ഉദ്ഹിയഃ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉദ്ഹിയ്യത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈദുൽ അദ്ഹ ആഘോഷവേളയിൽ ദൈവപ്രീതി ആഗ്രഹിച്ചുകൊണ്ട് കാലികളെ ബലിയറുത്ത് ദാനം നൽകുന്നതിനെയാണ് ഉദ്ഹിയഃ (അറബിക്:أضحية)എന്നു അറിയപ്പെടുന്നത്. ഖുർബാനി എന്നും ഇതു അറിയപ്പെടുന്നു. മലയാളത്തിൽ ബലിയറുക്കൽ എന്നും വിളിക്കുന്നു. ബലിയറുക്കലുമായി ബന്ധപ്പെട്ടാണ് ഈദുൽ അദ്ഹയെ ബലിപെരുന്നാൾ എന്ന് മലയാളത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. മകനായ ഇസ്മയിലിനെ ബലിയറുക്കണമെന്ന ദൈവിക കല്പനയെ ശിരസ്സാവഹിക്കാൻ തയ്യാറായ ഇബ്രാഹീം പ്രവാചകനോട് അതു തടഞ്ഞ ദൈവം പകരം ഒരു ആടിനെ അറുക്കാൻ കല്പിച്ചതിന്റെ ആത്മാർപ്പണത്തെ പ്രതിനിധീകരിക്കുന്നതിനാണ് ഈ ആചാരം ഇസ്ലാമിൽ ഒരു ഐഛിക പുണ്യകർമ്മമാക്കിയത്. ഹിജ്റ കലണ്ടറിലെ പന്ത്രണ്ടാം മാസമായ ഹജ്ജ് മാസത്തിലെ പത്തു മുതൽ പതിമൂന്നു വരെയുള്ള ദിനങ്ങളിലാണ് (അയ്യാമുത്തശ്‌രീഖ്) ഈ കർമ്മം പുണ്യകരമായി കണക്കാക്കുന്നത്.[1]

ബലിപെരുന്നാളിന്റെ ആദ്യദിനത്തിൽ പെരുന്നാൾ നമസ്കാരത്തിനു ശേഷമാണ് ബലിയറുക്കൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.ഒട്ടകം, ആട്, മാട് എന്നിവയാണ് ബലിക്ക് ഉപയോഗിക്കാവുന്ന മൃഗങ്ങൾ. ഒട്ടകം, മാട് എന്നീ മൃഗങ്ങൾ തനിച്ചും മറ്റുള്ളവരുമായി പങ്കു ചേർന്നും ബലി നൽകാം. പങ്കുചേരുകയാണെങ്കിൽ മൂന്ന്, അഞ്ച്,ഏഴു എന്നീ ഒറ്റയായ പങ്കാളികൾ വരെയാവാം. ബലിമൃഗം ആട് ആണെങ്കിൽ ഒരാൾ മാത്രമായി ബലി നൽകണം. ചെമ്മരിയാടാണെങ്കിൽ ഒരു വയസ്സു പ്രായമായതും കോലാടോ മറ്റു മാടുകളോ ആണെങ്കിൽ രണ്ടുവയസ്സും പൂർത്തിയാകണം. ഒട്ടകം നാലുവയസ്സായതാവണം. മാംസത്തിലെ ഒരു ചെറിയ വിഹിതം ബലിനൽകുന്നവൻ എടുക്കുകയും ബാക്കിയുള്ളത് ബന്ധുക്കൾക്കും പാവങ്ങൾക്കും ദാനം നൽകലും പണ്യകരമായി കണക്കാക്കുന്നു. ഉദ്ഹിയത്തിന്റെ മൃഗത്തിന്റെ ഒന്നും വിൽക്കാൻ പാടുള്ളതല്ല. എല്ല്, തോൽ എന്നിവയുൾപ്പെടെയുള്ള എല്ലാം ദാനമായി നൽകണം

അവലംബം[തിരുത്തുക]

  1. ഫിഖ്ഹ് സംക്ഷിപ്തപഠനം(കർമ്മശാസ്ത്ര വിധികൾ)-കൊച്ചനൂർ അലിമൌലവി-പ്രസാധനം:അൽ ഹുദാ ബുക്സ്റ്റാൾ തിരൂരങ്ങാടി 1983, വിവർത്തനം എം.എ പരീദ്
"https://ml.wikipedia.org/w/index.php?title=ഉദ്ഹിയഃ&oldid=3500991" എന്ന താളിൽനിന്ന് ശേഖരിച്ചത്