ഉപയോക്താവ്:Shijualex/Chronology
വിവിധ മലയാളം വിക്കി സംരംഭങ്ങളിലുള്ള എന്റെ പ്രവർത്തനത്തിന്റെ നാൾവഴി. പ്രധാന സംഭവങ്ങൾ മറന്നു് പോകാതിരിക്കാൻ ചേർക്കുന്നു.
2004-2005
[തിരുത്തുക]- 2004 ജൂൺ -2005 നവംബർ - ജോലിയും വാസവും ചെന്നെയിൽ. ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ പതിവായി എത്തി ചേരുന്ന ഇംഗ്ലീഷ് വിക്കിപീഡിയ സൈറ്റിനെ ഇഷ്ടമായിരുന്നു. അതു് പതിവായി റെഫർ ചെയ്യുമായിരുന്നു. ഈ കാലഘട്ടത്തിൽ (അതിനു് മുൻപും) ഇന്റെർനെറ്റ് ആക്സെസ് കുറവായതിനാൽ മെയിൽ പരിശോധിക്കുന്നതിനപ്പുറമുള്ള ഒരു പരിപാടിയും നെറ്റുമായി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മലയാളം വിക്കിപീഡിയ എന്നൊരു സാധനം ഉണ്ടായിരുന്നു എന്ന് അക്കാലത്ത് അറിയുമായിരുന്നില്ല.
- 2005 ഡിസംബർ - ജോലിയും വാസവും പൂണെയിലേക്ക് മാറുന്നു. എന്റെ ഓൺലൈൻ ജീവിതം തുടങ്ങുന്നു.
- ഇംഗ്ലീഷ് വിക്കിപീഡിയയിൽ പ്രധാന താളിന്റെ താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ നിന്നു് മലയാളം എന്ന വാക്ക് അവിചാരിതമായി കണ്ടെത്തുന്നു. അങ്ങനെ മലയാളത്തിലും ഒരു വിക്കിപീഡിയ ഉണ്ടെന്ന് മനസ്സിലാക്കുന്നു. പിന്നിടുള്ള കുറച്ച് മാസങ്ങൾ ഞാൻ മലയാളം വിക്കിപീഡിയയുടെ വായനക്കാരൻ ആയിരുന്നു. വിക്കിയിലെ എഴുതുന്നവരെ പേടിയോടെയും ബഹുമാനത്തൊടെയും കണ്ടിരുന്ന കാലം. (അധികം പേരൊന്നും ഉണ്ടായിരുന്നില്ല. മഞ്ജിത്ത്, സുധീർ, ബെൻസൺ എന്നിവരെ ഓർക്കുന്നു.)
2006
[തിരുത്തുക]- 2006 ജനുവരി - മാർച്ച് - മലയാളം വിക്കിയുടെ വായനക്കാരൻ മാത്രമായിരുന്ന കാലം. അന്ന് മലയാളം ബ്ലൊഗ് വായിക്കുന്നതിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ. ഈ സമയത്തു് മലയാളം വിക്കിയിൽ 2 പ്രവീണുമാരേയും ശ്രദ്ധിച്ചിരുന്നു.
- 2006 ഏപ്രിൽ - അന്വേഷണം എന്ന മലയാളം ബ്ലോഗ് തുടങ്ങുന്നു. ബ്ലോഗിങ്ങിൽ സജീവമാവുന്നു. മലയാളം ബ്ലോഗറുമാരെ വിക്കി സംരംഭങ്ങളിലേക്ക് ആകർഷിക്കാൻ മഞ്ജിത്ത് നടത്തുന്ന http://helpwiki.blogspot.com/ എന്ന ബ്ലോഗ് കാണുന്നു. അത്തരം പ്രവർത്തനങ്ങളെ ബഹുമാനത്തോടെ/ പേടിയൊടെ കണ്ടു് മലയാളം വിക്കിപ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നു. മലയാളം വിക്കിയുടെ ഉടമസ്ഥരോടു് :) :) :) അക്കാലത്ത് ബഹുമാനവും പേടിയും ആയിരുന്നു. 2006, ഏപ്രിൽ 10നു് മലയാളം വിക്കിപീഡിയ 500 ലേഖനം പിന്നിട്ടതു് പുറത്ത് നിന്നു് നോക്കി കണ്ടു.
- 2006 ജൂൺ 20 - മലയാളം വിക്കിഗ്രന്ഥശാലയിൽ (അന്നതിന്റെ പേരു് വിക്കിവായനശാല എന്നായിരുന്നു) അംഗത്വം എടുക്കുന്നു. അവിചാരിതമായി സംഭവിച്ചു പോയതാവാം. എന്നാലും അന്നു് തൊട്ടേ ഗ്രന്ഥശാലയോടു് എനിക്ക് ആഭിമുഖ്യം ഉണ്ടായിരുന്നു. അതിനാലാവാം വിക്കിപീഡിയക്ക് മുൻപു് തന്നെ അവിടെ അംഗത്വം എടുത്തതു്.
- 2006 ജൂൺ 21 - മലയാളം വിക്കിപീഡിയയിൽ അംഗത്വം എടുക്കുന്നു.
- 2006 ജൂൺ 28 -മലയാളത്തിലുള്ള എന്റെ ആദ്യത്തെ വൈജ്ഞാനിക ലേഖനം ബ്ലോഗിൽ എഴുതുന്നു. പിഡിഎഫിനെ കുറിച്ചുള്ള ഈ സീരീസ് അക്കാലത്ത് കുറച്ച് പേർ താല്പര്യത്തോടെ വായിച്ചു് കമെന്റിട്ട് പ്രൊത്സാഹിപ്പിച്ചു. അതു് പിന്നീടു് കൂടുതലെഴുതാൻ പ്രോത്സാഹനം ആയി. എങ്കിലും അക്കാലത്ത് വിക്കിയിൽ എഴുതുന്നതിനെകുറിച്ച് ചിന്തിച്ചിട്ടേ ഇല്ല.
