പാർവ്വതി
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ഈ ലേഖനം 2012 മാർച്ച് മുതൽ പ്രത്യേക നിരീക്ഷണത്തിലാണ്. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
| പാർവ്വതി | |
|---|---|
| Power | |
| ദേവനാഗരി | पार्वती |
| Sanskrit Transliteration | Pārvatī |
| Affiliation | ആദിപരാശക്തി, ഭുവനേശ്വരി, അന്നപൂർണേശ്വരി, ദുർഗ്ഗ, കാളി, ഭഗവതി |
| നിവാസം | കൈലാസം |
| ഗ്രഹം | ചൊവ്വ, ചന്ദ്രൻ |
| ആയുധം | ത്രിശൂലം |
| ജീവിത പങ്കാളി | ശിവൻ |
| Mount | സിംഹം, കാള |
ഹൈന്ദവ, ശൈവ പുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയും ആദിപരാശക്തിയുടെ പൂർണ്ണ അവതാരവുമാണ് പാർവ്വതി. ശിവന്റെ പകുതി ശരീരമാണ് പാർവതി എന്നാണ് വിശ്വാസം. ശിവന്റെ യഥാർത്ഥ ശക്തിയെ പാർവതിയായി പുരാണങ്ങൾ സമർഥിക്കുന്നു. ശക്തിയെക്കൂടാതെ ശിവനെ ശവസമാനനായി കണക്കാക്കുന്നു. ശൈവ പുരാണങ്ങൾ പ്രകാരം ശരീരത്തിലെ ജീവൻ ശിവനും ബലം പാർവതിയുമാണ്. ശിവപാർവ്വതിമാർ പ്രപഞ്ചത്തിൻ്റെ മാതാപിതാക്കളായി കണക്കാക്കപ്പെടുന്നു.
ആദിപരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, കാളി, ത്രിപുരസുന്ദരി, അന്നപൂർണേശ്വരി, ജഗദംബ, പരമേശ്വരി, ഭഗവതി തുടങ്ങിയ വിവിധ ഭാവങ്ങളിൽ പാർവതി ആരാധിക്കപ്പെടുന്നു. കുങ്കുമം ഭഗവതിയുടെ പ്രസാദമായി ഉപയോഗിക്കപ്പെടുന്ന വസ്തുവാണ്.
ശൈവ വിശ്വാസപ്രകാരം സ്ത്രീയും പുരുഷനും അഥവാ പാർവതിയും പരമേശ്വരനും തുല്യരായി കണക്കാക്കപ്പെടുന്നു. സ്ത്രീ സമത്വവുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. പരാശക്തിയുടെ ഭക്തർ സ്ത്രീകൾക്ക് ബഹുമാനവും തുല്യ അംഗീകാരവും നൽകേണ്ടതുണ്ട് എന്നാണ് വിശ്വാസം. സ്ത്രീകൾ പാർവതി ദേവിയുടെ സ്വരൂപം തന്നെയാണ് എന്നാണ് വിശ്വാസം. ഒരു സാഹചര്യത്തിലും ഭഗവതി ഉപാസകർ സ്ത്രീകളോട് അപമര്യാദയായി ഇടപെടാൻ പാടില്ല എന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കാറുണ്ട്. സ്ത്രീകൾ ദുരിതം അനുഭവിക്കുന്ന ഇടങ്ങളിൽ അഭിവൃദ്ധി അല്ലെങ്കിൽ ഐശ്വര്യം ഉണ്ടാവില്ല എന്ന വിശ്വാസത്തിന്റെ കാരണം ഇതാണ് എന്ന് കരുതപ്പെടുന്നു. സ്ത്രീകൾ സന്തോഷിക്കുന്ന ഇടങ്ങളിൽ പാർവതിദേവി അനുഗ്രഹം ചൊരിയുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് ഭഗവതിക്ക് പാർവ്വതി എന്ന പേരു വന്നത്. സർവമംഗളം, ഇഷ്ടവിവാഹം, ദീർഘമാംഗല്യം, ദാരിദ്ര്യമുക്തി, ഭയമോചനം എന്നിവയാണ് പാർവതി ഉപാസനയുടെ ഫലം എന്ന് വിശ്വാസികൾ കരുതുന്നു.
പുരാണങ്ങൾ പ്രകാരം ശിവപത്നിയായ സതിയുടെ പുനർജന്മമാണ് പാർവ്വതി. ഹിമവാന്റെയും മേനയുടേയും പുത്രിയായി സർവ്വേശ്വരിയായ ആദിപരാശക്തി അവതരിക്കുകയും മഹാദേവനെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണ് സങ്കല്പം. ഗണപതി, സുബ്രഹ്മണ്യൻ എന്നിവർ മക്കളാണ്. ഭുവനേശ്വരിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, വികൃതിയും, കുണ്ഡലിനിയും, പരമേശ്വരിയുമാണ് പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി ശൈവപുരാണങ്ങൾ വർണ്ണിക്കുന്നു. ‘ഓം ഹ്രീം നമഃ ശിവായ‘ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം ശിവ പാർവതിമാരെ ഉദ്ദേശിച്ചുള്ളതാണ്. ഇതിൽ ഹ്രീം എന്ന ശബ്ദം പാർവതി കുറിക്കുന്നു. ഹ്രീം എന്നത് പാർവതിയുടെ മറ്റൊരു പേരായി പറയപ്പെടുന്നു.
ആദിപരാശക്തിയുടെ പ്രതീകമായ പാർവതി സർവ്വഗുണ സമ്പന്നയാണ്. പ്രപഞ്ചം നിയന്ത്രിക്കുന്നത് ആദിശക്തിയായ ഭുവനേശ്വരിയാണെന്ന് ശാക്തേയർ വിശ്വസിക്കുന്നു. ഈ ഭഗവതി മണിദ്വീപം എന്ന ശ്രീനഗരത്തിൽ ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ സദാശിവ സമേതയായി വസിക്കുന്നു. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും ദുർഗ്ഗാ രൂപത്തിലും, കാളി രൂപത്തിലും എട്ടും, പത്തും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കാറുണ്ട്. ത്രിപുര സുന്ദരി, ഭുവനേശ്വരി തുടങ്ങിയ രൂപങ്ങളിൽ നാല് കരങ്ങൾ ഉണ്ട്. പ്രകൃതിയും വികൃതിയും ഭഗവതിയായി സങ്കൽപ്പിക്കപ്പെടുന്നു.
