ഇൻസെക്റ്റിവോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്തെലി

പ്രാണിഭോജികളായ ചെറു സസ്തനികളുടെ ഗോത്രത്തെയാണ് ഇൻസെക്റ്റിവോറ എന്നു പറഞ്ഞിരുന്നത്. (ഇപ്പോൾ ഈ വർഗീകരണം തിരസ്കരിക്കപ്പെട്ടിട്ടുള്ളതാണ്). ഇവയിൽ ഏറ്റവും വലിപ്പം കൂടിയ ഇനമാണ് പന്തെലികൾ (hedgehog).[1] ഏറ്റവും വലിപ്പം കുറഞ്ഞ ഇനമായി പിഗ്മിഷ്രൂവിനെ (pigmy shrew)[2] കണക്കാക്കുന്നു. ഇതിന്റെ വാലുകൂടതെയുള്ള നീളം 3.75 സെന്റീമീറ്റർ ആണ്.

രൂപവിവരണം[തിരുത്തുക]

പ്രാണിഭോജികളായ സസ്തനികൾക്കും, കരണ്ടുതിന്നുന്ന സസ്തനികൾക്കും സാദൃശ്യങ്ങൾ ഉള്ളതിനാൽ വേർതിരിച്ചറിയൻ പലപ്പോഴും പ്രയാസമായിരിക്കും. എല്ലാ ഇൻസെക്റ്റിവോറുകളുടെയും മുഖം നീണ്ടുകൂർത്തിരിക്കും (snout). സ്പർശനേന്ത്രിയങ്ങളാണെന്നു കരുതപ്പെടുന്ന വൈബ്രിസേകൾ ധാരാളമായി ഈ ഭാഗത്തു കാണപ്പെടുന്നു. ഉളിപ്പല്ലുകളുൾപ്പെടെ എല്ലാ പല്ലുകളും കൂർത്ത അഗ്രത്തോടുകൂടിയവയാകുന്നു. പല്ലിന്റെ ഈ പ്രത്യേക ആകൃതി ചെറു പ്രാണികളെ ഞെരിച്ചു പൊടിക്കാൻ സഹായകമാണ്. മിക്കവാറും പല്ലുകളുടെ എണ്ണം നാല്പതുമുതൽ നാല്പത്തിനാലുവരെയായിരിക്കും. എന്നാൽ ഷ്രൂവിന് ഇരുപത്തിയെട്ടു മുതൽ മുപ്പത്തിരണ്ടു വരെ പല്ലുകളേ ഉണ്ടാവൂ.

ജർമൻ ജന്തുശാസ്ത്രജ്ഞനായ ഫോട്ട് കരുതുന്നത് മോൾ, ഷ്രൂ, പന്തെലി എന്നീ മൂന്നിനങ്ങൾ ഇൻസെക്റ്റിവോറയെ പ്രതിധാനം ചെയ്യുന്നതയിട്ടാണ്. മറ്റുസസ്തനികളെ പോലെ ഭക്ഷണം ചവച്ചരച്ചു കഴിക്കുന്ന പതിവ് ഇവയ്ക്കില്ല. പല്ലിന്റെ പ്രത്യേകതമൂലം ഇരയെ കടിച്ചു തുളയ്ക്കാൻ മാത്രമേ ഇവയ്ക്കു കഴിയൂ. ഇവയുടെ ബലവും മൂർച്ചയുമുള്ള കൂർത്ത പല്ലുകൾ കോളീയപ്റ്റെറ പോലെയുള്ള ഇൻസെക്റ്റുകളുടെ കട്ടിയുള്ള പുറംതോട് കടിച്ചു പൊട്ടിക്കാൻ സഹായകമാകുന്നു. ഇപ്രകാരം ചെയ്യുന്നതുമൂലം പല്ലിന്റെ മൂർച്ച കൂടികൊണ്ടിരിക്കും.

പ്രാഥമിക സ്വഭാവങ്ങൾ[തിരുത്തുക]

ഇത്രയധികം വിശേഷവത്കൃതമായ ദന്തനിര (dentition) ഒഴിച്ചാൽ ധാരാളം പ്രാഥമിക സ്വഭാവങ്ങൾ ഇൻസെക്റ്റിവോറുകളിൽ കണ്ടെത്താം. കാല്പത്തി മുഴുവൻ തറയിൽ പതിച്ചു നടക്കുന്ന (plantigrade) ഇവയുടെ കാലുകളിൽ അഞ്ചു വിരലുകൾ വീതമുണ്ട്. അസംമേഖലയിലെ (shoulder girdle) കണ്ഠാസ്ഥി (clavicle) മറ്റു സസ്തനികളിൽനിന്നു വ്യത്യസ്തമായി വളരെയധികം വികസിതമാണ്. തലച്ചോറിൽ മടക്കുകൾ ഇല്ലെന്നുതന്നെ പറയാം. മാത്രവുമല്ല, തലച്ചോറ് താരതമ്യേന വളരെ ചെറുതുമാണ്. വൃഷണം ആന്തരീകമായിരിക്കും. ഗർഭപാത്രത്തിന് കൊമ്പുകൾ പോലെയുള്ള രണ്ടു ഭാഗങ്ങൾ കാണുന്നു (bicorned type). വളരെയധികം മുലക്കണ്ണുകളും കാണാം. ജനനസമയത്ത് കുഞ്ഞുങ്ങൾ വളരെ ദുർബലരായിരിക്കുന്നതിനാൽ ആഴ്ച്ചകളോളം കൂട്ടിനുള്ളിൽ തന്നെ കഴിയുന്നു. ഇവയെല്ലാം ഇൻസെക്റ്റിവോറുകളിൽ കാണപ്പെടുന്ന പ്രാഥമിക സ്വഭാവങ്ങൾ ആണ്. എന്നാൽ ഇവയുടെ പ്ലാസെന്റ (discoidal type) പ്രൈമേറ്റുകളുടേതിന് - അങ്ങനെ മനുഷ്യരുടെതിനോടും - തുല്യമാണ്.

ജീവിതരീതി[തിരുത്തുക]

ജീവിതരീതിയിലും സ്വഭാവത്തിലും ഇൻസെക്റ്റിവോറുകൾ വൈവിധ്യം ഏറെയുള്ളവയാകുന്നു. തറയിൽ ഓടിച്ചാടിനടക്കുന്നവയും വൃക്ഷങ്ങളിൽ കഴിയുന്നവയും ഇവയുടെ കൂട്ടത്തിൽ ഉണ്ട്. വെള്ളത്തിൽ ജീവിക്കുന്നവയും വിരളമല്ല. മാളങ്ങളിൽ കഴിയുന്നവയും, രാത്രിയിൽ മാത്രം പുറത്തിറങ്ങുന്നവയും, രാപ്പകൽ ഒരുപോലെ സഞ്ചരിക്കുന്നവയും ഇവയുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ മിക്കവാറും എല്ലാ ഇൻസെക്റ്റിവോറുകൾക്കും ശിശിരനിദ്ര (hibernation)[3] ഒരു സ്വഭാവമാണ്.

ലോകത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളിലും ഇൻസെക്റ്റിവോറയെ കാണാം. ആസ്ട്രേലിയയിൽ മാത്രം ഇൻസെക്റ്റിവോറസ് മാഴ്സൂപ്പിയലുകളേ കാണപ്പെടുന്നുള്ളു. യഥാർഥ ഇൻസെക്റ്റീവോറുകൾ അവിടെ അപ്രത്യക്ഷരായിരിക്കുന്നു.

മോളുകൾ[തിരുത്തുക]

(Moles and Golden Moles)