- 2006 ജൂലൈ 13/15 - അന്വേഷണം എന്ന ബ്ലോഗിൽ സീരീസായി പ്രസിദ്ധീകരിച്ച പി.ഡി.എഫിനെ കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയിൽ ചേർത്ത് കൊണ്ടു് എന്റെ മലയാളം വിക്കിപീഡിയയിൽ എഡിറ്റിങ്ങ് തുടങ്ങുന്നു. 2006 ജൂലൈ 13-നാണു് ലെഖനം തുടങ്ങിയതെങ്കിലും കാര്യമായി വികസിപ്പിച്ചതു് 2006 ജൂലൈ 15നാണു്.
- 2006 ജൂലൈ 16 - അനന്തം, അജ്ഞാതം, അവർണ്ണനീയം എന്ന മലയാള ജ്യോതിശാസ്ത്രബ്ലോഗ് തുടങ്ങുന്നു. അതിന്റെ ആദ്യത്തെ പോസ്റ്റിൽ താഴെ മഞ്ജിത്ത് ഇങ്ങനെ ഒരു കമെന്റ് ഇടുന്നു.
മൻജിത്
— Manjith said... നല്ല ലേഖനം ഷിജൂ. ഇത് ആറ്റിക്കുറുക്കി ഒന്നു വിക്കിയിലിടാമോ?
- ഈ കമെന്റ്, ഞാൻ എഴുതുന്നതു് വിക്കിയിൽ ചേർക്കാൻ പറ്റുന്നതാണു് എന്ന കൂടുതൽ ആത്മവിശ്വാസം തരുന്നു. പക്ഷെ അപ്പൊഴും ഞാൻ എഴുതന്നതൊക്കെ വിക്കിയിൽ ചേർക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല.
- 2006 ജൂലൈ 19 - ജ്യോതിശാസ്ത്ര ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഖഗോളം, നക്ഷത്ര രാശികൾ എന്ന ലേഖനം അടിസ്ഥാനമാക്കി മലയാളം വിക്കിപീഡിയയിൽ നക്ഷത്രരാശി എന്ന ലേഖനം തുടങ്ങുന്നു. വർഗ്ഗം ഒന്നും ചേർക്കാൻ അറിയാത്തതിനാൽ ലേഖനം തുടങ്ങുമ്പോൾ കമെന്റു് ബോക്സിൽ, ഈ ലേഖനം ശാസ്ത്രത്തിന്റെ കീഴിൽ ജ്യോതിശാസ്ത്രം എന്ന ഉപവിഭാഗത്തിൽ പെടുത്താൻ മലയാളം വിക്കിപീഡിയ ഓടിക്കുന്നവരോടു് അഭ്യർത്ഥിക്കുന്നു. :) :) :)
- 2006 ജൂലൈ 22 - ഉപയോക്തൃത്താൾ ഉണ്ടാക്കുന്നു., വിക്കിയിലെ എന്റെ ആദ്യത്തെ സംവാദം
- 2006 ആഗസ്റ്റ് 26 - ഇംഗ്ലീഷ് വിക്കിപീഡിയയിൽ അംഗത്വം എടുക്കുന്നു.
- 2006 ആഗസ്റ്റ് 31 പുഴയോരം എന്ന ബ്ലോഗറുടെ സാന്നിദ്ധ്യം എന്റെ ഒരു ബ്ലോഗ് പ്പൊസ്റ്റിൽ ആദ്യമായി ശ്രദ്ധിക്കുന്നു. ഇദ്ദേഹം പിന്നീടു് ഒരു മലയാളം വിക്കിപുലിയായി മാറും എന്നു് ആരു് വിചാരിച്ചു. :)
- 2006 സെപ്റ്റംബർ 20 മലയാളം വിക്കിപീഡിയ 1000 ലേഖനം പിന്നിട്ടു. അതിനെ സംബന്ധിച്ച് മഞ്ജിത്ത് ഇട്ട പോസ്റ്റ് ഇവിടെ http://helpwiki.blogspot.com/2006/09/blog-post.html ആ ബ്ലോഗിലുള്ള വിവിധ പൊസ്റ്റുകളിൽ നിന്നു് മഞ്ജിത്ത് വിക്കിയിലേക്ക് ആളുകളെ ആകർഷിക്കാൻ (പ്രത്യേകിച്ച് ബ്ലോഗറുമാരെ) ചെയ്ത വിവിധ പ്രവർത്തനങ്ങൾ വായിച്ചെടുക്കാം. 1000 ലെഖനമായതു് കുറഞ്ഞ പക്ഷം മലയാളം ബ്ലോഗ് ലോകത്ത് എങ്കിലും വലിയ വാർത്ത ആയിരുന്നു.
- 2006 ഒക്ടോബർ മാസം ചള്ളിയാൻ, വസ്സുന് (നമ്മുടെ വാസു സുനിൽ തന്നെ), സിമി നസ്രേത്തു് എന്നിവരുടെ വിക്കി ആക്ടിവിസം ആരംഭിക്കുന്നു. ഒരു മൂലയ്ക്ക് ജ്യോതിശാസ്ത്ര ലേഖനങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിനു് അനുസരിച്ച് വിക്കിയിലും ചേർത്തു് കൊണ്ടു് ഞാനും അവരുടെ കൂട്ടത്തിൽ ചേരുന്നു.
