Jump to content

ഇസ്മായിൽ II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്മായിൽ II
'ഷാ നാമയുടെ ഒരു സചിത്ര പേജിൽ നിന്ന് ക്രോപ്പ് ചെയ്തെടുത്ത ഇസ്മായിൽ II ൻറെ ചിത്രം.
ഇറാനിലെ ഷാ
ഭരണകാലം 22 ഓഗസ്റ്റ് 1576 - 24 നവംബർ 1577
മുൻഗാമി തഹ്മസ്പ് I
പിൻഗാമി മുഹമ്മദ് ഖോദബന്ദ
പിതാവ് തഹ്മസ്പ് I
മാതാവ് സുൽത്താനം ബീഗം
മതം സുന്നി ഇസ്ലാം

ഇസ്മായിൽ II ( പേർഷ്യൻ: اسماعیل دوم; ജനനം ഇസ്മായിൽ മിർസ; 31 മെയ് 1537 - 24 നവംബർ 1577) 1576 മുതൽ 1577 വരെ സഫാവിദ് ഇറാനിലെ മൂന്നാമത്തെ ഷാ ആയിരുന്നു. തഹ്‌മാസ്‌പ് ഒന്നാമൻറേയും അദ്ദേഹത്തിൻറെ പട്ടമഹിഷി സുൽത്താനം ബീഗത്തിൻറേയും രണ്ടാമത്തെ മകനായിരുന്നു. തഹ്മാസ്പിന്റെ ഉത്തരവനുസരിച്ച്, ഇസ്മായിൽ ഇരുപത് വർഷക്കാലം ഖഹ്ഖാഹെ കോട്ടയിൽ തടവിലായിരുന്നു. സാമ്രാജ്യത്തിനുമേൽ സ്വാധീനമുള്ള സാമന്തന്മാരുമായുള്ള അദ്ദേഹത്തിന്റെ നിരന്തരമായ സംഘട്ടനങ്ങൾ, അല്ലെങ്കിൽ ക്വിസിൽബാഷ് ഗോത്രങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി എന്നിവ തഹ്മാസ്പിന് മകന്റെ വർദ്ധച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് ജാഗ്രത പുലർത്താൻ കാരണമായി.

1576-ൽ തഹ്മാസ്പ് വ്യക്തമായ ഒരു അവകാശിയെ പ്രഖ്യാപിക്കതെ മരിച്ചു. തന്റെ സഹോദരി പാരി ഖാൻ ഖാനമിന്റെ പിന്തുണയോടെ ഇസ്മായിൽ എതിരാളികളെ മറികടന്ന് കിരീടം സ്വന്തമാക്കി. കിരീടത്തിന് അവകാശവാദമുന്നയിക്കാൻ സാധ്യതയുള്ളവരെ തടയുകയെന്ന ലക്ഷ്യത്തോടെ ഇസ്മായിൽ തന്റെ പൂർണ്ണസഹോദരൻ മുഹമ്മദ് ഖോദബന്ദയും അയാളുടെ മൂന്ന് ആൺമക്കളും ഒഴികെ രാജകുടുംബത്തിലെ എല്ലാ പുരുഷന്മാരെയും നിർമ്മാർജ്ജനം ചെയ്തു. ഭരണത്തിലും സൈന്യത്തിലും ഖിസിൽബാഷുകൾ സ്വാധീനം ചെലുത്തുമെന്ന ഭയന്ന ഇസ്മായിൽ, അവർക്ക് പകരം താൻ വിശ്വസിക്കുന്ന ആളുകളെ താക്കോൾ സ്ഥാനങ്ങളിൽ നിയമിച്ചു. ഇസ്മായിൽ ഷിയാ ഇസ്ലാം പണ്ഡിതന്മാരെ താഴ്ത്തിക്കെട്ടുകയും സുന്നി ഇസ്ലാം ഉലമയിൽനിന്ന് ആത്മീയ മാർഗനിർദേശം തേടുകയും ചെയ്തു. ഷിയാ വിശ്വാസിയായിരുന്ന പിതാവിനോടുള്ള വിരോധം കൊണ്ടായിരിക്കാം ഇതെന്ന് അനുമാനിക്കപ്പെടുന്നു.

