ഇളയ കാറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂവ്രെ മ്യൂസിയത്തിലുള്ള ഇളയ കാറ്റോവിന്റെ പ്രതിമ. കത്തി കൊണ്ട് സ്വയം കുത്തി മരിക്കുന്നതിന് മുൻപു അവസാനമായി പ്ലേറ്റോവിന്റെ ഫേദോ എന്ന സോക്രറ്റീസിന്റെ മരണം വിവരിക്കുന്ന ഡയലോഗ് വായിക്കുന്നു. വെള്ള ഇറ്റാലിയൻ കരെരാ മാർബിൾ കൊണ്ടാണിത് ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമ്മാണം തുടങ്ങി വയ്ച്ചത് ഴാങ്ങ്-ബറ്റീസ്റ്റ് റൂമൻ എന്ന ഫ്രെഞ്ച് ശില്പിയാണ്. നിർമ്മാണം പൂർത്തീകരിച്ചത് ഫ്രാൻസ്വാ റൂഡ് (François Rude) എന്ന മറ്റൊരു ശില്പിയാണ്

മാർക്കസ് പോർഷ്യസ് കാറ്റോ ഉട്ടിചെൻസിസ് (Marcus Porcius Cato Uticensis) (95 ബി സി – 46 ബി സി), റോമൻ റിപ്പബ്ലിക്കിലെ അറിയപ്പെടുന്ന പ്രസംഗകനും, രാഷ്ട്രീയ നേതാവുമായിരുന്നു. ഇതേ പേരുള്ള മുതു മുത്തച്ഛനിൽ നിന്ന് തിരിച്ചറിയാൻ വേണ്ടി ഇളയ കാറ്റോ എന്ന പേരിൽ അറിയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ സെനോണിന്റെ (Zeno of Citium) സ്റ്റോയിക് തത്ത്വചിന്തയുടെ ഒരു വിശ്വാസിയായ ഇദ്ദേഹം തന്റെ ധാർമനിഷ്ഠതയ്ക്കും, കർക്കശമായ നിലപാടുകൾക്കും, അക്കാലത്ത് വ്യാപകമായിരുന്ന അഴിമതിയുടെ വിമർശകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. സീസറുമായി ഏറെ നാൾ ഇദ്ദേഹം നടത്തിയ രാഷ്ട്രീയ പോര് റോമൻ റിപ്പബ്ലിക്കിലെ ഒരു ശ്രദ്ധേയമായ സംഭവമാണ്. [1]

ജീവിതചരിത്രം[തിരുത്തുക]

ബാല്യം[തിരുത്തുക]

തൊണ്ണൂറ്റഞ്ച് ബി സിയിൽ റോമിൽ മാർക്കസ് പോർച്യസ് കാറ്റോവിന്റെയും ലിവിയ ദ്രൂസായുടെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചുപോയത്കൊണ്ട് കാറ്റോവിനെ വളർത്തിയത് അമ്മാവനായ മാർക്കസ് ലിവിയസ് ദ്രൂസസ് ആയിരുന്നു. മാർക്കസ് ലിവിയസ് ദ്രൂസസ് റോമിലെ പ്ലീബിയൻ ട്രൈബ്യൂണായിരുന്നു. കാറ്റോ ചെറുപ്പകാലത്തേ തന്റെ നിശ്ചയദാർഡ്യം പ്രകടിപ്പിച്ചു തുടങ്ങി എന്ന് അദ്ദേഹത്തിന്റെ ട്യൂട്ടറായിരുന്ന സാർപേഡൊൺ അഭിപ്രായപ്പെട്ടു. മര്യാദക്കാരനായ കുട്ടിയാണെങ്കിലും പല തത്ത്വങ്ങളും കാറ്റോയെക്കോണ്ട് അംഗീകരിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നുട്ടുണ്ട് എന്ന് സാർപെഡോൺ രേഖപ്പെടുത്തിയിരുന്നു. ഒരിക്കൽ മാർസി എന്ന ഇറ്റാലിക് ഗോത്രത്തിന്റെ തലവൻ ക്വിന്റസ് പൊപ്പഡെയുസ് സിലൊ റോമിനെതിരെയുള്ള ഒരു വിവാദ തർക്കത്തിന്റെ കാര്യം മാർക്കസ് ലിവിയസ് ദ്രൂസസുമായി ചർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അവിടെ വച്ച് കുട്ടികളോട് സിലോ ഒരു തമാശയ്ക്ക് "നിങ്ങളെല്ലാം എന്നെ പിന്തുണക്കുന്നുണ്ടോ?" എന്ന് ചോദിച്ചു. കുട്ടികളെല്ലാം ചിരിച്ച് തലയാട്ടി, കാറ്റോ മാത്രം ഒന്നും മിണ്ടാതെ സിലോയെ തുറിച്ചു നോക്കി. സിലോ കാര്യമെന്താണെന്ന് ചോദിച്ചിട്ടും കാറ്റോ ഒരക്ഷരം മിണ്ടിയില്ല. സിലോ കാറ്റോയെ കാലിൽ പിടിച്ചു എടുത്തു ജനാലയ്ക്ക് പുറത്ത് തൂക്കിയിട്ട് "ഇപ്പൊ നിന്നെ നിലത്തിടും" എന്ന് പറഞ്ഞിട്ടും കാറ്റോ ഒരക്ഷരം മിണ്ടിയില്ല. [2]

