ഉസ്താദ് സുൽത്താൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുൽത്താൻ ഖാൻ
ഖാൻ 2009ൽ
പശ്ചാത്തല വിവരങ്ങൾ
ജനനം1940
മരണം27 നവംബർ 2011 (aged 71)
ജോധ്പൂർ,രാജസ്ഥാൻ, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി സംഗീതം
ഉപകരണ(ങ്ങൾ)സാരംഗി

സാരംഗിയിലും ഹിന്ദുസ്ഥാനി വായ്പാട്ടിലും മികച്ചുനിന്നിരുന്ന ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞനായിരുന്നു ഉസ്താദ് സുൽത്താൻ ഖാൻ (1940-27 നവംബർ 2011). ഉസ്താദ് സാക്കിർ ഹുസൈൻ, ബിൽ ലാസ്‌വെൽ എന്നിവരോടൊപ്പം തബല ബീറ്റ് സയൻസ് എന്ന ഫ്യൂഷൻ സംഘത്തിലെ അംഗമായിരുന്ന അദ്ദേഹത്തിനു് 2010ൽ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ടു്.

സാധന[തിരുത്തുക]

സുൽത്താൻ ഖാൻ സംഗീതത്തിലെ തന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചതു് പിതാവു് ഗുലാബ് ഖാനിൽ നിന്നായിരുന്നു.

പതിനൊന്നു വയസ്സു പ്രായമുള്ളപ്പോൾ ഒരു അഖിലേന്ത്യാ സംഗീതസദസ്സിൽ വെച്ചായിരുന്നു സുൽത്താൻ ഖാൻ അരങ്ങേറ്റം കുറിച്ചതു്. 1974ലെ ജോർജ്ജ് ഹാരിസൺന്റെ ഡാർക് ഹോഴ്സ് ലോകസഞ്ചാരപരിപാടിയിൽ രവി ശങ്കറോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. സാരംഗിയിലെ അദ്ദേഹത്തിന്റെ പ്രാഗൽഭ്യത്തിനു് രണ്ടു പ്രാവശ്യം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.

സഞ്ജയ് ലീലാ ഭൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ പിയാ ബസന്തി, അൽബേല സാജൻ എന്നീ ഗാനങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ടു്.

ഗാവിൻ ഹാരിസൺ‌ന്റെ1998ലെ സാനിറ്റി & ഗ്രാവിറ്റി എന്ന ആൽബത്തിൽ അദ്ദേഹം വായ്പാട്ടും സാരംഗിയും വഴി ഭാഗഭാക്കായി. 2009ലെ യോഗി എന്ന തമിഴ് ചലച്ചിത്രത്തിനുവേണ്ടിയും അദ്ദേഹം പാടി (യാരോടു യാരോ). യോഗിയുടെ പശ്ചാത്തലസംഗീതത്തിൽ സാരംഗി ഉപയോഗിച്ചതും അദ്ദേഹമായിരുന്നു.

കുടുംബം[തിരുത്തുക]

ഉസ്താദിന്റെ മകനും ശിഷ്യനുമായ സബീർ ഖാൻ ഉയർന്നുവരുന്ന ഒരു സാരംഗി വാദകനാണു്.

മരണം[തിരുത്തുക]

ദീർഘമായ അസുഖാവസ്ഥയ്ക്കുശേഷം, 2011 നവംബർ 27നു് ഉസ്താദ് സുൽത്താൻ ഖാൻ രാജസ്ഥാനിലെ ജോഢ്പൂരിൽ വെച്ച് അന്തരിച്ചു. [1] അതിനുമുമ്പുള്ള നാലുവർഷത്തോളം അദ്ദേഹം തുടർച്ചയായ ഡയാലിസിസിനു വിധേയനായിരുന്നു. അവസാനനാളുകളിൽ അദ്ദേഹത്തിനു ശബ്ദവും നഷ്ടപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Sarangi player Ustad Sultan Khan passes away". The Statesman. Press Trust of India. 27 November 2011. Retrieved 27 November 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_സുൽത്താൻ_ഖാൻ&oldid=1928666" എന്ന താളിൽനിന്ന് ശേഖരിച്ചത്