തന്റെ ഭരണത്തിന്റെ അവസാന മാസങ്ങളിൽ, പാരി ഖാൻ ഖാനമിനെ അകറ്റിനിറുത്തിയ ഇസ്മായിൽ, തന്നെ രാജാവാക്കാനുള്ള അവളുടെ ശ്രമങ്ങൾ മറന്നുകൊണ്ട് അവളെ അറസ്റ്റ് ചെയ്തു. 1577 നവംബർ 24-ന്, അജ്ഞാതമായ കാരണങ്ങളാൽ ഇസ്മായിൽ അപ്രതീക്ഷിതമായി മരിച്ചു, എന്നാൽ ഒന്നുകിൽ പാരി ഖാൻ ഖാനം അല്ലെങ്കിൽ ഖിസിൽബാഷ് നേതാക്കളിൽപ്പെട്ട ഒരാൾ അദ്ദേഹത്തെ വിഷം കഴിപ്പിച്ചതായിരിക്കാമെന്നാണ് പൊതുവെയുള്ള നിഗമനങ്ങൾ. അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ അന്ധനായ സഹോദരൻ മുഹമ്മദ് ഖോദബന്ദ അധികാരമേറ്റു. സഫാവിദ് രാജവംശത്തെ തകർച്ചയുടെ വക്കിലെത്തിച്ച യുക്തിഹീനനും വികൃതവും കഴിവുകെട്ടതുമായ ഒരു ഭരണാധികാരിയായി സമകാലിക ചരിത്രകാരന്മാർ ഇസ്മായിലിനെ കണക്കാക്കുന്നു. എന്നിരുന്നാലും, സമകാലീനരായ നിരവധി ചരിത്രകാരന്മാർ അദ്ദേഹത്തെ ഒരു നീതിമാനായ രാജാവായി ചിത്രീകരിക്കുന്നു. ആധുനിക ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ നയങ്ങളെ വിനാശകരവും വ്യക്തിത്വത്തെ അസാധാരണമാം വിധം ക്രൂരവുമായാണ് കണക്കാക്കുന്നത്.

മുൻകാലജീവിതം

[തിരുത്തുക]

ഇസ്മായിൽ മിർസ 1537 മെയ് 31 വ്യാഴാഴ്ച രാത്രി ഖോമിൽ തഹ്മാസ്പ് ഒന്നാമൻറേയും അദ്ദേഹത്തിൻറെ രണ്ടാമത്തെ പ്രധാന പത്നി സുൽത്താനം ബീഗത്തിൻറേയും രണ്ടാത്തെ പുത്രനായി ജനിച്ചു.[1] ക്വിസിൽബാഷിലെ മൗസില്ലു വംശത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാതാവ് തബ്‌രീസിന്റെ ഗവർണറായിരുന്ന മൂസ സുൽത്താന്റെ സഹോദരിയുംകൂടിയായിരുന്നു. മൂസ സുൽത്താനും തഹ്‌മാസ്‌പിന്റെ മാതൃസഹോദരനും സുൽത്താനത്തിന്റെ പിതാവുമായിരുന്ന ഇസ ഖാനുമായി ചിലപ്പോൾ ആശയക്കുഴപ്പത്തിലാകാറുണ്ട്.[2] ഇസ്മായിൽ തന്റെ ബാല്യകാലം രാജകൊട്ടാരത്തിൽ ചെലവഴിക്കവേ അദ്ദേഹത്തിന്റെ ജ്യേഷ്ഠനും അനന്തരാവകാശിയുമായിരുന്ന മുഹമ്മദ് ഖോദബന്ദ ഹെറാത്തിലെ ഗവർണറായി നിയമിക്കപ്പെടുകയും കസ്വിനിലെ രാജകൊട്ടാരത്തിൽ ഏക സന്താനമായിരുന്നു ഇസ്മായിൽ; അങ്ങനെ പിതാവിന്റെ എല്ലാ ശ്രദ്ധയും നേടുകയും ചെയ്തു. യുവാവായ ഇസ്മയിലിന്റെ ധൈര്യത്തിൻറെ പേരിൽ തഹ്മാസ്പ് അവനെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് തന്നെ കുതിരസാവരി, അമ്പെയ്ത്ത് എന്നിവയും വായനയും എഴുത്തും ഇസ്മായിൽ അഭ്യസിച്ചു.[3]