അക്കാലത്തെ റോമൻ ഡിക്റ്റേറ്ററായ സുള്ളയ്ക്ക് കാറ്റോയും, കാറ്റോയുടെ സഹോദരനുമായി സംസാരിക്കുന്നത് ഇഷടമായിരുന്നു. കാറ്റോ തന്റെ മനസ്സിലുള്ള അഭിപ്രായം വെട്ടിത്തുറന്ന് പറയുമായിരുന്നു എങ്കിലും സുള്ള ഇടയ്ക്ക് ഈ കുട്ടികളെ വിളിപ്പിച്ച് അവരുമായി സംസാരിക്കുമായിരുന്നു. ഒരിക്കൽ സുള്ളയുടെ വീട്ടിൽ വയ്ച്ച് സുള്ളയുടെ രാഷ്ട്രീയ എതിരാളികളായ ചില പ്രമുഖ റോമന്മാരെ സുള്ള വധശിക്ഷയ്ക്ക് വിധിച്ച് അവരെ കൊല്ലാൻ കൊണ്ടുപോകുന്നത് കാറ്റോ കണ്ടു. അന്ന് പതിനാലുകാരനായ കാറ്റോ തന്റെ അധ്യാപകനായ സാർപെഡോണോട് ഇതുവരെ സുള്ളയെ ആരും കൊല്ലാത്തതെന്തേ എന്ന് ചോദിച്ചു. അധ്യാപകന്റെ മറുപടി "ജനങ്ങൾ സുള്ളയെ വെറുക്കുന്നതിലുപരി അയാളെ ഭയക്കുന്നു" എന്നയിരുന്നു. അപ്പോൾ കാറ്റോ "എനിക്ക് ഒരു വാള് താ, റോമിനെ ഞാൻ സ്വതന്ത്രയാക്കിത്തരാം" എന്ന് പറഞ്ഞു. അതിനു ശേഷം കാറ്റോയുടെ തീവ്ര റിപ്പബ്ലിക്കൻ വിശ്വാസങ്ങൾ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടാൻ അയാളെ പ്രേരിപ്പിക്കുമെന്ന് ഭയന്ന് സാർപ്പിഡോൺ കാറ്റോയെ അധികം ഒറ്റയ്ക്ക് നടക്കാൻ അനുവദിക്കില്ലായിരുന്നു. [3]

മാസിഡോണിയയിലെ സൈനിക സേവനം[തിരുത്തുക]

