ഇൻഫ്ളേഷൻ സിദ്ധാന്തം
പ്രപഞ്ചരൂപീകരണത്തിന്റെ തുടക്കത്തിൽ, പ്രപഞ്ചം നിലനിന്നിരുന്ന സൂക്ഷ്‌മസ്ഥലത്തിനുണ്ടായ അതിഭീമമായ വികാസത്തെപറ്റി പ്രതിപാദിക്കുന്ന ഭൗതിക ശാസ്‌ത്രസിദ്ധാന്തമാണ് കോസ്‌മിക് ഇൻഫ്ളേഷൻ. ബിഗ് ബാംഗിനു ശേഷം ഏകദേശം 10−36 സെക്കൻഡ് മുതൽ 10−32 സെക്കൻഡ് വരെ മാത്രമാണ് ഇൻഫ്‌ളേഷൻ നീണ്ടുനിന്നത്. ഇൻഫ്‌ളേഷൻ കാലഘട്ടത്തിനുശേഷം പ്രപഞ്ചത്തിന്റെ വികാസം തീരെ മന്ദഗതിയിലായി.[1]
1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലുമായി ലാൻഡാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ ഫിസിക്‌സിലെ അലക്സി സ്റ്റാരോബിൻസ്കി, കോർനെൽ സർവകലാശാലയിലെ അലൻ ഗുത്ത്, ലെബെദേവ് ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആൻഡ്രി ലിൻഡെ എന്നിവരുൾപ്പെടെ നിരവധി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞരാണ് ഇൻഫ്‌ളേഷൻ സിദ്ധാന്തം വികസിപ്പിച്ചത് . "കോസ്മിക് ഇൻഫ്‌ളേഷൻ സിദ്ധാന്തത്തിന് തുടക്കമിട്ടതിന്" അലക്സി സ്റ്റാരോബിൻസ്കി, അലൻ ഗുത്ത്, ആൻഡ്രി ലിൻഡെ എന്നിവർക്ക് 2014 ൽ കാവ്‌ലി പുരസ്‌കാരം സമ്മാനിച്ചു.[2] 1980 കളുടെ തുടക്കത്തിൽ ഈ സിദ്ധാന്തം കൂടുതൽ വികസിക്കപ്പെട്ടു. പ്രപഞ്ചത്തിന്റെ വലിയ തോതിലുള്ള ഘടനയുടെ (Large Scale Structure) ഉത്ഭവം വിശദീകരിക്കാൻ ഇൻഫ്‌ളേഷനു കഴിഞ്ഞിട്ടുണ്ട്. ബിഗ് ബാംഗിന്റെ സമയത്ത് ചില സൂക്ഷ്മ മേഖലകളിലുണ്ടായ ക്വാണ്ടം ഏറ്റക്കുറച്ചിലുകലാണ് (Vacuum fluctuations), നമ്മുടെ പ്രപഞ്ചത്തെ ഇന്നത്തെ കോസ്മിക് വലുപ്പത്തിലേക്ക് വിപുലീകരിച്ചത്.[3] ഗാലക്സികളുടെ രൂപീകരണവും ഇന്നത്തെ പ്രപഞ്ചഘടനയുടെ രൂപവത്കരണവുമൊക്കെ ഇതിന്റെ ഫലങ്ങളാണ്. പല ഭൗതികശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് ഇൻഫ്‌ളേഷൻ കാരണമാണ് പ്രപഞ്ചം എല്ലാ ദിശകളിലും ഒരേപോലെ കാണപ്പെടുന്നതും (Isotropic), കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണം തുല്യമായി വിതരണം ചെയ്യപ്പെട്ടതും, കാന്തിക മോണോപോളുകൾ നിരീക്ഷിക്കപ്പെടാത്തതും എന്നുമാണ്.
ഇൻഫ്‌ളേഷനു കാരണമായ കണികാ പ്രവർത്തനം എന്തെന്ന് ഇന്നും അജ്ഞാതമാണ്. ഇൻഫ്‌ളേഷൻ മോഡലുകളുടെ നിരവധി പ്രവചനങ്ങൾ നിരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നതിനാൽ[4] ഇൻഫ്‌ളേഷന്റെ അടിസ്ഥാന മാതൃക മിക്ക ഭൗതികശാസ്ത്രജ്ഞരും അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, ഗണ്യമായ ന്യൂനപക്ഷ ശാസ്ത്രജ്ഞർ ഇതിനോട് വിയോജിക്കുന്നു.[5] ഇൻഫ്‌ളേഷനു കാരണമാകുമെന്ന് കരുതപ്പെടുന്ന സാങ്കൽപ്പിക മണ്ഡലത്തെ ഇൻഫ്ലറ്റൺ (Inflaton)എന്നാണ് വിളിക്കുന്നത്.[6]
"ഇൻഫ്‌ളേഷൻ എന്ന ആശയം വികസിപ്പിച്ചെടുത്തതിന്" ഭൗതിക ശാസ്ത്രജ്ഞരായ എം.ഐ.ടിയിലെ അലൻ ഗുത്ത്, സ്റ്റാൻഫോർഡിലെ ആൻഡ്രി ലിൻഡെ, പ്രിൻസ്റ്റണിലെ പോൾ സ്റ്റെയ്ൻഹാർട്ട് എന്നിവർ ചേർന്ന് 2002 ലെ പ്രശസ്‌തമായ ഡിറാക് സമ്മാനം പങ്കിട്ടു[7]. ഇൻഫ്‌ളേഷൻ സിദ്ധാന്തത്തിന്റെ കണ്ടുപിടുത്തത്തിനും വികാസത്തിനും 2012-ൽ അലൻ ഗുത്തിനും ആൻഡ്രി ലിൻഡെക്കും അടിസ്ഥാന ഭൗതികശാസ്ത്രത്തിനുള്ള ബ്രേക്ക്‌ത്രൂ സമ്മാനവും ലഭിച്ചിട്ടുണ്ട്.[8]
അവലംബം
[തിരുത്തുക]- ↑ "First Second of the Big Bang". How The Universe Works 3. 2014. Discovery Science
- ↑ "2014 Astrophysics Citation". The Kavli Foundation. The Kavli Foundation. Retrieved 27 July 201
- ↑ Tyson, Neil deGrasse and Donald Goldsmith (2004), Origins: Fourteen Billion Years of Cosmic Evolution, W. W. Norton & Co., pp. 84–5.
- ↑ https://arxiv.org/abs/hep-ph/0304257
- ↑ https://doi.org/10.1038%2Fscientificamerican0411-36
- ↑ https://archive.org/details/inflationaryuniv0000guth
- ↑ https://www.ictp.it/about-ictp/prizes-awards/the-dirac-medal/the-medallists.aspx
- ↑ https://breakthroughprize.org/Laureates/1/P1/Y2012