മോൾ

ടല്പിഡേ, ക്രൈസോക്ലോറിഡേ, (Talpidae, Cherysochloridae) എന്നീ കുടുംബങ്ങളിൽ പെടുന്ന മോളുകളിൽ തുരന്നു ജീവിക്കുന്നതിനുള്ള അനുകൂലനങ്ങളുടെ (burrowing adaptation) പ്രത്യേകവത്കരണം പരമാവധികാണാൻ കഴിയുന്നു. വളരെ ചെറിയ കണ്ണുകളുള്ള യൂറോപ്യൻ കോമൺ മോളിന് (Talpa europaea) ഉരുണ്ട് സിലിണ്ടർ പോലെയുള്ള ശരീരവും ത്രികോണാകൃതിയുള്ള തലയുമാണുള്ളത്. ഇതിന്റെ കണ്ണുകൾ ഭ്രൂണാവസ്ഥയിൽ ഉള്ളതുതന്നെയെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞിരിക്കുന്നു. രാത്രിയും പകലും തമ്മിൽ തിരിച്ചറിയാൻ മത്രമേ ഈ കണ്ണ് ഉപരിക്കൂ. ചെവി (pinna) വളരെ ചെറുതായിരിക്കുന്നതിനാൽ ഭൂമിക്കടിയിലൂടെയുള്ള യത്രയിൽ ഇതിനു തടസമൊന്നും സംഭവിക്കുന്നില്ല. വാൽ ഇല്ലെന്നുതന്നെപറയാം കറുത്ത രോമങ്ങൾ ഇടതൂർന്നു കാണപ്പെടുന്നു. നീണ്ടുകൂർത്ത മൂക്കും മുൻകാലുകളും ഭൂമി കുഴിക്കുന്നതിന് ഉപയോഗിക്കുന്നു. കുറുകിയ ശക്തിയുള്ള ഈ കാലിൽ ബലമേറിയ ധാരാളം മാംസപേശികൾ ഉണ്ട്. മൺകോരികയുടെ ആകൃതിയാണ് ഇതിനുള്ളത്. തുരക്കാനുപയോഗിക്കാത്ത പിൻകാലുകൾ ശരീരത്തിന്റെ അടിയിലായി കാണപ്പെടുന്നു. നല്പത്തിനാലു പല്ലുകളും ഒരുപോലെ അഗ്രം കൂർത്തവയാണ്. ഹെറ്ററോഡോൺ സസ്തനികളിൽ (Heterodont mammals)[4] കാണുന്ന പല്ലുകളുടെ ഏറ്റവും കൂടിയ എണ്ണമാണ് ഇത്. പ്രധാനഭക്ഷണം മണ്ണിരയും ചെറിയ പുഴുക്കളുമാണ്. ഇവയുടെ ദഹൻശക്തി വളരെ ക്കൂടുതലായത്തിനാൽ എന്തും എപ്പോഴും ഭക്ഷിക്കുന്നു. തറനിർപ്പിന് മുകളിൽ അപൂർവമായി മാത്രമേ ഇവ പ്രത്യക്ഷപ്പെടാറുള്ളു. സാധാരണ കടുപ്പമുള്ള തറയിൽ 450 സെന്റീമീറ്ററോ അതിലധികമോ ആഴത്തിൽ കുഴിക്കാൻ ഇവയ്ക്കു കഴിയും. തുരക്കാൻ ഏറ്റവും കഴിവേറിയ ജീവികളാണിവ തലയും കൈകളുമാണ് തുരക്കാനുപയോഗിക്കുന്നത്. കൈകൾ കോരികപോലെ പ്രവർത്തിക്കുന്നു. സ്ഥിരം പാർപ്പിടത്തിനുവേണ്ടി കുഴികളുണ്ടാക്കുമ്പോൾ കുഴിച്ചെടുക്കുന്ന മണ്ണ് വളരെ ദൂരത്തേക്കു മാറ്റിക്കളയുന്നത് ഇവയുടെ പ്രത്യേകതയാണ്. തന്മൂലം മറ്റുള്ള ജീവികളുടെ ശ്രധയിൽ മാളങ്ങൾ പെടുന്നില്ല. മാളങ്ങളുടെ ഭിത്തികൾ ശരീരം കൊണ്ടുരച്ച് മിനുസമാക്കുന്നതും ഇവയുടെ പതിവാകുന്നു.

വൃക്ഷത്തിന്റെ വേരുകൾക്കിടയിലോ ഭിത്തികൾക്കു താഴെയോ കാണപ്പെടുന്ന ചെറു കോട്ട കളിലാണ് ഓരോ മോളും ജീവിക്കുന്നത്. വിവിധതരത്തിലും വലിപ്പത്തിലുമുള്ള അറകളും ഇടനാളികളും മറ്റും ചേർന്നതാണ് ഓരോകോട്ടയും.

