മാനവേന്ദ്രനാഥ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.എൻ. റോയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എൻ.റോയ്
মানবেন্দ্রনাথ রায়
മാനബേന്ദ്ര നാഥ് റോയ്
ജനനം(1887-03-21)21 മാർച്ച് 1887
ചാംഗ്രിപോട്ട, 24 പ്രഗാനാസ്, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണം25 ജനുവരി 1954(1954-01-25) (പ്രായം 66)
ദേശീയതഭാരതീയൻ
മറ്റ് പേരുകൾനരേന്ദ്ര നാഥ് ഭട്ടാചാര്യ
കലാലയംബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കമ്മ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടോയ്ലേഴസ് ഈസ്റ്റ്
സംഘടന(കൾ)ജുഗാന്ദർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോ
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം, ഇൻഡോ-ജർമ്മൻ കോൺസ്പിരസി, കമ്മ്യൂണിസം

മാനബേന്ദ്രനാഥ് റോയ് എന്ന എം.എൻ . റോയ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, രാഷ്ട്രീയ തത്ത്വചിന്തകനുമായിരുന്നു. നരേന്ദ്രനാഥ് ഭട്ടാചാര്യ എന്നതായിരുന്നു യഥാർത്ഥ പേര് (ജനനം - 1887 മാർച്ച്; മരണം - 1954 ജനുവരി).[1] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടേയും സ്ഥാപക നേതാവ്.[2] റഷ്യയിൽ ജോസഫ് സ്റ്റാലിന്റെ പ്രതാപകാലത്ത് റോയ് മുഖ്യധാര കമ്മ്യൂണിസം വിട്ട്, സ്വതന്ത്രവും തീവ്രവുമായ രാഷ്ട്രീയചിന്തകളിലേക്കു തിരിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിക്കു രൂപംകൊടുത്തത് റോയ് ആണ്. ഈ പാർട്ടി 1940 കളിൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഗണ്യമായ പങ്കുവഹിച്ചിരുന്നു. പിന്നീട് മാർക്സിസത്തിൽ നിന്നും അകന്ന റോയ് റാഡിക്കൽ ഹ്യൂമാനിസം എന്ന ചിന്താധാര കെട്ടിപ്പടുത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരവു മായി ബന്ധപ്പെട്ട ബംഗാളിലെ ചിൻഗ്രിപോട്ട റെയിൽവേ സ്റ്റേഷൻ (1907), നേത്ര (1910) കലാപങ്ങളിൽ പങ്കെടുത്തു. 1910ൽ ഹൌറ ഗൂഢാലോചനാ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1911 മുതൽ 1913 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിപ്ലവപ്രസ്ഥാനങ്ങളെ സംഘടിപ്പിക്കാനായ് യാത്ര ചെയ്തു. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം 1915ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യക്ക് പുറത്ത് നിന്ന് സഹായിക്കാനായി ബാറ്റ്വിയയിലേക്ക് യാത്ര പുറപ്പെട്ടു. 1916ൽ യു.എസ്.എ. യിൽ എത്തിപ്പെടുകയും മാനവേന്ദ്രനാഥ റോയ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1917ൽ മെക്സിക്കോയിൽ എത്തി.1917 ഡിസംബറിൽ നടന്ന മെക്സിക്കൻ ലേബർ പാർട്ടി കോൺഫറൻസ് എം.എൻ . റോയിയെ അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായ് തെരഞ്ഞെടുത്തു. 1917ലെ റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918ൽ ലേബർ പാർട്ടി മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു, എം.എൻ . റോയ് സെക്രട്ടറിയും.

1920ൽ റോയ് റഷ്യയിൽവെച്ച് ലെനിനുമായി കണ്ടുമുട്ടുകയും ആ ബന്ധം പിന്നീട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്ന തലത്തിലേക്ക് റോയിയെ എത്തിക്കുകയും ചെയ്തു. 1929 ൽ വിവിധകാരണങ്ങൾകൊണ്ട് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ നിന്നും പുറത്താക്കപ്പെട്ടു. 1930 ൽ ഇന്ത്യിലേക്ക് തിരികെവന്നുവെങ്കിലും, കാൺപൂർ ഗൂഢാലോചനാ കേസിൽ പോലീസിന്റെ പിടിയിലാകുകുയും, നീണ്ട ആറുവർഷക്കാലത്തെ ജയിൽശിക്ഷക്കു വിധേയനാവേണ്ടിയും വന്നു.[3] ജയിൽ ജീവിതത്തിൽവെച്ച് ധാരാളം പുസ്തകങ്ങൾ രചിച്ചു. മാർക്സിസത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച പല കൃതികളും ഈ കാലഘട്ടത്തിൽ റോയ് എഴുതുകയുണ്ടായി. 1954 ജനുവരി 25 ന് അർദ്ധരാത്രിക്കു തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു.[4]

ജനനം ബാല്യം[തിരുത്തുക]

ബംഗാളിലെ ഒരു പുരോഹിത കുടുംബത്തിലാണ് നരേന്ദ്രനാഥ് ജനിച്ചത്. നരേന്ദ്രന്റെ മുത്തച്ഛൻ ക്ഷേപുത്വേശരി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു. ദീനബന്ധു ഭട്ടാചാര്യ ആയിരുന്നു മൂത്ത പുത്രൻ, പിതാവിന്റെ കാലം കഴിഞ്ഞാൽ പുരോഹിത ജോലി ചെയ്യേണ്ടത് ദീനബന്ധു ആയിരുന്നു.[5] എന്നാൽ അദ്ദേഹം കൂടുതൽ മെച്ചപ്പെട്ട ഒരു ഉദ്യോഗം അന്വേഷിച്ച് കൽക്കട്ടക്കടുത്ത് അർബേലിയ എന്ന സ്ഥലത്തേക്കു താമസം മാറുകയും, ഏറെ വൈകാതെ ഒരു സംസ്കൃത അദ്ധ്യാപകന്റെ ജോലിയിൽ ചേരുകയും ചെയ്തു. ദീനബന്ധുവിന്റെ രണ്ടാംഭാര്യയിൽ നാലാമത്തെ മകനായിട്ടാണ് നരേന്ദ്രൻ ജനിച്ചത്.[6]

പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിലെ പല സാമൂഹ്യ-സാമുദായിക നേതാക്കളും ജനിച്ചത് ചാംഗ്രിപോട്ട എന്ന ഈ സ്ഥലത്തും പരിസര പ്രദേശങ്ങളിലുമൊക്കെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം അർബേലിയയിലെ സ്കൂളിലായിരുന്നു. 1898 ൽ നരേന്ദ്രന്റെ കുടുംബം കൊടാലിയയിലേക്ക് താമസം മാറുകയും, നരേന്ദ്രൻ അവിടതന്നെയുള്ള ആംഗ്ലോ-സംസ്കൃത വിദ്യാലയത്തിൽ പഠനം പുനരാരംഭിക്കുകുയും ചെയ്തു. 1905 വരെ നരേന്ദ്രൻ ഇവിടെയായിരുന്നു.[1][7]

ബാല്യത്തിൽ തന്നെ നരേന്ദ്രൻ മറ്റുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തനായിരുന്നെന്ന് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തും, ബന്ധുവും കൂടിയായ ഹരികുമാർ ചക്രവർത്തി ഓർമ്മിക്കുന്നു. ചെറുപ്പകാലത്ത് നരേന്ദ്രൻ, ദൂരങ്ങളിലേക്ക് ഒറ്റക്ക് നടക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്തിനേയോ അന്വേഷിക്കുന്നപോലെ ദീർഘനേരം ശ്മശാനങ്ങളിൽ ചിലവഴിക്കുമായിരുന്നു. ബംഗാളിൽ സർവ്വസാധാരണമായ സന്യാസാശ്രമങ്ങളിലും, മഠങ്ങളിലും അറിവു തേടി സന്ദർശനം നടത്തുമായിരുന്നു. സംസ്കൃതവും, ഭാരതത്തിന്റെ പുരാതന ചരിത്രവും എല്ലാം നരേന്ദ്രന്റെ ഇഷ്ടവിഷയങ്ങളായിരുന്നു.[8] ഹൈസ്കൂൾ പഠനകാലത്ത് വച്ച് നരേന്ദ്രന്റെ പിതാവ് ദീനബന്ധു അന്തരിച്ചു. അരബിന്ദോ ഘോഷ് ആരംഭിച്ച നാഷണൽ യൂണിവേഴ്സിറ്റിയിൽ നരേന്ദ്രൻ ഉപരിപഠനത്തിനായി ചേർന്നു, അതിനുശേഷം ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗും, രസതന്ത്രവും മുഖ്യവിഷയങ്ങളായെടുത്ത് പഠനം തുടർന്നു.[9]

