ഉപസർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വാക്കിന്റെ മുന്നിൽ അതിന്റെ അർത്ഥത്തിന് ഭേദം വരത്തക്കവിധം ചേർ‌ന്നുനിൽക്കുന്ന ശബ്ദമാണ് ഉപസർഗം (Prefix). സം-, ഉപ-, ആ-, പ്രതി-, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗങ്ങളുടെ ചില ഉദാഹരണങ്ങൾ ഇനി പറയുന്നു.

  • പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ 'പ്രതി' എന്നത് ഉപസർഗം
  • ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ 'ആ' എന്നത് ഉപസർഗം
  • അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ 'അഭി' എന്നത് ഉപസർഗം
  • സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ 'സം' എന്നത് ഉപസർഗം

ഉപസർ‌‍ഗങ്ങളും അവയുടെ പ്രയോഗങ്ങളും[തിരുത്തുക]

'അതി-' എന്ന ഉപസർഗം[തിരുത്തുക]

  1. അപ്പുറം എന്ന അർ‌‍ഥത്തിൽ. ഇംഗ്ലീഷിലെ meta- എന്ന ഉപസർ‌ഗത്തിന് തത്തുല്യം. അതിഭൗതികം - ഭൗതികത്തിനുമപ്പുറം (metaphysics), അത്യന്തം,

'അധി-' എന്ന ഉപസർഗം[തിരുത്തുക]

  1. മുഖ്യമായ എന്ന അർ‌ഥത്തിൽ: അധിപതി, അധ്യക്ഷൻ

'അനു-' എന്ന ഉപസർഗം[തിരുത്തുക]

  1. പിന്നാലെ അഥവാ പുറകിൽ എന്ന അർത്ഥത്തിൽ: അനുഗമനം - പിറകെ നടക്കൽ; അനുധാവനം - പിന്നാലെയുള്ള ഓട്ടം, അനുബന്ധം - പുറകിൽ ബന്ധിച്ചിരിക്കുന്നത്

'അപ-' എന്ന ഉപസർഗം[തിരുത്തുക]

  1. നിഷേധം സൂചിപ്പിക്കുന്നതിന് : അപഖ്യാതി - ഖ്യാതി നഷ്ടപ്പെടുത്തുന്നത് / കുറയ്ക്കുന്നത്, അപമാനം - മാനം നഷ്ടപ്പടുത്തുന്നത്,

അപചയം - ചയം ഇല്ലാത്തത്

'അഭി-' എന്ന ഉപസർഗം[തിരുത്തുക]

  1. ബൃഹത്തായ അഥവാ വളരെ ഉന്നതിയിലുള്ള എന്ന അർത്ഥത്തിൽ: അഭിജാതം - ഉന്നതമായ നിലയിൽ ജനിച്ച (വലിയ കുടുംബത്തിൽ / ഉയർന്ന ജാതിയിൽ ജനിച്ച)
  2. ആധിക്യം കാണിക്കാൻ: അഭിനന്ദനം
  3. അഭിമുഖം,
  4. വീണ്ടും എന്ന അർ‌ഥത്തിൽ: അഭിജ്ഞാനം - വീണ്ടും അറിയുക, തിരിച്ചറിയുക (recognition),

'അവ-' എന്ന ഉപസർഗം[തിരുത്തുക]

  1. നിഷേധാർ‌ഥം ലഭിക്കുന്നതിൻ: അവഗണന - ഗണിക്കാതിരിക്കുക; അവമാനം - മാനം നഷ്ടപ്പെടുത്തുന്നത്,

'ആ-' എന്ന ഉപസർഗം[തിരുത്തുക]

'ആ' എന്ന ഉപസർ‍ഗത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.

  1. വിപരീതാർ‌‍ഥം സൂചിപ്പിക്കുവാൻ: ഗമനം (പോവുക) X ആഗമനം (വരുക)
  2. വരെ എന്ന അർ‌‍ഥത്തിൽ: ആമരണം - മരണം വരെ; ആപാദചൂഡം - പാദം മുതൽ ചൂഡവരെ
  3. അല്പം എന്ന അർത്ഥത്തിൽ: ആനീലം - ഇളം നീലനിറമുള്ള; ആപീതം - ഇളം മഞ്ഞനിറമുള്ള
  4. ചുറ്റും എന്ന അർ‌‍ഥത്തിൽ: ആഛാദനം - ചുറ്റും മൂടുക; ആശ്ലേഷം - കെട്ടിപ്പിടിക്കുക

'ഉത്-' എന്ന ഉപസർഗം[തിരുത്തുക]

