ഉപയോക്താവ്:Vssun/കുഴിത്തപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോലികള്‍

കേരളത്തില്‍ ഗോലി ഉപയോഗിച്ച് കളിക്കുന്ന ഒരു നാടന്‍ കളിയാണ്‌ കുഴിത്തപ്പി. പ്രത്യേക രീതിയില്‍ ഗോലിയെറിഞ്ഞ് കുഴികളില്‍ വീഴ്ത്തി പോയിന്റ് നേടുക എന്നതാണ്‌ ഈ കളിയുടെ ലക്ഷ്യം. വിനോദത്തിനു വേണ്ടി മാത്രമാണ്‌ കുഴിത്തപ്പി കളിക്കാറുള്ളത്. വിജയിക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്‍കുകയാണ്‌ പതിവ്.

കുഴികള്‍[തിരുത്തുക]

തറയില്‍ 4/5 സെന്റീമീറ്റര്‍ വ്യാസവും രണ്ടോ മൂന്നോ സെന്റീമീറ്റര്‍ ആഴവുമുള്ള മൂന്നു കുഴികള്‍ ഒരേ നിരയിലായി കുഴിച്ചാണ്‌ കുഴിത്തപ്പിക്കുള്ള കുഴികള്‍ തയ്യാറാക്കുന്നത്. കുഴികള്‍ തമ്മില്‍ ഏകദേശം 60 മുതല്‍ 70 സെന്റീമീറ്റര്‍ വരെ അകലമുണ്ടാകും.

കളിക്കുന്ന രീതി[തിരുത്തുക]

രണ്ടോ അതിലധികമോ കളിക്കാര്‍ക്ക് ഒരേ സമയം ഈ കളിയില്‍ പങ്കെടുക്കാനാവും. ഒരു കൈയിലെ തള്ള വിരല്‍ നിലത്തു കുത്തി നടു വിരലിലോ ചൂണ്ടു വിരലിലോ ഗോലി വച്ച് മറ്റേ കൈ കൊണ്ട് കവണ കൊണ്ട് എറിയുന്ന രീതിയില്‍ ഗോലി വലിച്ച് വിടുന്നു. ഗോലി ഓരോ കുഴിയിലിടുന്നതിനനുസരിച്ച് കളിക്കാരന്‌ ഒന്നു മുതല്‍ പത്തു വരെ പോയിന്റ് ലഭിക്കുന്നു. ഇതിനിടയില്‍ മറ്റു കളിക്കാരുടെ ഗോലി അടിച്ചു തെറിപ്പിച്ച് അവര്‍ക്ക് പോയിന്റ് ലഭിക്കാതിരിക്കാനും ഓരോ കളിക്കാരനും ശ്രദ്ധിക്കുന്നു. ആദ്യം പത്തു പോയിന്റിലെത്തുന്ന കളിക്കാരന്‍ വിജയിക്കുന്നു.

ശിക്ഷ[തിരുത്തുക]

എത്ര പോയിന്റിനാണോ എതിര്‍കളിക്കാര്‍ തോറ്റത്, അത്രയും തവണ ഗോലി കൊണ്ട് മുഷ്ടിയില്‍ അടിക്കുക എന്നതാണ്‌ വിജയി നല്‍കുന്ന ശിക്ഷ. ഒന്നാമത്തെ കുഴിക്കരുകില്‍ എതിരാളികള്‍ മുഷ്ടി വച്ചു കൊടുക്കുകയും, മൂന്നാമത്തെ കുഴിയില്‍ നിന്ന് വിജയി ഈ മുഷ്ടിയിലേക്ക് കുഴിത്തപ്പിശൈലിയില്‍ ഗോലി അടിച്ചു കൊള്ളിക്കുകയും ചെയ്യുന്നു.

കുറിപ്പുകള്‍[തിരുത്തുക]

  • തൃശൂര്‍ ജില്ലയിലെ ചാലക്കുടി പ്രദേശത്ത് കളിക്കുന്ന രീതികളാണ്‌ ഈ ലേഖനത്തില്‍ കൂടുതലായും വിവരിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ കളിരീതിയും നിയമങ്ങളും വ്യത്യസ്ഥമാകാം.