1547-ലെ വേനൽക്കാലത്തിന്റെ അവസാനത്തിൽ, ഷായുടെ സഹോദരനും മുൻ ഗവർണറുമായിരുന്ന അൽഖാസ് മിർസ പരാജയപ്പെട്ട ഒരു കലാപത്തെത്തുടർന്ന് ഓട്ടോമൻ സാമ്രാജ്യത്തിലേക്ക് പലായനം ചെയ്തതോടെ ഇസ്മയിൽ ഷിർവാൻ ഗവർണറായി അവരോധിതനായി.[1] അവിടെ, ശിർവൻഷായുടെ സിംഹാസനത്തിന് അവകാശവാദമുന്നയിക്കുന്ന തഹ്മാസ്‌പിന്റെ അനന്തരവനും ഖലീലുല്ലാ രണ്ടാമന്റെ മകനുമായിരുന്ന ബുർഹാൻ അലിയിൽനിന്ന് ഇസ്മയിൽ ഒരു കലാപം നേരിടുകയും ഒട്ടോമൻ സാമ്രാജ്യം അയാളെ പിന്തുണയ്ക്കുകയും ചെയ്തു. ഇസ്മയിലിന്റെ ലാല (രക്ഷാകർത്താവ്) ഗോക്ച സുൽത്താൻ സിയാദ്‌ലു ഖ്വജറിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യം അയാളെ പരാജയപ്പെടുത്തി.[1] 1547-ൽ, ഒട്ടോമൻ-സഫാവിദ് യുദ്ധകാലത്ത്, കിഴക്കൻ അനറ്റോലിയയിൽ എണ്ണമറ്റ ഓട്ടോമൻ സേനയ്‌ക്കെതിരെ പ്രാദേശിക ശിർവാനി യോദ്ധാക്കളെ അണിനിരത്തി ഇസ്മായിൽ മിർസ മികച്ച വിജയത്തിലേക്ക് കൊയ്തു. 1548 ആഗസ്റ്റ് 25-ന്, അൽഖാസ് മിർസയുടെയും ഒട്ടോണക്കാരുടെയും സംയുക്ത പ്രചാരണത്തെത്തുടർന്ന് അരാജകത്വത്തിൽ നിന്നും ക്രമക്കേടിൽ നിന്നും പലായനം ചെയ്ത സിവിലിയന്മാരെ കൊലപ്പെടുത്തി, കാർസ് നഗരം കൊള്ളയടിക്കാൻ നേതൃത്വം നൽകിയ ഇസ്മായിൽ, അൽഖാസ് മിർസയുടെയും ഒട്ടോമനുകളുടേയും സംയുക്ത ആക്രമണത്തിനുശേഷമുണ്ടായ അരാജകത്വത്തിൽ നിന്നും ക്രമസമാധാനപ്രശ്നങ്ങളിൽനിന്നും രക്ഷതേടി ഓടിപ്പോയ നഗരത്തിലെ സാധാരണക്കാരെ കൊന്നൊടുക്കി.[1] അവിടെവെച്ച് നഗരത്തിന്റെ ഗവർണറിൽനിന്ന് അദ്ദേഹത്തിനുനേരേ വധശ്രമമുണ്ടായി. പ്രതികാരമായി, ഓട്ടോമൻ തടവുകാരെ കൂട്ടക്കൊല ചെയ്യാനും കാർസ് കോട്ട തകർക്കാനും അദ്ദേഹം ഉത്തരവിട്ടു.[4] സമാധാനത്തിന്റെ ഒരു കാലഘട്ടത്തിനുശേഷം, 1552 ലെ ശൈത്യകാലത്ത്, 8000 ആളുകളുമായി ഇസ്മായിൽ എർസുറം നഗരത്തിൽ മിന്നലാക്രമണം നടത്തുകയും നഗരത്തിനടുത്തുള്ള ഓട്ടോമൻ കോട്ട നശിപ്പിക്കുകയും ചെയ്തു.[5] ഓട്ടോമൻ സൈന്യാധിപനും എർസുറം ഗവർണറുമായിരുന്ന ഇസ്‌കന്ദർ പാഷ ശത്രുസൈന്യം നഗരത്തിൽ കടക്കുന്നതിനുമുമ്പ് ഇസ്മായിലിന്റെ സൈന്യവുമായി യുദ്ധം ചെയ്യാൻ തീരുമാനിച്ചു. യുദ്ധം ഒരു സമനിലയിൽ അവസാനിച്ചതോടെ ഇസ്മായിൽ പടിഞ്ഞാറോട്ട് പിൻവാങ്ങുകയും പരാജയപ്പെട്ടുവെന്ന പ്രതീരി ജനിപ്പിക്കുകയും ചെയ്തു. ഇസ്‌കന്ദർ പാഷ ഇസ്മയിലിനെ പിന്തുടർന്നതിനേത്തുടർന്ന് ഒരു പുതിയ സഫാവിദ് സൈന്യത്തെ അഭിമുഖീകരിക്കുകയും കനത്ത നാശനഷ്ടങ്ങളോടെ അയാൾ പരാജയപ്പെടുകയും ചെയ്തു.[6]

എർസുറമിലെ വിജയം ഖിസിൽബാഷിൽ ഇസ്മയിലിന് പ്രശസ്തിയും ബഹുജനസമ്മതിയും നേടിക്കൊടുത്തുവെങ്കിലും ഓട്ടോമൻ സാമ്രാജ്യവുമായുള്ള യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തിൽ അമസ്യയുടെ സമാധാന ഉടമ്പടിയോടെ മെസൊപ്പൊട്ടേമിയയിലെ സഫാവിദ് ഭൂമി ഓട്ടോമനുകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു.[7] അപ്പോഴും, ചെറുപ്പത്തിൽ തന്നെ ഓട്ടോമൻമാർക്കെതിരായ പോരാട്ടങ്ങൾ വിജയകരമായി നയിച്ച ഒരു പ്രശസ്ത സൈനികനായി ഇസ്മായിൽ ഖിസിൽബാഷിന്റെ ഓർമ്മയിൽ തുടർന്നു.[8]

തടവുകാലം

[തിരുത്തുക]

ബയാത്ത് ഗോത്രത്തലവനും രണ്ട് സുൽ അൽ-ഖദർ അമീറുമാരും ഉൾപ്പെടെ രാജസഭയിെ ഇസ്മയിലിന്റെ സഖ്യകക്ഷികളെ ഉന്മൂലനം ചെയ്യാൻ തഹ്മാസ്പ് ഉത്തരവിട്ട സമയത്ത് ഇസ്മായിൽ ഖസ്‌വിനിലേക്കുള്ള യാത്രയിലായിരുന്നു. മാത്രമല്ല, തഹ്‌മാസ്‌പ് ഇസ്മയിലിനെ ഖസ്‌വിനിലേക്ക് കടക്കാൻ അനുവദിക്കാതെ പകരം സാവേയിൽ വെച്ച് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.[1] ഈ പ്രവൃത്തിക്ക് ഉപോദ്ബലകമായി സൂചിപ്പക്കപ്പെടുന്ന വ്യത്യസ്ത കാരണങ്ങളിൽ പ്രധാനമായും ഇസ്മയിലിന്റെ ജനപ്രീതിയെക്കുറിച്ചുള്ള തഹ്മാസ്‌പിന്റെ മനോവിഭ്രാന്തിയും ഓട്ടോമൻ അതിർത്തി പ്രദേശങ്ങളിൽ ഇസ്മയിലിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളും അവസാനമായി, ഇസ്മയിലിന്റെ അസന്മാർഗ്ഗ്ക പ്രവർത്തികളും മയക്കുമരുന്നിനോടുള്ള ആസക്തിയും തഹ്മാസ്‌പിന്റെ രോഷം ആളിക്കത്തിച്ചതായിരിക്കാം.[9] 1557-ൽ ഇസ്മയിലിനെ ഖഹ്ഖാഹെ കോട്ടയിൽ തടവിലിടാൻ ഷാ ഉത്തരവിട്ടതോടെ അവിടെ അദ്ദേഹം പത്തൊൻപത് വർഷം തടവിൽ കിടന്നു.[1] ഈ തീരുമാനം എടുക്കാൻ തഹ്‌മാസ്‌പിനെ അദ്ദേഹത്തിൻറെ ഗ്രാൻഡ് വിസിയർ, മസൂം ബേഗ് സഫാവിയും (അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ ഹൈദർ മിർസയുടെ ലാല) സ്വാധീനിച്ചതായി തോന്നുന്നു.[1]