സാമൂഹിക സ്വഭാവം ഒട്ടുമില്ലാത്ത ജീവികളാണ് മോളുകൾ. ഇണചേരൽ സമയത്തു മാത്രമേ മറ്റൊരു മോളിന്റെ സാമീപ്യം സഹിക്കാറുള്ളു. ഈ പ്രത്യേകത മോളിലും ഷ്രൂവിലു മൊഴിച്ച് മറ്റൊരുജീവിയിലും കാണാറില്ല. വസന്തകാലത്താണ് സാധാരണ ഇണചേരുന്നത്. മുപ്പതുമുതൽ നാല്പത്തിരണ്ടു ദിവസം വരെയാണ് ഗർഭകാലം. പ്രത്യേകമായോരുക്കിയ ഒരറയിൽ മൂന്നു മുതൽ ഏഴുവരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

ടെൻറെക്കുകൾ[തിരുത്തുക]

(Tenrecs)

ടെൻറെക്ക്
സോളിനോഡൻ

ടെൻറസിഡേ കുടുംബത്തിൽ ഉൽപ്പെടുന്ന ഈ ജീവികൾ മഡഗാസ്കർ ദ്വീപിലാണ് കാണപ്പെടുന്നത്. ഇൻസെക്റ്റിവോറുകളിൽ ഏറ്റവും വലിപ്പം കൂടിയ ജീവിയാണ് കോമൺ ടെൻറെക് (Centetes ecaudatus). ഇതിന്റെ ശരീരത്തിന് 30 മുതൽ 50 സെന്റീമീറ്റർ വരെ നീളം വരും. കട്ടികുറഞതും കൂടിയതുമായ മുടിയും (bristles) ഇടയ്ക്കിടെ കാണപ്പെടുന്ന മുള്ളുകളും കൊണ്ട് ശരീരം പൊതിയപ്പെട്ടിരിക്കുന്നു. വാൽ പേരിനുമാത്രമേ ഉള്ളു. 38 പല്ലുകളുമുണ്ട്. മണ്ണിരയാണ് ഇതിന്റെ ആഹാരം. രാത്രികാലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ഇവ ചൂടുകലശലാകുന്ന സമയങ്ങളിൽ നിശ്ചേഷ്ട (dormant) മാകുന്നു. ഒരു പ്രസവത്തിൽ 15 മുതൽ 20 വരെ കുഞ്ഞുങ്ങൾ ജനിക്കുന്നു. മാംസത്തിനുവേണ്ടി ഇവയെ വേട്ടയാടുകയും വളർത്തുകയും ചെയ്യാറുണ്ട്.

സോളിനോഡൻ[തിരുത്തുക]

സോളിനോഡോണ്ടിഡേ കുടുംബത്തിൽ രണ്ടു സ്പീഷീസുകളേയുള്ളു. വെസ്റ്റിൻണ്ടീസിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളു. നീളമുള്ളവാലും മുള്ളില്ല എന്ന പ്രത്യേകതയും ഒഴിച്ചാൽ ഇവ ടെൻറെക്കുകളെപ്പോലെതന്നെ. ചെറു പ്രാണികൾ, മണ്ണിരകൾ, ചെറിയ ഇഴജന്തുക്കൾ, ഫലമൂലങ്ങൾ തുടങ്ങി എന്തും കഴിക്കുന്ന ഈ ജീവികളും നിശാചാരികൾ തന്നെ.

പന്തെലികൾ[തിരുത്തുക]

