Jump to content

ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു .ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോതന്നെയാണെന്നു മാർഗ്ഗറീത്ത മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപാടുകളിൽനിന്നു വിശദമാണ് .ഫ്രാൻസിൽ പാരലെമോണിയായിലെ വിസിറ്റേഷൻ മഠത്തിലെ ഒരംഗമായിരുന്ന ഈ സഹോദരിക്കു 1673 മുതൽ 1675 വരെ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി .ഈശോ തന്റെ ഹൃദയം നെഞ്ചിൽവച്ചു ഒരു വിരലുകൊണ്ടു താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണു കാണപ്പെട്ടത് .ഹൃദയത്തിന്റെ ഞെട്ടിൽ ഒരു കുരിശുണ്ടായിരുന്നു .അതിന്റെ കടയ്ക്കൽനിന്നു സ്നേഹാഗ്നിജ്വാല ഉയർന്നു പൊന്തി കുരിശിനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി തോന്നും ഒരു മുൾമുടി ഹൃദയത്തെ വലയം ചെയ്തിരുന്നു .വിശുദ്ധ മർഗ്ഗറീത്തായുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയം ഇന്നു ചിത്രീകരിച്ചിട്ടുള്ളത് . ഈശോയ്ക്കു മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകമായ മാംസള ഹൃദയമാണു തിരുഹൃദയ ഭക്തിയുടെ വിഷയം .ഈ ഭക്തി പതിനൊന്നാം ശതാബ്ദം മുതൽ പ്രകടമാകാൻ തുടങ്ങി .1298-ൽ മരിച്ച വിശുദ്ധ മെക്ക്ടിൽഡും 1302-ൽ മരിച്ച വിശുദ്ധ ജെർത്രൂദും ഈ ഭക്തി അഭ്യസിച്ചിരുന്നു .വിശുദ്ധ ജോൺ യൂഡ്സ് ആരംഭിച്ച ഈശോയുടേയും മറിയത്തിന്റേയും സഭയിൽ തിരുഹൃദയത്തിരുനാളിനു പ്രത്യേക കുർബാനയും കാനോന നമസ്കാരവുമുണ്ടായിരുന്നു .മാർസെയിലെ വന്ദ്യയായ ആൻ മഡെലെയിൻ റാമുസാത്ത് തിരുഹൃദയഭക്തി പ്രചരണത്തിനു വളരെ സഹായിച്ചു .1856-ൽ തിരുഹൃദയത്തിരുനാൾ സാർവ്വത്രിക സഭയിൽ ആഘോഷിക്കണമെന്നു നിശ്ചയിച്ചു . 1899-ൽ പതിമൂന്നാം ലെയോ മാർപ്പാപ്പ മനുഷ്യവർഗ്ഗം മുഴുവനും തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുകയും ചെയ്തു .

12 വാഗ്ദാനങ്ങൾ

[തിരുത്തുക]
മാർഗ്ഗറീത്ത മറിയം അലക്കോക്കിന് ഈശോയുടെ തിരുഹൃദയം പ്രത്യക്ഷപ്പെടുന്നു .

ഈശോയുടെ തിരുഹൃദയം 12 വാഗ്ദാനങ്ങൾ തന്റെ ഭക്തർക്കുവേണ്ടി വിശുദ്ധ മാർഗ്ഗരീത്തായോടു പറഞ്ഞിരുന്നു.

  1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും .
  2. അവരുടെ കുടുംബങ്ങളിൽ ഞാൻ സമാധാനം പുലർത്തും .
  3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .
  4. ജീവിതത്തിൽ വിശിഷ്യ മരണനേരത്തും ഞാൻ അവരുടെ ദൃഢമായ അഭയമായിരിക്കും .
  5. അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാൻ അനുഗ്രഹിക്കും .
  6. പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദർശിക്കും .
  7. മന്ദഭക്തർ തീക്ഷ്ണതയുള്ളവരാകും .
  8. തീക്ഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.
  9. എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാൻ ആശീർവദിക്കും .
  10. കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതർക്കു നല്കും .
  11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ ഉല്ലിഖിതമാകും അവ നീക്കപ്പെടുന്നതല്ല .
  12. ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല .