ഇ.പി. രാജഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.പി. രാജഗോപാലൻ
ജനനം25-06-1962
kasaragod chandera
ദേശീയതഭാരതീയൻ
രചനാ സങ്കേതംസാഹിത്യനിരൂപകൻ, വിമർശകൻ, നാടകകൃത്ത്

മലയാളത്തിലെ സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ്‌ ഇ.പി. രാജഗോപാലൻ. മലയാളനിരൂപണത്തിൽ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന മാർക്സിസ്റ്റ് നിരൂപണസമ്പ്രദായത്തിന്റെ ഊർജ്ജസ്വലനായ പ്രയോക്താവാണ് ഇദ്ദേഹം. (നവ)മാർക്സിസ്റ്റ് ചിന്തയുടെ യാന്ത്രികമല്ലാത്ത സ്വാധീനം സാമാന്യമായി പ്രകടമാക്കുന്ന നിരൂപണപഠനങ്ങൾ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. നിരൂപണത്തെ പുതിയ നിരീക്ഷണങ്ങൾ കൊണ്ട് വ്യത്യസ്തവും സർഗാത്മകവുമാകുന്ന എഴുത്തുരീതിയാണ് രാജഗോപാലൻ തുടക്കകാലം മുതൽ സ്വീകരിച്ചിരിക്കുന്നത്‌. എഴുതുന്ന വ്യക്തിയെ കാര്യമായി കണക്കാക്കാതെ എഴുത്തിൽ വായിക്കാനാവുന്ന ചരിത്രത്തെയും ജീവിതത്തെയുമാണ് രാജഗോപാലൻ ശ്രദ്ധിക്കാറുള്ളത്. സാഹിത്യവിമർശനമെന്നാൽ സാഹിത്യപഠനമല്ല, മറിച്ച് സാഹിത്യകൃതികളെക്കൂടി ചേർത്തുകൊണ്ടുള്ള ജീവിതപഠനമാണ്-----ഇ.പി. രാജഗോപാലൻ ഒരിടത്ത് ഇങ്ങനെ തെളിച്ചുപറഞ്ഞിട്ടുണ്ട്.

സാഹിത്യകൃതികൾ മാത്രമല്ല ഫോക് ലോർ, നാടകം, ചിത്രകല, ചലച്ചിത്രം, ഫോട്ടോഗ്രഫി , വിദ്യഭ്യാസചിന്ത, മറ്റ് പൊതുജിവിതരംഗങ്ങൾ, ചെറിയ കാര്യങ്ങൾ, അനൌപചാരികമായ വസ്തുതകൾ, സ്ഥാപനവത്കൃതമാവാത്ത അറിവുകൾ, പ്രാദേശികമായ ഇനങ്ങൾ എന്നിവയും രാജഗോപാലനെ ആകർഷിക്കുന്നു.

സംസ്കാരപഠനം എന്ന മേഖലയെ ഏറെ ജനകീയമാക്കിയ ഒരു മലയാളനിരൂപകനാണ് രാജഗോപാലൻ. കേരളജീവിതത്തെക്കുറിച്ചുള്ള ഔപചാരികവും അല്ലാത്തതുമായ അറിവും ധാരണയുമാണ് മലയാളവിമർശകൻറെ അടിസ്ഥാനയോഗ്യത എന്ന് തെളിയിക്കുന്നവയാണ് (ഇംഗ്ലിഷ് അധ്യാപകനായ ) രാജഗോപാലൻറെ എഴുത്തുകൾ.

പ്രഭാഷണവേദിയിലെ രാജഗോപാലനും ഇതേ നിലപാടുമായി നിൽക്കുന്നു. സംവാദാത്മകവും അനൌപചാരികവുമാണ് പല വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം രാജഗോപാലൻ നടത്തുന്ന പ്രഭാഷണങ്ങൾ. അക്കാദമികപ്രബന്ധങ്ങളിൽപ്പോലും ഈ രീതിയാണ്.

നാടകമാണ് രാജഗോപാലൻറെ മറ്റൊരു രംഗം. രണ്ടു നാടകങ്ങളിൽ എൻ ശശിധരനൊപ്പം രചയിതാവായി. നാടകവിമർശനത്തിലും രാജഗോപാലൻ വേറിട്ട വഴി പിന്തുടർന്നുവരുന്നു.

ലോക്കൽ ഹിസ്റ്ററി മറ്റൊരു മേഖല. 'ഉദിനൂർ ഗ്രാമച്ചരിത്ര'ത്തിൻറെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു.ചില ഗ്രാമീണസ്ഥാപനങ്ങളുടെ സ്മരണികകൾ എഡിറ്റുചെയ്യുകയുണ്ടായി.

സാംസ്കാരികസംഘാടകൻ കൂടിയാണ്. ഷെയ്ക്സ്പിയർ ഉത്സവം, കടലെഴുത്തുകൾ, ഷെഹറസാദ് കഥാശിബിരം, സംസ്ഥാന നിരൂപണസാഹിത്യ ക്യാമ്പ്, പി സ്മൃതി തുടങ്ങിയവയുടെ പ്രധാന പ്രവർത്തകനായിരുന്നു.

ദേശാഭിമാനി വാരികയിൽ ''കഥ ഇന്ന്'' എന്ന പംക്തി കൈകാര്യം ചെയ്തു.

