എം.എം. ലോറൻസ്
എം.എം.ലോറൻസ് | |
---|---|
![]() | |
ലോക്സഭാംഗം | |
ഓഫീസിൽ 1980-1984 | |
മുൻഗാമി | സി.എം.സ്റ്റീഫൻ |
പിൻഗാമി | പി.ജെ.കുര്യൻ |
മണ്ഡലം | ഇടുക്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുളവുകാട്, വൈപ്പിൻ, എറണാകുളം ജില്ല | 15 ജൂൺ 1929
രാഷ്ട്രീയ കക്ഷി |
|
പങ്കാളി(കൾ) | ബേബി ലോറൻസ് |
കുട്ടികൾ | 4 |
As of 14 നവംബർ, 2023 ഉറവിടം: ദി ഹിന്ദുഓൺലൈൻ ന്യൂസ് |
2015 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവായി തുടരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവാണ് എം.എം.ലോറൻസ്.(15 ജൂൺ 1929) മാർക്സിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15ന് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് ശരിയായ പേര്. എബ്രഹാം, എലിസബത്ത്, മാത്യു, തോമസ്, ജോൺ, ആഞ്ജില മാർഗരറ്റ്, ലാസർ പരേതരായ ജോർജ്, ഫ്രാൻസിസ് എന്നിവർ സഹോദരങ്ങളാണ്. എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ, മുനവുറൽ ഇസ്ലാം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവാണ് സി.പി.ഐ(എം) അംഗമായ എം.എം. ലോറൻസ്. സി.ഐ.ടി.യുവിന്റെ മുൻ കേരള ജനറൽ സെക്രട്ടറിയും സി.പി.ഐ(എം) മുൻ സംസ്ഥാന കമ്മറ്റിയംഗവുമാണ്. ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് 1980 ൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [1] നിലവിൽ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.[2][3][4]
1946-ൽ പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. എറണാകുളത്ത് തൊഴിലാളി വർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒരേയൊരു തവണയെ ജയിക്കാൻ കഴിഞ്ഞുള്ളൂ. 1969-ൽ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970-ലും 2006-ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളം മണ്ഡലത്തിലും 1977-ൽ പള്ളുരുത്തിയിലും 1991-ൽ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ൽ ഇടുക്കി പാർലമെൻറ് സീറ്റിൽനിന്ന് വിജയിച്ചു. 1984-ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു.
1964-ലെ പിളർപ്പിനെ തുടർന്ന് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന ലോറൻസ് 1964 മുതൽ 1998 വരെ പാർട്ടി സംസ്ഥാന സമിതി അംഗവും 1967 മുതൽ 1978 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.
എറണാകുളം ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി.കെ.രാമകൃഷ്ണൻ 1967-ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് ലോറൻസ് സെക്രട്ടറിയായത്.
1978 മുതൽ 1998 വരെ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതൽ 1998 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.
1986 മുതൽ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കൺവീനറായിരുന്നു. പിന്നീട് 1998-ൽ പാലക്കാട് വച്ച് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് 1998-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിയിൽ നിന്ന് എറണാകുളം ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സേവ് സി.പി.എം.ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളിൽ പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
1998 മുതൽ 2013 വരെ സി.ഐ.ടി.യുവിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു.
2002-ൽ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായ ലോറൻസ് 2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വച്ച് പാർട്ടി സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം പ്രായാധിക്യത്തെ തുടർന്ന് ലോറൻസിനെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നിലവിൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവാണ്.
ആത്മകഥ[തിരുത്തുക]
- ഓർമ്മചെപ്പ് തുറക്കുമ്പോൾ [5]
സ്വകാര്യ ജീവിതം[തിരുത്തുക]
- ഭാര്യ : ബേബി ലോറൻസ്
- മക്കൾ :
- സജീവ്
- സുജാത
- അബി
- ആശ
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | എറണാകുളം നിയമസഭാമണ്ഡലം | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എം. ലോറൻസ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1984 | മുകുന്ദപുരം ലോകസഭാമണ്ഡലം | കെ. മോഹൻദാസ് | കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. | എം.എം. ലോറൻസ് | സി.പി.എം., എൽ.ഡി.എഫ്. |
1980 | ഇടുക്കി ലോകസഭാമണ്ഡലം | എം.എം. ലോറൻസ് | സി.പി.എം. | ടി.എസ്. ജോൺ | സ്വതന്ത്ര സ്ഥാനാർത്ഥി |
അവലംബം[തിരുത്തുക]
- ↑ https://entranceindia.com/election-and-politics/shri-m-m-lawrence-member-of-parliament-mp-from-idukki-kerala-biodata/
- ↑ "പ്രത്യേക ക്ഷണിതാക്കൾ". www.cpimkerala.org. ശേഖരിച്ചത് 15 July 2021.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/newscontent.php?id=62913
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-30.
- ↑ https://www.thenewsminute.com/kerala/biography-of-mm-lawrence-offers-an-inside-view-of-factionalism-in-the-kerala-cpim
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org