- 2006 ഒക്ടോബർ 07 ശ്രീജിത്ത്, ദിൽബാസുരൻ, ആദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ പരിഭാഷാ വിക്കി (http://paribhashawiki.blogspot.com/) എന്ന ബ്ലോഗ് തുടങ്ങുന്നു. അതിന്റെ പ്രവർത്തനത്തിൽ ഞാനും കൂടുന്നു. മലയാളം ബ്ലോഗറുമാരെ ഉപയോഗിച്ച്, ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഫീചേർഡ് അല്ലെങ്കിൽ മികച്ചതെന്നു് പറയാവുന്ന ലേഖനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് മലയാളം വിക്കിപീഡിയയിൽ ആക്കുക ആയിരുന്നു ലക്ഷ്യം. ഏതാണു് ഒൻപതോളം ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ ഈ ബ്ലോഗിന്റെ പ്രവർത്തനത്തിലൂടെ മലയാളം വിക്കിയിൽ എത്തി. ഇതിൽ തിരുവനന്തപുരം, ഇന്ത്യയുടെ ദേശീയ പതാക, ബുദ്ധമതത്തിന്റെ ചരിത്രം, സത്യജിത് റേ, എന്നീ ലേഖനങ്ങൾ മലയാളം വിക്കിയിലെ മികച്ച ലേഖനമായി തിരഞ്ഞെടുത്തു.
- പക്ഷെ ഇത്തരം ലേഖനങ്ങളീൽ പദാനുപദ പരിഭാഷ നടത്തുന്നതിനാൽ ഭാഷയിൽ കൃത്രിമത്വം തോന്നുന്നു എന്നതിനാൽ ഞാൻ പതുക്കെ ഇതിൽ നിന്നു് പിന്മാറി. ആരും നേതൃത്വം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ ഈ സംരംഭം പതുക്കെ ചത്തു പൊയി. എങ്കിലും ഒരു സമയത്ത് കുറേ ബ്ലോഗറുമാരിലേക്ക് മലയാളം വിക്കിയെകുറിച്ചുള്ള സന്ദേശം എത്തിക്കാൻ ആ ബ്ലോഗിനു് കഴിഞ്ഞു. ഈ സംരംഭത്തിൽ പങ്കെടുത്ത് 2006 ഒക്ടോബർ 13-നു് ആ ബ്ലോഗിലെ ഒരു പൊസ്റ്റിൽ ഇങ്ങനെ ഒരു പ്രസ്ഥാവന ഞാൻ കമെന്റായി ചേർത്തു
ഗുണത്തിൽ മാത്രമല്ല ഏണ്ണത്തിലും നമ്മൾ കുറച്ച് ശ്രദ്ധിക്കണം. സംസാരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ലോകത്ത് 28-ആം സ്ഥാനമാണ് മലയാളത്തിന്. പക്ഷെ വിക്കി ലേഖനങ്ങളുടെ എൺനത്തിൽ 110-അം സ്ഥാനമേ ഉള്ളൂ. നമുക്ക് ശേഷം ഈ പരിപാടി തുടങ്ങിയ തമിഴനും, തെലുങ്കനും, കന്നഡക്കാരനും, ഹിന്ദിക്കാരനും, ബംഗാളിയും എല്ലാം വിക്കി ലേഖനങ്ങളുടെ എണ്ണത്തിൽ നമ്മളെ കടത്തി വെട്ടി. നമ്മൾ ഇപ്പോഴും സഹസ്ര വിക്കിയുമായി ഇരിക്കുക ആണ്. ഒന്ന് ഒത്തു ശ്രമിച്ചാൽ 6 മാസത്തിനുള്ളിൽ നമുക്ക് 10,000 കടക്കാം.
- എന്നാലും 6 മാസം കൊണ്ടു് 10,000 കുറച്ച് കടന്നു് പോയേ!!!!
- 2006 നവംബർ - ഡിസംബർ - സിമി, ചള്ളിയൻ,വസ്സുൻ എന്നിവരുടെ നേതൃത്വത്തിൽ വിക്കി ആക്ടിവിസത്തിന്റെ സമയം. പല താളുകളിലും ചൂടേറിയ സംവാദം നടന്നിരുന്നു. വിക്കി ചാലക്കുടി മയം :)
2007
[തിരുത്തുക]2007ന്റെ തുടക്കം ചൂടേറിയ സംവാദങ്ങളിൽ ഏർപ്പെട്ട് കുറേ സമയംകളഞ്ഞു. പലതും ഒഴിവാക്കാമായിരുന്നു. :( :( :( എങ്കിലും വിക്കിപീഡിയനായുള്ള വളർച്ചയുടെ ഭാഗമായിരുന്നു അതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പക്ഷെ വിക്കിയെ ജനങ്ങളിൽ എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങളിൽ ഞാൻ ഏർപ്പെടാൻ തുടങ്ങിയതു് ഈ വർഷമാണു്.