പ്രായപൂർത്തിയായതിനുശേഷം മരണമടഞ്ഞ മാതാപിതാക്കളുടെ സ്വത്ത് കൈപ്പറ്റി കാറ്റൊ അമ്മാവന്റെ വീട്ടിൽ നിന്ന് മാറി താമസിച്ചു. അദ്ദേഹം സ്റ്റോയിക്ക് തത്ത്വചിന്തയും രാഷ്ട്രതന്ത്രവും പഠിച്ച്തുടങ്ങി. ആവശ്യത്തിലേറെ സ്വത്തുണ്ടായിട്ടും കാറ്റോ തന്റെ മുതു മുത്തഛനായ വലിയ കാറ്റോയുടെ മാതൃക പിന്തുടർന്ന് വളരെ ലളിതമായ രീതിയിലുള്ള ജീവിതം നയിച്ചു. വിശപ്പടങ്ങുന്നത്്വരെ മാത്രം ഭക്ഷണം കഴിച്ചും, വളരെക്കുറച്ച് വസ്ത്രം മാത്രം ധരിച്ച് തണുപ്പും മഴയും സഹിക്കാൻ കാറ്റോ തന്റെ ശരീരത്തെ പരിശീലിപ്പിച്ചും, കഠിനമായ വ്യായാമങ്ങൾ ചെയ്തും കാറ്റോ തന്റെ ആദർശങ്ങൾക്കൊത്ത് ജീവിച്ചു. 72 ബി സിയിൽ സ്പാർട്ടക്കസിനെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ റോമൻ പട്ടാളത്തിൽ ചേർന്നു. ഇരുപത്തെട്ടാമത്തെ വയസ്സിൽ ഒരു റോമൻ ലീജിയന്റെ (റോമൻ പട്ടാളത്തിൽ ലീജിയൻ ഏതാണ്ട് 5000 വരുന്ന ഒരു സേനാവിഭാഗമാണ്. ഏതാണ്ട് ഇന്നത്തെ റെജിമെന്റിനു തുല്യം) ചുമതല വഹിക്കാൻ റോമൻ ഭരണകൂടം കാറ്റൊയെ മാസിഡോണിയക്കയച്ചു. ഈ ലീജിയന്റെ നേതൃത്വം കാറ്റോ സ്തുത്യർഹമായി നിറവേറ്റിയിരുന്നു, അച്ചടക്കം നിലനിർത്തുന്ന കാര്യത്തിൽ കർക്കശക്കാരനായിരുന്നു എങ്കിലും തന്റെ കീഴിലുള്ള പട്ടാളക്കാരുടെ സ്നേഹവും ബഹുമാനവും കാറ്റൊ പിടിച്ചുപറ്റി.

രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം[തിരുത്തുക]

65 ബി സിയിൽ കാറ്റോ റോമിലേക്ക് മടങ്ങി, ക്വിസ്റ്റർ പദവിയിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. ക്വിസ്റ്റർ റോമൻ റിപ്പബ്ലിക്കിലെ ധനകാര്യങ്ങളുടെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്. ഈ പദവിയിൽ ഇരിക്കുന്നവർ നിയമിക്കപ്പെടുകയല്ല ജനഹിതമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുക. ക്വിസ്റ്റർ പദവിയിലേറിയ കാറ്റോ ഈ ജോലിയുടെ സകല വശങ്ങളെക്കുറിച്ചും പഠിച്ചു. കണക്കുകൾ വിശദമായി പരിശോധിച്ചതിനുശേഷം മുൻപ് ക്വിസ്റ്റർ പദവിയിലിരുന്ന പലർക്കുമെതിരെ സാമ്പത്തിക തിരിമറി നടത്തിയതിന് നിയമനടപടികൾ തുടങ്ങിവച്ചു. സുള്ളയുടെ ഡിക്റ്റേറ്റർഷിപ്പ് കാലത്തെ പല ശിങ്കിടികൾക്കെതിരെയും കാറ്റോ പൊതുഖജനാവിൽനിന്ന് പണം വെട്ടിച്ചതിന് കേസെടുത്തു. സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ജോലിയുടെ കാലാവധി തീർന്നു സാധാരണ സെനറ്റ് അംഗമായി തുടരുമ്പോഴും കാറ്റോയുടെ ഒരു കണ്ണ് ഖജനാവിന്റെ മേലുണ്ടായിരുന്നു. ഒരു സെനറ്റർ എന്ന നിലയിലും കാറ്റോ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. സെനറ്റിന്റെ ഒരു സിറ്റിങ്ങിന് പോലും കാറ്റോ പോകാതിരുന്നിട്ടില്ല, മാത്രമല്ല സിറ്റിങ്ങിനു പോകാത്ത സെനറ്റർമാരെ നിശിതമായി വിമർശിച്ചിരുന്നു.

ഒപ്റ്റിമേറ്റുകളുമായുള്ള സഖ്യം[തിരുത്തുക]

സെനറ്റിൽ കയറിയ കാലം മുതലേ കാറ്റോ ഒപ്റ്റിമേറ്റ് കക്ഷിയെ പിന്താങ്ങുന്നവരിലൊരാളായിരുന്നു. ഈ കക്ഷിയിൽ വന്ന ലക്ഷ്യവ്യതിയാനങ്ങളെ തിരുത്തി അതിനെ കാതലായ റിപ്പബ്ലിക്കൻ ആശയങ്ങളിലേക്ക് തിരിച്ച്കൊണ്ട്്വരാൻ കാറ്റോ പരമാവധി ശ്രമിച്ചു. 63 ബി സിയിൽ കാറ്റോ പ്ലീബിയൻ കൗൺസിലിന്റെ ട്രൈബ്യൂണായി തിരഞ്ഞടുക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ കാറ്റോ അക്കാലത്തെ കോൺസലായിരുന്ന സിസറോയെ കാറ്റിലീനിയൻ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട്്വരാൻ സഹായിച്ചു. റോമിലെ ഒരു പ്രമുഖ പട്രീഷ്യൻ കുടുംബത്തിലെ അംഗമായ കാറ്റിലീൻ എന്നയാൾ റോമൻ റിപ്പബ്ലിക്കിനെ തകിടം മറിക്കാനുള്ള ഉദ്ദേശത്തോടെ മധ്യ ഇറ്റലിയിലുള്ള എട്രൂറിയ എന്ന പ്രവിശ്യയിൽ രഹസ്യ്മായി ഒരു സേനയെ സ്വരുക്കൂട്ടി റോമിനെതിരെ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ തന്റെ വിജയം സുഗമമാക്കാൻ വേണ്ടി കാറ്റിലീൻ സിസറോയെയും മറ്റ് പ്രമുഖ സെനറ്റർമാരെയും കൊലചെയ്യാൻ ഗൂഢാലോചന നടത്തി (ഈ സംഭവമാണ് പിൽക്കാലത്ത് കാറ്റിലീൻ ഗൂഢാലോചന എന്നറിയപ്പെടുന്നത്). ഗൂഢാലോചന വെളിച്ചത്ത് വന്നപ്പോൾ കാറ്റിലീന്റെ അഞ്ച് അനുയായികൾ പിടിയിലായി. ഇവരെ എന്ത് ചെയ്യണം എന്ന വിഷയം സെനറ്റിൽ ചർച്ച ചെയ്യുമ്പോൾ സിസറോ അവരെ വിചാരണപോലും ചെയ്യാതെ കൈയോടെ വധിക്കണം എന്ന പ്രമേയം അവതരിപ്പിച്ചു, സീസർ ഇതിനെ നിശിതമായി എതിർത്തു, അവരെ വധശിക്ഷയ്ക്ക് വിധിക്കണ്ട ജയിലിലടച്ചാൽ മതി എന്ന് സീസർ പറഞ്ഞു. ആ ചർച്ചയിൽ വച്ച് കാറ്റോ സിസറോയെ ശക്തമായി പിന്തുണച്ച് സംസാരിച്ചു. ഒടുവിൽ സെനറ്റ് സിസറോയ്ക്ക് അനുകൂലമായ തീരുമാനമെടുത്തു. കാറ്റോ സെനറ്റിൽ വെച്ച് സീസറിനെ വ്യക്തിപരമായി ആക്രമിച്ചു. പരസ്യവിചാരണയും വേണ്ടാ, വിചാരണ ഇല്ലാതെ വധശിക്ഷയും പാടില്ല എന്നൊക്കെ പറയുമ്പോൾ സീസറിനും ഈ ഗൂഢാലോചനയിൽ പങ്കില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല എന്ന് കാറ്റോ സെനറ്റിൽ വെച്ച് പറഞ്ഞു. ഇവിടെവെച്ചാണ് കാറ്റോയും സീസറും തമ്മിലുള്ള ശത്രുത തുടങ്ങിയത്. [4] [5]

ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം[തിരുത്തുക]

കാറ്റിലീനിയൻ ഗൂഢാലോചനയുടെ കാലത്തിനുശേഷം കാറ്റോ തന്റെ കഴിവുകൾ സീസർ, പോംപി, ക്രാസ്സുസ് സഖ്യത്തിനെ എതിർക്കാനുപയോഗിച്ചു. ഈ മൂന്നു പേരും കൂടി തങ്ങളുടെ അധികാരം അനിയന്ത്രിതമായി വളർത്താൻ നടത്തിയ നീക്കങ്ങൾ കാറ്റോ അവസരം കിട്ടുമ്പോഴൊക്കെ ശക്തമായി എതിർത്തു. 61 ബി സിയിൽ പോംപി പേർഷ്യ, ജുഡിയ എന്നിത്യാദി കിഴക്കൻ പ്രദേശങ്ങളിൽ റോമിനുവേണ്ടി യുദ്ധം നയിച്ചു വിജയശ്രീലാളിതനായി റോമിലേയ്ക്ക് മടങ്ങി. സാധാരണ ഇത്തരം മടങ്ങലുകൾ കഴിഞ്ഞ് ഒരു പൊതു വിജയാഘോഷം റോമൻ സേനാനായകർക്ക് പതിവാണ്. ഈ വിജയാഘോഷം അവരുടെ രാഷ്ട്രീയ പ്രമാണിത്വം അരക്കിട്ടുറപ്പിക്കാനുപകരിക്കുന്ന ഒരു ചടങ്ങ്കൂടിയാണ്. ഈ വിജയാഘോഷങ്ങളിൽ ഇവർ അവരുടെ സേനയുമായി റോമിലെ തെരുവുകളിലൂടെ ഘോഷയാത്ര നടത്താറുണ്ട്. പോംപിയ്ക്ക് ആ സമയത്ത് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു ഒന്ന് പൊതു വിജയാഘോഷം നടത്തുക, രണ്ട് വീണ്ടും കോൺസൾ പദവിയുടെ തിരഞ്ഞെടുപ്പിനു നിൽക്കുക. കോൺസൾ പദവിയുടെ തിരഞ്ഞെടുപ്പിനു നിൽക്കുന്ന സേനാനായകന്മാർ അവരുടെ സേനയുമായി റോമിൽ പ്രവേശിക്കാൻ പാടില്ല എന്ന ഒരു തിരഞ്ഞെടുപ്പു നിയമം അന്ന് നിലവിലുണ്ടായിരുന്നു. സേനയെ പിരിച്ചുവിട്ടാൽ സേനയുമായി വിജയാഘോഷം നടത്താൻ പറ്റില്ല. അപ്പോൾ പോംപിയ്ക്ക് ഒന്നുകിൽ തിരഞ്ഞെടുപ്പ് അല്ലെങ്കിൽ വിജയാഘോഷം ഏതെങ്കിലും ഒരെണ്ണം മാത്രമേ നടക്കൂ എന്ന അവസ്ഥ വന്നു. ഇത് മറികടക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ പോംപി സെനറ്റിനോടഭ്യർത്ഥിച്ചു. കാറ്റോ ഇതിനെ ശക്തമായിട്ടെതിർത്തു. പോംപിയുടെ അളിയൻ ക്വിന്റസ് മെറ്റല്ലുസ് ചെലർ (Quintus Metellus Celer) നിയമഭേദഗതിക്ക് ഒരു പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചു, പക്ഷെ അത് വിജയിച്ചില്ല. ഒടുവിൽ പോംപിയ്ക്ക് വിജയാഘോഷം മാത്രം നടത്തി തൃപ്തിയടയേണ്ടി വന്നു. [6]

ഇതേ പ്രശ്നം സീസറിന് ഉണ്ടായപ്പോൾ കാറ്റോ ഫിലിബസ്റ്റർ എന്ന തന്ത്രമുപയോഗിച്ചു വോട്ടെടുപ്പ് തടഞ്ഞു. ഫിലിബസ്റ്റർ എന്ന് പറഞ്ഞാൽ രാത്രി സഭ പിരിയുംവരെ പ്രസംഗം നീട്ടി വോട്ടെടുപ്പ് തടയുന്ന ഒരു തന്ത്രമാണ്. ഒടുവിൽ സീസർ വിജയാഘോഷം വേണ്ടാ എന്നു വയ്ച്ച് കോൺസൾ തെരഞ്ഞെടുപ്പിനു നിന്നു. ആ തിരഞ്ഞെടുപ്പിൽ സീസർ വിജയിച്ചു കോൺസൾ ആയി. അതിനുശേഷം സീസർ സർക്കാർ ഭൂമി പോംപിയുടെ വിരമിച്ച പട്ടാളക്കാർക്ക് വീതിച്ച് കൊടുക്കുന്നതിന് ഒരു പ്രമേയം സെനറ്റിലവതരിപ്പിച്ചു. കാറ്റോ ഇതിനെതിരെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സീസറിന്റെ അംഗരക്ഷകർ കാറ്റോയെ പിടിച്ചു സെനറ്റിനു പുറത്തു തള്ളി. ഈ വിചിത്രമായ നടപടിക്കെതിരെ പ്രതിഷേധിച്ച് മറ്റ് ചില സെനറ്റർമാർ സഭയിൽ നിന്നിറങ്ങിപ്പോയി. സെനറ്റിൽ പ്രതിഷേധം മൂത്തപ്പോൾ ഒടുവിൽ സീസർ ഈ നിയമഭേദഗതി വോട്ടിങ്ങിനു വയ്ച്ചു, പക്ഷെ ഇത് സെനറ്റിനെ മറികടന്ന് ജനങ്ങളുടെയിടയിൽ ഒരു റെഫറണ്ടം (plebiscite) ആയി അവതരിപ്പിച്ചു.

സീസർ, പോംപി, ക്രാസ്സുസ് ത്രിമൂർത്തികളുടെ അനുയായിയായ ക്ലോഡിയസ് സെനറ്റിൽ കാറ്റോയുടെ തുടർന്നുള്ള സാന്നിദ്ധ്യം സിസറോയെ ഒതുക്കാനുള്ള ശ്രമത്തിൽ ഒരു വിലങ്ങ്തടിയാവുമെന്ന് മനസ്സിലാക്കി കാറ്റോയെ സൈപ്രസ്സിലെ യുദ്ധം നയിക്കാനയക്കണം എന്ന പ്രമേയം സെനറ്റിലവതരിപ്പിച്ചു. തന്ത്രം മനസ്സിലാക്കിയ കാറ്റോ ഈ നിയമനം നിരസിച്ചു. ഒടുവിൽ ത്രിമൂർത്തികളുടെ സഹായത്തോടെ ക്ലോഡിയസ് അതിനുവേണ്ടി സെനറ്റിൽ പ്രത്യേകനിയമം പാസ്സാക്കി. ഒടുവിൽ കാറ്റോയ്ക്ക് മനസ്സില്ലാ മനസ്സോടെ സൈപ്രസ്സ് ദൗത്യം സ്വീകരിക്കേണ്ടി വന്നു. സൈപ്രസ്സിലെ സ്തുത്യർഹമായ സേവനം കഴിഞ്ഞു മടങ്ങിയ കാറ്റോയ്ക്ക് സെനറ്റ് നന്ദിപൂർവം ഒരു സ്വീകരണവും, (ഇലക്ഷൻ ഇല്ലാതെ) പ്രത്യേക പ്രേറ്റർ പദവിയും, മറ്റ് ആനുകൂല്യങ്ങളും വച്ചുനീട്ടി. ഇതെല്ലാം നിയമവിരുദ്ധമായ ആനുകൂല്യങ്ങളാണെന്ന് പറഞ്ഞു കാറ്റോ അവയെയെല്ലാം നിരസിച്ചു. പിന്നീട് കാറ്റോ പ്രേറ്റർ പദവിയുടെ ഇലക്ഷനുനിന്നു വിജയിച്ചു. ഇതിനിടെ സീസർ, പോംപി, ക്രാസ്സുസ് ത്രിമൂർത്തി സഖ്യത്തിൽ വിള്ളലുകൾ വീണു തുടങ്ങി.

49 ബി സിയിലെ ആഭ്യന്തരയുദ്ധം[തിരുത്തുക]

