ഉപയോക്താവ്:LEKSHMAN ACHARYA
മലയാറ്റൂർ രാമകൃഷ്ണൻ
മലയാള കഥാസാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത നോവൽ, തിരക്കഥ, വിവർത്തനം, ലേഖനങ്ങൾ, ആത്മകഥ, കാർട്ടൂൺ തുടങ്ങി ബഹുമുഖമേഖലകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള സാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വം കെ.വി.രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ. ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌ന സങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യബന്ധങ്ങളുടെയും സമ്മിശ്രമായ കഥന രൂപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.
ഓരോ കഥയും അനുഭവാവിഷ്‌കാരത്തിന്റെ വൈവിധ്യം കൊണ്ട് അവിസ്മരണീയമാകുന്നു. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ മലയാറ്റൂർ രാമകൃഷ്ണന്റെ കൃതികൾക്ക് മലയാളികളുടെ മനസിൽ അതിവേഗം ഇടം നേടാനായി. അവ മലയാളികൾക്ക് പുതിയൊരു ലോകം സമ്മാനിച്ചു. തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ജീവിതത്തെയും ഉദ്യോഗസ്ഥ ഭരണത്തിനകത്തെ നിഗൂഢലോകത്തെയും തുറന്നുകാട്ടുന്നതായിരുന്നു മലയാറ്റൂരിന്റെ രചനകൾ.
ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയും ഷെർലക്‌ഹോംസ്‌കഥകളും ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്തതും മലയാറ്റൂരാണ്. 1927 മേയ് 30ന് പാലക്കാട് ജില്ലയിലെ പുതിയ കൽപാത്തിയിൽ കെ.ആർ. വിശ്വനാഥയ്യരുടെയും ജാനകിയമ്മാളുവിന്റെയും മകനായി ജനിച്ചു. 1955ൽ മട്ടാഞ്ചേരിയിൽ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1958ൽ ഐഎഎസ് ലഭിച്ചു.
ഒറ്റപ്പാലം സബ് കലക്ടർ, കോഴിക്കോട് കലക്ടർ, ആരോഗ്യ - തൊഴിൽ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ഡപ്യൂട്ടി സെക്രട്ടറി, ട്രാവൻകൂർ - കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ജനറൽ മാനേജർ, ലളിതകലാ അക്കാദമി ചെയർമാൻ, കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, തൊഴിൽ വകുപ്പ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച അദ്ദേഹം ജോലിത്തിരക്കിനിടയിലും നോവലുകളും കഥകളും എഴുതിക്കൂട്ടി. കാർട്ടൂണുകളും എണ്ണച്ചായ ചിത്രങ്ങളും വരച്ചു. സിനിമകൾക്ക് തിരക്കഥയെഴുതി.
1981 ഫെബ്രുവരിയിൽ ഐഎഎസ്സിൽ നിന്ന് രാജിവച്ചു. ഏഴു വർഷക്കാലം ലളിതകലാ അക്കാദമി ചെയർമാനായിരുന്നു. വേരുകൾ കേരള സാഹിത്യ അക്കാദമി അവാർഡും യന്ത്രം വയലാർ അവാർഡും സാഹിത്യ പ്രവർത്തക അവാർഡും നേടിയിട്ടുണ്ട്. 1997 ഡിസംബർ 27ന് അന്തരിച്ചു.
നോവൽ : ഡോക്ടർ വേഴാമ്പൽ, യന്ത്രം, യക്ഷി, പൊന്നി, ദ്വന്ദ്വയുദ്ധം, മൃദുലപ്രഭു, രക്തചന്ദനം, അമൃതംതേടി, അനന്തയാത്ര, സ്വരം, മൃതിയുടെ കവാടം, ആറാംവിരൽ, നെട്ടൂർമഠം, വേരുകൾ, ശിരസ്സിൽ വരച്ചത്
ചെറുകഥ : ബ്രിഗേഡിയർ കഥകൾ, ബ്രിഗേഡിയറും പെൺമറുകും, ബ്രിഗേഡിയറുടെ തിരിച്ചുവരവ്, അതിരിൽ പൂത്തുനിന്ന മരങ്ങൾ, ഹംസനും വത്സനും, കേസ് ഡയറികൾ, ബ്രിഗേഡിയറും പാപ്പരാസികളും,
കഥകൾ - മലയാറ്റൂർ സ്മരണ : സർവ്വീസ് സ്റ്റോറി - എന്റെ ഐ.എ.എസ്. ദിനങ്ങൾ, ഓർമ്മകളുടെ ആൽബം.