- 2007 ജൂലൈ/ആഗസ്റ്റ് മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചുള്ള ആധികാരികമായ ഒരു നല്ല ലേഖനം കേരളത്തിലെ ഒരു പ്രമുഖ പത്രമാദ്ധ്യമത്തിൽ വരണം എന്ന ചിന്ത മലയാളം വിക്കി പ്രവർത്തകരുടെ ഇടയിൽ ഉടെലെടുക്കുന്നു. പ്രവീൺ പ്രകാശ്, മഞ്ജിത്ത്, സിമി ഫ്രാൻസിസ്, പെരിങ്ങോടൻ, എന്നിവർ അതിനായുള്ള ഒരു ലേഖനം തയ്യാറാക്കാൻ സഹകരിക്കാം എന്നു് വാഗ്ദാനം തരുന്നു. അങ്ങനെ അക്കാലത്ത് സജീവരായ മലയാളം വിക്കിമീഡിയർ ചേർന്ന് തയ്യാറാക്കിയ ഒരു ലെഖനം മാതൃഭൂമി പത്രപ്രവർത്തകനായ ജോസഫ് ആന്റണിക്ക് അയച്ചു് കൊടുക്കുന്നു. ഞങ്ങൾ കുറച്ച് പേർ ചേർന്ന് തയ്യാറാക്കി മാതൃഭൂമിക്ക് അയച്ച് കൊടുത്ത ലേഖനം ഇവിടെ കാണാം. http://shijualex.blogspot.com/2007/09/blog-post.html
- 2007 സെപ്റ്റംബർ 2 മലയാളം വിക്കിപീഡിയയെ കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിൽ ഒരു കവർ സ്റ്റോറി ആദ്യമായി പ്രസിദ്ധീകരിക്കുന്നു. നമ്മൾ അയച്ചു് കൊടുത്ത ലേഖനം ആധാരമാക്കി ജോസഫ് ആന്റണി പത്രപ്രവർത്തകരുടെ ശൈലി അനുസരിച്ച് സ്വന്തം ലെഖനം എഴുതുകയാണു് ചെയ്തതു്. ഈ പത്രവാർത്തയെ തുടർന്ന് മലയാളം വിക്കിപീഡിയയിൽ ഉപയോക്തൃവിസ്ഫൊടനം. 2007 സെപ്റ്റംബർ 2 -ആം തീയതി മാത്രം 500 ഏറെ പുതു മുഖങ്ങളാണു് മലയാളം വിക്കിപീഡിയയിൽ എത്തിയതു്. വിക്കിയിൽ നടക്കുന്നതു് ഉപയോക്തൃസ്ഫൊടനം ആണോ ഉപയോക്തൃപൂക്കാലം ആണോ എന്നു് പ്രവീണിനു് സംശയം.
- തലക്കെട്ടിലെ വമ്പൻ തെറ്റായ മലയാളം വിക്കി.കോം എന്നതു് ഒഴിച്ചു് നിർത്തിയാൽ വലിയ വസ്തുതാപരമായ പിഴവുകൾ ഇല്ലാതെ മലയാളം വിക്കിയെകുറിച്ച് ഒരു അച്ചടി മാദ്ധ്യമത്തിൽ വന്ന മികച്ച കവർ സ്റ്റോറി ആയിരുന്നു മാതൃഭൂമിയിലെ ആ ലേഖനം. ഇന്നു് വിക്കിയിൽ സജീവരായി കാണുന്ന പലരും ആ പത്ര വാർത്തയ്ക്ക് ശേഷം മലയാളം വിക്കിയിൽ സജീവരായവരാണു് എന്നതു് ആ വാർത്ത ഉണ്ടാക്കിയ ഇമ്പാക്ട് വ്യക്തമാക്കുന്നു. മാതൃഭൂമി ലേഖനം ഇവിടെ വായിക്കാം. http://kurinjionline.blogspot.com/2007/09/blog-post.html
- 2007 ഒക്ടോബർ 2 മലയാളം വിക്കിഗ്രന്ഥശാലയിൽ അഡ്‌മിനിസ്റ്റ്രേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 ഒക്ടോബർ 7 വിക്കിപീഡിയയുടെ സ്പെഷ്യൽ അപ്‌ലോഡ് താൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് താൽകാലിക അഡ്‌മിൻ പദവി സ്വീകരിച്ചു. കാര്യങ്ങൾ വിചാരിച്ച വിധത്തിൽ നടക്കില്ല എന്നു് കണ്ടപ്പോൽ 2 ആഴ്ചയ്ക്ക് ശേഷം അഡ്‌മിൻ പദവി സ്വമേദയാ ഒഴിഞ്ഞു.
- 2007 നവംബർ 28 മലയാളം വിക്കിപ്രവർത്തകരുടെ ആദ്യ സംഗമം നടത്താനുള്ള ചർച്ചയ്ക്ക് തുടക്കമിടുന്നു. ചള്ളിയാൻ, മഹെഷ് മംഗലാട്ട്, പ്രവീൺ സിമി എന്നിവർ സജീവമായി ആ നിർദ്ദേശത്തെ അനുകൂലിച്ചതിനാൽ സംഗമം നടത്താനുള്ള വഴി തെളിയുന്നു.
- 2007 നവംബർ-ഡിസംബർ 2007-ൽ ഈ മാസങ്ങളിൽ രാത്രിയായാൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഐപികളുടെ രൂക്ഷമായ ആക്രമണം. വിക്കിയിലെ പല താളുകളും വാൻഡലിസത്തിനു് വിധേയമായി. പല കാര്യനിർവാഹകർക്കും ഉറക്കമിളച്ചിരുന്നു് വാൻഡലിസം റിവേർട്ട് ചെയ്യേണ്ടി വന്നു. അക്കാലത്ത് നടന്ന വാൻഡലിസത്തിനു് ഒരു ഉദാഹരണം. അവസാനം ഒരു നിവർത്തിയില്ലഞ്ഞു് എല്ലാ ഓപ്പൺപ്രോക്സികളും മലയാളം വിക്കിയിൽ ബ്ലോക്ക് ചെയ്യേണ്ടി വന്നു. ഇതിനായുള്ള സ്ക്രിപ്റ്റ് DerHexer എന്ന സ്റ്റൂവാർഡ് 2 ദിവസത്തോളം ഓടിച്ചു. ഡിസംബർ 29, 30 തീയതികളിൽ വിക്കിയിലെ സമീപകാല മാറ്റങ്ങളിൽ ഇതു് മാത്രമായിരുന്നു ഉണ്ടായിരുന്നതു്.