വിവിധ ആനുകാലികങ്ങളിൽ സാഹിത്യ-കലാ-സംസ്കാര നിരൂപണങ്ങൾ എഴുതുന്നു.

ഇ പി രാജഗോപാലൻറെ നിരൂപണസാഹിത്യത്തെപ്പറ്റി എം ഫിൽ, പി എച്ച്ഡി തലങ്ങളിൽ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.

സ്കൂൾ , സർവകലാശാലതലങ്ങളിൽ ലേഖനങ്ങൾ പഠനപദ്ധതിയിൽ വരാറുണ്ട്.

സാഹിത്യപ്രവർത്തകസഹകരണസംഘത്തിൻറെ '' കഥയുടെ നൂറ്റാണ്ട്'' എന്ന ഗ്രന്ഥത്തിൻറെ ( രണ്ടുവാല്യം ) എഡിറ്റൊറിയൽ കമ്മിറ്റി അംഗമായിരുന്നു.

കേരള സർക്കാറിൻറെ പത്താം തരത്തിലെ ഇംഗ്ലിഷ് പാഠപുസ്തകനിർമ്മാണ സമിതിയംഗമായി പ്രവർത്തിച്ചു.

സഹിതമാസികയുടെ എഡിറ്ററായിരുന്നു. എതിർദിശ മാസികയുടെ കൺസൽട്ടൻററ് എഡിറ്റർ.

ജീവിതരേഖ[തിരുത്തുക]

കാസർകോട് ജില്ലയിലെ ഉദിനൂർ കിനാത്തിൽ എന്ന സ്ഥലത്ത് 1962-ൽ ജനിച്ചു. പയ്യന്നൂർ കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദം. ഇരുപത്തൊന്നുകൊല്ലം കണ്ണൂർ ജില്ലയിലെ വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്അദ്ധ്യാപകൻ . 2018-ൽ കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു.

കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമാണ്. പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടാണ്.

പിലിക്കോട് പഞ്ചായത്തിലെ ചന്തേര മാണിയാട്ട് താമസം.

വിലാസം:

ശ്രീരേഖ’ , മാണിയാട്ട് , കാസർഗോഡ് - 671310.

rajagopalanep@gmail.com

9847605601

കൃതികൾ[തിരുത്തുക]

 • കവിതയുടെ ഗ്രാമങ്ങൾ
 • മീനും കപ്പലും
 • കഥയും ആത്മകഥയും
 • സ്വപ്നവും ചരിത്രവും
 • ലോകത്തിൻറെ വാക്ക്
 • നിശ്ശബ്ദതയും നിർമ്മാണവും
 • നിരന്തരം
 • നാട്ടറിവും വിമോചനവും
 • വ്യത്യാസം
 • അളവ്
 • കാര്യം
 • പലമ
 • രണ്ടു കസേരകൾ
 • സംസ്കാരത്തിൻറെ കുടിലുകൾ
 • ആഖ്യാനത്തിൻറെ ജീവിതം
 • കാലക്രമേണ
 • കാര്യം
 • അളവ്
 • പൂവും മരവും പൂരവും.
 • ആളുകളുടെ വഴികൾ (forthcoming)
 • ഇന്ദുലേഖ;; വായനയുടെ ദിശകൾ (എഡിറ്റർ)
 • കഥാപൂർവ്വം (എഡിറ്റർ)
 • മുരിങ്ങാച്ചോട്ടിലെ നക്ഷത്രക്കാഴ്ചകൾ (എഡിറ്റർ )
 • കുഞ്ഞമ്പുമാഷും ഇംഗ്ലിഷുവാക്കും (ഭാഷാകുറിപ്പുകൾ)
 • ആറാം നമ്പർ വാർഡ്‌ (ചെക്കോവ് -- നീണ്ടകഥ വിവർത്തനം)
 • രഹസ്യജീവിതം (സാൽവദോർ ദാലി -- വിവർത്തനം)
 • കേളു (നാടകം) -- എൻ. ശശിധരനുമൊത്ത്
 • Cherukat Govinda Pisharody ( ഇംഗ്ലിഷ്) കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണം -- തമിഴ് വിവർത്തനം വന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

കവിതയുടെ ഗ്രാമങ്ങൾ എന്ന കൃതിക്ക് 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം

തായാട്ട് അവാർഡ് -- സ്വപ്നവും ചരിത്രവും

എസ് ഗുപ്തൻനായർ അവാർഡ് -- നിശ്ശബ്ദതയും നിർമ്മാണവും

സിപി ശിവദാസൻ അവാർഡ് -- കാലക്രമേണ

ജോസഫ് മുണ്ടശ്ശേരി അവാർഡ് -- കവിതയുടെ ഗ്രാമങ്ങൾ

എം എസ് മേനോൻ അവാർഡ് -- കവിതയുടെ ഗ്രാമങ്ങൾ

കേരള സംഗീത നാടക അക്കാദമി പുരസ്കാരം -- കേളു

അവലംബം[തിരുത്തുക]

https://www.marunadanmalayali.com/column/pusthaka-vich-ram/kunjambu-masum-english-vakkum-123210

https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82

"https://ml.wikipedia.org/w/index.php?title=ഇ.പി._രാജഗോപാലൻ&oldid=3357800" എന്ന താളിൽനിന്ന് ശേഖരിച്ചത്