ആഹാരവും സമ്പൽ സമൃദ്ധിയും ദാരിദ്ര്യ മോചനവും നൽകി അനുഗ്രഹിക്കുന്ന പാർവതിയുടെ ഭാവമാണ് അന്നപൂർണേശ്വരി. ദുഷ്ടന്മാരുടെ നേർക്ക് ചണ്ഡകോപം കാണിക്കുന്നതിനാൽ ചണ്ഡിക എന്നും ദുഃഖങ്ങളിൽ നിന്നും ദുർഗതികളിൽ നിന്നും രക്ഷിക്കുന്നതിനാൽ ദുർഗ്ഗ എന്നും അവൾ അറിയപ്പെടുന്നു. ദുഷ്ടനിഗ്രഹത്തിന് പാർവതി സ്വീകരിച്ച കറുത്ത രൗദ്രരൂപമായി മഹാകാളിയെ കണക്കാക്കുന്നു. അതിനാൽ ചില പ്രദേശങ്ങളിൽ കരിംകാളി എന്നറിയപ്പെടുന്നു. ഭദ്രകാളിയും പാർവതിയുടെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. പൊതുവെ പാർവ്വതിയുടെ (ദുർഗ്ഗ) വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭവും (കാള), ഭദ്രകാളി രൂപത്തിൽ വേതാളവും വാഹനമാണ്. പൗർണ്ണമി ദിവസം ദുർഗ്ഗ ആയും അമാവാസി ദിവസം കാളി ആയും ഭഗവതിയെ ആരാധിക്കുന്നു.
ശിവശക്തി ഐക്യത്തിന്റെ പ്രതീകമായ ശ്രീചക്രത്തിൽ ഭഗവതി തന്നെയാണ് പ്രധാനം. മിക്ക ശിവക്ഷേത്രങ്ങളിലും ഭഗവതിക്ക് പ്രത്യേക പ്രതിഷ്ഠയുണ്ട്. ചില ക്ഷേത്രങ്ങളിൽ പാർവതിക്ക് ശിവനേക്കാൾ പ്രാധാന്യം കൊടുക്കാറുണ്ട്. ശിവപ്രതിഷ്ഠ ഉണ്ടെങ്കിലും മധുര മീനാക്ഷി സുന്ദരേശ്വര, കൊല്ലൂർ മൂകാംബിക, തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം, ആലുവ തിരുവൈരാണിക്കുളം ക്ഷേത്രം തുടങ്ങിയവ ഭഗവതി പ്രധാനമാണ്. ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നത് ശ്രീ പാർവതിയെ ഉദ്ദേശിച്ചാണ്. ഹൈന്ദവ സമൂഹത്തിൽ താലി, വിവാഹവസ്ത്രം എന്നിവ പാർവതി സാന്നിധ്യമുള്ള ക്ഷേത്രങ്ങളിൽ പൂജ ചെയ്തു ധരിക്കുന്ന ചടങ്ങുകളും കണ്ടു വരുന്നു. സന്ധ്യയ്ക്ക് 6pm മുതൽ രാത്രി 9pm വരെയുള്ള സമയമാണ് പാർവതിയാമം എന്നറിയപ്പെടുന്നത്. ദേവി പുരാണങ്ങൾ പ്രകാരം ആദിപരാശക്തി ശിവനു ചുറ്റും പലവിധ ഭാവത്തിൽ തന്റെ ശക്തിയെ ആവിഷ്കരിക്കുമ്പോഴാണ് ശിവൻ സ്പന്ദിക്കാൻ പോലും ശക്തനാകുന്നത്. ഇത്തരത്തിൽ ശിവനു ചുറ്റുമുള്ള 10 ദിശകളിൽ വർത്തിക്കുന്ന ശക്തിയുടെ 10 ആവിഷ്കാരങ്ങളെയാണ് ദശ മഹാവിദ്യ എന്ന് പറയപ്പെടുന്നത്. ശിവന്റെ മുന്നിൽ കാളിയും, മുകളിൽ താരയും, താഴെ ഭൈരവിയും, വലത്തുഭാഗത്ത് ഛിന്നമസ്തയും, ഇടത്തുഭാഗത്ത് ഭുവനേശ്വരിയും, പിന്നിൽ ബഗളാമുഖിയും, ആഗ്നേയം അഥവാ തെക്ക് കിഴക്കിൽ ധൂമാവതിയും, നൈരൃത്യ അഥവാ തെക്ക് പടിഞ്ഞാറിൽ മഹാലക്ഷ്മിയും (കമല), വായുകോണിൽ അഥവാ വടക്ക് പടിഞ്ഞാറിൽ മാതംഗിയും, ഇശാനകോണിൽ അഥവാ വടക്ക് കിഴക്കിൽ ശോഡശി അഥവാ ത്രിപുരസുന്ദരിയും സ്ഥിതി ചെയ്യുന്നു. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി തുടങ്ങിയവ പ്രധാന ദിവസങ്ങൾ. നവരാത്രി, തൃക്കാർത്തിക, തിരുവാതിര ആഘോഷം തുടങ്ങിയവ ഭഗവതിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.
ശ്രീമദ് ദേവി ഭാഗവതത്തിൽ
[തിരുത്തുക]ബ്രഹ്മലോകത്തിനു മുകളിലായി പ്രസിദ്ധമായ സർവലോകം സ്ഥിതി ചെയ്യുന്നു. അതാണ് ദേവിയുടെ ആസ്ഥാനമായ മണിദ്വീപം. മണിദ്വീപം എന്ന ശ്രീവിദ്യാനഗരത്തിന് ചുറ്റും സുധാസമുദ്രം.
സുധാസമുദ്രത്തിന്റെ തീരത്ത് രത്ന വൃക്ഷനിബിഡമായ ഒരു വനമുണ്ട്. അതിനപ്പുറത്ത് ഇരുമ്പുകൊണ്ടുള്ള വലിയ കോട്ടയുണ്ട്. അതിനുമപ്പുറത്ത് ഓട്, ചെമ്പ്, പിച്ചള, പഞ്ചലോഹം, സ്വർണ്ണം, വെള്ളി മുതലായവയാൽ നിർമിതമായ പ്രത്യേകം കോട്ടമതിലുകളുണ്ട്. ഈ കോട്ടകൾക്ക് അപ്പുറത്താണ് ചിന്താമണി ഗൃഹം. ആയിരം തൂണുകൾ വീതമുള്ള നാല് മണ്ഡപങ്ങൾ അവിടെയുണ്ട്.
ചിന്താമണിഗൃഹത്തിലെ ശ്രീചക്ര പീഠത്തിൽ ശക്തി തത്ത്വാത്മകങ്ങളായ പത്ത് സോപാനങ്ങളോടുകൂടിയ ഒരു മഞ്ചമുണ്ട്. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ എന്നിവർ മഞ്ചത്തിന്റെ നാലു കാലുകളും സദാശിവൻ പലകയുമാണ്. അതിനു മുകളിലാണ് ഭുവനേശ്വരിയായ മഹാദേവി വിരാജിക്കുന്നത്.
ആ സർവേശ്വരിയുടെ ഇരുവശത്തും ലക്ഷ്മിയും സരസ്വതിയും നിൽക്കുന്നു. ആ ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ അറിയപ്പെടുന്നു. ഇവ യഥാക്രമം താമസിക, രാജസിക, സാത്വിക ഗുണങ്ങളായി വർണ്ണിക്കപ്പെടുന്നു. ആ പരാശക്തിയുടെ ത്രിഗുണങ്ങളിൽ നിന്ന് ത്രിമൂർത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാർ ഉടലെടുത്തു എന്ന് ദേവി ഭാഗവതം പ്രസ്ഥാവിക്കുന്നു.
ഭാഗവതത്തിൽ മഹാവിഷ്ണുവിനെ മുൻനിർത്തി മധുകൈടഭന്മാരെ വധിക്കുവാൻ വേണ്ടിയാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ബ്രഹ്മാവിന്റെ പ്രാർഥന കേട്ടാണ് പരാശക്തി ഇപ്രകാരം അവതരിച്ചത്. ശ്രീപാർവതിയുടെ താമസിക രൂപമാണ് കാളി. മഹാദേവൻ ബാലഗണപതിയുടെ ശിരസ്സറുത്തപ്പോൾ ക്രുദ്ധയായ ശ്രീ പാർവതി മഹാകാളിയായി മാറി. ദേവികോപം ഭയന്ന ത്രിമൂർത്തികൾ ഗണപതിയ്ക്ക് ആനയുടെ ശിരസ്സ് വച്ച് കൊടുത്ത് ഭഗവതിയോട് ക്ഷമാപണം നടത്തി.
ദേവിമാഹാത്മ്യത്തിൽ ശുംഭനിശുംഭ യുദ്ധവേളയിൽ ചണ്ഡികാദേവിക്ക് തുണയേകുവാനാണ് ഉഗ്രരൂപിണിയായ മഹാകാളി അവതരിച്ചത്. ശുംഭനിശുംഭ ന്മാരുടെ ആജ്ഞപ്രകാരം ചണ്ഡികയെ പിടിച്ചു കൊണ്ടുപോകാൻ വന്ന ചണ്ഡമുണ്ഡന്മാരെ ചണ്ഡികയുടെ നെറ്റിത്തടത്തിൽ നിന്നും അവതരിച്ച മഹാകാളി വധിച്ചതിനാൽ ചാമുണ്ഡേശ്വരി എന്നും, രക്തബീജനെ വധിക്കാൻ ദേവിയെ സഹായിച്ചതിനാൽ രക്തചാമുണ്ഡി എന്നും കാളി അറിയപ്പെടുന്നു.
നിത്യാനന്ദമയിയും നിരാകാരയും ആയ പരബ്രഹ്മസ്വരൂപിണിയായ ഉമാദേവിക്ക് ഒരിക്കൽ സാകാര രൂപത്തിൽ അവതരിക്കേണ്ടിവന്നു. ദേവന്മാരുടെ അഹങ്കാരം ശമിപ്പിക്കുവാൻ വേണ്ടിയാണ് ജഗന്മാതാവ് സരൂപയായത്.
ഒരിക്കൽ ദേവന്മാരും അസുരന്മാരും പരസ്പരം ഘോരയുദ്ധം ചെയ്തു. യുദ്ധത്തിൽ മഹാമായാപ്രഭാവത്താൽ ദേവന്മാർ വിജയിച്ചു. അസുരന്മാർ പരാജിതരായി പാതാളത്തിലേക്ക് പോയി.
ഗർവ്വിഷ്ഠരായ ദേവന്മാർ തങ്ങളുടെ കഴിവ് കൊണ്ടാണ് വിജയം നേടിയതെന്ന് അഹങ്കരിച്ചു. അപ്പോൾ അവരുടെ മുന്നിൽ ശ്രീചക്ര ആകൃതിയിൽ ഒരു തേജസ്സ് ആവിർഭവിച്ചു. മുമ്പ് കണ്ടിട്ടില്ലാത്ത ആ രൂപവും തേജസ്സും ദേവന്മാരെ ആശ്ചര്യ ഭരിതരാക്കി. അഹങ്കാരനാശിനിയായ പരാശക്തിയുടെ മഹിമ മനസ്സിലാക്കാത്തതു കൊണ്ടാണ് അവർക്ക് അത്ഭുതം ഉണ്ടായത്.
ദേവേന്ദ്രൻ ദേവന്മാരോട് ആ തേജസ്സ് എന്താണെന്ന് പരീക്ഷിക്കുവാൻ ആവശ്യപ്പെട്ടു. വായുദേവനാണ് തേജസ്സിന്റെ മുന്നിൽ ആദ്യം എത്തിയത്. അപ്പോൾ തേജസ്സ് നീ ആരാണെന്ന് ചോദിച്ചു. താൻ ജഗത്പ്രാണനായ വായുവാണെന്ന് അയാൾ അഹങ്കാരത്തോടുകൂടി പറഞ്ഞു. ചരാചരങ്ങളെല്ലാം തന്നിലാണ് വ്യാപിച്ചിരിക്കുന്നതെന്നും താനാണ് എല്ലാം ചലിപ്പിക്കുന്നതെന്നും കൂടി വായുദേവൻ പറഞ്ഞു. അപ്പോൾ ഒരു തൃണം (പുല്ല്) അവിടെ വച്ചിട്ട് അത് ഇളക്കുവാൻ തേജസ്സ് ആവശ്യപ്പെട്ടു. സർവ്വശക്തിയും പ്രയോഗിച്ചിട്ടും വായുദേവന് അത് അനക്കുവാൻ സാധിച്ചില്ല. ലജ്ജിതനായ അദ്ദേഹം നടന്ന കാര്യവും തന്റെ പരാജയവും ദേവന്മാരോട് പറഞ്ഞു.
തുടർന്ന് ദേവന്മാരും ദേവേന്ദ്രനും ആ തേജസ്സിന്റെ അടുത്ത് ചെന്ന് തൃണം ഇളക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോൾ കരുണാമയിയായ ദേവി ദേവന്മാരുടെ അഹങ്കാരം തീർക്കുവാനും അവരെ അനുഗ്രഹിക്കുവാനും ആയി പ്രത്യക്ഷപ്പെട്ടു. ചൈത്രത്തിലെ (മേടമാസം) ശുക്ലപക്ഷത്തിലെ നവമിതിഥിയിൽ മദ്ധ്യാഹ്ന സമയത്താണ് ആ സച്ചിദാനന്ദ സ്വരൂപിണി അവതരിപ്പിച്ചത്. ചെമ്പട്ടുടുത്ത് ചതുർ ഭുജങ്ങളിൽ പാശാങ്കുശ പുഷ്പബാണ ചാപങ്ങൾ ധരിച്ച് സർവ്വാഭരണ വിഭൂഷിത യായിട്ടാണ് ദേവന്മാർക്ക് ദേവി ദൃശ്യയായത്.
താൻ തന്നെയാണ് പരബ്രഹ്മമെന്നും പരംജ്യോതിയെന്നും ദേവി അവരോട് പറഞ്ഞു. ആകാരമില്ലാത്തവളാണെങ്കിലും ചിലപ്പോൾ സാകാരയായും ഭവിക്കും. ചിലപ്പോൾ പുരുഷനായിട്ടും മറ്റു ചിലപ്പോൾ നാരിയായിട്ടും താൻ വർത്തിക്കുന്നു എന്ന് പരാശക്തി പറഞ്ഞു. തനിക്ക് സഗുണമെന്നും നിർഗുണമെന്നും രണ്ട് രൂപങ്ങൾ ഉണ്ടെന്ന് ദേവി അറിയിച്ചു. വാണിയും ലക്ഷ്മിയും കാളിയും തന്റെ അംശത്തിൽ നിന്ന് ഉണ്ടായവരാണെന്ന് പറഞ്ഞ ദേവി ത്രിമൂർത്തികളും താൻ തന്നെയാണെന്ന് പറഞ്ഞു. വായുവിനെക്കൊണ്ടും അഗ്നിയെക്കൊണ്ടും അതത് കർമ്മങ്ങൾ അനുഷ്ഠിപ്പിക്കുന്നതും ദേവി തന്നെ. ചിലപ്പോൾ അസുരന്മാരേയും ചിലപ്പോൾ ദേവന്മാരേയും ദേവി പരാജയപ്പെടുത്താറുണ്ട്.
ദേവന്മാർ തങ്ങളുടെ അഹങ്കാരത്തിന് ക്ഷമായാചനം നടത്തുകയും ഇനി അഹങ്കാരം ഉണ്ടാകാതിരിക്കുവാൻ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
ലളിതോപാഖ്യാനത്തിൽ
[തിരുത്തുക]ഭണ്ഡാസുരന്റെ ഉപദ്രവത്തിൽ പീഡിതരായ ദേവന്മാർ യാഗാഗ്നിയിൽ സ്വശരീരങ്ങൾ ഹോമിച്ചു തുടങ്ങിയപ്പോൾ പാർവതി തന്റെ മൂലരൂപമായ ലളിത ത്രിപുരസുന്ദരിയായി അഗ്നികുണ്ഡത്തിൽ നിന്നും കോടിസൂര്യ പ്രഭയോടെ ഉയർന്നു വന്നു. തുടർന്ന് ദേവന്മാർക്ക് സ്വരൂപങ്ങൾ വീണ്ടു കിട്ടുന്നു. ദേവി വായുവിലേക്ക് എറിഞ്ഞ വരണമാല്യം കാമേശ്വരൻ്റെ കണ്ഠത്തിലാണ് പതിച്ചത്. അങ്ങനെ ലളിതാ-കാമേശ്വര സ്വയംവരം നടന്നു എന്ന് ലളിതോപാഖ്യാനത്തിൽ വിവരിക്കുന്നു. ശേഷം ഭഗവതി കാമേശ്വരനെ നോക്കി ഗണപതിയെ സൃഷ്ടിക്കുന്നു. ഗണപതി ഭണ്ഡാസുരന്റെ കൈവശമുള്ള വിഘ്‌നയന്ത്രം തകർക്കുന്നു. തുടർന്നുള്ള മഹായുദ്ധത്തിൽ ഭഗവതി ഭണ്ഡാസുരനെ വധിക്കുന്നു. ശേഷം ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ മഹാരാജ്ഞിയായി ഇരിക്കുന്നു. അപ്പോൾ വാഗ്ദേവതകൾ ലളിതാ സഹസ്രനാമം എന്ന സ്തോത്രം രചിച്ചു ഭഗവതിയെ സ്തുതിക്കുന്നു.