- 2007 ഡിസംബർ 30 മലയാളം വിക്കിപ്രവർത്തകർ ആദ്യമായി ഔദ്യോഗികമായി തൃശൂരിൽ ഒത്തു ചേർന്നു. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾക്കു് ചുക്കാൻ പിടിച്ച ചള്ളിയാനു് പ്രത്യേക നന്ദി.
2008
[തിരുത്തുക]- 2008 ഏപ്രിൽ 9- മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 6,000 പിന്നിട്ടു.
- 2008 ഏപ്രിൽ 20- മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 5000 ആയി.
- 2008 ജൂലൈ 07 വിക്കിമീഡിയയുടെ മെയിലിങ്ങ് ലിസ്റ്റ് മലയാളം വിക്കി സംരംഭങ്ങൾക്കായി തുടങ്ങാനുള്ള ചർച്ചയ്ക്ക് തുടക്കമിടുന്നു. അഡ്‌മിനുകളായി ജ്യോതിസ്സ്, സാദിക്ക്, സിമി നസ്രേത്ത് എന്നിവരെ നിർദ്ദേശിക്കുന്നു. അതു് വരെ പെരിങ്ങോടൻ, മഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ 2005 ഡിസംബറിൽ തുടങ്ങിയ ഹെൽപ്പ് വിക്കി (http://groups.google.com/group/helpwiki) എന്നൊരു ഗൂഗിൾ ഗ്രൂപ്പ് ആയിരുന്നു മലയാളം വിക്കിസംരംഭങ്ങളെ കുറിച്ചുള്ള ചർച്ച പുറം ലോകത്ത് കോർഡിനേറ്റ് ചെയ്തിരുന്നതു്.
- 2008 ഓഗസ്റ്റ് 02 മെയിലിങ്ങ് ലിസ്റ്റിനായി ബഗ്ഗ് ലോഗ് ചെയ്യുന്നു. https://bugzilla.wikimedia.org/show_bug.cgi?id=15012
- 2008 ഓഗസ്റ്റ് 17 മലയാളം വിക്കി സംരംഭങ്ങൾക്കായി വിക്കിമീഡിയയുടെ സ്വന്തം മെയിലിങ്ങ് ലിസ്റ്റ് നിലവിൽ വന്നു. ലിസ്റ്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു് കൊണ്ടു് ആദ്യമായി അയച്ച മെയിൽ ഇവിടെ. http://lists.wikimedia.org/pipermail/wikiml-l/2008-August/000000.html
- വേറൊരു ഇന്ത്യൻ ഭാഷയിലും ഇത്രയും സജീവമായ ഒരു ഭാഷാ വിക്കി മെയിലിങ്ങ് ലിസ്റ്റ് ഇല്ല എന്നതു് കൂടിൻ അറിയുക
- 2008 ഓഗസ്റ്റ് 8 - മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം 5,000 കവിഞ്ഞു. ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളിൽ ഏറ്റവും അധികം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട വിക്കിപീഡിയ മലയാളം വിക്കിപീഡിയയാണ്.
- 2008 സെപ്റ്റംബർ 22 മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ വിക്കിപദ്ധതിയായ മേളകർത്താരാഗം എന്ന വിക്കിപദ്ധതിക്ക് തുടക്കമിടുന്നു. ശാലിനി എന്ന ഉപയോക്താവും പിന്നെ സുനിലും ആണു് ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി 72 മേളകർത്താരാഗങ്ങളെക്കുറിച്ചും ഉള്ള ലേഖനങ്ങൾ വിക്കിയിലെത്താൻ പ്രയത്നിച്ചതു്.
- 2008 ഒക്ടോബർ 2 മലയാളം വിക്കിപീഡിയയിൽ വർഗ്ഗം അടുക്കി പെറുക്കാനുള്ള ശ്രമത്തോടു് അനുബന്ധിച്ച് വർഗ്ഗം വിക്കിപദ്ധതി ആരംഭിക്കുന്നു.. അതു് വരെ മലയാളം വിക്കിയിലെ വർഗ്ഗങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ടായിരുന്നില്ല (ഇപ്പോഴും പൂർണ്ണമായി ഉണ്ടെന്ന് ഞാൻ പറയില്ല. പക്ഷെ പൂർണ്ണതയിലേക്ക് പോവാനുള്ള ഒരു ചുവടു വെപ്പായിരുന്നു ഈ പദ്ധതി) . ഉള്ളടക്കം എന്ന മാതൃവർഗ്ഗം ഉണ്ടാക്കി ലേഖനങ്ങളുടെ ശാസ്ത്രീയമായ വർഗ്ഗീകരണത്തിനു് തുടക്കമിട്ടതു് ഈ വിക്കി പദ്ധതിയാണു്. അതിന്റെ പ്രവർത്തനത്തിനു് ചുക്കാൻ പിടിച്ച സിദ്ധാർത്ഥൻ എല്ലാ വിധ അഭിനന്ദനങ്ങളും അർഹിക്കുന്നു.