ഇസ്മായിലുമായി അടുപ്പത്തിലാകാതിരിക്കാനും അയാളോട് സഹതാപം തോന്നാതിരിക്കുന്നതിനും രണ്ട് വർഷം കൂടുമ്പോൾ ഇസ്മയിലിന്റെ കാവൽഭടന്മാരെ മാറ്റി. ജയിലിൽ കിടന്നതിന്റെ പ്രാരംഭ കാലഘട്ടത്തിൽ, അദ്ദേഹത്തെ ചങ്ങലകളിൽ ബന്ദിച്ചിന്നുവെങ്കിലും പിന്നീട് കോട്ടയുടെ മുറ്റത്തേക്ക് നടക്കാനും ആഗ്രഹപ്രകാരം ജയിലിലേക്ക് മടങ്ങാനും അനുവദിച്ചു.[10]

ഇസ്മായിൽ ഖഹ്ഖാഹയിൽ തടവിലായിക്കെ, മക്കളിൽ ആരെയും കിരീടാവകാശിയായി നിയമിക്കാൻ ആഗ്രഹിക്കാത്ത തഹ്മാസ്പിനെ പിന്തുടർച്ചയെന്ന ചോദ്യവുമായി ഖിസിൽബാഷ് നേതാക്കൾ നേരിട്ടു. രണ്ട് പിന്തുടർച്ചാവകാശികളിൽ ഒരാളായ ഷായുടെ പ്രിയപ്പെട്ട മകൻ ഹൈദർ മിർസ, ഉസ്താജ്‌ലു ഗോത്രം, ശൈഖവന്ദ് വംശം (സഫാവിദ് രാജവംശത്തിന്റെ പൂർവ്വികനായ ഷെയ്ഖ് സഫി-അദ്-ദിൻ അർദാബിലിയുമായി ബന്ധപ്പെട്ടത്) പിന്തുണയ്‌ക്കപ്പെട്ടതായിരുന്നു. ഒപ്പം കൊട്ടാരത്തിലെ ശക്തമായ ജോർജിയൻ ഗോലാമുകളും (സൈനിക അടിമകളും) വെപ്പാട്ടികളുടേയും പിന്തുണ ഹൈദറിനായിരുന്നു.[11] തഹ്‌മാസ്‌പിന്റെ സ്വാധീനമുള്ള മകളായ പരി ഖാൻ ഖാനുമും മറ്റ് ഖിസിൽബാഷ് ഗോത്രങ്ങളായ അഫ്‌ഷർ, ഖജാർ, റംലു എന്നിവരും പിന്തുണച്ചിരുന്ന ഇസ്‌മയിൽ ആയിരുന്നു മറ്റൊരു പിന്തുടർച്ചാവകാശി.[12] 1571-ൽ ഇസ്മായിൽ ഒരു വധ ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ടു. ആ വർഷം ഹയ്ദർ മിർസ കഹ്ഖാഹ കോട്ടയിലെ കാസ്റ്റലന് ഇസ്മായിലിനെ ഇല്ലാതാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഒരു കത്ത് എഴുതി. പാരി ഖാൻ ഖാനും ഈ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുകയും തഹ്മാസ്പിനെ അറിയിക്കുകയും ചെയ്തു. അപ്പോഴും ഇസ്മയിലിനോട് വാത്സല്യം പുലർത്തിയിരുന്ന രാജാവ്, വധശ്രമമുണ്ടായാൽ ജയിലിൽ കാവലിരിക്കാൻ അഫ്ഷർ ആയുധധാരികളായി പടയാളികളോട് ഉത്തരവിട്ടു.[13]

