയും കല്യാണിയുടേയും മകനായി 1947 ഏപ്രിൽ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിൽ നേരിടേണ്ടി വന്ന പട്ടിണിയെയും ദാരിദ്ര്യത്തെയും കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട് കുട്ടപ്പൻ കീഴടക്കി. 1977-ൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ കുട്ടപ്പൻ 1979-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.എസ് ബിരുദം നേടി.

1972-1973 കാലഘട്ടത്തിൽ എം.എ.ജോണിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പരിവർത്തനവാദിയായി രാഷ്ട്രീയ പ്രവേശനം. 1973 മുതൽ 1975 വരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ട്യൂട്ടറായി ജോലി നോക്കിയ കുട്ടപ്പൻ 1975 മുതൽ 1980 വരെ ആരോഗ്യവകുപ്പിൽ അസി.സർജനായും 1983 മുതൽ 1987 വരെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായും പ്രവർത്തിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻസിക്കിടെയാണ് കുട്ടപ്പന് രാഷ്ട്രീയത്തിൽ താത്പര്യം തോന്നിയത്. കാരണമായത് കോൺഗ്രസിലെ പരിവർത്തനവാദികളുടെ തീപ്പൊരി മുദ്രാവാക്യങ്ങളും. പഠനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്ന കുട്ടപ്പൻ കോൺഗ്രസ് നേതാവായിരുന്ന ജി.കാർത്തികേയനുമായി സൗഹൃദത്തിലായി. തുടർന്ന് ലീഡർ കെ.കരുണാകരനിലേയ്ക്ക് ബന്ധം നീണ്ടതോടെ 1978 മുതൽ തികഞ്ഞ കോൺഗ്രസുകാരനായി കുട്ടപ്പൻ മാറി.

1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വണ്ടൂരിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ കുട്ടപ്പന് 1982-ൽ പാർട്ടി സീറ്റ് നിഷേധിച്ചു. 1982 മുതൽ 1996 വരെ വീണ്ടും കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ഉദ്യോഗം തുടർന്നു. 1987-ൽ ചേലക്കരയിൽ നിന്ന് വിജയിച്ച കുട്ടപ്പൻ 1991-ൽ പന്തളത്ത് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1996-ലും 2001-ലും ഞാറക്കലിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി മന്ത്രിസഭാംഗമായി. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ അടുത്ത തിരഞ്ഞെടുപ്പിൽ 2006-ൽ മത്സരിക്കാനാവാതെ തഴയപ്പെട്ടു.

എ.കെ.ആൻ്റണി മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ ഇടം നേടിയ കുട്ടപ്പൻ പിന്നീട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. എ ഗ്രൂപ്പിൽ നിന്ന് ഐ ഗ്രൂപ്പിലേക്ക് ചേക്കേറിയതാണ് 2006-ൽ ഞാറയ്ക്കലിൽ നിന്ന് സ്ഥാനാർത്ഥിത്വം നഷ്ടമാകുന്നതിന് കാരണമായതെന്നാണ് കേൾവി.

വിവാദങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു ഡോ.എം.എ.കുട്ടപ്പൻ്റെത്. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം നിന്ന് കത്തിയത് കുട്ടപ്പൻ്റെ പേരിലാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ എ ഗ്രൂപ്പിൻ്റെ ശക്തനായ വക്താവായിരുന്നു എം.എ.കുട്ടപ്പൻ. 1994-ൽ പാർട്ടി നിർദേശപ്രകാരം കുട്ടപ്പൻ നാമനിർദ്ദേശ പത്രിക നൽകിയതിന് ശേഷം കോൺഗ്രസിൻ്റെ രാജ്യസഭ സീറ്റ് അന്ന് മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരൻ ലീഗിന് നൽകിയതായിരുന്നു ഒന്ന്.

തുടർന്നുണ്ടായ വിവാദത്തിൽ ഇതിൽ പ്രതിഷേധിച്ച് കരുണാകരൻ മന്ത്രിസഭയിൽ നിന്ന് ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജിവച്ചു. ഇതിനെ തുടർന്നാണ് കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തുറന്ന പോര് ആരംഭിക്കുന്നതും. തൻ്റെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെതിരെ എം.എ.കുട്ടപ്പൻ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർക്കെതിരെ നൽകിയ കേസ് ഇതിനിടയിൽ സുപ്രീം കോടതി വരെയെത്തി. ഈ കേസിൻ്റെ എഫ്.ഐ.ആർ മുഖ്യമന്ത്രിയായിരുന്ന നായനാർ ഹൈക്കോടതിയിൽ പോയി റദ്ദാക്കിച്ചു എന്നാണ് ചരിത്രം.

ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, സതേൺ റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കെ.പി.സി.സി നിർവാഹക സമിതി എന്നിവയിൽ അംഗമായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് എസ്.സി-എസ്.ടി സെൽ സംസ്ഥാന ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

വൈപ്പിൻ ദ്വീപ് നിവാസികളുടെ രണ്ട് വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജനപ്രതിനിധിയാണ്. ഗോശ്രീ പാലങ്ങളും ഹഡ്കോ കുടിവെള്ള പദ്ധതിയും യാഥാർത്ഥ്യമാകുന്നത് കുട്ടപ്പൻ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരുന്നപ്പോഴാണ്. 2001-ൽ എ.കെ.ആൻ്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തൻ്റെ പ്രവർത്തന കാലയളവിൽ പ്രധാന ലക്ഷ്യങ്ങളിലൊന്നായി വൈപ്പിൻ - എറണാകുളം പാലങ്ങളെ ഉൾപ്പെടുത്തുന്നതിനും പ്രധാന കാരണമായത് കുട്ടപ്പൻ തന്നെയാണ്. അതു കൊണ്ട് തന്നെ എ.കെ.ആൻ്റണി മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന് തൊട്ട് മുമ്പായാണ് ഗോശ്രീ പാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

വൈപ്പിനിലെ കുടിവെള്ള സമരത്തെ തുടർന്ന് ഹഡ്കോ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും കുട്ടപ്പൻ നിർണായക പങ്ക് വഹിച്ചു. വൈപ്പിനിലെ സംസ്ഥാന പാത ഏറ്റവും മികച്ച രീതിയിൽ പുനർനിർമ്മിക്കപ്പെട്ടതും കുട്ടപ്പൻ്റെ കാലത്താണ്. പിന്നീട് കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് കുട്ടപ്പന് മൂന്നാം വട്ടം സീറ്റ് നിഷേധിക്കപ്പെടുന്നതും ഞാറക്കൽ നിയമസഭ മണ്ഡലം കോൺഗ്രസിനെ കൈവിടുന്നതും.[5][6]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 ഞാറയ്ക്കൽ നിയമസഭാമണ്ഡലം എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എ. പുരുഷോത്തമൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ഞാറയ്ക്കൽ നിയമസഭാമണ്ഡലം എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.കെ. ബാബു കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
1987 ചേലക്കര നിയമസഭാമണ്ഡലം എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.വി. പുഷ്പ സി.പി.എം. എൽ.ഡി.എഫ്.
1980 വണ്ടൂർ നിയമസഭാമണ്ഡലം എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. സുരേഷ് ഐ.എൻ.സി. (യു.)

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : ബീബി ജോൺ(റിട്ട. ഹൈസ്കൂൾ അധ്യാപിക,എളമക്കര ഗവ.വിദ്യാലയം)
  • മക്കൾ :
  • അജിത്ത് പ്രശാന്ത്
  • അനന്തു പ്രവീൺ

മരണം[തിരുത്തുക]

2013-ൽ പക്ഷാഘാതത്തെ തുടർന്ന് സജീവരാഷ്ട്രീയം വിട്ടു. പിന്നീട് രോഗമുക്തി നേടി വിശ്രമജീവിതത്തിൽ തുടരുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 ജൂൺ 20ന് അന്തരിച്ചു. ജൂൺ 21ന് വൈകിട്ട് പച്ചാളം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[8]

അവലംബം[തിരുത്തുക]

  1. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ.എം.എ.കുട്ടപ്പൻ അന്തരിച്ചു
  2. മുൻ മന്ത്രി എം.എ.കുട്ടപ്പൻ അന്തരിച്ചു
  3. രാഷ്ട്രീയക്കാരനാകാൻ ഡോക്ടർ ജോലി രാജിവച്ചു
  4. എം.എ.കുട്ടപ്പൻ, ഒരു കാലഘട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വം
  5. സാഹസികൻ, നിർഭയൻ : എ.കെ.ആൻ്റണി
  6. എം.എ.കുട്ടപ്പന് വിടചൊല്ലി രാഷ്ട്രീയ കേരളം
  7. "സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ്". Archived from the original on 2021-11-11. Retrieved 2014-04-22.
  8. ഡോ.എം.എ.കുട്ടപ്പന് അന്ത്യാഞ്ജലി
"https://ml.wikipedia.org/w/index.php?title=എം.എ._കുട്ടപ്പൻ&oldid=4071953" എന്ന താളിൽനിന്ന് ശേഖരിച്ചത്