- 2008 ഒക്ടോബർ 31 രണ്ടാം മലയാളം വിക്കിസംഗമം ചാലക്കുടിയിൽ വെച്ച് നടന്നു. സംഗമത്തിനു് ചുക്കാൻ പിടിച്ച ചള്ളിയാനു് നന്ദി.
- 2008 നവംബർ 13 മലയാളം വിക്കിഗ്രന്ഥശാലയിൽ ബ്രൂറോക്രാറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
- 2008 ഡിസംബർ 8 സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുന്നു എന്ന പ്രസ്ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി നടത്തുന്നു.
- 2008 ഡിസംബർ 11 തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ഫ്രീസൊഫ്റ്റ്‌വെയർ കോൺഫറൻസിൽ മലയാളം വിക്കിയെ വലിയൊരു ജനസമൂഹത്തിനു് പരിചയപ്പെടുത്താൻ നമ്മൾക്ക് അവസരം കിട്ടി. സിദ്ധാർത്ഥൻ, അഭിഷേക്, മംഗലാട്ട് മാഷ്, പിന്നെ ഞാനും ആണു് മലയാളം വിക്കി സംരംഭങ്ങളെ പ്രതിനിധീകരിച്ച് ഫ്രീ സോഫ്റ്റ്‌വെയർ കോൺഫറൻസിൽ സംബന്ധിച്ചതു്.
2009
[തിരുത്തുക]പൂനെയിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറുന്നതിന്റേയും ഭാഗമായി എന്റെ വിക്കിപ്രവർത്തനം വളരെ കുറവായ വർഷം. 2009 മാർച്ചിൽ പൂണെ വിട്ടു് ബാംഗ്ലൂരിൽ എത്തി.
- 2009 ഏപ്രിൽ 25 - മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 10,000 പിന്നിട്ടു.
- 2009 ജൂൺ 1 - മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 10,000 പിന്നിട്ടു.
ബാക്കി സംഭവങ്ങൾ താമസിയാതെ ചേർക്കാം
2010
[തിരുത്തുക]- 2010 ജനുവരി മലയാളം വിക്കിസംഗമം നടത്താനുള്ള ആലൊചന തുടങ്ങുന്നു. സ്പേസ്, ഐടി@സ്കൂൾ എന്നിവയുടെ അധികൃതരെ ബന്ധപ്പെടുന്നു. അവർ സംഗമത്തിന്റെ ചിലവുകൾ ഭാഗികമായി വഹിക്കാം എന്നറിയിക്കുന്നു.
- 2010 ഫെബ്രുവരി വിക്കിസംഗമത്തിനുള്ള സ്ഥലമായി എറണാകുളം മതിയെന്നു് തീരുമാനിക്കുന്നു.
- 2010 മാർച്ചു് 1 വിക്കിസംഗമത്തിനുള്ള വേദിയായി കളമശ്ശേരി രാജഗിരി കോളേജ് മതിയെന്ന് തീരുമാനിക്കുന്നു.
- 2010 മാർച്ചു് 6 വിക്കിസംഗമത്തോടു് അനുബന്ധിച്ചു് മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ സി.ഡി ആയി പുറത്തിറക്കാനുള്ള ആശയം കുറച്ച് പേരോടു് സ്വകാര്യമായി പങ്കു് വെക്കുന്നു. പതിവു് പോലെ കുറച്ച് പേർ, ഇതു് നടക്കില്ല എന്ന പ്രസ്ഥാവന നടത്തുന്നു. എങ്കിലും ആർജ്ജവമുള്ള കുറച്ച് പേർ ഈ ആശയം പ്രാവർത്തികമാകുമോ എന്ന ഉറപ്പില്ലാഞ്ഞിട്ടും അതിനു് വേണ്ടി മുന്നോട്ട് ഇറങ്ങുന്നു. സാദിക്ക് സി.ഡി ഉണ്ടാക്കാൻ അന്നു് ഉപയോഗത്തിലിരുന്ന സോഫ്റ്റ്‌വെയറുകൾ പരീക്ഷിക്കാൻ തുടങ്ങി, സുനിൽ, പ്രവീൺ, ജോർജ്ജുകുട്ടി, ഷാജി, തച്ചന്റെ മകൻ, റസിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങി.
- 2010 മാർച്ച് 11 നിലവിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമുക്ക് ഇഷ്ടമുള്ള വിധത്തിൽ മലയാളം വിക്കിപീഡിയ സിഡി ഉണ്ടാക്കൽ നടക്കില്ലെന്ന് സാദിക്ക് ഒരു ഡെവലപ്പർക്ക് അയച്ച മെയിലിന്റെ മറുപടിയിൽ നിന്നു് മനസ്സിലാകുന്നു.
- 2010 മാർച്ച് 12 മലയാളം വിക്കിപീഡിയ സിഡി ക്കായി ഒരു പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ തയ്യാറായി മലയാളം വിക്കിപീഡിയനും പ്രമുഖ ഫോസ് ഡെവലപ്പറുമായ സന്തോഷ് തോട്ടിങ്ങൽ മുന്നോട്ട് വരുന്നു. ഒരു കൂട്ടം മലയാളം വിക്കിപീഡിയർ സിഡിയ്ക്കായി അഹോരാത്രം പ്രയത്നിക്കുന്നു. പ്രവീണിന്റെ പ്രയത്നങ്ങൾ എടുത്തു് പറയേണ്ടതാകുന്നു.
- 2010 മാർച്ച് 15 വിക്കിസംഗമത്തോടു് അനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളെ കുറിച്ച് ഒരു പുസ്തകം ഇറക്കാം എന്ന ആശയം മുന്നോട്ട് വെക്കുന്നു. പുസ്തത്തിന്റെ ഉല്പാദനചിലവു് വഹിക്കാം എന്നു് ഐടി@സ്കൂൾ ഡയറക്ടർ അൻവർ സാദത്ത് അറിയിക്കുന്നു. പക്ഷെ പുസ്തകം എഴുതാൻ ആരും സഹകരിച്ചില്ല. അതിനാൽ അതു് ഉപേക്ഷിക്കുന്നു.
- 2010 മാർച്ച് 21 ആദ്യത്തെ മലയാളം വിക്കിപഠനശിബിരം ബാംഗ്ലൂരിൽ വെച്ചു് നടന്നു.
- മലയാളം വിക്കിസംഗത്തോടു് അനുബന്ധിച്ച് ഇറക്കാൻ പോകുന്ന സിഡിയുടെ ഉല്പാദനചിലവു് വഹിക്കാം എന്നു് ഐടി@സ്കൂൾ ഡയറക്ടർ അൻവർ സാദത്ത് അറിയിക്കുന്നു.
- 2010 മാർച്ച് 24 വിക്കി സംരംഭങ്ങളെ കുറിച്ചുള്ള പുസ്തകം നടക്കില്ല എന്നു് ഉറപ്പായപ്പോൾ വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ എന്നിവയെ സംബന്ധിച്ച് സാധാരണക്കാർക്ക് ഉയർന്നു് വരാൻ സാദ്ധ്യയുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് പതിവു് ചോദ്യങ്ങൾ എന്ന പുസ്തകം ഇറക്കാം എന്ന ആശയം മുന്നോട്ട് വെക്കുന്നു. പ്രവീൺ, സിദ്ധാർത്ഥൻ എന്നിവർ ആ ആശയത്തെ പിൻതാങ്ങുന്നു. കെവിൻ ടൈപ്പ് സെറ്റ് ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നു. ഈ പുസ്തകത്തിനു് വേണ്ട ചോദ്യങ്ങൾ കണ്ടെത്താനും അതിനുള്ള ഉത്തരങ്ങൾ തയ്യാറാക്കാനും സഹായിച്ചതു് പ്രവീൺ പി, വിശ്വപ്രഭ, സിദ്ധാർത്ഥൻ, സുഗീഷ്, സിമി നസ്രേത്ത്, രമേശ് എൻ.ജി., റസിമാൻ എന്നിവവരായിരുന്നു. അവരോടു് പ്രത്യേക നന്ദി.
- 2010 ഏപ്രിൽ 17 മലയാളം വിക്കിപ്രവർത്തകരുടെ മൂന്നാമതു് വിക്കി സംഗമം കളമശ്ശേരിയിൽ വെച്ചു് നടന്നു.
- 80ഓളം പേർ പങ്കെടുത്തു
- ഇന്ത്യൻ വിക്കിപീഡിയകളിൽ ആദ്യമായി വിക്കിപീഡിയ സിഡി, പതിവു് ചോദ്യങ്ങൾ പുസ്തകം എന്നിവ പുറത്തിറക്കി
- സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ. http://wikkanabhi.wordpress.com/2010/05/04/wikimeet-2010/
- 2010 ജൂൺ 6 ബാംഗ്ലൂരിൽ രണ്ടാമത്തെ വിക്കി പഠനശിബിരം നടന്നു.
- 2010 ജൂൺ 21 മലയാളം വിക്കിസംരംഭങ്ങളിൽ 4 വർഷം പൂർത്തിയാക്കി. ആകസ്മികമായി അന്നു് തന്നെ മലയാളം വിക്കിപീഡിയയിലെ സിസോപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
- 2010 ജൂലൈ 9-11. പോളണ്ടിലെ ഡാൻസ്ക് നഗരത്തിൽ വെച്ച നടന്ന വിക്കിമാനിയ കോൺഫറസിൽ പങ്കെടുത്തു. കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം. http://shijualex.blogspot.com/2010/07/2010.html
- 2010 ജൂലൈ 24 കേരളത്തിലെ ആദ്യത്തെ മലയാളം വിക്കിപീഡിയ പഠനശിബിരം പാലക്കാട് വച്ച് നടന്നു.
- 2010 ജൂലൈ 25. ഇന്ത്യയിലെ വിവിധ ഭാഷാവിക്കിസമൂഹങ്ങളുടെ പ്രവർത്തനം ഏകോപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള വിക്കിമീഡിയ ഇന്ത്യാ ന്യൂസ് ലെറ്റർ പദ്ധതിക്കു തുടക്കം കുറിച്ചു.
- 2010 സെപ്റ്റംബർ 24: 8 ഓളം വിവിധ ഇന്ത്യൻ ഭാഷാവിക്കിസമൂഹങ്ങളുടെ പ്രവർത്തനവിവരവുമായി വിക്കിമീഡിയ ഇന്ത്യാ ന്യൂസ് ലെറ്ററിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. മലയാളം വിക്കിമീഡിയരായ ജുനൈദ്, പ്രവീൺ, രാജേഷ് ഒഡയഞ്ചാൽ, റസിമാൻ, കെവിൻ എന്നിവരുടെ സഹായങ്ങൾ പ്രത്യേകം സ്മരിക്കുന്നു. ന്യൂസ് ലെറ്റർ ഇവിടെ നിന്ന് വായിക്കാം.
