ഉദയംപേരൂർ സിനഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യറോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയം‌പേരൂർ സുന്നഹദോസ് അഥവാ ഉദയംപേരൂർ സൂനഹദോസ് (Synod of Diamper) (1599 ജൂൺ 20-26) [1]. കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സൂനഹദോസിനെ കണക്കാക്കുന്നത്‌. മാർ തോമാ നസ്രാണികൾ അഥവാ മലങ്കര നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ 1500-ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ അവർ കാണുന്നുത്. എന്നിരുന്നാലും പേരിൽമാത്രം ക്രിസ്ത്യാനികളായിരിക്കുകയും എന്നാൽ ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങൾ, ജാതിവ്യവസ്ഥ തുടങ്ങിയവ അതേപടി തുടരുകയും ചെയ്ത മലങ്കര ക്രിസ്ത്യാനികളെ നവീകരിക്കാൻ ഉദ്ദേശം വച്ചുള്ളതായിരുന്നു സൂനഹദോസ് എന്ന് സൂനഹദോസ് തീരുമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.[2]

ഉദയം‌പേരൂർ സൂനഹദോസ് പള്ളി

അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്‌) ആണ്‌ സൂനഹദോസ് വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സൂനഹദോസ് നടന്നത്‌[3] അക്കാരണത്താൽ അങ്കമാലി സൂനഹദോസ് എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു.[4]

പേരിനു പിന്നിൽ[തിരുത്തുക]

സുന്നഹദോസ് അഥവാ സൂനഹദോസ് എന്ന പദം (ആംഗലേയത്തിൽ സിനഡ്, Synod, ലത്തീനിൽ synodo സൈനോദോ) synodos എന്ന ഗ്രീക്ക് വാക്കിൽ നിന്നുത്ഭവിച്ചതാണ്. പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് ഇതൻറെ അർത്ഥം.[5]

ചരിത്ര പശ്ചാത്തലം[തിരുത്തുക]

കേരളത്തിലെ ക്രിസ്ത്യാനികളുടെ വംശസ്മൃതിയിൽ തങ്ങൾ തോമാശ്ലീഹയാൽ മത പരിവർത്തനം ചെയ്യപ്പെട്ടവരുടെ പിൻഗാമികളാണെന്ന വിശ്വാസം ആദ്യം മുതലേ രൂഢമൂലമായിരുന്നു. ഈ വിശ്വാസം ചരിത്രപരമായി അടിസ്ഥാനമുള്ളതാണോ എന്നു നിർണ്ണയിക്കാൻ സഹായിക്കുന്ന രേഖകളൊന്നുംതന്നെ ലഭ്യമല്ല. ഏതായാലും ഈ സമൂഹത്തിന്റെ പൗരാണികത്വം യൂറോപ്യൻ ചരിത്രകാരന്മാരും നാട്ടുകാരായ ഭരണാധികാരികളും അടക്കം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ആദിമ നൂറ്റാണ്ടുകളിൽ മതപരിവർത്തനം ചെയ്യപ്പെട്ടവരിൽ നിന്നും മദ്ധ്യ പൗരസ്ത്യ ദേശത്ത് നിന്ന് കുടിയേറിയവരിൽ നിന്നും ആയിട്ടായിരിക്കണം അവരുടെ ഉത്ഭവം. ഇതിൽ മതപരിവർത്തനം നടത്തപ്പെട്ടവരും കുടിയേറ്റക്കാരും തമ്മിൽ പിൽക്കാലത്ത് ഇടകലരൽ തുടങ്ങിയിരിക്കണം.

അന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ ഏതെങ്കിലും പ്രത്യേക സഭയുടെ കീഴിൽ ആയിരുന്നില്ല. പേർഷ്യയിൽ നിന്നും മറ്റും വന്നിരുന്ന വാണിക്കുകൾക്കൊപ്പം എത്തിയ മെത്രാന്മാരാണ് മലബാറിലെ ക്രിസ്ത്യാനികളുടെ ആത്മീയ കാര്യങ്ങൾ നോക്കിയിരുന്നത്‌. ഇവരിൽ പ്രത്യേകം സ്മരിക്കപ്പെടുന്ന രണ്ടു പേരാണ് മാർ സാബോർ, മാർ ആഫ്രൊത്ത്‌ [6]എന്നിവർ. വെറും ആത്മീയഗുരുക്കൾ മാത്രമല്ലായിരുന്ന അവർ മതപ്രവർത്തനത്തോടൊപ്പം വ്യാപാരത്തിലും വ്യാപൃതരായിരുന്നു. വേണാട് വാണിരുന്ന അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുത്തതു സംബന്ധിച്ച ക്രി.പി 842-ലെ തരിസാപള്ളി ശാസനങ്ങൾ എന്ന പ്രഖ്യാത രേഖയിൽ പരാമർശിക്കുന്ന വ്യാപാര സ്ഥാപനങ്ങളായ അഞ്ചുവണ്ണവും മണിഗ്രാമവും അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌.[7]

അർമേനിയ, അന്ത്യോക്ക്യ, ബാബിലോൺ, കോൺസ്റ്റാന്റിനോപ്പിൾ എന്നിവിടങ്ങളിൽ നിന്ന് പുരോഹിതശ്രേഷ്ഠന്മാർ ഉൾപ്പെടെ ക്രിസ്ത്യാനികൾ കേരളത്തിൽ വന്നിരുന്നു. ചിലരെല്ലം അവിടങ്ങളിലെ മത പീഡനം ഭയന്ന് പാലായനം ചെയ്തവരായിരുന്നു. എല്ലാവർക്കും ഊഷ്മളമായ സ്വീകരണമാണ്‌ കേരളത്തിലെ ജനങ്ങൾ നൽകി പോന്നത്‌. ആത്മീയ കാര്യങ്ങളിൽ നേതൃത്വം അത്യാവശ്യമായി അനുഭവപ്പെട്ടിരുന്ന കേരളത്തിലെ നസ്രാണികൾക്ക് ഈ അതിഥികൾ പ്രത്യേകം സ്വാഗതാർഹരായി തോന്നിയിരിക്കണം.[8] ക്രി.പി. 342, 700, 848 എന്നീ വർഷങ്ങളിൽ ഇത്തരത്തിൽ നിരവധി കുടിയേറ്റങ്ങൾ ഉണ്ടായി. കേരളചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള ക്നായി തോമാ എന്നയാളാണ്‌ ഈ കുടിയേറ്റക്കാരിൽ ഏറ്റവും പ്രശസ്തൻ.[9]

കേരളത്തിലെ നസ്രാണികൾ സുറിയാനി ഭാഷയിലാണ് ആരാധന നടത്തിയിരുന്നത്. അതേ സമയം ഇവരിൽ ഒരു വലിയ വിഭാഗം നമ്പൂതിരി, നായർ കുടുംബങ്ങളിൽ നിന്നു പരിവർത്തനം ചെയ്യപ്പെട്ടവരായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെട്ടുപോരുന്ന ഒരു വാദമുണ്ട്. എന്നാൽ അക്കാലത്ത്, നമ്പൂതിരി, നായർ സമുദായങ്ങൾ പ്രത്യേക വിഭാഗങ്ങളായി നിലവിൽ ഉണ്ടായിരുന്നിരിക്കുകയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും അവരിൽ ബഹുഭൂരിപക്ഷത്തിന്റേയും സംസ്കാരത്തിന്റെ വേരുകൾ കേരളീയമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ആ പൈതൃകത്തെ പെട്ടെന്ന് വിസ്മരിക്കാൻ അവർക്ക്‌ ആവുമായിരുന്നില്ല. അതിനാൽ, അന്നത്തെ മറ്റു കേരളീയ കുടുംബങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല അവരുടെ ആചാരങ്ങൾ എന്നുവേണം കരുതുവാൻ.[10] മതത്തിന്റെ തലത്തിലാണെങ്കിൽ, തങ്ങളെ തോമ്മാശ്ലീഹായുമായി ബന്ധപ്പെടുത്തുന്ന സ്മരണകൾ ഇഴചേർന്ന് പതിനഞ്ചു നൂറ്റാണ്ടുകൾ കൊണ്ടുണ്ടായ പൈതൃകത്തെ അവർ മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്നാണ് വിളിച്ചിരുന്നത്. പോർത്തുഗീസ് മിഷണറിമാരുമായുള്ള സം‌വാദങ്ങളിൽ, തങ്ങൾ പിന്തുടരുന്ന മാർത്തോമ്മായുടെ മാർഗ്ഗവും പോർത്തുഗീസുകരുടെ പത്രോസിന്റെ മാർഗ്ഗവും രണ്ടാണെന്ന് നസ്രാണികൾ ‍വാദിച്ചു.