ആദ്യകാല രാഷ്ട്രീയം[തിരുത്തുക]

സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽതന്നെ നരേന്ദ്രനാഥിലെ വിപ്ലവകാരി ഉയിർത്തെഴുന്നേറ്റിരുന്നു.[10] കഴ്സൺ പ്രഭു, ബംഗാൾ വിഭജനത്തിനായി തയ്യാറെടുക്കുന്ന കാലമായിരുന്നു അത്. ബംഗാൾ വിഭജനത്തിനെതിരേ നരേന്ദ്രന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പ്രതിഷേധയോഗം നടത്താൻ തീരുമാനിക്കുകയും, അതിനനുവാദം നൽകണമെന്ന് പ്രധാന അദ്ധ്യാപകനോട് ആവശ്യപ്പെടകുയും ചെയ്തു. സ്കൂളിനകത്ത് ഇത്തരം യോഗം നടത്താനനുവാദമില്ലെന്നു പറഞ്ഞ് പ്രധാനഅദ്ധ്യാപകൻ ഈ ആവശ്യം നിരസിച്ചതിനെത്തുടർന്ന് നരേന്ദ്രനും സുഹൃത്തുക്കളും യോഗം സ്കൂളിനു പുറത്തു നടത്തുകയും, ഈ കാരണം കൊണ്ട് സ്കൂളിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.[11] അനുശീലൻ സമിതി സംഘടിപ്പിച്ചിരുന്ന സ്വാമി ശാരദാനന്ദയുടെ ഗീത പ്രഭാഷണം കേൾക്കാൻ ഹരികുമാറും, നരേന്ദ്രനും സാധാരണയായി പോകുമായിരുന്നു. അനുശീലൻ സമിതി അക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു.[12] ഈ സന്ദർശനങ്ങൾ ഇവരെ സമിതിയുടെ സെക്രട്ടറിയുമായി അടുപ്പിച്ചു. വൈകാതെ നരേന്ദ്രനാഥും, ഹരികുമാർ ചക്രവർത്തിയും സമിതിയിലെ അംഗങ്ങളായി.[13] അനുശീലൻ സമിതിയിൽ ഒരു കഠിനാധ്വാനിയായിരുന്നു നരേന്ദ്രൻ, പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ഉത്തരേന്ത്യമുഴുവൻ അക്ഷീണം പ്രയത്നിച്ചു. തന്റെ ജന്മഗ്രാമമായ ചംഗ്രിപോട്ടയിലും സമിതിയുടെ ഒരു ശാഖ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തു.

അനുശീലൻ സമിതി നിരോധിക്കപ്പെടുന്ന കാലത്താണ് നരേന്ദ്രനാഥ് ജതിൻ മുഖർജിയെ പരിചയപ്പെടുന്നത്. ബംഗാളിലെ മറ്റൊരു വിപ്ലവമുന്നേറ്റ പ്രസ്ഥാനമായ ജുഗാന്ദറിന്റെ നേതാവായിരുന്നു. ഒരേ ലക്ഷ്യത്തിലേക്കുള്ള സമാനചിന്തകൾ ഇരുവരേയും അടുപ്പിച്ചു. ജതിന്റെ വ്യക്തിത്വമാണ് തന്നെ ആകർഷിച്ചതെന്ന് നരേന്ദ്രനാഥ് പിന്നീട് പറഞ്ഞിട്ടുണ്ട്. ജുഗാന്ദർ തീവ്രവിപ്ലവപ്രസ്ഥാനമായിരുന്നു. 1920 ൽ ഹൗറ-സിബപൂർ ഗൂഢാലോചനാ കേസിൽ നരേന്ദ്രനേയും സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.[14] ഒരു വർഷത്തോളമെടുത്തു ഹൗറ കേസിന്റെ വിചാരണ. ഇക്കാലയളവിൽ ജതിനും, നരേന്ദ്രനും ബ്രിട്ടീഷ് രാജിനെ ഇന്ത്യയിൽ അവസാനിപ്പിക്കാൻ ആയുധമെടുത്തു പോരാടാൻ തീരുമാനിച്ചു. 1911 ൽ ഇരുവരും ജയിൽ മോചിതരായി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു പുറംലോകത്തുനിന്നും പിന്തുണ ലഭിക്കാനായി നരേന്ദ്ര വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു.[15]