പന്തെലി
പന്തെലിയുടെ മുള്ള്

ഉരുണ്ട് പന്തുപോലെയാവാൻ കഴിവുള്ളതുമൂലമാണ് ഇതിനെ പന്തെലികൾ എന്നു വിളിക്കുന്നത്. മുള്ളുകളില്ലാത്ത തല, വയറ്, കൈകാലുകൾ തുടങ്ങിയ ശരീരഭാഗങ്ങൾ ഉള്ളിലാക്കി മുള്ളുകളെ പുറത്തേക്കു തള്ളിനിറുത്താൻ പന്തുപോലുള്ള അവസ്ഥയിൽ ഈ ജീവിക്കു സാധിക്കും. തൊലിയിലുള്ള ചില പ്രത്യേക പേശികളുടെ പ്രവർത്തനം മൂലം ഈ മുള്ളുകളെ ഇഷ്ടാനുസരണം നിവർത്തിനിറുത്തുവാനും മടക്കിവൈക്കുവാനും സാധിക്കും. ഈ പ്രത്യേകതയാൽ ഇരയെ വരിഞ്ഞു മുറുക്കി കൊല്ലുന്ന പാമ്പുകളിൽ നിന്നുപോലും പന്തെലി സുരക്ഷിതനാണ്. പ്രാണികൾ, മൊളസ്കുകൾ ഇഴജന്തുക്കൾ, പുഴുക്കൾ, ചെറിയ റോഡന്റുകൾ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. അഗ്രം കൂർത്തതോ മുനകളുള്ളതോ ആയ 36 പല്ലുകൾ ഇരപിടിക്കാൻ സഹായകമാണ്. വയലുകളിലും മറ്റും കാണുന്ന ഉപദ്രവകാരികളായ ജീവികളെ തിന്നൊടുക്കുന്ന പന്തെലികൾ യഥാർഥത്തിൽ മനുഷ്യന് ഏറ്റവും വലിയ ഉപകാരികളാകുന്നു. എന്നാൽ തറയിൽ കൂടുണ്ടാക്കി മുട്ടയിടുന്ന പക്ഷികളുടെ (pheasants, partridges, quail, etc.) മുട്ടകൾ തിന്നു നശിപ്പിക്കുന്നതിനാൽ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഇൻസെക്റ്റിവോറുകളെ വളരാൻ സമ്മതിക്കാറില്ല.

രാത്രിസഞ്ചാരികളായ പന്തെലികൾ കുറ്റിക്കടുകളിലോ വൃക്ഷപ്പൊത്തുകളിലോ പറകളുടെ വിടവുകളിലോ പകൽസമയം കഴിച്ചുകൂട്ടുന്നു. പമ്പിൻ വിഷം പന്തെലികളെ ബാധിക്കുന്നില്ല എന്നതാണ് ഇതിന്റെ സവിശേഷത.

30 മുതൽ 49 വരെ ആഴ്ച്ചകളാണ് ഇവകളുടെ ഗർഭകാലം. ഒരു പ്രസവത്തിൽ രണ്ടുമുതൽ ഏഴുവരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. ജനിക്കുമ്പോൾ കുഞ്ഞുങ്ങൽക്ക് കാഴ്ച്ചശക്തി ഉണ്ടായിരിക്കുകയില്ല. അവയുടെ ശരീരം മൃദുവായ മുള്ളുകളാൽ ആവർണം ചെയ്യപ്പെട്ടിരിക്കും. കുഞ്ഞുങ്ങൾക്ക് കാഴ്ച്ചയിൽ മാതാപിതാക്കളെപ്പോലെയാകാൻ ഒരു മാസത്തെ വളർച്ച വേണ്ടിവരും. എന്നാൽ ഇവയ്ക്ക് ഉരുണ്ട് പന്തുപോലെ ആകാനുള്ള കഴിവുണ്ടാവില്ല. ഈ കഴിവ് വളർച്ചയെത്തിയ ശേഷമേ കൈവരുന്നുള്ളു.[5]

എറിനേസീഡേ (Erinaceidae)[6] കുടുംബത്തിൽപ്പെടുന്ന വിവിധയിനം പന്തെലികളിൽ മിക്കവയ്ക്കും ഈ സ്വഭാവവിശേഷങ്ങൾ എല്ലാം ഉണ്ടായിരിക്കും. എറിനേഷ്യസ് യൂറോപ്യസ് (Erinaceus europeus)[7] എറിനേഷ്യസ് റുമാനിക്കസ് (Erinaceus roumanicus)[8] എന്നിവ യൂറോപ്പിൽ കാണുന്ന രണ്ടു പ്രധാന സ്പീഷീസുകളാണ്. ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്നത് മറ്റുചില സ്പീഷീസുകളാണ്. ഇന്ത്യയിലും ഏഷ്യയുടെ തെക്കുകിഴക്കേ ഭാഗങ്ങളിലും കാണപ്പെടുന്നത് ഒരിനത്തിന് നീണ്ട വാലും എലിയുടെ ആകൃതിയുമാണുള്ളത്. ഇവ ജിംനൂറ (gymnura) എന്ന പേരിൽ അറിയപ്പെടുന്നു. മൂൺറാറ്റ് (moonrat) എന്ന പ്രത്യേക സ്പീഷീസിന് (Echinosorex gymnura)[9] 30 സെന്റീമീറ്ററിലേറെ നീളമുണ്ട്. എന്നാൽ ഇവയ്ക്കു വാൽ കാണാറില്ല.