പോർട്ടുഗീസുകാർ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിലെത്തിയപ്പോൾ, ആത്മീയ നേതൃത്വത്തിന്‌ പുരോഹിതന്മാരുടെ അഭാവം, വ്യാപാരരംഗത്ത് മുസ്ലീങ്ങളിൽ നിന്നും മറ്റുമുള്ള കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാൽ കുറേക്കാലമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ചേരമാൻ പെരുമാളിനെപ്പോലെയുള്ള ഭരണാധികാരികളുടെ കാലത്ത്‌ ലഭിച്ചിരുന്ന പരിഗണനയും സൗകര്യങ്ങളും പിന്നീട്‌ വന്ന രാജാക്കന്മാരിലും താവഴികളിലും നിന്നു ലഭിച്ചിരുന്നില്ല എന്ന പരാതി അവർക്കുണ്ടായിരുന്നു. പുറത്തു നിന്ന് വ്യാപാരികളേയോ അവരുടെ കൂടെ വരാറുള്ള മെത്രാന്മാരേയോ കാണാതെ വിഷമിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ വാസ്കോ ഡ ഗാമ എത്തിയതറിഞ്ഞപ്പോൾ സമാധാനിച്ചു. അവർ ഗാമയെ കണ്ട്‌ പഴയ കേരള രാജാവ്‌ അവർക്ക്‌ നൽകിയ അടയാളവും സമ്മാനവും ഗാമയ്ക്ക്‌ നൽകുകയും അവരെ പോർട്ടുഗലിലെ രാജാവിന്റെ[അവലംബം ആവശ്യമാണ്] അധീനതയിലാക്കി രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

പിന്നീട്‌ പോർട്ടുഗലിൽ നിന്നു വന്ന സംഘങ്ങളിൽ ലത്തീൻ മിഷണറിമാരും മെത്രാന്മാരും ഉണ്ടായിരുന്നു. ഈശോ സഭക്കാർ കേരളത്തിൽ എത്തിയത് അങ്ങനെയാണ്‌. റോമാ സഭയും മാർപാപ്പയും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്‌. മെത്രാന്മാരെ നിയമിക്കുന്നതും മറ്റുമുള്ള അധികാരം പോർട്ടുഗൽ രാജാവിന്‌ കൈമാറുന്ന പാദ്രുവാദോ എന്ന ഉടമ്പടിയിൽ മാർപാപ്പ ഒപ്പു വെച്ചിരുന്നു. എന്നാലും മാർപാപ്പ പ്രത്യേകം അയച്ചിരുന്ന വികാരി അപ്പോസ്തലികന്മാരും ഇവിടെ എത്തി മത പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.[11] ലത്തീൻ ആരാധനാ ഭാഷയായുള്ള ഇവർക്കൊക്കെ ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങൾ മനസ്സിലാക്കാനോ ഉൾകൊള്ളാനോ കഴിഞ്ഞില്ല. കേരളത്തിന്റെ സംസ്കാരത്തിൽ നിന്നു നസ്രാണികൾ സ്വീകരിച്ച് പിന്തുടർന്നിരുന്ന ഒട്ടേറെ അംശങ്ങളുണ്ടായിരുന്നത് പോർത്തുഗീസുകാർക്കു രസിച്ചില്ല. ഉദാഹരണത്തിന്‌ കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ തന്നെയാണ്‌ മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്‌. ക്രിസ്ത്യാനികളെ കണ്ടാൽ മറ്റു ജാതിക്കാരിൽ നിന്ന് തിരിച്ചറിയാൻ,കഴുത്തിൽ ധരിച്ചിരുന്ന കുരിശ് അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു നാട്ടുകാരെപ്പോലെ പോലെ തലയിൽ കുടുമയും കാതിൽ കടുക്കനും ഒക്കെ അവർക്കുമുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നടന്നിരുന്ന ജാതകം, മന്ത്രവാദം എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്നിരുന്നു. ആയിരത്തോളം വർഷങ്ങളായി പേർഷ്യൻ സഭകളുമായി അഭേദ്യമായി ബന്ധത്തിൽ കഴിഞ്ഞിരുന്ന നസ്രാണികൾ ആ വഴിക്ക് തങ്ങൾക്കു കിട്ടിയ ആചാരങ്ങളെയും അനുഷ്ടാനങ്ങളേയും ത്യജിക്കാൻ തയ്യാറായിരുന്നില്ല.

കുരിശുയുദ്ധങ്ങളും മാർട്ടിൻ ലൂഥർ തുടങ്ങിവച്ച മത നവീകരണം പ്രസ്ഥാനവും പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം ചിന്തിച്ച മിഷണറി വ്യഗ്രതയുള്ള പോർത്തുഗീസുകാർക്കു അവയിലൊന്നും ഉൾപ്പെടാത്ത നസ്രാണി സമൂഹത്തെ കേരളത്തിന്റെ സവിശേഷവും തനതുമായ സാഹചര്യം കണക്കിലെടുത്ത് മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കഴിഞ്ഞില്ല. പോർട്ടുഗീസുകാർ നസ്രാണികളുടെ സംസ്കൃതിയിൽ തങ്ങൾക്കു മനസ്സിലാക്കാനാവാത്ത അംശങ്ങളെയെല്ലാം നെസ്തോറിയൻ ശീശ്മ എന്ന് ആക്ഷേപിച്ച്‌ തിരുത്താൻ ശ്രമിച്ചു. മാർത്തോമ്മാ ക്രിസ്ത്യാനികൾ ആവട്ടെ അങ്കമാലി ആസ്ഥാനമാക്കി അന്ന് അവരെ ഭരിച്ചിരുന്ന മാർ അബ്രാഹാമിന്റെ കീഴിൽ പോർട്ടുഗീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുവാൻ ശ്രമിച്ചു. നസ്രാണികൾക്ക് അന്ന് ജാതിക്കു കർത്തവ്യൻ എന്നറിയപ്പെട്ടിരുന്ന അർക്കദിയാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരുള്ള സമുദായ നേതാവു ഗീവർഗീസിനു കീഴിൽ മുപ്പതിനായിരത്തോളം വരുന്ന ഒരു സൈന്യം ഉണ്ടായിരുന്നു. ഇതിനാൽ പോർട്ടുഗീസ്‌ പട്ടാളം അതിക്രമത്തിന്‌ മുതിർന്നില്ല. ഈ സമയത്താണ്‌ മാർ ആബ്രഹാം മരണമടയുന്നത്‌. ഇത്‌ അവസരമാക്കി പോർട്ടുഗീസുകാരുടെ പാദ്രുവാദോയുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപ്പോലീത്ത ഡോം ഡോ. മെനസിസ്‌ കേരളത്തിലേയ്ക്ക്‌ എത്തി.[12]

ഉദയംപേരൂർ[തിരുത്തുക]

