ഉപയോക്താവ്:Risam444

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സിവിൽ ഡിഫൻസ് [1]

സ.ഉ (കൈ) നം. 132/2019 ആഭ്യന്തരം തീയതി, തിരുവനന്തപുരം 30-08-2019 പ്രകാരമാണ് കേരളത്തിൽ സിവിൽ ഡിഫൻസ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയർ & റെസ്ക്യു സർവ്വീസസ് ഡയറക്ടർ ജനറൽ തന്നെയാണ് ഹോം ഗാർഡ്സിൻറേയും സിവിൽ ഡിഫൻസിൻറേയും മേധാവി. ഭരണനിർവ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണൽ ഫയർ ഓഫീസറും ജില്ലകളിൽ ജില്ലാ ഫയർ ഓഫീസർമാരും സിവിൽ ഡിഫൻസിൻറെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. അതാത് ജില്ലാ കളക്ടർമാരായിരിക്കും സേനയുടെ പ്രവർത്തനം ജില്ലാതലത്തിൽ നിയന്ത്രിക്കുക. ജില്ലാ ഫയർ ഓഫീസർമാർ നോഡൽ ഓഫീസർമാരായും പ്രവർത്തിക്കും. സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പരിശീലനങ്ങൾ വിയ്യൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അക്കാദമിയിൽ വെച്ച് നൽകുന്നതാണ്.

1968ൽ നിലവിൽ വന്ന സിവിൽ ഡിഫൻസ് ആക്ട് അനുസരിച്ചുള്ള ചുമതലകൾക്ക് പുറമെ സിവിൽ ഡിഫൻസ് (അമെൻറമെൻറ്) ആക്ട് 2009ൻറെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവിൽ ഡിഫൻസ് വിഭാഗത്തിൻറെ അധികചുമതലയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുന്ന ചുമതല കൂടി സിവിൽ ഡിഫൻസ് വോളന്റിയർമാർ നിർവ്വഹിക്കുന്നതാണ്. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയങ്ങളുടെ കീഴിലും 50 പേർ വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശീലനം നേടി പ്രവർത്തിക്കും. കേരളത്തിലെ നിലവിലുള്ള 124 ഫയർ സ്റ്റേഷനുകളുടെ കീഴിൽ 6200 പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനമാണ് വിഭാവനം ചെയ്യുന്നത്. ദുരന്തനിവാരണ അഗ്നിരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുക, ആപത്ഘട്ടങ്ങളിൽ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

പശ്ചാത്തലവും പ്രസക്തിയും[തിരുത്തുക]

2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തിന് നൽകിയ ഏതാനും പാഠങ്ങളിലൊന്ന് സമൂഹത്തിൻറെ നന്മയേയും യുവജനതയുടെ സേവനശേഷിയേയും അംഗീകരിക്കേണ്ടതുണ്ട് എന്നതാണ്. ഓർക്കാപ്പുറത്തെത്തിയ പ്രകൃതി ദുരന്തം പരിചിത സംവിധാനങ്ങളെ ഒന്നാകെ കടപുഴകിച്ച ദിവസങ്ങളിൽ കേരള ജനതയെ കരുത്തോടെ താങ്ങി നിർത്തിയത് എല്ലാ വ്യത്യാസങ്ങളേയും മറികടന്നു സ്വയമെത്തിയ സേവനസന്നദ്ധരായ വലിയൊരു സമൂഹമായിരുന്നു. ആജ്ഞകളോ ആഹ്വാനങ്ങളോ മുൻപരിചയമോ പോലുമില്ലാതെ ഒറ്റയ്ക്കും ചെറു കൂട്ടായ്മകളുമായെത്തിയ ആ സമൂഹം വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ലക്ഷ്യത്തോടെ കൈ കോർത്തു. ഓരോരുത്തരും പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സമൂഹത്തിൻറെ സുരക്ഷ മാത്രം ആഗ്രഹിച്ച് അവരവരുടെ ശേഷികൾ വിനിയോഗിച്ചു. നൂറ്റാണ്ടിലൊരിക്കലെത്തിയതെന്ന് പറയാവുന്ന ആ മഹാദുരന്തത്തിൽ തകർന്നു പോകാതെ ഏതാനം മാസങ്ങൾക്കകം സാധാരണ നിലയിലേക്ക് കേരളം മടങ്ങിയെത്തിയതിൻറെ മുഖ്യകാരണങ്ങളിൽ ഒന്ന് കേരളജനത ഒറ്റക്കെട്ടായി നൽകിയ ആ സന്നദ്ധസേവനമായിരുന്നു. കേരളത്തിൻറെ സമ്പത്തായ ഈ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.

'2019- വർഷത്തിലും ഏതാണ്ട് സമാനമായ സാഹചര്യമാണുണ്ടായത്. കാലാവസ്ഥ വ്യതിയാനത്തിൻറെ പ്രത്യാഘാതങ്ങൾ പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ കേരളം അടക്കമുള്ള ഭൗമമേഖലയിൽ ആവർത്തിക്കപ്പെടാനിടയുണ്ട് എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു കരുത്തുറ്റ ജനകീയ ദുരന്തപ്രതിരോധ സേന രൂപപ്പെടുത്തുന്നതും ജനങ്ങൾക്ക് ദുരന്താതിജീവന ശീലങ്ങളിൽ അവബോധമേകുന്നതും പ്രധാനമാണ്. സന്നദ്ധസേവനത്തിൻറെ ഊഷ്മളതയും ആത്മാർപ്പണവും നഷ്ടമാകാതെയും ചിട്ടയായ പരിശീലനവും പ്രവർത്തന ചട്ടക്കൂടും നൽകുന്ന സംഘാടനമികവ് സ്വംശീകരിച്ചും ജനകീയ സന്നദ്ധസേന രൂപപ്പെടുത്തുക എന്നതാണ് കേരളാ സിവിൽ ഡിഫൻസിൻറെ ലക്ഷ്യം.

യുദ്ധകാല തീവ്രവാദി ആക്രമാണ പരിതസ്ഥിതികളിൽ പൊതുസമൂഹത്തിൻറെ സൂരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ സഹായിക്കാനായി സിവിൽ വോളൻറിയർമാരെ സജ്ജരാക്കുന്നതിനുള്ള നിയമമാണ് 1968 ൽ രൂപീകരിച്ച സിവിൽ ഡിഫൻസ് ആക്ട്. 2009 ൽ അംഗീകരിച്ച സിവിൽ ഡിഫൻസ് (അമെൻറ്‌മെൻറ്) ആക്ട് പ്രകാരം ദുരന്ത പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി ഈ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവന്നു. നിലവിൽ കേരള അഗ്‌നിരക്ഷാ വകുപ്പിൻറെ മേൽനോട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സിവിൽ ഡിഫൻസ് പദ്ധതിയെ കേരളത്തിൻറെ സമ്പത്തായ ജനകീയ സന്നദ്ധസേവനക്കൂട്ടായ്മയുമായി ഇഴചേർക്കുന്നതിലൂടെ രക്ഷാപ്രവർത്തനത്തിന് ജനകീയ മുഖമേകാനാകും.

പൂർണ്ണസമയം ജീവൻ രക്ഷാപ്രവർത്തന സജ്ജമായ അഗ്‌നിരക്ഷാ വകുപ്പിൻറെ നേതൃത്വവും, സുസംഘടിതമായ പരിശീലനവും, സേവനസന്നദ്ധതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ജനകീയ കൂട്ടായ്മയ്ക്ക് പ്രകൃതിദുരന്ത സമയത്തെ അടിയന്തിര സേവനങ്ങൾക്ക് ഉപരിയായി വാഹനാപകടങ്ങൾ പോലെയുള്ള ദുരന്തങ്ങളിൽ പെട്ടെന്ന് സഹായെമെത്തിക്കാനും വയോജനങ്ങളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ജാഗ്രതാസേന കൂടിയായി സിവിൽ ഡിഫൻസിന് പ്രവർത്തിക്കാനാകും. [2]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Risam444&oldid=3335500" എന്ന താളിൽനിന്ന് ശേഖരിച്ചത്