വിവിധ നാമങ്ങൾ
[തിരുത്തുക]ദശ മഹാവിദ്യകളും നവദുർഗയും സപ്ത മാതാക്കളും എല്ലാം പാർവതിയാണ്. ദശ മഹാവിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". ലളിതാ സഹസ്രനാമം , ദേവി മാഹാത്മ്യം, ശിവപുരാണം ഉൾപ്പടെയുള്ള പൗരാണിക ഗ്രന്ഥങ്ങളിൽ ആദിശക്തി, മഹാശക്തി, പരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, അന്നപൂർണേശ്വരി, മഹാത്രിപുര സുന്ദരി, മഹാകാളി, കാളിക, കാലരാത്രി, മഹാമായ, അപർണ്ണ, ശൈലപുത്രി, മഹാഗൗരി, ചണ്ഡിക, ചാമുണ്ഡേശ്വരി, കരിങ്കാളി, കൗശികി, ഭഗവതി, പരമേശ്വരി, കാത്യായനി, നാരായണി, ജഗദംബിക, ശാകംഭരി, രാജരാജേശ്വരി, ഗായത്രി, ശിവ, ശരണ്യ, വരാഹി, സർവേശ്വരി, മീനാക്ഷി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ) ചേർന്നാണ് ബ്രഹ്മാവ്, മഹാവിഷ്ണു, മഹാസരസ്വതി, മഹാലക്ഷ്മി തുടങ്ങിയ സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ, സ്കന്ദ, കൂർമ്മ പുരാണങ്ങളിലും ഇതര പുരാണങ്ങളിലും പ്രതിപാദിക്കുന്നു. അതുകൊണ്ടു ശിവനെ ആദിദേവൻ, മഹാദേവൻ, ദേവാദിദേവൻ , മഹേശ്വരൻ, പരമേശ്വരൻ, ഭുവനേശ്വരൻ, സദാശിവൻ, ഓംകാരം, പരബ്രഹ്മമൂർത്തി, മഹാലിംഗേശ്വരൻ, ഈശ്വരൻ, മഹാകാലേശ്വരൻ, ത്രിപുരാന്തകൻ, പഞ്ചവക്ത്രൻ എന്നും, പാർവതിയെ ആദിപരാശക്തി, പ്രകൃതി, മൂലപ്രകൃതി, മഹാദേവി, പരമേശ്വരി, മഹേശ്വരി, ലളിത ത്രിപുരസുന്ദരി, മഹാകാളി, നവദുർഗ്ഗ, ഭുവനേശ്വരി, ഈശ്വരി എന്നി നാമങ്ങളിൽ വാഴ്ത്തി സ്തുതിക്കുന്നു. അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു. മഹിഷാസുരനെയും, ചണ്ഡമുണ്ഡന്മാരെയും, രക്തബീജനെയും, ശുംഭനിശുംഭമാരെയും വധിച്ചത് ശ്രീ പാർവതിയാണ് എന്ന് സ്കന്ദ കൂർമ്മ പുരാണങ്ങൾ പറയുന്നു. ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ, ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവീ ഭാഗവതം "പറയുന്നു. കാളിക പുരാണത്തിൽ ശിവപത്നിയായ മഹാകാളിയുടെ സാത്വിക ഭാവമാണ് പാർവ്വതി. മഹാകാളന്റെ (ശിവൻ) ശക്തിയാണ് മഹാകാളി. ആഹാരം നൽകുന്ന രൂപത്തിൽ കയ്യിൽ കോരികയുമായി നിൽക്കുന്ന പാർവതിദേവിയെ അന്നപൂർണേശ്വരി എന്ന് വിളിക്കുന്നു. കാത്യായന മഹർഷിയുടെ മകളായി അവതരിച്ച പാർവതിയെ കാത്യായനി എന്നറിയപ്പെട്ടു. ദേവി മഹാത്മ്യത്തിൽ ദേവൻമാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി പാശാങ്കുശങ്ങൾ ധരിച്ചു വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരിയാണ്. ദേവീഭാഗവത പ്രകാരം മണിദ്വീപത്തിൽ വസിക്കുന്ന ശ്രീഭഗവതി ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ പരബ്രഹ്മമൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവശക്തിയാണ്. ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകാമേശ്വരന്റെ അർദ്ധാംഗിനിയായ ശ്രീലളിതാ ത്രിപുരസുന്ദരി ശ്രീ പാർവതിയുടെ മൂലരൂപമാണ്. ശിവപുരാണത്തിൽ ശിവനും അന്നം വിളമ്പുന്ന അന്നപൂർണ്ണയും (അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ ്വാത്സല്യത്തിന്റെ മകുടോഹരണമാണ്. ലളിതാ സഹസ്രനാമവും ലളിത ത്രിശതിയും, പാർവതി, ഉമാ, അന്നപൂർണേശ്വരി, ദുർഗ്ഗാ, കാളി സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ്.
വിവിധ രൂപങ്ങൾ
[തിരുത്തുക]പരമശിവന്റെ ദിവ്യപത്നിയും സാക്ഷാൽ ആദിപരാശക്തിയുമായ ശ്രീ പാർവതി ഒന്നിലധികം രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായി പുരാണങ്ങളിൽ കാണാം. ഇവ ദിവ്യ സ്ത്രീശക്തിയുടെ (ആദിശക്തി) വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. ഭഗവതിയുടെ അവതാരങ്ങൾ സൗമ്യവും ഉഗ്രവും അത്യുഗ്രവവുമാണ്, പ്രധാന രൂപങ്ങൾ ഇതാ:
1. സൗമ്യ രൂപങ്ങൾ - ഈ അവതാരങ്ങൾ കാരുണ്യം, മാതൃത്വം, ഐശ്വര്യം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു.
- അന്നപൂർണ - ഭക്ഷണത്തിൻ്റെയും പോഷണത്തിൻ്റെയും ദേവത, സമൃദ്ധിയും സമൃദ്ധിയും പ്രദാനം ചെയ്യുന്നു.
- ലളിതാ ത്രിപുര സുന്ദരി - സൗന്ദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ദിവ്യജ്ഞാനത്തിൻ്റെയും പരമോന്നത ദേവത.
- കാത്യായനി - ഒരു യോദ്ധാവായ ദേവി, വിവാഹത്തിനും സംരക്ഷണത്തിനും വേണ്ടി പ്രത്യേകിച്ച് പെൺകുട്ടികൾ ആരാധിക്കുന്നു.
- ഭുവനേശ്വരി - പ്രപഞ്ചത്തിൻ്റെ രാജ്ഞി, സൃഷ്ടിയെ നിയന്ത്രിക്കുന്നു.
- മഹാഗൗരി - പരിശുദ്ധി, ജ്ഞാനം, സമാധാനം എന്നിവയുടെ പ്രതീകം, നവരാത്രിയിൽ ആരാധിക്കപ്പെടുന്നു.
2. ഉഗ്രരൂപങ്ങൾ - ഈ പ്രകടനങ്ങൾ തിന്മയുടെ നാശത്തെ പ്രതിനിധീകരിക്കുന്നു.
- ദുർഗ്ഗ - ദുർഗതികളെ അകറ്റുന്ന ഭഗവതി, ദുർഗ്ഗമൻ, മഹിഷാസുരൻ എന്നീ അസുരന്മാരെ വധിച്ച, ശക്തിയും സംരക്ഷണവും നൽകുന്ന യോദ്ധാവായ ഭഗവതി.
-കാളി - സമയം, നാശം, വിമോചനം എന്നിവയുടെ പ്രതീകമായ ഉഗ്രരൂപം.
- ചണ്ഡിക - ശുംഭനിശുംഭന്മാരെ നിഗ്രഹിച്ച ദുർഗ്ഗയുടെ രൗദ്രരൂപം.
- ചാമുണ്ഡ – ചണ്ഡമുണ്ടന്മാർ, രക്തബീജൻ തുടങ്ങിയ ദുഷ്ടശക്തികളെ നശിപ്പിച്ച കാളിയുടെ ഉഗ്രരൂപം.
3. സപ്ത മാതൃക (ഏഴ് ദിവ്യ അമ്മമാർ) - ഏഴ് മാതൃദൈവങ്ങളുടെ (മാതൃക്കൾ) ഗ്രൂപ്പിലും പാർവതിയെ പ്രതിനിധീകരിക്കുന്നു, ഓരോ ദേവിമാർക്കും അതുല്യമായ ശക്തികളുണ്ട്:
- ബ്രാഹ്മണി - ബ്രഹ്മാവിന്റെ ശക്തി, അറിവിനെയും വിദ്യയേയും പ്രതീകപ്പെടുത്തുന്നു.
- വൈഷ്ണവി - മഹാവിഷ്ണുവിന്റെ ശക്തി, ഉപജീവനത്തെ, ഐശ്വര്യത്തെ പ്രതീകപ്പെടുത്തുന്നു.
- മഹേശ്വരി - ശിവന്റെ ശക്തി, നാശത്തെയും പുനരുജ്ജീവനത്തെയും മംഗളത്തെയും പ്രതീകപ്പെടുത്തുന്നു.
- കൗമാരി - കാർത്തികേയന്റെ ശക്തി, യുദ്ധത്തെയും വീര്യത്തെയും പ്രതിനിധീകരിക്കുന്നു.
- വരാഹി - കാട്ടുപന്നിയുടെ തലയുള്ള ഭഗവതി, സമ്പത്തിനെയും ധൈര്യത്തെയും പ്രതിനിധീകരിക്കുന്നു.
- ഇന്ദ്രാണി - ഇന്ദ്രന്റെ ശക്തി, നേതൃത്വത്തെ പ്രതിനിധീകരിക്കുന്നു.
- ചാമുണ്ഡ - ദുഷ്ടരെ ഉഗ്രമായി നശിപ്പിക്കുന്നവൾ.
4. നവദുർഗ്ഗ (നവരാത്രിയിൽ പൂജിക്കപ്പെടുന്ന ഒമ്പത് രൂപങ്ങൾ) :
- ശൈലപുത്രി - പർവതത്തിൻ്റെ മകൾ.
- ബ്രഹ്മചാരിണി - തപസ്സിന്റെ പ്രതീകമായ സന്യാസിനിയായ ഭഗവതി.
- ചന്ദ്രഘണ്ട - ശിരസ്സിൽ ചന്ദ്രക്കലയുള്ള യോദ്ധാവായ ഭഗവതി.
- കുഷ്മാണ്ഡ - പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്.
- സ്കന്ദമാത - കാർത്തികേയന്റെ അമ്മ.
- കാത്യായനി - കാത്യായന മഹർഷിയുടെ മകളായി ജനിച്ച ഭഗവതി.
- കാളരാത്രി - ഇരുണ്ടതും ഉഗ്രവുമായ കാളി രൂപം.
- മഹാഗൗരി - വിശുദ്ധിയുടെയും സമാധാനത്തിൻ്റെയും ഭഗവതി.
- സിദ്ധിദാത്രി - ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ നൽകുന്നവൾ.
5. ദശമഹാവിദ്യമാർ (പത്ത് പരമോന്നത ജ്ഞാന ദേവതകൾ) :
ഇവർ നിഗൂഢ ജ്ഞാനവുമായി ബന്ധപ്പെട്ട താന്ത്രിക ദേവിമാരാണ്:
- കാളി - കാലത്തിൻ്റെയും സംഹാരത്തിൻ്റെയും അധിപതി.
- താര - അനുകമ്പയുടെയും മാർഗ്ഗ ദർശനത്തിന്റെയും ഭഗവതി.
- ത്രിപുരസുന്ദരി - പ്രപഞ്ചത്തിലെ പരമോന്നത സൗന്ദര്യം ഉൾക്കൊള്ളുന്ന പരമമായ ശക്തി.
- ഭുവനേശ്വരി - പ്രപഞ്ചത്തിൻ്റെ രാജ്ഞി.
- ഭൈരവി - ഉഗ്രമായ ഊർജ്ജത്തിന്റെ ഭഗവതി, എല്ലാത്തരം ഭയങ്ങളേയും ഇല്ലാതാക്കുന്ന ദേവത.
- ഛിന്നമസ്താ - സ്വയം ബലിയർപ്പിച്ച് അറിവ് നൽകുന്ന ശക്തി.
- ധൂമാവതി - വൈരാഗ്യത്തിന്റെ വിധവ ദേവത.
- ബഗളാമുഖി - ശത്രുക്കളുടെ ശക്തിയെ സ്തംഭിപ്പിക്കുന്ന ഭഗവതി.
- മാതംഗി - സംഗീതം, കല, അറിവ്, വാഗ്ചാതുര്യം എന്നിവയുടെ ദേവി.
- കമല - സമൃദ്ധിയുടേയും ഐശ്വര്യത്തിൻ്റെയും ദേവത.
