ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ
കർത്താവ്കെ പി ജയകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചലച്ചിത്ര പഠനം
പ്രസാധകൻമാതൃഭൂമി ബുക്‌സ്, കോഴിക്കോട് [1]
പ്രസിദ്ധീകരിച്ച തിയതി
2011
ഏടുകൾ103

മലയാളസിനിമയിലെ വിപ്ലവഭൂതകാലത്തിലേക്ക് ആഴമേറിയ സഞ്ചാരം. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയസ്മൃതികളെ ചലച്ചിത്രങ്ങളിലൂടെ പുനർവായിക്കാനുള്ള വ്യത്യസ്തമായ ശ്രമം

ആമുഖം[തിരുത്തുക]

കേരളചരിത്രത്തിൽ ഒരു കാലഘട്ടത്തെ സ്വാധീനിച്ച ധൈഷണികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ചലനമാണ് ഇടതുപക്ഷ തീവ്രവാദം. കലയിലും എഴുത്തിലും അരങ്ങിലും ചലച്ചിത്രത്തിലുംസാംസ്‌കാരിക സാമൂഹികജീവിതത്തിലുമെല്ലാം അതിന്റെ അനുരണനങ്ങൾ പ്രകടമായിരുന്നു. ഒരുപാട് വൈരുദ്ധ്യങ്ങളോടെയാണ് ചരിത്രത്തിൽ ഈ രാഷ്ട്രീയ സന്ദർഭം അടയാളപ്പെടുന്നത്. ഒരു രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിൽ വിജയം അവകാശപ്പെടാൻ കഴിയില്ലെങ്കിലും ഇടതുപക്ഷ തീവ്രവാദം ഉയർത്തിവിട്ട സാംസ്‌കാരിക മുന്നേറ്റം കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മനോഘടനയിൽ ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിച്ചു. പിൽക്കാലത്ത് പൊതുസമൂഹത്തിലെ പ്രതിരോധ സംഘങ്ങൾ രൂപം കൊള്ളുന്നതിൽ ഇടതുതീവ്രവാദ സംഘങ്ങളുടെ രാഷ്ട്രീയ നൈതികതയും അടിയന്തരാവസ്ഥയുടെ സൂക്ഷ്മാധികാത്തിന്റെയും സാംസ്‌കാരികാധിനിവേശത്തിന്റെയും ഓർമ്മകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ചരിത്ര ഘട്ടത്തെ പകർത്തുമ്പോൾ അതിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഒട്ടനവധി കാഴ്ചകളെ പുനർവായിക്കേണ്ടതുണ്ട്. എഴുപതുകളുടെ മധ്യത്തിൽ ആരംഭിക്കുന്ന മലയാള നക്‌സലൈറ്റ് സിനിമകളുടെ ചരിത്രം മൂന്നുദശകങ്ങൾ പിന്നിടുന്നു. 'നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യഘട്ടം സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റത്തിന്റേതായിരുന്നുവെങ്കിൽ, അതിന്റെ രണ്ടാം ഘട്ടം സാഹിത്യത്തിലും സാംസ്‌കാരിക മേഖലയിലുമാണ് പ്രതിഫലിച്ചത്. മൂന്നാംഘട്ടം സിനിമയായിരുന്നു.' എന്ന നിരീക്ഷണം കേരളത്തിലെ തീവ്രഇടതുപക്ഷത്തെ സംബന്ധിച്ചും ശരിയായിരിക്കും. 'കബനി നദിചുവന്നപ്പോൾ' (1975), 'ഇത്തിരിപൂവേ ചുവന്നപൂവേ'(1984), 'അമ്മ അറിയാൻ'(1986), 'പഞ്ചാഗ്നി',(1986) 'ആരണ്യകം', (1988), യാഗം(1989), പിറവി (1988) 'അപരാഹ്നം'(1990) 'മാർഗ്ഗം (2003), തലപ്പാവ് (2008), ഗുൽമോഹർ (2008) തുടങ്ങി വാണിജ്യവും വാണിജ്യേതരവുമായ നിരവധി നക്‌സലൈറ്റ് സിനിമകൾ മലയാളത്തിലുണ്ടായി. മലയാള സിനിമയുടെ മൂന്നുദശകങ്ങൾ ഈ ക്ഷോഭകാലത്തെ കാഴ്ചയിലേക്ക് പകർത്തിയത് വ്യത്യസ്ത തരംഗവേഗങ്ങളിലാണ്. ഒരേ രാഷ്ട്രീയ കാലാവസ്ഥ, ഒരേ ജനതയുടെ കാഴ്ചകളെ അഭിസംബോധനചെയ്യുന്നത് എന്തെല്ലാം വ്യത്യസ്തതകളോടെയാണെന്ന് ഈ ചലചിത്രങ്ങൾ ബോധ്യപ്പെടുത്തുന്നു.

അവതാരിക[തിരുത്തുക]

ഡോ. വി സി ഹാരിസ്

നക്‌സലൈറ്റ് ശരീരങ്ങളാൽ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തിൽ എഴുപതുകളെത്തുടർന്നുണ്ടായ സിനിമകൾ എന്തു ദൗത്യമാണ് നിർവഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേസമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്രപ്രക്രിയയ്ക്കിടയിൽ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്നുകൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകൾക്ക് ഒരു വേദിയായി മാറുമെങ്കിൽ ഉടലിൽ കൊത്തിയ ചരിത്രസ്മരണകൾ എന്ന ഈ പുസ്തകം അതിന്റെ ദൗത്യം നിറവേറ്റിയെന്നു പറയാം. [2]

അവലംബം[തിരുത്തുക]

  1. http://buy.mathrubhumi.com/books/bookdetails.php?id=931
  2. http://buy.mathrubhumi.com/books/bookdetails.php?id=931