കുടുംബ ഉന്മൂലനം

[തിരുത്തുക]

1576 മെയ് 15-ന് ആകസ്മികമായ വിഷബാധയേറ്റ തഹ്മാസ്പ് I മരിച്ചു.[14] ഉടനെ, ഹൈദർ മിർസ സ്വയം പുതിയ രാജാവായി പ്രഖ്യാപിക്കുകയും കിരീടാധാരണം നടത്തുകയും ചെയ്തു. എന്നിരുന്നാലും, അതേ ദിവസം തന്നെ തന്റെ അധികാരം ഉറപ്പിക്കാൻ വൈകിയ അദ്ദേഹത്തെ ഇസ്മയിലിനെ പിന്തുണച്ച ഖുർച്ചികൾ (വിശ്വസ്തരായ അംഗരക്ഷകർ) പിന്തുണച്ചവരിൽ നിന്ന് ഒറ്റപ്പെടുത്തുകയും ഹെയ്ദർ മിർസയെ കൊല്ലുകയും ചെയ്തു.[15] 1576 മെയ് 31 ന്, 30,000 ക്വിസിൽബാഷ് കുതിരപ്പടയാളികൾ ഖഹ്ഖാഹെ കാസിലിന് മുന്നിൽ ഒത്തുകൂടിക്കൊണ്ട് ഇസ്മയിലിൻറെ മോചനം ആവശ്യപ്പെട്ടതോടെ എല്ലാവരുടേയും പിന്തുണ വാഗ്ദാനം ചെയ്യപ്പെട്ടതിനു ശേഷം മാത്രമാണ് ജയിലിൽ നിന്ന് പുറത്തുവരാൻ അദ്ദേഹം സമ്മതിച്ചത്.[16] 1576 സെപ്തംബർ 1-ന് ഇസ്മായിൽ ഖസ്വിനിൽ പ്രവേശിച്ചുകൊണ്ട് ഇസ്മായിൽ രണ്ടാമനായി സിംഹാസനാരൂഢനായി.[1]