സുന്നഹദോസിൽ പങ്കെടുത്ത പള്ളികൾ
മലബാർ കൊച്ചി തിരുവിതാംകൂർ
കണ്ണൂർ പള്ളിപ്പുറം കോതമംഗലം
കോഴിക്കോട് കോതമംഗലം കല്ലൂർക്കാട്
കൊച്ചി രൂപതാ പള്ളി കൊച്ചി സെ.തോമസ് പള്ളി പാലാ
പട്ടമനപ്പറവൂർ കടമ്പനാട് ബൈക്വത്ത്
കൊടുങ്ങല്ലൂർ കല്ലട വൈക്കം
കോട്ടപ്പുറം തിരുവാങ്കോട് ചേന്ദമംഗലം
മാവേലിക്കര‍ അരുവിത്തറ ചേന്ദമംഗലം പള്ളി
ഉദയം‍പേരൂർ പാലൂർ തളിപ്പറമ്പ്
കാർത്തികപ്പള്ളി തെക്കൻ‍കൂറ്റ് തേവലക്കര മർത്തമറിയം പള്ളി
ഏനാമ്മാവ് ആലങ്ങാട് വെണ്മണി
മറ്റം കടുത്തുരുത്തി തെക്കൻ പറവൂർ
മലയാറ്റൂർ കടുത്തുരുത്തി ചെ.പള്ളി നിരണം
വായിപ്പൂർ ചെങ്ങണൂർ മട്ടാഞ്ചേരി
മണർകാട് തോടമല ചൊവ്വര
തുമ്പമൺ ചാട്ടുകുളങ്ങര കാഞ്ഞൂർ
കല്ലൂപാറ നാഗപ്പുഴ തങ്കശ്ശേരി
ചങ്ങനാശ്ശേരി കല്ലൂച്ചേരി വലിയകട
പുളിങ്കുന്ന് ഭരണങ്ങാനം കായംകുളം
പിറവം പൂഞ്ഞാർ മുളന്തുരുത്തി
വടകര നെടിയശ്ശാല മുട്ടുചിറ
ആരക്കുഴ വടക്കാഞ്ചേരി തൃപ്പൂണിത്തുറ
ചുങം കോതനല്ലൂർ പുറക്കാട്
മൈലാകൊമ്പ് തുരുത്തിപ്പുറം കുണ്ടറ
അമ്പഴക്കാട് മുതലക്കോട് ഇടപ്പള്ളി
കോട്ടയം കോലഞ്ചേരി കുറുപ്പം‍പടി
കുറവിലങ്ങാട് എറണാകുളം കടമറ്റം
പുത്തൻ‍ചിറ കുടമാളൂർ കോട്ടയം ചെ.പള്ളി
കാഞ്ഞിരപ്പള്ളി കൊരട്ടി അതിരമ്പുഴ
വടയാർ ചാലക്കുടി പള്ളുരുത്തി
ഇലഞ്ഞി വ.പുതുക്കാട് അങ്കമാലൊ
വെച്ചൂർ കാരക്കുന്നം ആലപ്പുഴ
അങ്കമാലി ചെ.പള്ളി ചേപ്പുങ്കൽ ചെമ്പിൽ
കൊട്ടേക്കാട് അകപ്പറമ്പ് മഞ്ഞപ്ര
മുഹമ്മ മൂഴിക്കുളം വെളിയനാട്
മുട്ടം ഞാറയ്ക്കൽ വെളിയനാട്
പ്രധാന ലേഖനം: ഉദയംപേരൂർ

എറണാകുളം ജില്ലയിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു സ്ഥലമായിരുന്ന ഉദയം‍പേരൂർ‍ പോർട്ടുഗീസുകാരുടേ ശക്തി കേന്ദ്രമായ കോട്ടയും പള്ളികളും നിലനിന്നിരുന്ന പള്ളിപ്പുറത്തു നിന്ന് വളരെ അടുത്തായിരുന്നു. അങ്കമാലി നസ്രാണികളുടെ ശക്തികേന്ദ്രമായിരുന്നുവെന്നതും അവിടെ എന്തെങ്കിലും എതിർപ്പുണ്ടായാൽ സഹായത്തിന്‌ പോർട്ടുഗീസ്‌ പട്ടാളം എത്താൻ സമയം എടുത്തേക്കാം എന്നതും അങ്കമാലിക്കു പകരം ഉദയംപേരൂർ തിരഞ്ഞെടുക്കാൻ കാരണങ്ങളായി. മാത്രവുമല്ല സൂനഹദോസിനുള്ള തയ്യാറെടുപ്പിനിടെ ഉദയംപേരൂരിനടുത്തുള്ള ചേന്ദമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളിലെ പള്ളികളെ തന്റെ പക്ഷത്താക്കുന്നതിൽ മെനസിസ് വിജയിച്ചുമിരുന്നു.

ഉദയംപേരൂരിൽ ഉണ്ടായിരുന്ന പള്ളി മാർ സാബോർ ക്രി.പി. 890-കളിൽ സ്ഥാപിച്ചതാണ് എന്നു പറയപ്പെടുന്നു. ഇത്‌ വി. സാബോറിന്റെ തന്നെയും, മറ്റൊരു പുണ്യവാളനായ, വി. ആഫ്രോത്തിന്റേയും സംയുക്ത നാമങ്ങളിലായിരുന്നു. എന്നാൽ ഈ പള്ളി ഇന്നില്ല. കാലപ്പഴക്കം കൊണ്ട്‌ ജീർണ്ണിച്ചു പോയി.[13]

അലെക്സിസ് ഡെ മെനസിസ് മെത്രാപ്പോലീത്ത[തിരുത്തുക]

ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന മെനസിസ് (അലെയ്ജോ ഡെ മെനസിസ്) സ്പെയിൻകാരനായിരുന്നു. ഒരു പ്രഭു കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഡോം എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. ഗോവയിൽ നിരവധി ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. അങ്കമാലിയിലെ മെത്രാൻ മരിച്ചുപോയതിനാലും അങ്കമാലി ഗോവയുടെ കീഴിലുള്ള രൂപതയായതിനാലും തനിക്ക് സുന്നഹദോസ് നടത്താൻ അധികാരം ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹം കൊടുങ്ങല്ലൂരിലെ പോർട്ടുഗീസ് കോട്ടയിൽ താമസിച്ച് മലബാറിലെ ആചാരങ്ങളെക്കുറിച്ച് പഠിക്കുകയും സുന്നഹദോസിൽ അവതരിപ്പിക്കേണ്ട കാനോനുകളുടെ കരട് തയ്യാറാക്കുകയും ചെയ്തു. പിന്നീട് അത് ഫ്രാൻസിസ് റോസ് എന്ന വൈദികൻ പോർട്ടുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുകയാണുണ്ടായത്. 1599 ഫെബ്രുവരി 1-ന് മെനസിസ് കൊച്ചിയിൽ എത്തി. കൊച്ചി രാജാവ് അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം ഒരുക്കിയിരുന്നു.

സൂനഹദോസിന്റെ തയ്യാറെടുപ്പുകൾ[തിരുത്തുക]

പെന്തക്കോസ്ത കഴിഞ്ഞു വന്ന മൂന്നാമത്തെ ഞായറാഴ്ച 1599 ജൂൺ 20-ന് സുന്നഹദോസ് ആരംഭിച്ചു. ജൂൺ മാസത്തിലെ മൺസൂൺ മഴയെ അവഗണിച്ചാണ് ഇത് ആരംഭിച്ചത്. ദൂരെ നിന്നുള്ളവരെല്ലാം ദിവസങ്ങൾ മുന്നേ എത്തിച്ചേർന്നു. അവർക്കെല്ലാം താമസ സൗകര്യവും ഒരുക്കിയിരുന്നു. ഒരുപക്ഷേ കലഹം ഒഴിവാക്കാനും അങ്കമാലിക്കാരായ സൈന്യത്തെ ഒഴിവാക്കാനും കൂടിയായിരുന്നിരിക്കണം, മഴമൂലം യാത്ര ദുരിതമായ ജൂൺ മാസം തിരഞ്ഞെടുത്തത്.