59 ബി സിയിൽ കോൺസൾ പദവിയിൽ ഒരു വർഷം ഇരുന്നു വിരമിച്ച സീസർ പ്രോകോൺസൽ പദവിയിൽ ഇലിറിക്കം (ഇപ്പോഴത്തെ ക്രൊയേഷ്യ , അൽബേനിയ, ബോസ്നിയ ഹെർസെഗോവിന എന്നിവ അടങ്ങിയ പ്രദേശം), ട്രാൻസാല്പീൻ ഗൗൾ (transalpine gaul) (തെക്കൻ ഫ്രാൻസ്), സിസാല്പീൻ ഗൗൾ (cisalpine gaul) എന്നീ പ്രവിശ്യകളുടെ ഗവർണറായി സേവനമനുഷ്ടിക്കുകയായിരുന്നു. സാധാരണ ഈ പ്രോകോൺസൾ പദവിയുടെ കാലാവധി ഒരു വർഷമാണ്, സീസറിന് സെനറ്റ് ഇത് അഞ്ച് വർഷമാക്കിക്കൊടുത്തു. അഞ്ചു വർഷം കഴിഞ്ഞ് അത് വീണ്ടും അഞ്ചു വർഷത്തേയ്ക്ക് നീട്ടിക്കൊടുത്തിരുന്നു. ഈ കാലങ്ങളിൽ സീസർ സെനറ്റിന്റെ അനുവാദമില്ലാതെ ഗൗൾ, ബ്രിട്ടൺ എന്നിവ ആക്രമിച്ചു കീഴടക്കി. 50 ബി സി ആയപ്പോൾ റോമിലെ ജനതയുടെയിടയിൽ ആരാധ്യനായി മാറിയ വീണ്ടും കോൺസൾ തെരഞ്ഞെടുപ്പിനു നിൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത് ഒടുവിൽ ഒരു ഏകാധിപത്യ ഭരണത്തിലേക്ക് നയിക്കുമെന്ന് ഭയന്ന സെനറ്റ് സീസറെ പ്രോകോൺസൾ പദവി ഒഴിഞ്ഞു റോമിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. ഇതിനു മറുപടിയായി പോംപി പ്രോകോൺസൾഷിപ്പ് ഒഴിഞ്ഞാൽ താനും ഒഴിയാമെന്ന് സീസർ അറിയിച്ചു. ഈ മറുപടി സെനറ്റിന് ഒട്ടും രുചിച്ചില്ല, അവർ സീസറിനോട് ഉടൻ തന്റെ സേനകളുടെ ചുമതല ഒഴിഞ്ഞ് റോമിലേക്ക് മടങ്ങിയില്ലെങ്കിൽ സീസറിനെ റിപ്പബ്ലിക്കിന്റെ ശത്രുവായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പദവികൾ ഒഴിഞ്ഞ് തിരിച്ചുചെന്നാൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയ സീസർ 49 ബി സിയിൽ സെനറ്റിനെ പരസ്യമായി ധിക്കരിച്ച് തന്റെ സേനയുമായി റൂബിക്കൺ നദി കടന്നു. ഇത് 49 ബി സി യിലെ ആഭ്യന്തര യുദ്ധത്തിന്റെ തുടക്കമായിരുന്നു. പോംപിയും സെനറ്റിലെ ഭൂരിപക്ഷ കക്ഷിയായ ഒപ്റ്റിമേറ്റ് അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു ഇക്കൂട്ടത്തിൽ കാറ്റോവുമുണ്ടായിരുന്നു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. മധ്യ ഗ്രീസിലെ ഫർസാലയിൽ വച്ച് നടന്ന യുദ്ധത്തിൽ സീസറിന്റെ സേനകൾ നിർണായകമായ വിജയം നേടി. [7]

മരണം[തിരുത്തുക]

പരാജയം സ്വീകരിച്ചു കീഴടങ്ങാൻ വിസമ്മതിച്ച കാറ്റോ, മെറ്റല്ലസ് ഷിപ്പിയൊ (Metellus Scipio) എന്നിവർ ഉത്തര ആഫ്രിക്കയിലേക്ക് പാലായനം ചെയ്തു. ഇപ്പോഴത്തെ ടുണീഷ്യയിലുള്ള ഒരു പട്ടണമായ ഊട്ടിക്കയിൽ (Utica) അവർ താവളമുറപ്പിച്ചു. 46 ബി സി ഫെബ്രുവരിയിൽ സീസറിന്റെ സേനകൾ ടുണീഷ്യയിലെ ടാപ്സസ് എന്ന സ്ഥലത്ത് വച്ച് മെറ്റല്ലസ് ഷിപ്പിയൊ നയിച്ച റിപ്പബ്ലിക്കൻ സേനയെ പരാജയപ്പെടുത്തി. പതിവിനു വിപരീതമായി സീസർ ഷിപ്പിയോയുടെ സേനയുടെ കീഴടങ്ങൽ സ്വീകരിച്ചില്ല. കീഴടങ്ങിയവരെയൊക്കെ വധിക്കാൻ സീസർ ഉത്തരവിട്ടു. ഈ യുദ്ധത്തിൽ കാറ്റോ പങ്കെടുത്തില്ലായിരുന്നു. സീസർ ഭരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്നത് കാറ്റോയ്ക്ക് ഒട്ടും സ്വീകര്യമല്ലായിരുന്നു. തനിക്ക് മാപ്പ് തരാനുള്ള അധികാരം പോലും സീസറിന് നൽകാൻ വിസമ്മതിച്ച്കൊണ്ട് 46 ബി സി ഏപ്രിൽ മാസത്തിൽ ഉട്ടിക്കായിൽ വച്ച് കാറ്റോ വയറ്റിൽ വാൾ കുത്തിയിറക്കി ആത്മഹത്യ ചെയ്തു. കൈയ്ക്ക് പരിക്കേറ്റിരുന്നത്കാരണം ശക്തമായി കുത്താൻ കാറ്റോയ്ക്ക് കഴിഞ്ഞില്ല. ഈ സംഭവത്തക്കുറിച്ച് പ്ലൂട്ടാർക് ഇപ്രകാരമെഴുതി.

