ഊരാളി എക്സ്പ്രസ്(സംഗീത ബാൻഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരാളി എക്സ്പ്രസ് അവതരണം

തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാടക - സംഗീത പ്രവർത്തകരുടെ കൂട്ടായ്മയാണ് ഊരാളി എക്സ്പ്രസ്. പൊതു അവതരണങ്ങളോടൊപ്പം സിനിമകളിലും പാട്ടുകളവതരിപ്പിച്ചിട്ടുണ്ട്. 2010 മുതൽ അവതരണങ്ങൾ നടത്തുന്ന ഇവർ കേരളത്തിനകത്തും പുറത്തും നിരവധി അവതരണങ്ങൾ നടത്തിയിട്ടുണ്ട്. സാമൂഹ്യ വിമർശനത്താലും പ്രതികരണത്താലും ശ്രദ്ധേയരായ സംഗീത സംഘമാണ് ഇവരുടേത്.

ചരിത്രം[തിരുത്തുക]

‘ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള’ക്ക് വേണ്ടി കേരളത്തിലേയും ലാറ്റിനമേരിക്കയിലേയും കലാകാരൻമാരെ ഒന്നിച്ചു ചേർത്ത് ‘ഓടിച്ചോടിച്ച്’ എന്നൊരു നാടകം അവതരിപ്പിച്ചായിരുന്നു തുടക്കം. ഗിറ്റാറിനു പുറമെ പെറുവിൽ നിന്നുള്ള കഹോൺ പെറുവാനോ, ചിലിയിൽ നിന്നു കൊണ്ടു വന്ന കുഴലായ തുത്രൂക്ക, ആഫ്രിക്കയിൽ നിന്നുമുള്ള ഉദു എന്ന ഘടം, ബോംബോ എന്ന ലാറ്റിനമേരിക്കൻ വാദ്യം, കൊളംബിയൻ സംഗീതോപകരണമായ പഹരീത്തോ, ജിമ്പേ എന്ന ആഫ്രിക്കൻ വാദ്യം തുടങ്ങി വ്യത്യസ്ത സംഗീതോപകരണങ്ങളുപയോഗിച്ചാണ് ഇവരുടെ സംഗീത അവതരണം. ചാക്കാല, തുമ്മരുത്, കുറത്തി തുടങ്ങി പ്രസിദ്ധമായ നിരവധി കടമ്മനിട്ടക്കവിതകളും നാടൻ പാട്ടുകളും ഇവർ അവതരിപ്പിക്കാറുണ്ട്.[1]

സംഘാംഗങ്ങൾ[തിരുത്തുക]

ഗായകനും നാടക പ്രവർത്തകനുമായ മാർട്ടിൻ ജോൺ, ഗിത്താർ വാദകനായ സജി, പാട്ടുകളെഴുതുന്ന ഷാജി, വാദ്യസംഗീതജ്ഞനും ചിത്രകാരനുമായ സുധീഷ്, അർജുൻ, തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ഊരാളി എക്സ്പ്രസ് കൊല്ലം വാടിയിൽ റിഹേഴ്സൽ നടത്തുന്നു

സാമൂഹ്യ ഇടപെടലുകൾ[തിരുത്തുക]

പോലീസ് അതിക്രമം, ദളിത് ജനത നേരിടുന്ന വിവേചനം, നിത്യജീവിതത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി പ്രാദേശികം മാത്രമല്ലാത്ത സാമൂഹ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാട്ടുകളും മറ്റു സർഗാത്മക സ്യഷ്ടികളും ഊരാളിയുടേതായിട്ടുണ്ട്. സ്പാനിഷിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വരികൾ, സാഹചര്യങ്ങൾക്കും വിഷയത്തിന്റെ സ്വഭാവത്തിനും അനുസരിച്ച് ഫോക് റെഗ്ഗ കൂടാതെ മറ്റു ഗാനരീതികളിലും ഇവർ ചിട്ടപ്പെടുത്താറുണ്ട്.

കൊച്ചി - മുസിരിസ് ബിനാലെ 18[തിരുത്തുക]

പ്രദർശനം

പ്രളയത്തിലകപ്പെട്ട കേരളത്തിന് രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികൾക്ക് നന്ദി പറയാനായി, കൊച്ചി - മുസിരിസ് ബിനാലെയുമായി സഹകരിച്ച് ഊരാളി സംഗീത ബാൻഡ്, ഊരാളി എക്സ്പ്രസ്എന്ന പേരിൽ യാത്ര നടത്തിയിരുന്നു. ഊരാളിയുടെ പത്തു പേരടങ്ങുന്ന സംഘം ആദ്യ ഘട്ടത്തിൽ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള അഞ്ച് തീരദേശ ഗ്രാമങ്ങളിലാണ് പര്യടനം നടത്തിയത്. കൊല്ലത്തെ ആലപ്പാട് ഗ്രാമം, തിരുവനന്തപുരം ജില്ലയിലെ വലിയതുറ, വിഴിഞ്ഞം, കൊല്ലം വാടി, ആലപ്പുഴയിലെ മാരാരിക്കുളം എന്നിവടങ്ങളിലൂടെയായിരുന്നു യാത്രയുടെ ആദ്യ ഘട്ടം. ജനുവരി 29 ന് യാത്രയുടെ ആദ്യ ഘട്ടം പൂർത്തിയായി. എറണാകുളം മുതൽ പൊന്നാനി വരെയാണ് രണ്ടാം ഘട്ടം. ഫെബ്രുവരി 9 മുതൽ 23 വരെയാണ് രണ്ടാം ഘട്ടത്തിലെ യാത്ര.

ആസ്പിൻ വാൾഹൗസിൽ തങ്ങളുടെ വിവിധ അവതരണങ്ങളുടെ പോസ്റ്ററുകളും മറ്റും ഉൾപ്പെടുത്തി പ്രദർശനം നടത്തിയിരുന്നു.

ഊരാളി എക്സ്പ്രസ് കൊല്ലം വാടിയിൽ[തിരുത്തുക]

ഊരാളി എക്സ്പ്രസ് അവതരണ ഗാനം കൊല്ലം വാടിയിൽ

സിനിമയിൽ[തിരുത്തുക]

സർവോപരിപാലാക്കാരൻ, ‘ആഭാസം’ എന്നീ സിനിമകളിലും പാട്ടുകളവതരിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html