  1. 'മുകളിലേക്ക്' എന്ന അർത്ഥത്തിൽ: ഉച്ഛ്വാസം - മുകളിലേക്കുള്ള ശ്വാസം,

'ഉപ‌‌-' എന്ന ഉപസർഗം[തിരുത്തുക]

  1. കൂടെ അല്ലെങ്കിൽ ഒപ്പം എന്ന അർ‌‍ഥത്തിൽ: ഉപപ്രധാനമന്ത്രി, ഉപാധ്യക്ഷൻ, ഉപനിഷത്ത്

'ദുര്-' (ദുർ-) എന്ന ഉപസർഗം[തിരുത്തുക]

  1. മോശമായ എന്ന അർ‍ഥത്തിൽ: ദുർഗുണം, ദുരാഗ്രഹം,
  2. പ്രയാസമുള്ളത് എന്ന അർത്ഥത്തിൽ: ദുസ്സഹം - സഹിക്കാൻ പ്രയാസമുള്ളത്

'നി-' എന്ന ഉപസർഗം[തിരുത്തുക]

  1. അത്യന്തം അഥവാ അങ്ങേയറ്റം എന്ന അർത്ഥം സൂചിപ്പിക്കുന്നു: നിമഗ്നം,
  2. താഴേക്ക് എന്ന അർത്ഥത്തിൽ: നിശ്വാസം - താഴേക്കുള്ള ശ്വാസം

'നിര്-' (നിർ-) എന്ന ഉപസർഗം[തിരുത്തുക]

  1. അഭാവം സൂചിപ്പിക്കാൻ: നിരാഹാരം - ആഹാരമില്ലാതെ; നിരാശ - ആശയില്ലാത്ത; നിർഗുണം - ഗുണമില്ലാത്ത; നിരാശ്രയം - ആശ്രയമില്ലാത്ത

'നിസ്-' എന്ന ഉപസർഗം[തിരുത്തുക]

  1. അഭാവം സൂചിപ്പിക്കാൻ: നിഷ്ഫലം - ഫലമില്ലാത്ത, നിഷ്പ്രയോജനം - പ്രയോജനമില്ലാത്ത, നിശ്ചലം - ചലനമില്ലാത്ത, നിശ്ശബ്ദം - ശബ്ദമില്ലാത്ത, നിശ്ശേഷം - ഒട്ടും ശേഷിക്കാതെ,

'പരാ-' എന്ന ഉപസർഗം[തിരുത്തുക]

  1. നിഷേധാർ‌‍ഥം സൂചിപ്പിക്കുന്നു: പരാജയം,

'പരി-' എന്ന ഉപസർഗം[തിരുത്തുക]

  1. ഏറ്റവും അഥവാ അങ്ങേയറ്റം എന്ന അർ‌‍ഥത്തിൽ: പരിമിതം, പരിശ്രമം,പരിഗണന
  2. ചുറ്റും എന്ന അർ‌ഥത്തിൽ:

'പ്ര-' എന്ന ഉപസർഗം[തിരുത്തുക]

  1. കൂടിയത് അഥവാ ഉള്ള എന്ന അർ‌‍ഥത്തിൽ: പ്രമോദം (മോദത്തോടുകൂടിയത്), പ്രദീപം (ദീപ്തിയുള്ള), പ്രഖ്യാതം (ഖ്യാതിയുള്ള), പ്രവേശം (വിശ് എന്ന ധാതുവിന് കടക്കുക (Enter) എന്നർഥം, എല്ലായിടവും കടക്കാൻ കഴിയുന്നവൻ - വിഷ്ണു, ആരെയും കടക്കാൻ അനുവദിക്കുന്നവൾ - വേശ്യ; പ്രവേശം - കടക്കലോട് കൂടിയത്)
  2. ബന്ധപ്പെട്ടത് എന്ന അർ‌‍ഥത്തിൽ: പ്രവേഗം (വേഗവുമായി ബന്ധമുള്ളത്),

'പ്രതി-' എന്ന ഉപസർഗം[തിരുത്തുക]

  1. എതിർ എന്ന അർ‌ഥത്തിൽ: പ്രതിനായകൻ, പ്രതിപക്ഷം, പ്രതിയോഗി, പ്രതിവചനം, പ്രതിവാദം
  2. പകരം എന്ന അർ‌‍ഥത്തിൽ: പ്രതിപുരുഷൻ, പ്രതിനിധി,
  3. തോറും എന്ന അർ‌‍ഥത്തിൽ: പ്രതിദിനം (ദിനം തോറും), പ്രത്യഹം(പകൽ തോറും) , പ്രത്യംഗം (അംഗം തോറും), പ്രതിവർഷം
  4. മുന്നിൽ എന്ന അർ‌‍ഥത്തിൽ: പ്രത്യക്ഷം (അക്ഷിക്കു മുന്നിൽ)