മെനസിസ് മെത്രാപ്പൊലീത്ത തന്നെയായിരുന്നു അദ്ധ്യക്ഷൻ. അദ്ദേഹത്തിനെ സഹായിക്കാൻ മെല്ക്കിയോർബ്രാസ്, ഫ്രാൻസിസ് റോസ് തുടങ്ങിയ അഞ്ച് വൈദികരുമുണ്ടായിരുന്നു. ഫ്രാൻസിസ് റോസ് മലയാള ഭാഷയിൽ നല്ല അറിവുള്ള ആളായിരുന്നു. ഇവരെ കൂടാതെ കേരളത്തിലെ പള്ളികളിൽ നിന്നുള്ള 153 കത്തനാർമാരും 660 അൽമായരും പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചിയിൽ നിന്ന് ഗായകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. പോർട്ടുഗീസ് കപ്പിത്താനായ ആൻറണി ഡെ നോറോഞ്ഞയും സൂനഹദോസിൽ പങ്കെടുത്തു.

സുന്നഹദോസ്[തിരുത്തുക]

ഒന്നാം ദിവസം[തിരുത്തുക]

സുന്നഹദോസ് ആരംഭിച്ചത് കത്തോലിക്കാ സഭയുടെ മുറപ്രകാരമുള്ള ദിവ്യബലിയോടെയാണ്. ആദ്യം ദിവ്യബലി അർപ്പിച്ചത് മെനസിസ് മെത്രാപ്പോലീത്തയായിരുന്നു. തുടർന്ന് എല്ലാ വൈദികരോടും ദിവ്യബലി അർപ്പിക്കാനും പാപസങ്കീർത്തനം നടത്തി ആത്മശുദ്ധി പ്രാപിച്ചവർ ദിവ്യകാരുണ്യം സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് മെനസിസ് തന്നെ ക്ലെമൻറ് മാർപാപ്പ അയച്ചതാണ് എന്നു പറഞ്ഞു കൊണ്ടുള്ള പ്രസ്താവന പോർട്ടുഗീസ് ഭാഷയിൽ നടത്തി. അതിന്റെ സംക്ഷിപ്ത പരിഭാഷ ഇങ്ങനെയാണ് “അങ്കമാലിയിൽ മെത്രാൻ ഇല്ലാത്തതുകൊണ്ടും ഈ രൂപത ഗോവൻ ആധിപത്യത്തിലായതു കൊണ്ടും ഗോവാ മെത്രാപ്പോലീത്ത എന്ന നിലയ്ക്ക് ഒരു സുന്നഹദോസ് നടത്താൻ എനിക്ക് അധികാരമുണ്ട്”. ഇത് മലയാളത്തിലേയ്ക്ക് അന്ന് പരിഭാഷപ്പെടുത്തിയത് പള്ളുരുത്തി ഇടവകാംഗമായ യാക്കോബ് കത്തനാരായിരുന്നു.[14] തർജ്ജമ ശരിയാണോ എന്ന് പരിശോധിക്കാൻ ഫ്രാൻസിസ് റോസ്, ആന്തണി ടൊസ്കാനോ എന്നീ വൈദികന്മാർ ഉണ്ടായിരുന്നു. ലത്തിൻ ഭാഷ അറിയാവുന്ന ആർക്കും സംശയങ്ങൾ ചോദിക്കാൻ അവസരം നൽകിയിരുന്നു. സമ്മേളനം ആരംഭിക്കുന്ന സമയത്ത് നാട്ടുകാരായ ചില കത്തനാർമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പൊതുവേ കാര്യങ്ങൾ മെനസിസിന്റെ പദ്ധതിയനുസരിച്ച് തന്നെ നീങ്ങി. പിന്നീട് സത്യപ്രതിജ്ഞ ചെയ്യൽ ആയിരുന്നു. അതിനും പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മെൻസിസിന്റെ നയവും ഭീക്ഷണിയും കൊണ്ട് മെനസിസ് എല്ലാം നിയന്ത്രിച്ചു നിർത്തി.

രണ്ടാം ദിവസം[തിരുത്തുക]

രണ്ടാം ദിവസത്തെ പ്രമേയം വിശ്വാസ പ്രഖ്യാപനമായിരുന്നു. അതിൽ നെസ്തോറിയനേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും തള്ളിപ്പറയലായിരുന്നു മുഖ്യം. ആദ്യം വിശ്വാസ പ്രഖ്യാപനം നടത്തിയത് മെത്രാപ്പോലീത്തയായിരുന്നു. പിന്നീട് ആർച്ച്ഡീക്കൻ ഗീവർഗീസ് സ്വന്തം പേരിൽ പ്രഖ്യാപനം നടത്തി. പിന്നീട് എല്ലാ കത്തനാർമാരും മലയാളത്തിൽ വിശ്വാസപ്രഖ്യാപനം നടത്തി. [15]

മൂന്നാം ദിവസം[തിരുത്തുക]

വിശ്വാസപ്രഖ്യാപനം കഴിഞ്ഞ് ജ്ഞാനസ്നാനം, സ്ഥൈര്യ ലേപനം, എന്നീ കൂദാശാകളെപറ്റി ചർച്ചചെയ്യുകയും അവയെക്കുറിച്ചുള്ള തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും രണ്ടു സമ്മേളനങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴു മണിമുതൽ പതിനൊന്നു വരെയും ഉച്ചതിരിഞ്ഞ് രണ്ടുമണി മുതൽ വൈകീട്ട് ആറുമണി വരേയും ആയിരുന്നു അവ നടന്നിരുന്നത്.

നാലാം ദിവസം[തിരുത്തുക]

വിശുദ്ധ കുർബാന ഒരു ബലി എന്ന നിലയിലും ഒരു കൂദാശ എന്ന നിലയിലും ചർച്ച ചെയ്യപ്പെട്ടു. പാപസങ്കീർത്തനം, ഒടുവിലത്തെ ഒപ്രുശീമ (അന്ത്യകൂദാശ), കുർബാനപ്പുസ്തക പരിഷ്കരണം മുതലായവ ചർച്ച ചെയ്യപ്പെട്ടവയിൽ പെടുന്നു. അക്കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ പശ്ചാത്യസഭകളിൽ നിലവിലുണ്ടായിരുന്ന തരം പാപ സങ്കീർത്തനം (auricular confession) അഥവാ കുമ്പസാരം കൂടാതെയാണ് പരിശുദ്ധ കുർബാന സ്വീകരിച്ചിരുന്നത്. വൈദികരോട് പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്ന പതിവ് നസ്രാണികൾക്കിടയിൽ അന്നുവരെ നിലനിന്നിരുന്നില്ല. പകരം, സഹോദര ഭാവേന പരസ്പരം തെറ്റുകൾ ഏറ്റുപറഞ്ഞ് രമ്യപ്പെടുന്ന പിഴമൂളൽ ആയിരുന്നു നടപ്പുണ്ടായിരുന്നത്. ഇതു മാത്രമല്ല, വി.കുർബ്ബാന രോഗികൾക്ക് മാത്രമാണ് നൽകിയിരുന്നത്. പ്രസ്തുത കീഴ്‌വഴക്കങ്ങൾ തിരുത്തുന്നതു സംബന്ധിച്ച പതിനഞ്ച് ഡിക്രികൾ ആണ് അന്ന് അംഗീകരിച്ചത്.

അഞ്ചാം ദിവസം[തിരുത്തുക]

ജൂൺ 24 ന് സ്നാപകയോഹന്നന്റെ തിരുനാൾ ആഘോഷിക്കാൻ പോർട്ടുഗീസുകാർ പോയ ദിവസം പുറത്തു നിന്നുള്ളവരെ മാറ്റി നിർത്തിയാണ് സുന്നഹദോസ് സമ്മേളിച്ചത്. ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിന്റെ ദിവ്യ മാതൃത്വം, ആദിപാപം, ശുദ്ധീകരണംസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിന്റെ സംഘടനകളും, വേദ പുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങൾ എന്നിവ അന്ന് പരിഗണിക്കപ്പെട്ടു. ഈ അവസരത്തിൽ നെസ്തോറിയൻ പാഷാണ്ഡതയെ ഉപേക്ഷിക്കുന്ന പ്രതിജ്ഞ കത്തനാർമാരും നസ്രാണികളും നടത്തിയത് മുൻ രേഖകളിലേക്ക് ചേർക്കപ്പെട്ടു.

സുറിയാനിയിലെ വേദ പുസ്തകം ലത്തീനിലുള്ളതിനുള്ളതിനോട് സമാനമാക്കി. ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലർത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളിൽ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളുടെ വിദ്യാലയങ്ങളിൽ മക്കളെ പഠിക്കാൻ അയക്കരുതെന്ന് വിലക്കി. കൽദായ പാത്രിയാക്കീസിനെ ശീശ്മക്കാരനായി പ്രഖ്യാപിച്ചു. നെസ്തോറിയന്മാരായ നെസ്തോറിയസ്, മൊപ്സുവേസ്തിയായിലെ തിയഡോർ, താർസിസിലെ ദിയോദോറസ് മുതലായവരെ പ്രകീർത്തിക്കുന്ന ഭാഗങ്ങൾ പ്രാർത്ഥനകളിൽ നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങൾ നശിപ്പിക്കാനും തീരുമാനമായി.

ആറാം ദിവസം[തിരുത്തുക]

ഈ ദിവസം തിരുപട്ടം വിവാഹം എന്നീ കൂദാശകളാണ് പരിഗണിക്കപ്പെട്ടത്. വൈദികൻ വിവാഹം കഴിക്കരുതെന്നും വിവാഹം കഴിച്ചവർ ഭാര്യയും മക്കളുമായുള്ള ബന്ധം വിടർത്തണമെന്നും തീരുമാനമായി. ഇത് മിക്ക വൈദികർക്കും സ്വീകാര്യമായിരുന്നില്ല. എങ്കിലും ഭാര്യമാർക്ക് പള്ളി വക ജീവിത ചെലവുകൾ നൽകാം എന്നായപ്പോൾ അവർ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു. വിവാഹത്തിനും മറ്റും വയസ് പരിധി നിശ്ചയിച്ചു തീരുമാനമാക്കുകയും ചെയ്തു.

ഏഴാം ദിവസം[തിരുത്തുക]

അങ്കമാലിയുടെ സ്വാധീനശക്തി കുറക്കാനായിട്ടായിരിക്കണം മെനസിസ് ആ രൂപതയെ പല ഇടവകയായി മാറ്റാനുള്ള തീരുമാനമെടുത്തു. താഴ്ന്ന ജാതിയിൽ നിന്ന് മതം മാറി വരുന്നവർക്കായി പ്രത്യേകം പള്ളി വേണമെന്ന് കത്തനാർമാർ വാദിച്ചതിന്റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവർക്ക് ഏത് പള്ളിയിൽ നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.

അവസാനദിവസം അസന്മാർഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചർച്ച നടത്തി. പാരമ്പര്യ സ്വത്തു തർക്കം, ദത്തെടുക്കൽ വസ്ത്രധാരണരീതി എന്നിവയും ചർച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാക്കി [16]

സൂനഹദോസിനു ശേഷം[തിരുത്തുക]

സൂനഹദോസിനു ശേഷം ആർച്ച് ബിഷപ്പ് മെനസിസ് പള്ളികൾ സന്ദർശിക്കാൻ തുടങ്ങി. സൂനഹദോസിന്റെ കാനോനകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശം. കേരളത്തിലെ മിക്ക പള്ളികളും അദ്ദേഹം സന്ദർശിച്ചു. മിക്ക സ്ഥലത്തും സുറിയാനി ഗ്രന്ഥങ്ങൾ കത്തിച്ചു കളഞ്ഞു. ഏറ്റവും അധികം നശിപ്പിക്കപ്പെട്ടത് അങ്കമാലിയിലാണ്. പറവൂർ വച്ച് സന്ദർശനം പൂർത്തിയാക്കി മെനസിസ് മടങ്ങിപ്പൊയി. പോകുന്നതിനു മുൻപ് അർക്കദിയാക്കോനെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ താല്കാലിക ഭരണാധികാരിയായി വാഴിക്കാനും മറന്നില്ല.

ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ[തിരുത്തുക]

അന്നത്തെ വസ്ത്രധാരണരീതി[തിരുത്തുക]

അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സൂനഹദോസിന്റെ രേഖകളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നു. സൂനഹദോസിൽ പങ്കെടുത്ത ഇടവക പ്രമാണിമാർ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവർക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നിന്ന് അവരെ തിരിച്ചറിയണമെങ്കിൽ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദർശിക്കണം. എല്ലാവരും കാതിൽ കടുക്കനും സ്വർണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലർക്ക് അംഗരക്ഷകർ ഉണ്ടായിരുന്നു. മറ്റു ചിലർ വാൾ ധരിച്ചിരുന്നു. മഴക്കാലമായതിനാൽ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാൻ അരയിൽ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയിൽ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയിൽ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളിൽ പഞ്ചലോഹ മോതിരങ്ങളും സ്വർണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കർണ്ണാഭരണങ്ങളും കാണപ്പെട്ടു.

പാഷാണ്ഡത ആരോപിച്ച് നശിപ്പിക്കപ്പെട്ട പുസ്തകങ്ങൾ[തിരുത്തുക]

(ഉദയംപേരൂർ സൂനഹദോസിൽ നശിപ്പിക്കപ്പെട്ടു എന്നു പറയുന്ന ഗ്രന്ഥങ്ങൾ)

 1. പാർസിമാൻ
 2. മാർഗസീശ
 3. പിതാക്കന്മാരുടെ പുസ്തകം
 4. പവിഴത്തിന്റെ പുസ്തകം
 5. മാക്കമൊത്ത്‌ (പറുദീസ)
 6. മിശിഹായുടേ തിരുബാല പുസ്തകം
 7. സുന്നഹദോസുകളുടെ പുസ്തകം
 8. സ്വർഗത്തിൽ നിന്നും വന്ന കത്ത്‌
 9. കമീസിന്റെ പാട്ടുകൾ
 10. നർസായുടേ പുസ്തകം
 11. പ്രഹൻ പുസ്തകം. യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുൻപ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തിൽ പറയുന്നു.
 12. യോഹന്നാൻ വരകൽദോസ- ഈശോ കർത്താവും ദൈവത്തിന്റെ പുത്രനും വെവ്വേറേയാണെന്നു പറയുന്ന പുസ്തകം.
 13. വാവാകട്ടെ പുസ്തകം
 14. നുഹറ
 15. എംങ്കർത്താപുസ്തകം
 16. കമ്മീസിന്റെ പാട്ടുകൾ
 17. ഇദാറ
 18. സുബാടേ നമസ്കാരം
 19. അൻപത്‌ നൊയമ്പിന്റെ ഉദർ പ്രാർത്ഥന

സൂനഹദോസിന്റെ കാനോനകൾ[തിരുത്തുക]

സൂനഹദോസിന്റെ തീരുമാനങ്ങൾ നിയമങ്ങളാക്കി ക്രോഡീകരിക്കുന്നതാണ് കാനോനകൾ. മിഷണറിമാരുടെയും മലയാളം പഠിച്ച വിദേശീയരുടേയും ഇടപെടലുകൾ നിമിത്തം ഗദ്യരൂപത്തിൽ എഴുതപ്പെട്ട ഈ കാനോനകളിൽ വൈദേശികമായ പല ഭാഷാ സ്വാധീനങ്ങളും കടന്നു കൂടിയിട്ടുണ്ട്.

സൂനഹദോസിന്റെ അനന്തരഫലങ്ങൾ[തിരുത്തുക]

കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു സുന്നഹദോസ്. അതിനു ശേഷം ഉണ്ടായ മാറ്റങ്ങൾ കേരളീയരുടെ ജീവിതത്തിൽ ഇന്നും പ്രതിഫലിക്കുന്നു.

അന്നു വരെ കേരളത്തിലെ ക്രിസ്ത്യാനികൾ സാമൂഹ്യ ജീവിതത്തിൽ മറ്റു സമൂഹങ്ങളുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. അവരുടെ സാമൂഹ്യജീവിതത്തേയും മത വിശ്വാസത്തേയും പാശ്ചാത്യ വത്കരിക്കാനുള്ള ശ്രമമായിരുന്നു സുന്നഹദോസ് എന്നു പറയാം.

സൂനഹദോസിന് മുമ്പ് മദ്ധ്യപൗരസ്ത്യ ദേശീയരായ കിഴക്കിന്റെ സഭയുടെ മെത്രാന്മാർക്കായിരുന്നു നസ്രാണികളുടെ ‍ആത്മീയ നേതൃത്വം. എന്നാൽ സൂനഹദോസിന് ശേഷം പൊർത്തുഗീസുകാർ നിശ്ചയിക്കുന്ന മെത്രാന്മാരാണ് ഇവിടെ എത്തിച്ചേർന്നത്. ദുരാചാരങ്ങളോടെല്ലാം അവർക്ക് പുച്ഛമായിരുന്നു. പൗരസ്ത്യ സുറിയാനി ആരാധനാക്രമവും അതിലെ ഹൈന്ദവ അനുകരണങ്ങളും അവർക്ക് രസിച്ചില്ല. അതിനാൽ ലത്തീൻ ആരാധനാക്രമങ്ങൾ സുറിയാനി ഭാഷയിൽ അവതരിപ്പിക്കാനും അത് അംഗീകരിപ്പിക്കാനും അവർ ശ്രമം നടത്തി.

സൂനഹദോസിനു മുൻപുണ്ടായിരുന്ന മെത്രാന്മാരുടെ അധികാരം ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. മറ്റു കാര്യങ്ങളിൽ ഭരണം നിർവ്വഹിച്ചിരുന്നത് അർക്കദിയോക്കാൻ അയിരുന്നു. എന്നാൽ അത്തരം അധികാരങ്ങളും പിന്നീട് മെത്രാന്മാരിൽ ചെന്നു ചേർന്നു. അൽമായർക്ക് ജനാധിപത്യപരമായി ഭരണത്തിൽ പങ്കു ചേരുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. സഭാ ഭരണത്തിൽ ഏകാധിപത്യം വന്നുചേർന്നു.

അതതു ദേശത്തെ പട്ടക്കാരെ വൈദിക ശുശ്രൂഷയ്ക്കു നിയോഗിക്കേണ്ടുന്നതിനു അന്യദേശക്കാരായ പട്ടക്കാരെ നിയമിച്ചു. പട്ടക്കാരുടെ ബ്രഹ്മചര്യം നിർബന്ധമാക്കിയത് മൂലം പല വൈദികർക്കും അവരുടെ കുടുംബങ്ങളെ വിട്ട് മാറി താമസിക്കേണ്ടി വന്നു.

കേരളത്തിലെ പള്ളികളിൽ വലിയ തോതിൽ വിശുദ്ധന്മാരുടെ രൂപങ്ങൾ ഏർപ്പെടുത്തിയതും രൂപങ്ങളുടെ വണക്കം തുടങ്ങിയതും ഇതിനുശേഷം ആണെന്നു പറയാം.

സൂനഹദോസിനും മുൻപ് ക്രൈസ്തവരും ഹിന്ദുക്കളും സൗഹാർദ്ദത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അതിനുശേഷം മറ്റു ജാതിക്കാരെ അകറ്റി നിർത്തുന്ന സമീപനം ഉടലെടുത്തു. പോർട്ടുഗീസുകാർക്ക് ക്രിസ്ത്യാനികൾ ഒഴിച്ച് മറ്റാരേയും കണ്ടുകൂടായിരുന്നു.[അവലംബം ആവശ്യമാണ്]

ആധുനിക ദൃഷ്ടിയിൽ പുരോഗമനാത്മകമെന്നു പറയാവുന്ന പല പരിഷ്കാരങ്ങളും സുന്നഹദോസിനെത്തുടർന്ന് നടപ്പാക്കപ്പെട്ടു. മന്ത്രവാദം, കൂടോത്രം, ജാതകപ്പൊരുത്തം നോക്കൽ എന്നിവ വിലക്കിയത് അവയിൽപ്പെടും. തീണ്ടൽ, തൊടീൽ തുറ്റങ്ങിയ ജാത്യാചാരങ്ങൾക്കെതിരെ കേരളത്തിൽ തുടങ്ങിയ ആദ്യത്തെ നിയമം ഒരു പക്ഷേ മെനസിസ് നടപ്പിലാക്കിയതായിരിക്കണം.[അവലംബം ആവശ്യമാണ്]

കേരള ക്രൈസ്തവരുടെ പിന്തുടർച്ചാവകാശക്രമത്തിൽ സുപ്രധാനമായ ഒരു പരിഷ്കാരം സുന്നഹദോസ് നടപ്പിലാക്കുകയുണ്ടായി. ആൺ മക്കളില്ലാത്ത കുടുംബങ്ങളിൽ പെൺ മക്കളിലൂടെ പരമ്പര്യ സ്വത്ത് കൈമാറുന്നതിന്റെ നിയമവശങ്ങൾ അതിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. ബാല്യകാല വിവാഹം നിർത്തലാക്കി. ആണിനും പെണ്ണിനും വിവാഹ വയസ്സ് നിശ്ചയിച്ചു. വാണിജ്യ രംഗത്തു പ്രവർത്തിച്ചിരുന്ന നസ്രാണികൾ അന്യായ പലിശ വാങ്ങരുത് എന്ന് അനുശാസിച്ചു. ചീത്ത നാളുകളിൽ/രീതികളിൽ പിറക്കുന്ന കുട്ടികളെ കൊലപ്പെടുത്തുന്ന സമ്പ്രദായം അവസാനിക്കപ്പെട്ടു. അനാഥാലയങ്ങളുടെ ഉത്ഭവം ഒരു പക്ഷേ അങ്ങനെയായിരിക്കാം എന്ന് ചിലർ കരുതുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സുന്നഹദോസ് അവസാനം ചെന്നെത്തിയത് നസ്രാണികളുടെ എതിർപ്പിലേയ്ക്കും അതു വഴി കൂനൻ കുരിശ് സത്യത്തിലേക്കുമാണ്.

കൂനൻ കുരിശു സത്യം[തിരുത്തുക]

പ്രധാന ലേഖനം: കൂനൻ കുരിശു സത്യം

സൂനഹദോസിൽ വച്ചുതന്നെ അതു വഴി അടിച്ചേല്പിച്ച് മാറ്റങ്ങളെ ചെറുക്കുന്നതിന് നസ്രാണികൾക്കു കഴിഞ്ഞില്ലെങ്കിലും താമസിയാതെ തന്നെ, അവർക്കിടയിൽ പുതിയ മാറ്റങ്ങളോടുള്ള പ്രതിഷേധം വ്യാപകമാകാൻ തുടങ്ങി. തുടർച്ചയായ ലത്തീൻവത്കരണ ശ്രമങ്ങളിലൂടെ നൂറ്റാണ്ടുകളിലൂടെ വളർന്ന് വന്ന കേരളത്തിലെ സഭ ഒരു "അധിനിവേശ സഭ"യായി മാറ്റപ്പെട്ടു.[17] ആരാധനാക്രമഭാഷ പൗരസ്ത്യ സുറിയാനിയായി തുടർന്നുവെന്നു മാത്രം.[17] അങ്ങനെ പൗരസ്ത്യ സുറിയാനി ഭാഷയുടെ വേഷഭൂഷാദികളാൽ ആവരണം ചെയ്യപ്പെട്ടിരുന്നെങ്കിലും ലത്തീൻ സഭയുടെ ആരാധനാക്രമത്തിന്റെ മനോഭാവത്തിൽ മാർത്തോമാ ക്രൈസ്തവരുടെ സഭാജീവിതം ചുറ്റിത്തിഞ്ഞു തുടങ്ങി.[17] അവരുടെ പരമ്പരാഗതമായ ആരാധനക്രമം അപ്രധാനമാകുകയും അതിന്റെ സ്ഥാനത്ത് ആരാധനാക്രമവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭക്താനുഷ്ഠാനുങ്ങൾ കടന്നു വരികയും ചെയ്തു.

പോർത്തുഗീസുകാർവഴിയല്ലാതെ, ഏതെങ്കിലും പൗരസ്ത്യ സഭയിൽ നിന്നു ഒരു മെത്രാനെ കിട്ടാൻ മാർത്തോമ ക്രിസ്ത്യാനികൾ പല വഴിക്കും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ കൊച്ചി തുറമുഖത്തിന്റെ മേൽ പോർത്തുഗീസുകാർക്കുണ്ടായിരുന്ന നിയന്ത്രണം ഇതിന് ഒരു വലിയ ഒരു തടസ്സമായി നിന്നു. മാർ അഹത്തള്ള എന്നൊരു മെത്രാൻ കേരളത്തിലേക്കു വരുന്നു എന്നറിഞ്ഞ നസ്രാണികൾ അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയിൽ ഒത്തു ചേർന്നെങ്കിലും അദ്ദേഹത്തെ കരക്കിറങ്ങാൻ പോർത്തുഗീസുകാർ അനുവദിച്ചില്ല. എന്നു തന്നെയല്ല, അഹത്തള്ളയെ പോർത്തുഗീസുകാർ കടലിൽ കല്ല് കെട്ടി താഴ്ത്തി ഇട്ടു കൊന്നു എന്നൊരു വാർത്തയും പരന്നു. ഇതിന്റെ സത്യാവസ്ഥ ഇന്നും നി‍ശ്ചയമില്ലാതെയിരിക്കുന്നു. വാർത്ത കേട്ടു പ്രതിഷേധിച്ച് ഒന്നിച്ചു ചേർന്ന സുറിയാനി ക്രിസ്ത്യാനികൾ, ഇനി തങ്ങൾ "സമ്പാളൂർ പാതിരി" മാരുടെ (ഈശോ സഭാ വൈദികർ - 'സമ്പാളൂർ' എന്നത്, വിശുദ്ധ പൗലൊസ് (Saint Paul) എന്നർത്ഥം വരുന്ന 'സാം പൗളൊ' (São Paulo) എന്ന പോർത്തുഗീസ് വാക്കിന്റെ നാടൻ രൂപമാണ്) കീഴിൽ നിൽക്കില്ല എന്ന് മട്ടാഞ്ചേരിയിലെ കൂനൻ കുരിശിൽ കെട്ടിയ കയറിൽ പിടിച്ച് ശപഥം ചെയ്തു. 1653-ൽ നടന്ന ഈ സംഭവമാണ് കൂനൻ കുരിശ് സത്യം എന്ന് അറിയപ്പെടുന്നത്. അതേ തുടർന്നു തോമാ അർക്കദിയാക്കോനെ, കൈവയ്പിനായി മറ്റൊരു മെത്രാന്റെ അഭാവത്തിൽ, പന്ത്രണ്ട് വൈദികർ ഒരുമിച്ച് കൈവയ്പ്പു നൽകി മാർത്തോമ്മാ ഒന്നാമൻ എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു. എന്നാൽ പോർച്ചുഗീസ് മിഷണറിമാരും അവരോട് അനുഭാവമുള്ളവരും ഇപ്രകാരമുള്ള ഒരു സ്ഥാനാഭിഷേകം കാനോനികമല്ലെന്നും അസാധുവാണെന്നും ആരോപിച്ചു കൊണ്ടിരുന്നു.

പഴയകൂറും പുത്തൻകൂറും[തിരുത്തുക]

ഈ സംഭവവികാസങ്ങൾ എല്ലാം തന്നെ മാർപ്പാപ്പയെ പോർച്ചുഗീസ് മിഷനറിമാർ അറിയിച്ചുകൊണ്ടിരുന്നു.[അവലംബം ആവശ്യമാണ്] അതിനാൽ മാർപ്പാപ്പ ഈശോസഭാ മിഷണറിമാർക്ക് പകരം കർമ്മലീത്താ മിഷണറിമാരെ കേരളത്തിലേക്കയക്കാൻ തീരുമാനിച്ചു. അങ്ങനെ 1655-ൽ ഏതാനും കർമ്മലീത്താ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നു. നസ്രാണികൾ പ്രധാനമായും വെറുത്തിരുന്നത് ഈശോ സഭക്കാരെയാണ്. അതിനാൽ കർമ്മലീത്താക്കാർക്കു നസ്രാണികളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. ജോസഫ് സെബാസ്തീനി എന്ന വൈദികനായിരുന്നു അവരുടെ നേതാവ്. മാർത്തോമ്മാ മെത്രാന്റെ പദവിക്ക് കോട്ടം തട്ടാതെയുള്ള ഒത്തുതീർപ്പാണ് നസ്രാണികൾ ആഗ്രഹിച്ചത്. അതിൽ കുറഞ്ഞ ഒന്നിനും സാധ്യമല്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാൽ ഇതിനിടക്ക് റോമിലേയ്ക്ക് പോയ ജോസഫ് സെബാസ്തീനി മെത്രാനായാണ് തിരിച്ചു വന്നത്. മാർപാപ്പയിൽ നിന്ന് മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള പ്രത്യേക അനുമതിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതോടെ കർമ്മലീത്തർ അനുരഞ്ജന ശ്രമം ഉപേക്ഷിച്ചു.[അവലംബം ആവശ്യമാണ്] അവർ കൊച്ചി രാജാവിന്റെ സഹായത്തോടെ മാർത്തോമ്മാ മെത്രാനെ കുടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല.[അവലംബം ആവശ്യമാണ്] എന്നാൽ അദ്ദേഹം അങ്കമാലി പള്ളി രാജാവിൽ നിന്നു വില കൊടുത്തു വാങ്ങി.[അവലംബം ആവശ്യമാണ്] ഡച്ചുകാരുടെ ശക്തി വർദ്ധിക്കുക മൂലം പോർത്തുഗീസുകാർക്ക് കേരളം വിട്ട് പോകേണ്ടി വന്നതിനു മുൻപേ ചുരുങ്ങിയ കാലം കൊണ്ട് 84 പള്ളികൾ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലാക്കി. 32 പള്ളികൾ മാത്രമേ തോമ്മാ മെത്രാനൊപ്പം നിന്നുള്ളൂ. അങ്ങനെ നസ്രാണി ക്രിസ്ത്യാനികൾ വീണ്ടും രണ്ടായി പിളർന്നു. ജോസഫ് സെബാസ്തീനി മെത്രാനെ പിന്തുണച്ചവർ പഴയകൂറ്റുകാർ എന്നും മാർത്തോമ്മാ ഒന്നാമനെ പിന്തുണച്ചവർ പുത്തൻ‍കുറ്റുകാർ എന്നും അറിയപ്പെടാൻ തുടങ്ങി.[18] അങ്ങനെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു, റോമിന്റെ നിയന്ത്രണത്തിൽ തുടരുന്നവർ പഴയകൂറ്റുകാർ എന്നും, അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവർ പുത്തൻകൂറ്റുകാർ എന്നും അറിയപ്പെടുന്നു.[19] പുത്തൻകൂർ വിഭാഗത്തിൽ പടിപടിയായി പാശ്ചാത്യസുറിയാനി ആരാധനക്രമവും ഭാഷയും അവതരിപ്പിക്കപ്പെടുകയും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അതു പൂർണ്ണമായി ഫലത്തിൽ വരികയും ചെയ്തു.[20] അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.[21]തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു.[22]

എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ കൽദായ സഭാപാരമ്പര്യം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പുതിയതായി എത്തിയ[20] അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം സ്വീകരിച്ച പുത്തങ്കൂറ്റുകാർ അന്ത്യോഖ്യൻ പാത്രിയർക്കീസിന് കീഴിലുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന് അറിയപ്പെടുന്നു), മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു.[23] 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം മേൽപ്പറഞ്ഞ കൽദായ സുറിയാനി സഭയുടെ രൂപീകരണത്തോടെയാണ് കിഴക്കിന്റെ സഭയുടെ ഒരു ആധുനിക ശാഖയായ അസ്സീറിയൻ പൗരസ്ത്യ സഭയുമായി ബന്ധം പുനരാരംഭിക്കപ്പെടുന്നത്.[24][25]

അവലംബം[തിരുത്തുക]

 1. http://www.synodofdiamper.com/synod.php
 2. ഉപോദ്ഘാതം. എഴുതിയത് ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994
 3. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.CS1 maint: extra punctuation (link)
 4. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002.
 5. സൗജന്യ ഓൺലൈൻ വിവർത്തനം
 6. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997
 7. എ. ശ്രീധരമേനോൻ, കേരളചരിത്രശില്പികൾ. ഏടുകൾ 124-125 നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
 8. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 9. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. കേരള സംസ്കാര ദർശനം. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
 10. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
 11. മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982
 12. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 13. ഉദയം‍പേരൂർ സുന്നഹദോസിനെ കുറിച്ചുള്ള വെബ് താൾ
 14. ഫാ. ജോൺ പള്ളത്ത്., ഡോ. അലക്സ് ഡെ മെനസിസും ഉദയം‍പേരൂർ സൂനഹദോസും. ഏട് 58, ഗുഡ് ഷെഫേർഡ് മൊണാസ്ട്രി. കോട്ടയം 1999.
 15. “ദുഷ്ട പാഷാണ്ഡവേദക്കാരനായ നെസ്തോറിയസിനേയും അദ്ദേഹത്തിന്റെ അബദ്ധ സിദ്ധാന്തങ്ങളേയും അദ്ദേഹത്തിന്റെ അനുയായികളേയും ഞാൻ ശപിക്കുന്നു. ഒന്നാം സുന്നഹദോസ് അനുസരിച്ച് ഞാൻ നമ്മുടെ കർത്താവായ ഈശോമിശിഹാ സത്യദൈവമായും സത്യമനുഷ്യനായും ഞാൻ വണങ്ങുന്നു. മാത്രമല്ല ക്രിസ്തുവിൽ രണ്ടു സ്വഭാവവും അതായത് മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും ഉണ്ടെന്നും, ഏക ദൈവിക ആൾ‍രൂപം മാത്രമേയുള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നു. എത്രയും ശുദ്ധമാക്കപ്പെട്ട കന്യകാ മറിയം ദൈവ മാതാവെന്നും വിളിക്കപ്പെടേണ്ടതാകുന്നുവെന്നും സത്യദൈവത്തിന്റെ അമ്മായാകുന്നുവെന്നും അനുസരിക്കുന്നു. ശുദ്ധ റോമാ സഭായെ എന്റെ മാതാവായും ഗുരുനാഥയായും മറ്റു എല്ലാപ്പള്ളികളുടേയും ശിരസ്സായും ഞാൻ അനുസരിക്കുന്നു. ഈ സഭയ്ക്ക് അനുസരിക്കുന്നു. ബാബിലോണിലെ പാത്രിയാർക്കീസിനോടു ഇനി മേലിൽ അന്യോന്യം സമ്പർക്കമുണ്ടാവില്ലെന്നും വാഗ്ദാനം ചെയ്യുന്നു., വിശേഷിച്ച് ഈ രൂപതയിൽ അതതു കാലത്ത് റോമാ മാർപാപ്പയാൽ നിയമിക്കപ്പെടുന്ന മെത്രാന്മാരെയല്ലാതെ മറ്റു യാതൊരുത്തനേയും ഞാൻ സ്വീകരിക്കുകയില്ല എന്നു വാഗ്ദാനം ചെയ്യുന്നു.“ പ്രതിപാദിച്ചിരിക്കുന്നത്: ഡോ. അലക്സ് ഡെ മെനസിസും ഉദയം‍പേരൂർ സൂനഹദോസും, ഫാ. ജോൺ പള്ളത്ത്; ഗുഡ് ഷെഫേർഡ് മൊണാസ്ട്രി. കോട്ടയം 1999.
 16. അന്നത്തെ ക്രിസ്ത്യാനികൾ ജാതിയിൽ നായന്മാരെ പോലെ പെരുമാറിയിരുന്നു. താഴ്ന്ന ജാതിക്കാരുമായി അവരും മത്സരിച്ച് അയിത്താചരണം നടത്തി വന്നു. തീണ്ടപ്പെട്ടാൽ മുറിവുണ്ടാക്കി അതിൽ ഉപ്പ് തേയ്ക്കുക തുടങ്ങിയ ആചാരങ്ങളും നിലനിന്നിരുന്നു
 17. 17.0 17.1 17.2 എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 80-81.
 18. ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994
 19. Brock (2011).
 20. 20.0 20.1 ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. "In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent. (van der Ploeg 1983, 39)."
 21. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. The Yet,those who were Catholic never became fully reconciled to the loss of their ‘Eastern’, ‘Malabar’, or ‘Syrian’ heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.
 22. എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 93. ഉദയംപേരൂർ സുന്നഹദോസ് കഴിഞ്ഞതു മുതൽ മലബാർ സഭയുടെ ആരാധനാക്രമം പുനഃസ്ഥാപിക്കുന്നതിനായി റോമിനോട് ആവർത്തിച്ച് അപേക്ഷിച്ച് കൊണ്ടിരുന്നു. 1908-ൽ അവരുടെ അപേക്ഷയോട് അനുകൂലമായി പ്രതികരിക്കുവാൻ റോം സന്നദ്ധത പ്രകടിപ്പിച്ചു....1957-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറയോട് കൂടി പരിഷ്കരിച്ച മലബാർ സഭയുടെ വി. കുർബാനക്ക് അംഗീകാരം നൽകി.
 23. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church.
 24. Chaldean Syrian Church of India
 25. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. The second half of the 19th cent. also witnessed the renewal, after a break of some 400 years, of the ancient link with the Ch. of E., with the emergence of the Chaldean Syrian Church
 • Brock, Sebastian P. (2011). "Thomas Christians". Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition.

കൂടുതൽ അറിവിന്[തിരുത്തുക]

കത്തോലിക്ക സർവ്വ വിജ്ഞാന കോശം

"https://ml.wikipedia.org/w/index.php?title=ഉദയംപേരൂർ_സിനഡ്&oldid=3668740" എന്ന താളിൽനിന്ന് ശേഖരിച്ചത്