ഉലൈ ഒട്ടോബെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉലൈ ട്രൂഡി ഒട്ടോബെഡ് (ജനനം: ഡിസംബർ 31, 1941)[1] ഒരു പലാവു സ്വദേശിയായ വൈദ്യനാണ്. 1965-ൽ ഡോക്ടറായി യോഗ്യത നേടുന്ന ആദ്യത്തെ മൈക്രോനേഷ്യൻ വനിതയായിരുന്നു അവർ. ഒരു ടേബിൾ ടെന്നീസ് കളിക്കാരി കൂടിയായിരുന്ന അവർ 1963 ലെ സൗത്ത് പസഫിക് ഗെയിംസിൽ കായികരംഗത്ത് സ്വർണ്ണ മെഡൽ നേടുകയും ഒപ്പം മൂന്ന് വിഭാഗങ്ങളിൽ ഫിജിയുടെ ദേശീയ ചാമ്പ്യനുമായിരുന്നു.

ജീവചരിത്രം[തിരുത്തുക]

ഉലൈ ഒട്ടോബെഡ് ബാബേൽഡോബ് എന്ന പലാവാൻ ദ്വീപിലെ ഐമേലിക്കിൽ ബെറെംഗസ് ഒയ്‌റ്റെറോങ്ങിന്റെയും ടൗറംഗൽ ഒട്ടോബെഡിന്റെയും ആറ് മക്കളിൽ രണ്ടാമത്തെ കുട്ടിയായി ജനിച്ചു.[2] അവളുടെ സഹോദരൻ റെചിയുവാങ് ഡെമായി ഒട്ടോബെഡ് കീടശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ പലാവൻ വംശജനായി മാറി.[3] ആറാമത്തെ വയസ്സിൽ അവൾ എൻഗെറെംലെംഗ്യൂയിയിലെ വിദ്യാലയത്തിൽ ചേർന്നു. 1953 നും 1956 നും ഇടയിൽ അവൾ പാലാവ് ഇന്റർമീഡിയറ്റ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.[4] പിന്നീട് പസഫിക് ഐലൻഡ്സ് സെൻട്രൽ സ്കൂളിലേക്ക് മാറിയ അവർ അവിടെ 1956 നും 1959 നും ഇടയിൽ പഠനത്തിന് ചേർന്നു. ഫിജിയിലെ സെൻട്രൽ മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടിയ ശേഷം, 1960-ൽ കോഴ്സ് ആരംഭിക്കുന്നത് വരെയുള്ള കാലത്ത് അവൾ ട്രസ്റ്റ് ടെറിട്ടറി സ്കൂൾ ഓഫ് നേഴ്സിംഗിൽ ചേർന്നു.[5] ഫിജിയിൽ ആയിരുന്ന കാലത്ത് 1963ലെ സൗത്ത് പസഫിക് ഗെയിംസിൽ സ്വർണം നേടിയ ഫിജി ടേബിൾ ടെന്നീസ് ടീമിന്റെ ഭാഗമായിരുന്നു അവർ. അടുത്ത വർഷം വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിൽ ഫിജിയൻ ദേശീയ ചാമ്പ്യനായിരുന്നു.[6]

1965-ൽ സെൻട്രൽ മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഒട്ടോബെഡ്, മികച്ച വിദ്യാർത്ഥിനിക്കുള്ള പ്രിൻസിപ്പൽ പ്രസന്റേഷൻ അവാർഡ്, ഉയർന്ന ഗ്രേഡ് ശരാശരിക്കുള്ള ഗ്ലാസോ-അലെൻബർഗ്‌സ് സമ്മാനം, ശസ്ത്രക്രിയയിലെ അക്കാദമിക് മികവിനുള്ള ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സ്വർണ്ണ മെഡൽ[7] എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും നേടി. തുടർന്ന് മക്ഡൊണാൾഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ രണ്ട് വർഷത്തെ ഇന്റേൺഷിപ്പ് ചെയ്ത അവർ 1968-ൽ ട്രസ്റ്റ് ടെറിട്ടറി മെഡിക്കൽ ബോർഡ് പരീക്ഷകളിലും വിജയിച്ചു.[8]

1968-ൽ ന്യൂസിലാൻഡിൽ ആറുമാസത്തെ പരിശീലനം നടത്തിയ ഒട്ടോബെഡ്, ഓക്ക്‌ലൻഡ് ഹോസ്പിറ്റൽ ബോർഡ് പരീക്ഷയിൽ വിജയിക്കുകയും 1969-ൽ ഒബ്‌സ്റ്റെട്രിക്‌സിൽ ഡിപ്ലോമ നേടുകയും ചെയ്തു.[9] 1970-നും 1973-നും ഇടയിൽ ഓക്‌ലൻഡ് യൂണിവേഴ്‌സിറ്റിയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളിൽ പഠിക്കാനായി അവർ ന്യൂസിലാൻഡിലേക്ക് മടങ്ങുകയും നാഷണൽ വിമൻസ് ഹോസ്പിറ്റലിൽ സർജനായും രജിസ്ട്രാറായും ജോലി നേടുകയും ചെയ്തു.[10] പ്രസവചികിത്സയിലും ഗൈനക്കോളജിയിലും ഡിപ്ലോമ നേടിയ ശേഷം, 1973-ൽ മക്‌ഡൊണാൾഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനായി അവർ പാലാവിലെ കോറോറിൽ തിരിച്ചെത്തി.[11] 1974 നും 1976 നും ഇടയിൽ അവർ ഇന്ത്യയിലെ മൈസൂർ മെഡിക്കൽ കോളേജിൽ ചേരുകയും വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിഎസ്‌സി ബിരുദം നേടുകയും ചെയ്തു. 1977-ൽ അമേരിക്കൻ എക്സാമിനേഷൻ ഫോർ ഫോറിൻ ഗ്രാജുവേറ്റ്സ് എന്ന പരീക്ഷയിൽ വിജയിച്ചു.[12]

മക്‌ഡൊണാൾഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒബ്‌സ്റ്റെട്രിക്‌സ്, ഗൈനക്കോളജി, ഫാമിലി പ്ലാനിംഗ് എന്നിവയിൽ ഫിസിഷ്യനായി ജോലി ചെയ്യാൻ പലാവുവിലേക്ക് മടങ്ങിയ ശേഷം, ഒട്ടോബെഡ് പിന്നീട് ദേശീയ ആശുപത്രിയിലെ ക്ലിനിക്കൽ സർവീസസ് മേധാവിയായി.[13] പാലവും നാഷണൽ സ്കോളർഷിപ്പ് ബോർഡിലും അവർ സേവനമനുഷ്ഠിച്ചു.[14]

അവലംബം[തിരുത്തുക]

  1. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  2. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  3. Palau's first entomologist passes away Island Times
  4. Medics in the making Micronesian Reporter
  5. Medics in the making Micronesian Reporter
  6. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  7. "Ulai Otobed", Micronesian Reporter, volumes 20–21
  8. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  9. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  10. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  11. People Pacific Islands Monthly, April 1973, p15
  12. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
  13. Condé Nast's Traveler, Volume 34, p119
  14. Glimpses into Pacific Lives: Some Outstanding Women Northwest Regional Educational Lab
"https://ml.wikipedia.org/w/index.php?title=ഉലൈ_ഒട്ടോബെഡ്&oldid=3940451" എന്ന താളിൽനിന്ന് ശേഖരിച്ചത്