'വി-' എന്ന ഉപസർഗം[തിരുത്തുക]

  1. വിശേഷമായ എന്ന അർത്ഥത്തിൽ: വിജ്ഞാനം - വിശേഷമായ ജ്ഞാനം, വിഖ്യാതം, വിവാദം
  2. അഭാവം സൂചിപ്പിക്കാൻ: വിഫലം - ഫലമില്ലാത്ത, വിധവ, വിധുരൻ,

'സു-' എന്ന ഉപസർഗം[തിരുത്തുക]

  1. 'നല്ലത്' എന്ന അർ‌‍ഥത്തിത്തിൽ. ഇംഗ്ലീഷിലെ good-നു തത്തുല്യം. സ്വസ്തി - സു അസ്തി (നല്ലത് ആയിരിക്കട്ടെ); സ്വാഗതം - നല്ല വരവ്; സുപ്രഭാതം - നല്ല പ്രഭാതം; സുകരം - നന്നായി ചെയ്തത്; സുഗമം - നന്നായി ഗമിക്കാവുന്നത്; സുശീലം - നല്ല ശീലം; സുഭാഷിതം - നല്ല പറച്ചിൽ;

'സം-' എന്ന ഉപസർഗം[തിരുത്തുക]

  1. യോജിപ്പ് എന്ന അർ‌ഥത്തിൽ: സംഗമിക്കുക - ഒന്നിച്ചുചേർന്ന് പോവുക; സം‌യോഗം - ഒന്നിക്കൽ‍; സമ്മേളനം - ഒന്നിച്ചുചേരൽ, സംഗീതം - ഗീതത്തോട് ചേർന്നത്, സം‌വാദം - വാദത്തോട് കൂടിയത്.
  2. ആധിക്യം എന്ന അർ‌ഥത്തിൽ: സന്താപം - അധികമായ താപം; സന്തോഷം - അധികമായ തോഷം; സമ്പൂർണം - അങ്ങേയറ്റം പൂർണം
  3. പൂർണമായ എന്ന അർ‌‍ഥത്തിൽ: സന്ന്യാസം - പൂർ‌‍ണമായ ന്യസിക്കൽ (ത്യജിക്കൽ); സംസ്കൃതഭാഷ - പൂർ‌ണമായി കൃതമായ ഭാഷ
  4. നേരെ എന്ന അർ‌‍ഥത്തിൽ: സമക്ഷം - അക്ഷിക്കു നേരെ (കൺ‌‍മുന്നിൽ)

ഉപസർ‌‍ഗങ്ങളും അർത്ഥഭേദങ്ങളും[തിരുത്തുക]

വ്യത്യസ്ത ഉപസർ‌‍ഗങ്ങൾ ഒരേ വാക്കിന്റെ അർത്ഥത്തെ വ്യത്യസ്ത രീതിയിൽ മാറ്റുന്നു. ഉദാഹരണത്തിന് ഹരിക്കുക എന്ന വാക്കിന്റെ മൂലം 'ഹൃ' എന്ന ധാതുവാണ്. എടുക്കുക എന്നാണ് അർത്ഥം.

  • ഹൃ - എടുക്കൽ
  • സംഹാരം - വധം
  • ആഹാരം - ഭക്ഷണം
  • പ്രത്യാഹാരം - പിൻവലിക്കൽ
  • ഉപഹാരം - സമ്മാനം
  • വ്യവഹാരം - പ്രവർ‌‍ത്തനം
  • അഭ്യവഹാരം - ഭക്ഷണം
  • വിഹാരം - വിനോദിക്കൽ
  • വ്യാഹാരം - വചനം

ആംഗലേയ ഭാഷയിലെ ഉപസർഗങ്ങൾ[തിരുത്തുക]

  • unhappy : un എന്നത് വിപരീതാർഥം ധ്വനിപ്പിക്കുന്ന ഒരു ഉപസർഗമാണ്.
  • prefix, preview : pre എന്നത് മുൻപിൽ എന്ന അർത്ഥം ധ്വനിപ്പിക്കുന്ന ഉപസർ‌ഗമാണ്.
  • redo, review : re എന്നത് വീണ്ടും എന്ന അർത്ഥം ധ്വനിപ്പിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഉപസർഗം&oldid=3947052" എന്ന താളിൽനിന്ന് ശേഖരിച്ചത്