കാറ്റോ മുറിവ്കാരണം ഉടനെ മരിച്ചില്ല. പിടഞ്ഞ് കട്ടിലിൽനിന്ന് നിലത്ത് വീണു. വീഴ്ന്നപ്പോൾ കട്ടിലിനടുത്തിരുന്ന ഒരു മേശ തട്ടിമറിഞ്ഞ് വീണു. ശബ്ദം കേട്ട് വന്ന ജോലിക്കാർ ഒച്ചവയ്ച്ച് ആളെക്കൂട്ടി. കാറ്റോയുടെ മകനും മറ്റ് ചിലരും കിടപ്പുമുറിയിൽ വന്നപ്പോൾ കാറ്റോയ്ക്ക് ബോധമുണ്ടായിരുന്നു. വയർ മുറിഞ്ഞ് കുടൽ മാല കുറച്ച് പുറത്ത് ചാടിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു വൈദ്യൻ കുടൽമാല തിരിച്ചിട്ട് വയർ തുന്നി അടയ്ക്കാൻവേണ്ടി അടുത്തു വന്നു. ഉദ്ദേശം മനസ്സിലായ കാറ്റോ വൈദ്യനെ തള്ളിമാറ്റി സ്വന്തം കുടൽമാല കൈകോണ്ട് വലിച്ച് പുറത്തിട്ടു, മുറിവിനെ കൈകൊണ്ട് വലിച്ച് പിളർത്തി മരിച്ചു.

ചരിത്രപ്രസക്തി[തിരുത്തുക]

പിൽക്കാലത്ത് വന്ന മൂത്ത പ്ലീനി മുതലായ എഴുത്തുകാർ കാറ്റോയെ കാറ്റോ ഉട്ടിചെൻസിസ് (ഉട്ടിക്കയിലെ കാറ്റോ) എന്ന് വിശേഷിപ്പിച്ചു. പ്രാചീന റോമിൽ ഏതെങ്കിലും വിദേശ യുദ്ധത്തിൽ ജയിച്ച് ആ പ്രദേശം റോമിന്റെ കീഴിലാക്കിയ സേനാനായകന്മാരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത് (ഉദാ: ഷിപ്പിയൊ ആഫ്രിക്കാനസ്, Scipio Africanus). ഈ മാനദണ്ഡം വയ്ച്ച് കാറ്റോയുടെ ആത്മഹത്യ സീസറിന്റെ ഏകാധിപത്യത്തിനെതിരെ നേടിയ ഒരു ധാർമിക വിജയമായിട്ടാണ് (moral victory) റോമൻ ജനത കണ്ടത്. [8][9][10]

കാറ്റോയുടെ ഉയർന്ന ധാർമിക മൂല്യങ്ങളും, നിശ്ചയദാർഡ്യവും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെവരെ ബഹുമാനം പിടിച്ചുപറ്റിയിരുന്നു. കാറ്റോ രാഷ്ട്രീയജീവിതത്തിൽ കാട്ടിയ മാതൃക അദ്ദേഹത്തിന് പല പ്രമുഖ അനുയായികളെ നേടിക്കൊടുത്തു, അതിൽ ഏറ്റവും അറിയപ്പെടുന്ന അനുയായി മാർക്കസ് ഫവോണിയസായിരുന്നു. കാറ്റോയുടെ ജീവിതകാലത്ത് മാത്രമല്ല പിൽക്കാലത്ത് വന്ന പല റോമൻ രാഷ്ട്രീയനേതാക്കൾക്കും കാറ്റോയുടെ രാഷ്ട്രീയജീവിതം മാതൃകയായിട്ടുണ്ട്. കലാ സാംസ്കാരിക രംഗത്തിലും കാറ്റോയെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം ഡാന്റെയുടെ ഡിവൈൻ കോമഡിയിലെ രണ്ടാം പർവ്വമായ പർഗേറ്റോറിയോയിൽ കാറ്റോയെ ശുദ്ധീകരണമലയുടെ സൂക്ഷിപ്പുകാരനായിട്ട് ചിത്രീകരിക്കുന്നു. പർഗറ്റോറിയോവിന്റെ ഒന്നാം കാന്റോയിൽ ഡാന്റെ കാറ്റോയെപ്പറ്റി ