ഉത്തരാസ്വയംവരം (ആട്ടക്കഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരയിമ്മൻ തമ്പി രണ്ടാമതായി രചിച്ച ആട്ടകഥയാണ് ഉത്തരാസ്വയംവരം.

കഥാസംഗ്രഹം[തിരുത്തുക]

കീചകവധത്തെ തുടർന്നുള്ള അജ്ഞാതവാസകാലത്തിന്റെ അന്ത്യഭാഗത്തെ കഥകളാണ് ഈ ആട്ടകഥയുടെ ഇതിവൃത്തം. കിചകനും ഉപകീചകന്മാരും വധിക്കപ്പെട്ടു എന്നറിഞ്ഞ് ഭയാശങ്കപൂണ്ട സ്വപത്നി സുദേഷ്ണയെ സമാശ്വസിപ്പിക്കുന്ന രംഗമാണ് ആദ്യത്തേത്. രണ്ടാം രംഗം ദുര്യോധനനും ഭാനുമതിയുമായുള്ള ശൃഗാരപ്പദമാണ്. അജ്ഞാതവാസം ചെയ്യുന്ന പാണ്ഡവരെ കണ്ടെത്തുവാനായി ദുര്യോധനൻ നിയോഗിച്ചിരുന്ന ചാരന്മാരിൽ ഒരുവൻ കൌരവസഭയിലെത്തി കീചകന്റെ മരണവൃത്താന്തം അറിയിക്കുന്നു മൂന്നാം രംഗത്തിൽ‍. മഹാബലശാലിയായ കീചകനെ കൊല്ലുവാൻ ഭീമനല്ലാതെ മറ്റാർക്കും സാദ്ധ്യമല്ലെന്നും അതിനുകാരണക്കാരിയായ സ്ത്രീ പാഞ്ചാലിതന്നെ ആയിരിക്കണമെന്നുമുള്ള ദുര്യോധനന്റെ സംശയത്തെ ഭീഷ്മരും ശരിവയ്ക്കുന്നു. അപ്പോൾ പാണ്ഡവരെ പുറത്തുകൊണ്ടുവരുവാനുള്ള ഉപായമായി വിരാടന്റെ ഗോധനം അപഹരിക്കുവാനായി ദുര്യോധനൻ തീരുമാനിക്കുന്നു. നാലാം രംഗത്തിൽ ദുര്യോധനന്റെ സഹായത്താൽ പ്രതാപിയായി കഴിയുന്ന സുശർമ്മാവ് എന്നുപേരായ ത്രിഗർത്തരാജാവ് ദുര്യോധന സവിധത്തിലെത്തുന്നു. ദുര്യോധനൻ വിരാടന്റെ ഗോധനം അപഹരിക്കുവാനായി ത്രിഗർത്തനെ നിയോഗിക്കുന്നു. മറ്റൊരുമാർഗ്ഗത്തിലൂടെ സേനാസമേതം വന്ന് താനും ഗോധനാപഹരണം ചെയ്തുകൊള്ളാം എന്നുപറഞ്ഞ് ദുര്യോധനൻ സുശർമ്മാവിനെ യാത്രയാക്കുന്നു. തുടർന്ന് ത്രിഗർത്തൻ സേനാസമേതനായി മാത്സ്യദേശത്തിലെത്തി ഗോക്കളെ അപഹരിക്കുന്നു. ഇതറിഞ്ഞ് തടുക്കാനെത്തുന്ന വിരാടനെ ത്രിഗർത്തൻ യുദ്ധത്തിൽ ബന്ധിക്കുന്നു. പെട്ടെന്ന് അവിടെയെത്തുന്ന വലലൻ തന്റെ സ്വാമിയെ മോചിപ്പിക്കുകയും സുശർമ്മാവിനെ നേരിടുകയും ചെയ്യുന്നു. വലലൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയെങ്കിലും കങ്കന്റെ നിദ്ദേശം മാനിച്ച് ത്രിഗർത്തനെ കൊല്ലാതെ വിടുന്നു. സുശർമ്മാവ് അവിടെനിന്നും പാലായനം ചെയ്യുന്നു. വിരാടപുത്രനും സ്ത്രീലമ്പടനുമായ ഉത്തരരാജകുമാരൻ അന്ത:പുരസ്ത്രീകളുകളുമായി സല്ലപിക്കുന്നതാണ് രംഗം അഞ്ചിൽ. വിരാടൻ ത്രിഗർത്തനെ നേരിടാൻ പോയതക്കത്തിന് വൻസേനയുമായി മറ്റൊരുവഴിയ്ക്ക് വിരാടത്തിലെത്തിയ ദുര്യോധനൻ ഗോക്കളെ ഹരിക്കുന്നു. പശുപാലകർ അന്ത:പുരത്തിലെത്തി യുവരാജാവായ ഉത്തരനെ ഈ വിവരം ധരിപ്പിക്കുന്നു. അർജ്ജുനന് കൃഷ്ണൻ എന്നതുപോലെ തേർതെളിക്കുവാനായി യോഗ്യനായ ഒരാളെ കിട്ടിയാൽ പാർത്ഥനെപ്പോലെ വില്ലാളിവീരനായ താൻ കൌരവരെ ക്ഷണത്തിൽ തൊൽപ്പിച്ച് ഗോക്കളെ വിണ്ടെടുക്കുമെന്ന് ഉത്തരൻ നാരീസമക്ഷത്തിൽ വെച്ച് വീരവാദം മുഴക്കുകയും, അങ്ങനെയായാൽ പരാജിതരായ ദുര്യോധനാദികളുടെ പട്ടുവസ്ത്രങ്ങൾ കൊണ്ടുവന്ന് തരാമെന്ന് സ്ത്രീകൾക്ക് വാഗ്ദാനം നൽകുകയും ചെയ്യുന്നു. ആറാം രംഗത്തിൽ പാർത്ഥസദൃശനാണ് താനെന്ന ഉത്തരന്റെ വീമ്പിളക്കൽ കേട്ടറിഞ്ഞ സൈരന്ധ്രി(പാഞ്ചാലി) ബൃഹന്ദളയെ(അർജ്ജുനൻ) സമീപിച്ച് വൃത്താന്തങ്ങൾ അറിയിക്കുന്നു. ഉത്തരന്റെ ജളത്വം ശമിപ്പിക്കാമെന്നും, വിരാടനെ ആപത്തിൽനിന്നും രക്ഷിക്കേണ്ടത് തന്റെ കടമയാണന്നും, അജ്ഞാതവാസകാലം തികഞ്ഞ ഈ അവസരത്തിൽ കൌരവരോട് പകവീട്ടാൻ ഇതൊരു അവസരാണന്നും ആലോചിച്ച ബൃഹന്ദള; ‘ഉത്തരന്റെ തെർ തെളിക്കുവാൻ ഞാൻ വരാം’ എന്ന് അവനെ അറിയിക്കുവാൻ സൈരന്ധ്രിയോട് പറയുന്നു. സൈരന്ധ്രി ഉത്തരമുഖാന്തരം ബൃഹന്നളയുടെ സന്നദ്ധത ഉത്തരനെ അറിയിക്കുന്നു രംഗം 7ൽ. തുടർന്ന് ഉത്തരന്റെ സമീപമെത്തുന്ന ബൃഹന്നള തേർ ഒരുക്കിക്കൊണ്ടുവന്ന് ഉത്തരനെയും കയറ്റി യുദ്ധത്തിനായി പുറപ്പെടുന്നു. എട്ടാം രംഗത്തിൽ ബൃഹന്നളയാൽ അതിവേഗത്തിൽ തെളിക്കപ്പെടുന്ന തേരിൽ സഞ്ചരിക്കവെ ഭയവിഹ്വലനാവുന്ന ഉത്തരൻ തേർ തിരിക്കുവാൻ ആവശ്യപ്പെടുന്നു. എന്നാൽ ബൃഹന്നള അത് കൂട്ടാക്കുന്നില്ല. ക്ഷത്രിയോചിതമായ യുദ്ധവീര്യമില്ലാത്ത ഉത്തരൻ തേരിൽ നിന്നു ചാടി തിരിഞ്ഞോടുന്നു. ബൃഹന്നള അവനെ പിടിച്ചുകൊണ്ടുവന്ന് ക്ഷത്രിയധർമ്മം ഉപദേശിക്കുകയും പരമാർത്ഥം വെളിപെടുത്തുകയും ചെയ്യുന്നു. വില്ലാളിവീരനായ അർജ്ജുനൻ തന്നെയാണ് താനെന്ന് വിശ്വസിപ്പിച്ച് ഉത്തരന് മനോധര്യം പകർന്നിട്ട് ബൃഹന്നള അയാളെ തേരോടിക്കുവാൻ നിയോഗിക്കുന്നു. അജ്ഞാതവാസകാലത്തിനുമുൻപ് ശ്മശാനത്തിലെ ശമീവൃക്ഷത്തിൽ ഒപ്പിച്ചുവെച്ച ഗാണ്ഡീവം ഉത്തരനെകൊണ്ട് എടുപ്പിച്ച ശേഷം ബൃഹന്നള ശ്രീഹനുമാനെ ധ്യാനിക്കുന്നു. കദളീവനത്തിലിരിക്കുന്ന ഹനുമാൻ പെട്ടെന്ന് ധ്യാനത്തിനിന്നും ഉണരുന്നു രംഗം ഒൻപതിൽ. അർജ്ജുനൻ തന്നെ സ്മരിച്ചതാണ് പെട്ടെന്ന് ഉണരുവാനുള്ള കാരണമെന്ന് മനസ്സിലാക്കിയ ഹനുമാൻ ഉടനെ അർജ്ജുനസമീപത്തേയ്ക്ക് പുറപ്പെടുന്നു. പത്താം രംഗത്തിൽ സമീപമെത്തിയ ഹനുമാനോട് ബൃഹന്നള കൌരവരോട് യുദ്ധത്തിന് മുതിരുന്ന തന്റെ തേർകൊടിമരത്തിൽ ഇരുന്നരുളേണമേ എന്ന് അപേക്ഷിക്കുന്നു. വിജയന് വിജയം ആശംസിച്ചുകൊണ്ട് ഹനുമാൻ കൊടിമരത്തിൽ കയറി വസിക്കുന്നു. തുടർന്ന് ബൃഹന്നള ഉത്തരൻ തെളിക്കുന്ന തേരിലേറിചെന്ന് കൌരവരെ പോരിനുവിളിക്കുന്നു രംഗം 11ൽ. പന്ത്രണ്ടാം രംഗത്തിൽ ഞാണോലികേട്ട് എതിരിടാൻ വരുന്നത് അർജ്ജുനനാണന്ന് മനസ്സിലാക്കിയ ദുര്യോധനൻ സഭാവാസികളുമായി കാര്യം ചർച്ച ചെയ്യുന്നു. അർജ്ജുനനെ താൻ വധിക്കുമെന്ന കർണ്ണന്റെ വീരവാദം കേട്ട് സഹിയാഞ്ഞ് കൃപാചാര്യർ പാർത്ഥസദൃശനായി ലോകത്തിൽ മറ്റാരുമില്ലെന്നും കർണ്ണന്റെ വീര്യമെല്ലാം വാക്കിൽ മാത്രമെയുള്ളുവെന്നും മറ്റും പറഞ്ഞ് കർണ്ണനെ പരിഹസിക്കുന്നു. ഇതുകേട്ട് ക്രുദ്ധിച്ച് കർണ്ണൻ കൃപനോട് എതിരിടാനൊരുങ്ങുന്നു. ഭീഷ്മർ ഇടപെട്ട് ഇരുവരേയും ശാന്തരാക്കുന്നു. രംഗം 13ൽ ഉത്തരൻ തെളിക്കുന്ന തേരിലെത്തി കൌരവപ്പടയെ ‍സമീപിക്കുന്ന പാർത്ഥൻ അസ്ത്രങ്ങളാൽ ദോണൻ, ഭീഷ്മർ, കൃപർ എന്നിവരെ വന്ദിച്ചശേഷം ഘോരമായ യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ ബൃഹന്നളയുടെ മോഹനാസ്ത്രപ്രയോഗത്താൽ കൌരപ്പടയെല്ലാം മോഹാലസ്യപ്പെട്ട് വീഴുന്നു. തുടർന്ന് ദുര്യോധനാദികളുടെ പട്ടുവസ്ത്രങ്ങൾ ശേഘരിച്ചുകൊണ്ട് തേർതെളിക്കുന്ന ഉത്തരനോടുകൂടി അപഹരിക്കപ്പെട്ട ഗോവൃന്ദത്തേയും തെളിച്ചുകൊണ്ട് ബൃഹന്നള വിരാടപുരിയിലേയ്ക്ക് മടങ്ങുന്നു. സ്വല്പസമയത്തിനു ശേഷം മോഹാലസ്യം വിട്ടുണരുന്ന ദുര്യോധനാദികൾ ലജ്ജിതരായി ഹസ്തിനാപുരത്തിലേയ്ക്ക് മടങ്ങിപോകുന്നു. പതിനാലാം രംഗത്തിൽ വിരാടനും കങ്കനും ചൂതുകളിച്ചുകൊണ്ടിരിക്കെ ഒരു ദൂതൻ വന്ന് ഉത്തരൻ കൌരവരെ ജയിച്ച് ഗോക്കളെ വീണ്ടെടുത്ത വിവരം ധരിപ്പിക്കുന്നു. ഉത്തരനല്ല ക്ഷത്താവായ ബൃഹന്നളയാണ് ശത്രുക്കളെ ജയിച്ചതെന്ന കങ്കന്റെ അഭിപ്രായം കേട്ട് കോപിക്കുന്ന വിരാടൻ കയ്യിലിരുന്ന പകിടകൾ ആ സന്യാസിയുടെ മുഖത്തേയ്ക്ക് ഏറിയുന്നു. കങ്കന്റെ മുഖത്തുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നപ്പോൾ സൈരന്ധ്രി ഓടിയെത്തി രക്തം നിലത്തേയ്ക്കു വീഴാതെ തുടച്ചെടുക്കുന്നു. ഉത്തരൻ വിരാടസമീപമെത്തി ഒരു ഇന്ദ്രപുത്രനാണ് ശത്രുക്കളെ പരാജയപ്പെടുത്തിയതെന്നുള്ള വിവരം അറിയിക്കുന്നു രംഗം15ൽ. പതിനാറാം രംഗത്തിൽ വിരാടൻ ജ്യേഷ്ഠനെ ഉപദ്രവിച്ചതറിഞ്ഞ് കോപിഷ്ഠനാകുന്ന വലലനെ കങ്കൻ സമാധാനിപ്പിച്ച് ശന്തനാക്കുന്നു. പാണ്ഡവരും പാഞ്ചാലിയും സ്വരൂപങ്ങളെ ധരിച്ച് വിരാടസന്നിധിയിലെത്തി പരമാർത്ഥാങ്ങൾ അറിയിക്കുന്നു രംഗം 17ൽ‍‍. വിരാടൻ ധർമ്മപുത്രനോട് ആളറിയാതെ താൻ ചെയ്തുപോയ പിഴകൾക്ക് മാപ്പുചോദിക്കുന്നു. ഓപ്പം തന്റെ പുത്രിയായ ഉത്തരയെ അർജ്ജുനനു നൽകാനുള്ള സന്നദ്ധതയും അറിയിക്കുന്നു. ഉത്തരയ്ക്ക് താൻ ഗുരുവും പിതൃസമാനനുമാകയാൽ അവളെ തന്റെ പുത്രനായ അഭിമന്യുവിന് വിവാഹം കഴിച്ചുനൽകണമെന്ന അർജ്ജുനന്റെ അഭിപ്രായത്തോട് വിരാടൻ യോജിക്കുന്നു. പതിനെട്ടാം രംഗത്തിൽ ശ്രീകൃഷ്ണസാന്നിധ്യത്തിൽ ഉത്തരയും അഭിമന്യുവുമായുള്ള വിവാഹം നടക്കുന്നു. ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ് അന്ത്യരംഗത്തിൽ.[1]

അവലംബം[തിരുത്തുക]

  1. "ചിമിഴ്".