പ്രമുഖ ക്ഷേത്രങ്ങൾ
[തിരുത്തുക]മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, കാഞ്ചിപുരം കാമാക്ഷി അമ്മൻ, കന്യാകുമാരി ബാലാംബിക, കൊല്ലൂർ മൂകാംബിക, ജ്ഞാന പ്രസൂനാംബാൾ കാളഹസ്തീ, കാശി വിശാലാക്ഷി, കാശി അന്നപൂർണേശ്വരി, കാശി ദുർഗ്ഗ കുണ്ഡ്, കാശി ലളിത ഗൗരി, മൈസൂർ ചാമുണ്ഡേശ്വരി, ആസ്സാം കാമാഖ്യ, കാശി അന്നപൂർണ്ണേശ്വരി, മധ്യപ്രദേശ് ഉജ്ജയിനി മഹാകാളി, കൽക്കട്ട കാളീഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി, മലപ്പുറം കാടാമ്പുഴ ശ്രീ പാർവതി, എറണാകുളം ചോറ്റാനിക്കര ഭഗവതി, കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി, ഇടത്തരികത്ത്കാവ് ഭഗവതി ക്ഷേത്രം (ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം), കണ്ണൂർ മൃദംഗശൈലേശ്വരി, ചെറുകുന്ന് അന്നപൂർണേശ്വരി, ആലുവ തിരുവൈരാണിക്കുളം ശ്രീ പാർവതി, കോട്ടയം കുമാരനല്ലൂർ ഭഗവതി, കോട്ടയം മണർകാട് ഭഗവതി, കൊല്ലം ആനന്ദവല്ലീശ്വരം ആനന്ദവല്ലീശ്വരി, മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി, ചക്കുളത്തു ഭഗവതി, ചെങ്ങന്നൂർ ഭഗവതി, ചേർത്തല കാർത്യായനി, പത്തനംതിട്ട മലയാലപ്പുഴ ഭഗവതി, പാലക്കാട് എമൂർ ഹേമാംബിക, തൃശൂർ പാറമേക്കാവ് ഭഗവതി, ഉത്രാളിക്കാവ് ശ്രീ മഹാകാളി, തിരുവനന്തപുരം ആറ്റുകാൽ ഭഗവതി, തിരുവനന്തപുരം കരിക്കകം ചാമുണ്ഡി, വർക്കല ശിവഗിരി ശിവപാർവതി ക്ഷേത്രം, ഇടുക്കി തേക്കടി മംഗളാദേവി, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് ദേവി, മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി, ഊരകം അമ്മത്തിരുവടി ക്ഷേത്രം തൃശൂർ, കന്യാകുമാരി മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം തിരുവനന്തപുരം, പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രം പാലക്കാട്, വളയനാട് ഭഗവതി ക്ഷേത്രം കോഴിക്കോട്, വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം കോഴിക്കോട്, തിരുവനന്തപുരം പേട്ട ശ്രീ പഞ്ചമി ദേവി ക്ഷേത്രം തുടങ്ങി എണ്ണമറ്റ പ്രസിദ്ധ ക്ഷേത്ര സമുച്ചയങ്ങൾ ശ്രീ പാർവ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
ആദിപരാശക്തിയുടെ അംശമായ സതിദേവി യോഗാഗ്നിയിൽ അഹങ്കാരിയായ ദക്ഷന്റെ പുത്രി (ദാക്ഷായണി ) എന്ന ഭാവം വെടിഞ്ഞു. ദേവിയുടെ ശരീരം വഹിച്ചുകൊണ്ട് മഹാദേവൻ അലഞ്ഞപ്പോൾ ആദിപരാശക്തിയുടെ ആജ്ഞ പ്രകാരം മഹാവിഷ്ണു സുദർശനം കൊണ്ട് ദേവീശരീരത്തെ അമ്പത്തൊന്നു ഭാഗങ്ങളായി ചിതറിച്ചു. ആ ഭാഗങ്ങൾ വന്നു വീണ സ്ഥാനങ്ങൾ 51 ശക്തിപീഠങ്ങളായി തീർന്നു. ദേവിയുടെ ദേഹത്യാഗത്താൽ പ്രളയം സംഭവിച്ചു തുടങ്ങിയ ഭൂമിയിൽ അങ്ങനെ വീണ്ടും സന്തുലിതാവസ്ഥ ഉണ്ടായി. പിന്നീട് ഭഗവതി മൂലപ്രകൃതീ ഭാവത്തിൽ പാർവതിയായി ഹിമവാന്റെയും മേനാവതിയുടെയും പുത്രീഭാവത്തിൽ പൂർണ അവതാരം കൈക്കൊണ്ടു. ശേഷം കഠിന തപസ്സിലൂടെ പഞ്ചഭൂതങ്ങൾക്ക് അതീതയായി തന്റെ ദിവ്യ സ്വരൂപം വീണ്ടും സ്വീകരിച്ചു. പിന്നീട് ശിവപാർവതീ വിവാഹവും നടന്നു.
ദേവിയുടെ സ്വരൂപത്തിൽ നിന്ന് ഉണ്ടായ 51 ശക്തിപീഠങ്ങളിൽ ഭഗവതി ഓരോ ഭാവങ്ങളിൽ വാഴുന്നു. ദേവിയുടെ വസ്ത്രവും ആഭരണവും ഉൾപ്പെടെ 108 ദുർഗ്ഗാലയങ്ങൾ ഉണ്ടായി. ഈ ശക്തി പീഠങ്ങളിൽ ഒക്കെയും പാർവതീ ദേവി ഓരോ ഭാവങ്ങളിൽ വാഴുന്നു. ദശമഹാവിദ്യകളും നവദുർഗ്ഗമാരും മഹാലക്ഷ്മിയും സരസ്വതിയും മൂലപ്രകൃതിയായ പാർവതിദേവിയുടെ ദിവ്യസ്വരൂപത്തിൽ കൂടിയിരിക്കുന്നു.
ശിവപുരാണകഥ
[തിരുത്തുക]സതീദേവിയുടെ ആത്മാഹൂതിക്ക് ശേഷം ആത്മനിയന്ത്രണം നഷ്ടപ്പെട്ട ശിവൻ അഗാധമായ തപസ്സിൽ മുഴുകി. സതി പിന്നീട് ഹിമവാന്റെ പുത്രി പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു യുവതിയായി. വിവാഹ പ്രായമായ പാർവ്വതിയെ കണ്ട് നാരദമുനി അവൾ ശിവന്റെ പത്നിയാകേണ്ടവളാണെന്ന് ഹിമവാനെ അറിയിക്കുന്നു. അതിൻപ്രകാരം പാർവ്വതി കൈലാസത്തിൽ എത്തി തപസ്സിരിക്കുന്ന ശിവനെ ശുശ്രൂഷിക്കാൻ ആരംഭിക്കുന്നു.
ഈ സമയം താരകാസുരൻ ദേവലോകം ആക്രമിച്ച് ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകാസുരനെ വധിക്കാനാകു. ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ജനിപ്പിക്കുവാൻ ഇന്ദ്രൻ കാമദേവനെ കൈലസത്തിലേയ്ക്ക് അയച്ചു. കാമദേവൻ ശിവനു നേരെ പുഷ്പബാണം ഉതിർത്തു. ശിവൻ പാർവ്വതിയെ പ്രേമപൂർവ്വം കടാക്ഷിച്ചു. പെട്ടെന്ന് പരിസരബോധം വന്ന ഭഗവാൻ തൻ്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി.
ശിവനെ ഭർത്താവായി ലഭിക്കാൻ പാർവ്വതി പഞ്ചാഗ്നി മധ്യത്തിൽ കഠിന തപസ്സ് അനുഷ്ഠിച്ചു. സന്തുഷ്ടനായ ശിവഭഗവാൻ തിരുവാതിര നാളിൽ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസമാക്കുകയും സുബ്രഹ്മണ്യൻ എന്ന പുത്രൻ ജനിക്കുകയും, ആ പുത്രൻ താരകാസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.
