ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാനപ്പെട്ട ബാലസുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലം ജില്ലയിലെ ഉമയനല്ലൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. പഴനി കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ദർശനമുള്ള ബാലസുബ്രഹ്മണ്യക്ഷേത്രമാണിത്. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ 8-ാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു ജഗദ്ഗുരു ശങ്കരാചാര്യസ്വാമികൾ ബാലസുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത്[അവലംബം ആവശ്യമാണ്]. ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയതിനാൽ പണ്ടുകാലം മുതൽക്കേ ക്ഷേത്രം പ്രസിദ്ധമാണ്. ഉമയനല്ലൂർ എന്ന സ്ഥലനാമംതന്നെ ഉമയനന്റെ വാസസ്ഥലം ആയതിനാലാണ് ഉണ്ടായത്. (ഉമയ-നന്റ-ഊർ ഉമയനല്ലൂർ ആകുകയായിരുന്നു. ഉമയനൻ സുബ്രഹ്മണ്യനാണ്.)

ആനവാൽപിടി[തിരുത്തുക]

ഭാരതത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ആചാരമാണ് ആനവാൽപിടി. ആദ്യമായി കേൾക്കുന്നവർക്ക് അത്ഭുതം തോന്നാമെങ്കിലും ഈ ക്ഷേത്രത്തിലെ പുരാതനവും സവിശേഷവുമായ ഒരു ആചാരമാണിത്. സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാലവിനോദങ്ങളെ ആദരപൂർവ്വം അനുസ്മരിപ്പിക്കുന്ന ഒരു അത്യപൂർവ്വ ചടങ്ങാണ്. ഗണപതിയുടെ കൊമ്പിലും വാലിലും പിടിച്ചുകളിക്കുക ബാലസുബ്രഹ്മണ്യന്റെ പതിവ് ശീലമായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്നതിനായി അശ്വതി തിരുനാൾ ദിവസം രാവിലെ എഴുന്നെള്ളത്ത് കഴിഞ്ഞ് (ഉദ്ദേശം 11 മണി കഴിഞ്ഞ്) ആനയെ നൈവേദ്യം നൽകിയശേഷം ആനക്കൊട്ടിലിൽ കൊണ്ടുവന്ന് ശ്രീകോവിലിന് അഭിമുഖമായി തൊഴുത് ശംഖുവിളിപ്പിച്ചതിനുശേഷം തിരിഞ്ഞു വിശാലമായ മൈതാനത്തിലൂടെ ഓടിക്കുകയും ഈ സമയം ഭക്തജനങ്ങൾ ആനയുടെ വാലിൽ തൊട്ടുവന്ദിക്കുകയും വാലിൽപിടിച്ചുകൊണ്ട് പിറകേ ഓടുകയും ചെയ്യുന്നു. വളരെ ഭക്തിനിർഭരവും രസകരവും അത്യപൂർവ്വവുമായ ആചാരമാണിത്.

നെടുംകുതിരയെടുപ്പ്[തിരുത്തുക]

ഉമയനല്ലൂർ ഏലായുടെ അഞ്ചുകരകളിൽവെച്ച് കെട്ടുന്ന നെടുംകുതിരകളെ തോളിലേറ്റി ഏലായുടെ മധ്യഭാഗത്തുള്ള വള്ളിയമ്പലത്തിൽ കൊണ്ടുവരുന്നു. അവിടെനിന്നും ക്ഷേത്രത്തിലേക്ക് തോളിലേറ്റി കൊണ്ടുപോകുന്നു. ഏകദേശം 4 കിലോമീറ്ററുകളോളം ഓരോ കുതിരയേയും തോളിലേറ്റി കൊണ്ടുവരുന്ന കാഴ്ച അതിമനോഹരമാണ്. വടക്കുംകര കിഴക്ക്, തെക്കുംകര, താഴത്ത്-ആയിരംതെങ്ങ്, പിണയ്ക്കൽ, വടക്കുംകര പടിഞ്ഞാറ്, നടുവിലക്കര എന്നീ 6 കരകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത്.വ്രതം നോറ്റ് നെടുംകുതിര നേർച്ചയായു എടുക്കുന്നത് പരിപാവനമാണ്‌.