ഷ്രൂ[തിരുത്തുക]

പിഗ്മി ഷ്രൂ
കോമൺ ഷ്രൂവും പിഗ്മി ഷ്രൂവും

ഇവ സോറിസിഡേ (Soricidae) കുടുംബത്തിൽ പെട്ടവയാണ്. ഈ കുടുംബത്തിൽ 170-ഓളം സ്പീഷീസുകളുണ്ട്. എന്നാൽ ഈ ജീവികൾ പൊതുവേ ചെറുതായതിനാൽ അധികം ശ്രദ്ധിക്കപ്പെടാറില്ല. അക്കാരണം കൊണ്ടുതന്നെ അടുത്തകാലം വരെ ഇതിനെ കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നുമില്ല. രാപകൽ ഭേദമില്ലാതെ ഉദ്ദേശം മുമ്മൂന്നു മണിക്കൂർ ഇടവിട്ടു ഭക്ഷണം കഴിക്കുകയും അതുകഴിഞ്ഞു വിശ്രമിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ജീവിതരീതിയാണ് ഇതിന്റേത്.

ഈ ജീവികൾ വലരെ ചെറുതാണ്. എങ്കിലും വല്ലാത്തക്രൂതയുള്ള കൂട്ടത്തിലാണ്. എപ്പോൾ വേണമെങ്കിലും ശത്രുക്കളെ കടിച്ചു മുറിവേൽപ്പിക്കാൻ തയ്യാറാണ്. പല്ലുകളുടെ എണ്ണം പന്തെലികളുടേതിനെക്കാൾ കുറവാണെങ്കിലും ആകൃതിയിൽ അവയോട് സാമ്യമുള്ളതാണ്. മാത്രമല്ല വളരെയധികം മൂർച്ചയുള്ളതുമാണ്. ഇതിന് സാമാന്യം നീളത്തിൽ വാലുണ്ടായിരിക്കും. തുടഭാഗത്തുള്ള ഒരു ഗ്രന്ധിയിൽനിന്നു പുറപ്പെടുന്ന ദുർഗന്ധമാണ് ഇതിന്റെ ഏക പ്രധിരോധ മാർഗ്ഗം. മിക്കവാറും ജീവികളെല്ലാം ഈ ഗന്ധം കാരണം ഇതിന്റെ മാംസം ഭക്ഷിക്കാറില്ല. എന്നാൽ മൂങ്ങ, അണലി, കൊക്ക് തുടങ്ങിയവ ഇവയെ ഭക്ഷിക്കുന്നത് അപൂർവമല്ല.

ചുവന്ന പല്ലുള്ളവ[തിരുത്തുക]

ഈ കുടുംബത്തിലെ അംഗങ്ങളെ ചുവന്ന പല്ലുള്ളവ (red-toothed) എന്നും വെളുത്ത പല്ലുള്ളവ (white-toothed) എന്നും രണ്ടായി തരംതിരിച്ചിരികുന്നു. യൂറോപ്പിലെ കോമൺ ഷ്രൂ (Sorex araneus)[10] ആദ്യത്തെ ഇനത്തിൽ പെടുന്നു. അഞ്ചു സെന്റീമീറ്റർ മുതൽ 6.5 സെന്റീമീറ്റർ വരെ നീളവും 3.75 സെന്റീമീറ്റർ നീളത്തിൽത്തിൽ വാലുമുള്ള ഇത് ഏഷ്യയുടെ വടക്കുഭാഗങ്ങളിലും സാധാരണമാണ്. ഇതിന്റെ ശരീരത്തിനു പൊതുവെ തവിട്ടു നിറമാണുള്ളത്. മറ്റെല്ലാ അംഗങ്ങളെയുംപോലെ ഇതും ഒറ്റയ്ക്കുതന്നെ ജീവിക്കുന്നു. ഇണചേരുമ്പൾ മാത്രമേ ഒന്നിച്ചു ചേരാറുള്ളു.

തറയിൽ മാളമുണ്ടാക്കി ഇലകളും മറ്റും വച്ച് പെൺഷ്രൂ കൂടുണ്ടാക്കുന്നു. 13 മുതൽ 20 ദിവസം വരെയാണ് ഇതിന്റെ ഗർഭകാലം ഒരു പ്രസവത്തിൽ അഞ്ചു മുതൽ പത്തു വരെ കുഞ്ഞുങ്ങള്ളുണ്ടാവും. മേയ് മുതൽ ജൂലൈ വരെയുള്ള ഏതുമാസത്തിലും ഇവ പ്രസവിക്കും. തള്ളഷ്രൂവിന് ആറു മുലകണ്ണുകൾ (teats) ഉണ്ടായിരിക്കും.

ശീതകാലത്തും ഉഷ്ണകാലത്തും ഒരുപോലെ ഉത്സാഹപൂർവ്വം പ്രാണികളെ തേടിനടന്ന് ഇരപിടിക്കുന്ന ഇവ ഒരു സാധാരണ കാഴ്ചയാണ്. ഇവയ്ക്കു ശിശിര നിദ്ര പതിവില്ല.

മറ്റൊരിനമാണ് ഇഗ്മി ഷ്രൂ. ഇത് യൂറോപ്പിലെങ്ങും കാണപ്പെടുന്നു. ഇതു കോമൺ ഷ്രൂവിനെ ക്കാളും ചെറുതായിരിക്കും. ആൽപ്സ് പർവ്വതനിരകളിൽ കാണപ്പെടുന്ന ഒരിനമാണ് ആൽപൈൻ ഷ്രൂ (Sorex alppinus). വടക്കേ അമേരികയിൽ കാണപ്പെടുന്നവയിൽ പ്രധാനയിനങ്ങൾ തഴെ പറയുന്നവയാണ്.

  • നോർതേൺ വാട്ടർ ഷ്രൂ (S. palustris)
  • പിഗ്മി ഷ്രൂ (Microsorex hoyil)
  • ഷോർട്ട് ടെയിൽഡ് ഷ്രൂ (Cryptotis parva)

എന്നിവയാണ്

വെളുത്ത പല്ലുള്ളവ[തിരുത്തുക]

വെളുത്ത പല്ലുള്ള ഷ്രൂ

വെളുത്ത പല്ലുള്ളവയിൽ ക്രോസിഡൂറ റസൂല (Crocidura russula)[11] യ്ക്ക് ഉദ്ദേശം 7.5 സെന്റീമീറ്റർ നീളവും 3.75 സെന്റീമീറ്റർ വാലും ഉണ്ട്. സാധാരണയായി ഇവ കാണപ്പെടുന്നത് സൈബീരിയയുടെ ചിലഭാഗങ്ങൾ, മധ്യേഷ്യ, മധ്യയൂറൊപ്, മെഡിറ്ററേനിയൻ തീരം എന്നിവിടങ്ങളിലാണ്. ആഫ്രിക്കയിലും മറ്റും കാണപ്പെടുന്ന ഇതിന്റെ ചില വർഗങ്ങൾക്ക് ഏകദേശം ഒരെലിയോളം വലിപ്പം കാണും ഒരു പ്രത്യേക ഗന്ധമുള്ള ഇവയെ മസ്ക് റാറ്റ് എന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇവ യഥാർഥ മസ്ക്റാറ്റുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ചുവന്ന പല്ലുള്ളവയെക്കാൾ ഇവ പല കാര്യത്തിലും വ്യത്യസ്തരാകുന്നു. തോട്ടങ്ങളിലും വയലുകളിലും സാധാരണയായി സന്ദർശിക്കാറുള്ള ഈ ജീവികൾ തണുപ്പുകാലം വന്നെത്തുന്നതോടെ കളപ്പുരകളിൽ അഭയം തേടുന്നതായി കാണാം. പ്രത്യേക ഗന്ധമൂലമാണ് ഇവ മസ്കുറാറ്റുകളായി തെറ്റിദ്ധരിക്കപ്പെടുന്നത്. ലോകത്തുള്ളതിലേക്കും ഏറ്റവും ചെറിയ സസ്തനികളാണിവ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇൻസെക്റ്റിവോറ&oldid=3625339" എന്ന താളിൽനിന്ന് ശേഖരിച്ചത്