തന്റെ സ്ഥാനത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഇസ്മയിലിന് ഉറപ്പു ലഭിച്ചശേഷം, ഷിയാ പണ്ഡിതന്മാരുടെ ഉപദ്രവത്തെ തുടർന്നുള്ള ഒരു പ്രവൃത്തിയെന്ന നിലയിൽ ഇറാനിൽ ഷിയാ മതം അടിച്ചേൽപ്പിക്കുന്നത് മാറ്റിക്കൊണ്ട് സുന്നി വിശ്വാസം പുനരാരംഭിക്കുന്നതിനുള്ള കടുത്ത നടപടികൾ അദ്ദേഹം കൈക്കൊണ്ടു. പിതാവിനോടുള്ള ഇസ്മയിലിന്റെ കഠിനമായ വെറുപ്പും തഹ്മാസ്‌പിന് അനുയോജ്യമെന്ന് തോന്നിയതിന് നേർവിപരീതമായി, അതായത് തഹ്മാസ്‌പിന്റെ തീക്ഷ്ണമായ ഷിയാ പാരമ്പര്യത്തിനെതിരേ എന്തും ചെയ്യാനുള്ള അയാളുടെ ആഗ്രഹവുമാണ് ഈ നടപടിക്ക് നിർദ്ദേശിച്ച ഒരു കാരണമായിരിക്കാം.[17] തന്റെ പിതാവിന്റെ കീഴിൽ ഉയർന്നുവന്ന സ്ഥാപിത ശിയാ മേധാവിത്വത്തെ വിഘടിപ്പിക്കാൻ സഹായകമാകുന്ന വ്യക്തികളെ ഇസ്മായിൽ തേടിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ഇസ്ഫഹാനിലെ ഷെയ്ഖ് അൽ-ഇസ്ലാം മിർ സയ്യിദ് ഹുസൈൻ അൽ-കരാക്കി ആയിരുന്നുവെങ്കിലും അസ്ട്രാബാദിൽ നിന്നുള്ള രണോത്സുകരായ ഷിയാക്കൾ, പുതിയ ഖാസി-ഐ മുഅസ്കർ, മഖ്ദൂം ഷിറാസി എന്നിവരെപ്പോലും ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.[18]

അൽ-കരാക്കിയോട് വിശ്വസ്തത പുലർത്തുന്നവരെ നേരിടാൻ അദ്ദേഹം ഒരു കൂട്ടം ഖുർച്ചികളെ (വിശ്വസ്തരായ അംഗരക്ഷകർ) സംഘടിപ്പിച്ചു. കൂടാതെ, ഇസ്മയിലിന്റെ നടപടികളെ അംഗീകരിക്കാത്തതിന് ഖലീഫ അൽ-ഖുലീഫയായ ബൾഗർ ഖലീഫയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതോടൊപ്പം അദ്ദേഹത്തിന്റെ മകൻ നൂർ അലി ഖലീഫയെ 1577 ഫെബ്രുവരി 24-ന് നിരവധി ഉന്നത ക്വിസിൽബാഷ് നേതാക്കളോടൊപ്പം അറസ്റ്റുചെയ്ത് വധിക്കുകയും ചെയ്തു.[19]

ഇസ്മായിലിന്റെ കിരീടധാരണത്തിനു ശേഷം പദവി വളരെ ഉയർന്ന പാരി ഖാൻ ഖാനൂമിന് പ്രഭുക്കന്മാർ പ്രണാമം അർപ്പിക്കുകയും കൂടാതെ പല പ്രമുഖ രാജസഭാംഗങം അവളുടെ രക്ഷാകർതൃത്വവും സഹായവും തേടുകയും ചെയ്തു.[20] തന്റെ കൊട്ടാരത്തിലുള്ളവർ സഹോദരിക്കും നൽകിയ പ്രാമുഖ്യവും അവളുടെ രാജ്യകാര്യങ്ങളിലെ ഇടപെ ഇസ്മായിലിൽ അതൃപ്തി ജനിപ്പിച്ചു. അദ്ദേഹം പ്രഭുക്കന്മാരോട് ചോദിച്ചു, "എന്റെ സുഹൃത്തുക്കളേ, സ്ത്രീകൾ രാജ്യകാര്യങ്ങളിൽ ഇടപെടുന്നത് രാജാവിന്റെ ബഹുമാനത്തെ ഹനിക്കുന്നതാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ?". താമസിയാതെ, അയാൾ പാരി ഖാൻ ഖാനുമിനെ അവളുടെ മുറിയിൽ വീട്ടുതടങ്കലിലാക്കുകയും കാവൽക്കാരെ വർദ്ധിപ്പിക്കുകയും അവളുടെ സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തോടെ അവൾക്ക് സഹോദരനോട് നീരസമുണ്ടായി. കൂടാതെ, ഇസ്മാഈലിന്റെ സുന്നി അനുകൂല നയങ്ങളും അദ്ദേഹം സ്വയം ഒരു സുന്നിയാണെന്ന കിംവദന്തികളും ഖിസിൽബാഷ് നേതാക്കളെ അങ്കലാപ്പിലാക്കി.[21]

1577 നവംബർ 24-ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഇസ്മായിൽ വിഷം കലർന്ന കറുപ്പ് കഷ്ണങ്ങൾ കഴിച്ചു. പിറ്റേന്ന് രാവിലെ, കൊട്ടാരം ഉദ്യോഗസ്ഥർ അയാളെ മരിച്ച നിലയിൽ കണ്ടെത്തി.cradled അക്കാലത്ത് അദ്ദേഹത്തിന്റെ മരണം സ്വാഭാവികമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, മരണത്തിന് ഉത്തരവാദികൾ ഖിസിൽബാഷ് നേതാക്കളോ പാരി ഖാൻ ഖാനുമോ ആണെന്ന് പല ചരിത്രകാരന്മാരും ആരോപിച്ചു.[22] 1577 നവംബർ 25 തിങ്കളാഴ്ച രാവിലെ ഇസ്മായിലിന്റെ മൃതദേഹം ഖാസ്‌വിനിലെ ഇമാംസാദെ ഹുസൈൻ ദേവാലയത്തിൽ സംസ്‌കരിച്ചു.[1] തൊട്ടുപിന്നാലെ, ഇസ്മയിലിന്റെ ഒരു വെപ്പാട്ടിയുടെ കുഞ്ഞും കൊല്ലപ്പെട്ടു. ഇസ്മായിലിന്റെ പിൻഗാമിയായി അന്ധനായ സഹോദരൻ മുഹമ്മദ് ഖോദബന്ദ അധികാരമേറ്റു.[23]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Ghereghlou 2016.
  2. Ghereghlou 2016; Newman 2008, പുറം. 31
  3. Parsadust 2002, പുറം. 13; Hinz 1992, പുറം. 16; Gholsorkhi 2009, പുറം. 478
  4. Parsadust 2002, പുറം. 14.
  5. Roemer 2008, പുറം. 243.
  6. Hinz 1992, പുറം. 26.
  7. Newman 2008, പുറം. 28.
  8. Farrokh 2011, പുറം. 48; Parsadust 2002, പുറം. 17
  9. Ghereghlou 2016; Hinz 1992, പുറങ്ങൾ. 24, 26, 32–37
  10. Hinz 1992, പുറം. 40.
  11. Roemer 2008, പുറം. 247; Parsadust 2009
  12. Roemer 2008, പുറം. 247; Parsadust 2009
  13. Parsadust 2009.
  14. Roemer 2008, പുറം. 248.
  15. Savory 2007, പുറം. 69.
  16. Ghereghlou 2016; Savory 2007, പുറം. 69
  17. Roemer 2008, പുറം. 252.
  18. Gholsorkhi 2009, പുറം. 478; Mitchell 2009, പുറം. 150
  19. Mitchell 2009, പുറം. 150.
  20. Lal 2005, പുറം. 223; Haeri 2020, പുറം. 16
  21. Ghereghlou 2016; Parsadust 2009
  22. Gholsorkhi 2009, പുറം. 478; Roemer 2008, പുറം. 253
  23. Newman 2008, പുറം. 42.
"https://ml.wikipedia.org/w/index.php?title=ഇസ്മായിൽ_II&oldid=3919289" എന്ന താളിൽനിന്ന് ശേഖരിച്ചത്