ജർമ്മനി[തിരുത്തുക]

ജർമ്മനിയിൽ നിന്നും ആയുധങ്ങൾ ബംഗാളിലെ വിപ്ലവകാരികൾക്കു നൽകാനായി ഒരാളെ പ്രതിനിധിയായി ജർമ്മനിയിലേക്കയക്കണമെന്ന് അവിടെ നിന്നുള്ള സംഘടന ആവശ്യപ്പെടുകയും ഇതിനായി ജതിൻ മുഖർജി നരേന്ദ്രനാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 1915 ൽ ഹാരി&സൺസ് എന്ന കമ്പനിയുടെ പ്രതിനിധിയായി സി.കെ.മാർട്ടിൻ എന്ന വ്യാജപേരിൽ നരേന്ദ്രൻ ബതാവിയിലേക്കു പുറപ്പെട്ടു.[16] ജർമ്മനിയിലെ ഇടപാടുകൾ പൂർത്തിയാക്കി നരേന്ദ്രൻ ബംഗാളിൽ മടങ്ങിയെത്തിയെങ്കിലും, ആയുധശേഖരം വിചാരിച്ചപോലെ എത്തിച്ചേർന്നില്ല. നിരാശനായെങ്കിലും, വീണ്ടും ഒരു ശ്രമത്തിനായി നരേന്ദ്രൻ ജർമ്മനിയിലേക്കു തിരിച്ചുപോയി. ഈ യാത്രയിൽവെച്ചാണ് ജതിൻ മുഖർജി ബ്രിട്ടീഷ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നറിയുന്നത് , ഈ മരണത്തിന് ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യണമെന്ന് നരേന്ദ്രൻ തീരുമാനമെടുത്തു.[17]

അമേരിക്ക[തിരുത്തുക]

ജതിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി ആയുധങ്ങൾ സംഭരിക്കാൻ നരേന്ദ്രൻ യാത്ര തുടങ്ങി. ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്ക് ആയുധശേഖരം എത്തുന്നത് കാലിഫോർണിയാ വഴിയാണെന്ന് മനസ്സിലാക്കിയ നരേന്ദ്രൻ, അവിടെയുള്ള ഇന്ത്യൻ സുഹൃത്തുക്കളെ ബന്ധപ്പെടാൻ തുടങ്ങി. എന്നാൽ ഈ വിവരം മണത്തറിഞ്ഞ ബ്രിട്ടീഷ് പോലീസ് രഹസ്യവിഭാഗം, ബംഗാൾ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനെ അമേരിക്കയിലേക്കയച്ചു. നരേന്ദ്രൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം കാലിഫോർണിയയിൽ ചിലവഴിക്കേണ്ടിവന്നു. അമേരിക്കയിലെ പത്രങ്ങൾ ഈ ബംഗാളി ബ്രാഹ്മണനെ അപകടകാരിയായ ഒരു ജർമ്മൻ ചാരനെന്നാണ് വിശേഷിപ്പിച്ചത്. ഇവിടെ വെച്ചാണ് നരേന്ദ്രനാഥ് തന്റെ മാനബേന്ദ്രനാഥ് റോയ് എന്ന പുതിയ പേരു സ്വീകരിക്കുന്നത്. തൽക്കാലം തന്നെ പിന്തുടരുന്നവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഇതെങ്കിലും, പിന്നീട് ഈ പേരിലായിരുന്നു ഈ ഇന്ത്യൻ വിപ്ലവകാരിയെ ലോകം അറിഞ്ഞത്.[18] പോലീസിൽ നിന്നും രക്ഷപെടാൻ റോയ് താമസിക്കുന്ന ഹോട്ടൽവിട്ട് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലേക്ക് പോയി. സർവകലാശാലയിലെ അദ്ധ്യാപകന്റെ കൂടെ കഴിയുമ്പോഴാണ് പിന്നീട് തന്റെ പങ്കാളിയായി മാറിയ ഈവ്ലിൻ ട്രെന്റിനെ റോയ് പരിചയപ്പെടുന്നത്.[19] റോയിയുടെ എല്ലാ വിദേശസന്ദർശനങ്ങളിലും ഈവ്ലിൻ അനുഗമിച്ചിരുന്നു. 1929 ൽ ഇരുവരും വേർപിരിഞ്ഞു.

കമ്മ്യൂണിസത്തിലേക്ക്[തിരുത്തുക]

ന്യൂയോർക്കിൽ വെച്ച് ഇന്ത്യൻ നേതാവായ ലാലാലജ്പത് റായിയുമായി റോയ് കണ്ടുമുട്ടി. ഈ കാലഘട്ടത്തിൽ അമേരിക്കയിലെ തീവ്രമായ ചിന്താഗതികൾ വച്ചു പുലർത്തുന്ന ആളുകളുമായി റോയ് ബന്ധപ്പെട്ടു. ന്യൂയോർക്കിലെ വിവിധയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. തൊഴിലാളിവർഗ്ഗ നേതാക്കളുമായും പ്രവർത്തകരുമായും ഇടപഴകി. ബങ്കിംഗ് ചന്ദ്ര ചാറ്റർജിയുടേയും, സ്വാമി വിവേകാനന്ദന്റേയും ചിന്താധാരകൾ പിന്തുടർന്ന റോയ് പതുക്കെ സോഷ്യലിസത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. 1919 കളുടെ അവസാനം കമ്മ്യൂണിസ്റ്റ് നേതാവായ മൈക്കിൾ ബോറോദിനുമായി റോയ് പരിചയത്തിലായി.[20] കമ്മ്യൂണിസത്തിലേക്ക് മാറാതിരിക്കാനായി എന്തെങ്കിലും കാരണങ്ങൾ ബാക്കിയുണ്ടെങ്കിൽ ഈ സൌഹൃദത്തോടെ അതും ഇല്ലാതായി. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. 1920 ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം സമ്മേളനത്തിൽ പങ്കെടുക്കാൻ റോയിക്ക് ക്ഷണം ലഭിച്ചു. മോസ്കോയിൽ വച്ചായിരുന്നു സമ്മേളനം. ഇവിടെ വെച്ച് ലെനിനുമായി പരിചയപ്പെടുകയും, സമ്മേളനത്തിനുമുമ്പ് ഇരുവരും ധാരാളം ചർച്ചകൾ നടത്തുകയും ചെയ്തു.ലെനിന്റെ കൂടെ ശുപാർശയോടെ റോയ് അവതരിപ്പിച്ച പ്രമേയം, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പരിഗണിച്ചു. കമ്മ്യൂണിസത്തിൽ ആഗോളതലത്തിലേക്ക് റോയ് ഉയരുകയായിരുന്നു. 1926 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഗോള കോൺഗ്രസ്സിന്റെ സെക്രട്ടറിയേറ്റ് ആയ കോമിന്റേൺ എന്ന കമ്മറ്റിയിലേക്ക് റോയ് തിരഞ്ഞെടുക്കപ്പെട്ടു.[21]

1927ൽ റോയ് കോമിന്റേൺ പ്രതിനിധിയായി ചൈനയിലേക്ക് പോയെങ്കിലും, ദൌത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തിരികെ മോസ്കോയിലേക്കു വന്നുവെങ്കിലും, 1929 ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ നിന്നും പുറത്താക്കപ്പെട്ടു. ആഭ്യന്തര ഉപജാപകങ്ങളുടെ ഇരയാവുകയായിരുന്നു താനെന്നാണ് റോയ് പിന്നീട് ഇതിനെക്കുറിച്ചു പറഞ്ഞത്. ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധി എന്ന നിലയിൽ റോയിയെ അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിലെ അംഗങ്ങൾ തയ്യാറായിരുന്നില്ലെന്നും റോയ് ഓർക്കുന്നു. സ്റ്റാലിനിസത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമല്ല തന്നെ പുറത്താക്കാനുണ്ടായ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു[22] ഗുരുതരമായ കുറ്റങ്ങൾ ചെയ്തതിനാലാണ് റോയിയെ കോമിന്റേൺ പുറത്താക്കിയതെന്നായിരുന്നു പൊതുവിലുള്ള ഭാഷ്യം. എന്നാൽ സംഭവിച്ചതിന്റെ സത്യാവസ്ഥ മൈ എക്സ്പീരിയൻസ് ഇൻ ചൈന എന്ന പുസ്തകത്തിൽ റോയി വിവരിക്കുന്നു. ചൈന പുതിയ സമരമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും, ബ്രിട്ടന്റെ കോളനിവാഴ്ചാ നയങ്ങൾ പുനപരിശോധിക്കണം എന്നുമൊക്കെയുള്ള റോയിയുടെ പ്രമേയങ്ങൾ കോമിന്റേണിലെ ഭൂരിപക്ഷത്തെ അസ്വസ്ഥരാക്കി. ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളുയർത്തിയ റോയിയെ കോമിന്റേൺ ഗുരുതരമായ അച്ചടക്കലംഘനം ചുമത്തി പുറത്താക്കുകയായിരുന്നു.[23]

ഇന്ത്യയിലേക്ക്[തിരുത്തുക]

1930 കളുടെ അവസാനത്തിൽ റോയ് തിരികെ ഇന്ത്യയിലേക്കു വന്നു. 1931 ജൂലൈയിൽ കാൺപൂർ ഗൂഢാലോചനാ കേസിൽ റോയ് അറസ്റ്റുചെയ്യപ്പെട്ടു. കോമിന്റേണിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും, ഒരു പൂർണ്ണ കമ്മ്യൂണിസ്റ്റായാണ് റോയ് ഇന്ത്യയിലേക്കു വന്നത്. ജയിലികപ്പെട്ട കാലം മുതൽ ധാരാളം വായിക്കുവാനും എഴുതുവാനും തുടങ്ങി. ജർമ്മൻ സുഹൃത്തുക്കളും, ഈവ്ലിനും വഴിയാണ് അദ്ദേഹത്തന് ജയിലിനകത്ത് വായിക്കാനായി പുസ്തകങ്ങൾ ലഭിച്ചത്. മാർക്സിസത്തെ തന്റേതായ രീതിയിൽ പുനർവ്യാഖ്യാനിക്കാനാണ് റോയ് തന്റെ രചനകളിലൂടെ ശ്രമിച്ചത്. ജയിലിൽ നിന്നും പുറത്തിറങ്ങിയതോടെ, ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് റോയ്, കുറെ സഹപ്രവർത്തകരേയും കൂട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. തന്റെ അണികളെ ചേർത്ത് അദ്ദേഹം, ലീഗ് ഓഫ് റാഡിക്കൽ കോൺഗ്രസ്സ് എന്നൊരു സംഘടനയുണ്ടാക്കി. കോൺഗ്രസ്സിലെ ഇടതുപക്ഷത്തെ വളർത്തിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. രണ്ടാം ലോകമഹായുദ്ധത്തിൽ കോൺഗ്രസ്സ് എടുത്ത നിലപാടുകളോട് വിയോജിച്ച് റോയ് കോൺഗ്രസ്സിൽ നിന്നും പുറത്തു വന്നു.

റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടി[തിരുത്തുക]

കോൺഗ്രസ്സിൽനിന്നും രാജിവെച്ച റോയ് പിന്നീട് റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടി എന്ന സംഘടന രൂപീകരിച്ചു. 1937 ൽ എലൻ ഗോച്ചാക്ക് എന്ന യുവതിയെ റോയ് വിവാഹം കഴിച്ചു. റോയിയുടെ പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ ഒരു സ്ത്രീയായിരുന്നു എലൻ. സുഹൃത്തുക്കളുടെയിടയിലും മറ്റും ചർച്ച ചെയ്ത് സ്ഫുടം ചെയ്തെടുത്ത തത്ത്വങ്ങളാണ് റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ലക്ഷ്യങ്ങളും, അവ നേടിയെടുക്കാനുള്ള ജീവിതചര്യയുമായി റോയ് രൂപപ്പെടുത്തിയെടുത്തത്. 22 തത്ത്വങ്ങളടങ്ങിയ ആ സംഹിത, 1947 ലെ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ബോംബെ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. ന്യൂഹ്യൂമാനിസം - മാനിഫെസ്റ്റോ എന്ന പേരിൽ ഇവ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രത്യയശാസ്ത്രമായി അംഗീകരിക്കപ്പെട്ടു.

അവസാന കാലഘട്ടം[തിരുത്തുക]

1946 ൽ ഡെറാഡൂണിൽ ഇന്ത്യൻ റിണയസൻസ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയുണ്ടായി. ഇന്ത്യയുടെ നവോത്ഥാന പ്രസ്ഥാനത്തിന് ചൂരും ചൂടും പകരുക എന്ന ഉദ്ദേശത്തോടെ രൂപംകൊടുത്തതായിരുന്നു ഈ സ്ഥാപനം. തിരക്കകുളിൽ നിന്നൊക്കെ വിട്ടു എലനും റോയിയും അവധിക്കാലം ആഘോഷിക്കുന്ന വേളയിൽ സംഭവിച്ച ഒരു അപകടത്തിന്റെ ഭാഗമായി റോയിയുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. തുർച്ചയായി വന്ന രണ്ടാമത്തെ ഹൃദയാഘാതത്തിൽ റോയ് അന്തരിച്ചു. അവസാന കാലഘട്ടത്തിൽ റോയ് പറഞ്ഞുകൊടുത്തത്, എലൻ എഴുതിയെടുത്ത് പിന്നീട് പ്രസിദ്ധീകരിക്കുകയായിരുന്നു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി[തിരുത്തുക]

1919ൽ മെക്സിക്കോ വിട്ട ശേഷം റഷ്യയിലായിരുന്ന റോയ് 1920 ഒക്ടോബർ 17ന് താഷ്കെൻറിൽ വെച്ച് രൂപം കൊണ്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി. പിന്നീട് സ്റ്റാലിൻറെ ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിർത്തതിനാൽ കോമിൻറേണിൽ നിന്നും 1929ൽ പുറത്തായി.തിരിച്ച് വീണ്ടും ഇന്ത്യയിലെത്തിയ റോയ്, രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളേയും ഫാസിസ്റ്റ് കളേയും എതിർക്കാനായ് ബ്രിട്ടനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടത് താത്കാലിക എതിർപ്പ് സൃഷ്ടിച്ചെങ്കിലും പിന്നീട് അതായിരുന്നു ശരിയായ നയമെന്ന് ലോകം വിലയിരുത്തി.

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • എം.എൻ . റോയ് റാഡിക്കൽ ഹ്യൂമനിസം എന്ന തത്ത്വശസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.
  • കമ്മ്യൂണിസത്തിനുമപ്പുറം (Beyond Communism), പുതിയ മാനവികത്വം (New Humanism), ഓർമ്മകൾ (Memoirs) തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിൻറേതായുണ്ട്.

പ്രധാന ഉപന്യാസങ്ങൾ[തിരുത്തുക]

ഉപന്യാസം മലയാളത്തിൽ[തിരുത്തുക]

എം.എൻ. റായുടെ "ഹിസ്റ്റോറിക്കൽ റോൾ ഓഫ് ഇസ്ലാം" എന്ന ഉപന്യാസം "ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്" എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തുകാരനായ കെ.സി. വർഗീസ് ആണ്‌ ഇതിന്റെ വിവർത്തകൻ. ഡയലോഗ് സെന്റർ കേരള പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗ്രന്ഥം വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസും.

അവലംബം[തിരുത്തുക]

  • സമരേൻ, റോയ് (1997). എം.എൻ.റോയ് - എ പൊളിറ്റിക്കൽ ബയോഗ്രഫി. ഓറിയന്റ് ലോംഗ്മാൻ. ISBN 978-8125002994.
  1. 1.0 1.1 "മാനബേന്ദ്ര നാഥ് റോയ് - ലഘു ജീവചരിത്രം". ബംഗ്ലാപീഡിയ. Archived from the original on 2008-10-19. Retrieved 26-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= (help)
  2. "മാനബേന്ദ്രനാഥ് റോയ്". മാർക്സിസ്റ്റ്.ഓർഗ്.
  3. മാനബേന്ദ്രനാഥ് റോയ് - ജീവചരിത്രം. ഇന്റർനെറ്റ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി. റോയ് ആദ്യ ജയിൽവാസം,ലെനിനുമായുള്ള ബന്ധം
  4. "മാനബേന്ദ്രനാഥ് റോയ് - ജീവചരിത്രം". ബീഹാർ റേഷൺലിസ്റ്റ് സൊസൈറ്റി. Archived from the original on 2016-03-07. Retrieved 26-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= (help)
  5. എം.എൻ.റോയ് - സുമാരെൻ റോയ് പുറം 1
  6. എം.എൻ.റോയ് - സമരേൻ റോയ് പുറം 1
  7. എം.എൻ.റോയ് - സമരേൻ റോയ് പുറം 2
  8. എം.എൻ.റോയ് - സമരേൻ റോയ് പുറം 2-3
  9. "നരേന്ദ്രന്റെ വിദ്യാഭ്യാസകാലഘട്ടം". ബംഗ്ലാപീഡിയ. Archived from the original on 2008-10-19. Retrieved 26-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= (help)
  10. "മാനബേന്ദ്രനാഥ് റോയ്". ഇന്റർനെറ്റ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി. Retrieved 26-ഏപ്രിൽ-2013. വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയത്തിലേക്ക് {{cite news}}: Check date values in: |accessdate= (help)
  11. എം.എൻ.റോയ് - സമരേൻ റോയ് പുറം 3-4
  12. മാർഷൽ, വിൻമില്ലർ (1995). കമ്മ്യൂണിസം ഇൻ ഇന്ത്യ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്. p. 44.
  13. എം.എൻ.റോയ് - സമരേൻ റോയ് പുറം 5
  14. എം.എൻ.റോയ് - സമരേൻ റോയ് പുറം 6-7
  15. എം.എൻ.റോയ് - സമരേൻ റോയ് പുറം 7
  16. എ.കെ., ഹിന്ദി (1938). എം.എൻ.റോയ് - ദ മാൻ ഹു ലുക്ക് എഹെഡ്. മോഡേൺ പബ്ലിഷിംഗ്. p. 19. നരേന്ദ്രന്റെ ആദ്യ വിദേശയാത്ര - ജർമ്മനിയിലേക്ക്
  17. എം.എൻ.റോയ് - സമരേൻ റോയ് പുറം 9
  18. "മാനബേന്ദ്ര നാഥ് റോയ് എന്ന പുതിയ പേര്". ഇന്റർനെറ്റ് എൻസൈക്ലോപീഡിയ ഫോർ ഫിലോസഫി.
  19. "ഈവ്ലിൻ ട്രെന്റ്". മാർക്സിസ്റ്റ്.ഓർഗ്. Retrieved 26-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= (help)
  20. ചന്ദ്രിക, സിംങ് (1988). കമ്മ്യൂണിസ്റ്റ് ആന്റ് സോഷ്യലിസ്റ്റ് മൂവ്മെന്റ് ഇൻ ഇന്ത്യ - എ ക്രിട്ടിക്കൽ അക്കൌണ്ട്. സൌത്ത് ഏഷ്യബുക്സ്. p. 43-44. ISBN 978-8170990314. കമ്മ്യൂണിസ്റ്റ് നേതാവായ ബോറോദിനുമായി റോയ് പരിചയപ്പെടുന്നു
  21. "കമ്മ്യൂണിസത്തിലേക്ക്". ഇന്റർനെറ്റ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി. Retrieved 27-ഏപ്രിൽ-2013. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിലേക്ക് {{cite news}}: Check date values in: |accessdate= (help)
  22. മാർഷൽ, വിൻമില്ലർ (1995). കമ്മ്യൂണിസം ഇൻ ഇന്ത്യയ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്. p. 44.
  23. പ്രകാശ്, ചന്ദ്ര (1992). പൊളിറ്റിക്കൽ ഫിലോസഫി ഓഫ് എം.എൻ.റോയ്. സരൂപ്&സൺസ്.


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=മാനവേന്ദ്രനാഥ_റോയ്&oldid=3640849" എന്ന താളിൽനിന്ന് ശേഖരിച്ചത്