- 2010 നവംബർ ഡിസംബർ: മലയാളം വിക്കിപീഡിയക്കായി ജുനൈദ് വികസിപ്പിച്ച ടൈപ്പിങ്ങ് ടൂൾ മറ്റ് ഇന്ത്യൻ ഭാഷകൾക്കായി എക്സ്റ്റെസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നു. ജുനൈദ് പദ്ധതിക്ക് നേതൃത്വം നൽകുന്നു. തമിഴ്, ഹിന്ദി, ബംഗാളി, കന്നഡ, സംസ്കൃതം, ഭോജ്പൂരി, ഒറിയ എന്നീ ഭാഷകൾക്കായി ജുനൈദ് ടൈപ്പിങ്ങ് ടൂൾ വികസിപ്പിച്ചു.
- 2011 ഒക്‌ടോബർ, നവംബർ, ഡിസംബർ - മലയാളം വിക്കിസംരംഭങ്ങളെ കുറിച്ചുള്ള സന്ദേശം കേരളത്തിലെ ജനങ്ങൾക്ക് ഇടയിലെത്തിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന വിക്കിപഠനശിബിരങ്ങൾക്ക് ചുക്കാൻ പിടിച്ചു. അനൂപ്, സിദ്ധാർത്ഥൻ, കിരൺ, ഫുആദ് എന്നിവരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കുന്നു.
2011
[തിരുത്തുക]- 2011 ഫെബ്രുവരി 20: പതിവ് ചോദ്യങ്ങൾ പുസ്തകം മൂന്നാം പതിപ്പ് ഇറങ്ങി
- 2011 ഫെബ്രുവരി 20: സന്തൊഷ് തോട്ടിങ്ങലിനെ വിക്കിമീഡിയ ഭാഷാ കമിറ്റിയിലേക്ക് ശിപാർശ ചെയ്തു. സന്തോഷ് അതിലേക്ക് അപേക്ഷിച്ചു.
- 2011 മാർച്ച് 1: സന്തോഷിനെ വിക്കിമീഡിയ ഭാഷാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. He has passed as a LangCom member not because he is from India, but because he has relevant expertise and right attitude എന്ന പ്രത്യെക പരാമർശം.
- 2011 മാർച്ച് ആദ്യവാരം: മലയാളം വിക്കിമീഡിയർക്കായി ഒരു പടമെടുപ്പ് പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള ആശയം കുറച്ച് പേരുമായി പങ്ക് വെക്കുന്നു. സുനിലും പ്രവീണും മാത്രം പിന്തുണയ്ക്കുന്നു.
- 2011 മാർച്ച് 24: പടമെടുപ്പ് പദ്ധതി പരസ്യപ്പെടുത്തുന്നു. ഓൺ ലൈൻ മലയാളസമൂഹം സംഗതി ഏറ്റെടുക്കുന്നു.
- 2011 മാർച്ച് 27: വിക്കിപീഡിയയുടെ ആവശ്യത്തിനായി സ്വതന്ത്രലൈസൻസുള്ള ഭൂപടങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തൊടെ ആ പണിക്ക് ഏറ്റവും യോജ്യനായ രാജേഷിനോട് പ്രസ്തുത പദ്ധതി ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുന്നു. രാജെഷ് അത് എറ്റെടുക്കുന്നു. പദ്ധതി ക്രോഡീകരിക്കാൻ മലയാളം വിക്കിപീഡിയയിൽ ഭൂപടനിർമ്മാണപദ്ധതി എന്ന താൾ തുടങ്ങുന്നു. പദ്ധതിക്ക് വ്യാപകമായ ജനശ്രദ്ധ. ഭൂപടനിർമ്മാണപദ്ധതിയെ പറ്റി ദ ഹിന്ദുവിൽ വാർത്ത.
- 2011 ഏപ്രിൽ 2 - 25: മലയാളികൾ വിക്കിമീഡിയയെ സ്നെഹിക്കുന്നു എന്ന പേരിൽ പടമെടുപ്പ് പദ്ധതി തുടങ്ങി. മറ്റ് ഇന്ത്യൻ വിക്കി സമൂഹങ്ങൾക്ക് മാതൃകയാവും വിധം പദ്ധതി വമ്പൻ വിജയം. 2155 സ്വന്തന്ത്രചിത്രങ്ങൾ ഇതിലൂടെ വിക്കിമീഡിയ കോമൺസിലേക്ക്. പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് ഇവിടെ.
- 2012 സെപ്റ്റംബർ - ഭാരതീയ ഭാഷകളിൽ ഉള്ള വിക്കിപീഡിയ സമൂഹം വളർത്താനുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ പങ്ക് ചേർന്നു.
2012
[തിരുത്തുക]- 2012 നവംബർ - വിക്കിമീഡിയ ഫൗണ്ടേഷനിലെ ജോലി മതിയാക്കി.
- മറ്റ് ഭാരതീയ ഭാഷളിൽ ഉള്ള വിക്കിപീഡിയ സമൂഹം വളർത്തുന്ന തിരക്കിലായതിനാൽ മലയാളത്തിൽ സജീവം ആയിരുന്നില്ല. പ്രസ്തുത പ്രവർത്തനങ്ങൾ മൂലം ഒറിയ, ആസ്സാമി, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ വിക്കിസമൂഹം വളർത്താനായി.
- മലയാളത്തിനായി ചെയ്തതിൽ എടുത്തു പറയാവുന്നത് ന്യൂഡെൽഹിയിൽ രണ്ട് (ഒന്ന്, രണ്ട്) വിക്കിപഠനശിബിരങ്ങൾക്കും, മുബൈയിൽ ഒരു വിക്കിപഠനശിബിരത്തിനും നേതൃത്വം നൽകാൻ ആയതും, ബാംഗ്ലൂരിൽ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ആയതും ആണ്.