ശക്തിയുടെ ഭഗവതി
[തിരുത്തുക]
പാർവ്വതീദേവി ശക്തിയുടെ ഭഗവതിയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
- ഭാവങ്ങൾ - 1) പാർവതി, സതി, ഗൗരി, അന്നപൂർണ്ണേശ്വരി, ത്രിപുര സുന്ദരി, ഭവാനി (പർവ്വത പുത്രി, പ്രകൃതി , സാത്വിക സ്വരൂപിണി, അന്നം പ്രദാനം ചെയ്യുന്നവൾ), ഐശ്വര്യം, അറിവ് പ്രദാനം ചെയ്യുന്നവൾ = സാത്വിക ഭാവം.
- 2) ദുർഗ്ഗ, മഹിഷാസുരമർദ്ദിനി, ഭുവനേശ്വരി (ദുർഗതികളെ അകറ്റുന്നവൾ, ദുഃഖ വിനാശിനി, ദുർമദത്തെ നശിപ്പിക്കുന്നവൾ, ദുർഗ്ഗമാസുരനെ വധിച്ചവൾ, മഹിഷാസുരനെ വധിച്ചവൾ) = രാജസ ഭാവം.
- 3) മഹാകാളി, കാലരാത്രി, ഭദ്രകാളി, ചണ്ഡിക, ചാമുണ്ഡ അഥവാ ചാമുണ്ഡേശ്വരി (തിന്മയെ ഉന്മൂലനം ചെയ്ത് ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നവൾ, നന്മ പ്രദാനം ചെയ്യുന്നവൾ, സംഹാരരൂപിണി, കാലത്തിന് അതീതയായവൾ, കാലത്തെ നിയന്ത്രിക്കുന്നവൾ, ഭദ്രമായ കാലത്തെ പ്രദാനം ചെയ്യുന്നവൾ, ചണ്ടമുണ്ടന്മാരെ വധിച്ചവൾ) തുടങ്ങിയ ഭാവങ്ങൾ ദേവിയുടെ താമസ ഭാവത്തെ കുറിക്കുന്നു.
പ്രാർത്ഥനാ ശ്ലോകങ്ങൾ
[തിരുത്തുക]1. ദേവി മാഹാത്മ്യം
സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ
ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ
സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ
രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി
സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.
2. അന്നപൂർണ്ണേ സദാപൂർണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യർദ്ധം
ജ്ഞാനവൈരാഗ്യ സിദ്ധ്യാർധം
ഭിക്ഷാം ദേഹീ ച പാർവതീ
(അന്നപൂർണേശ്വരി സ്തോത്രം)
3. ഓം സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്
താരാ നായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാം |
പാണിഭ്യാമലിപൂർണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്ന ഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം ||
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസദ്ധേമപദ്മാം വരാംഗീം |
സർവാലങ്കാര യുക്താം സതത മഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്ത മൂർതിം സകല സുരനുതാം സർവ സമ്പത്പ്രദാത്രീം ||
(ധ്യാനം - ശ്രീ ലളിത സഹസ്രനാമ സ്തോത്രം).
4. ഓം പാശാങ്കുശ വിക്ഷുശരാ സ ബാണൗ കരൈർ വഹന്തി മരുണാം ശുകാഢ്യം ഉദ്യത് പതങ്കാഭി രുചീo മനോജ്ഞാo ശ്രീപാർവ്വതീം രത്നചിതാം പ്രണൗമി.
5. യാ ദേവി സർവ്വ ഭൂതേഷു ശക്തിരൂപേണ (മാതൃ, ബുദ്ധി, സ്മൃതി, വൃത്തി, ലക്ഷ്മി, ശൈലപുത്രി, ഗൗരി, ഉമ, അപർണ്ണ, കാത്യായനി, ദുർഗ, കാളി, നവദുർഗ്ഗാ, മഹാവിദ്യ, പ്രകൃതി, ലളിത, ശിവശക്തി, ഗിരിജ, ശാന്തി) സംസ്ഥിതാഃ നമഃസ്‌തസൈ നമഃസ്തസൈ നമഃസ്തസൈ നമോ നമഃ
(ദേവി മാഹാത്മ്യം)
6. ശ്രീപാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ (മഹാലക്ഷ്മി സ്തവം)
7. മണിക്കുട വിടുർത്തി മലർത്തൂവി മണമെല്ലാം ഘൃണികപചിതിക്രിയ കഴിച്ചു ഘൃണിയാക്കി ഗുണിച്ച വകകളൊക്കെയും ഒഴിഞ്ഞു ഗുണിയും പോയ് ഗുണക്കടൽ വരുകാൻ അരുൾക തായേ (മണ്ണന്തല ദേവിസ്തവത്തിൽ നിന്നും ശ്രീനാരായണ ഗുരുദേവൻ ശ്രീ പാർവ്വതി ദേവിയെ സ്തുതിച്ചെഴുതിയ കൃതി)
8. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.
9. ആയുർദേഹി ധനംദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.
10. ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
11. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത
12. അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ തസ്മാത് കാരുണ്യഭാവേന രക്ഷരക്ഷ മഹേശ്വരീ.
പ്രധാന ദിവസങ്ങൾ
[തിരുത്തുക]നവരാത്രി, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. വിജയദശമി നാളിലാണ് ശ്രീ പാർവതി ദുഷ്ട നിഗ്രഹം നടത്തിയതെന്ന് വിശ്വാസം. ദുർഗ്ഗാ രൂപത്തിൽ നവരാത്രിയിലെ ദുർഗ്ഗാഷ്ടമി പ്രധാനം. മഹാദേവ സമേതയായ പാർവതിദേവിക്ക് തിങ്കളാഴ്ച ദിവസം പ്രധാനം. ദേവി പ്രധാനമായ ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ പാർവതി ദേവിക്കും പ്രധാനമാണ്. അതുപോലെ മഹാദേവനും ഭുവനേശ്വരി ദേവിക്കും പ്രാധാന്യമുള്ള ഞായറാഴ്ചയും പാർവതി ആരാധനയ്ക്ക് ഉത്തമം. ഭുവനേശ്വരി പാർവതി ദേവിയുടെ തന്നെ രൂപഭേദമാണ് എന്നാണ് സങ്കല്പം.
ഇതും കാണുക
[തിരുത്തുക]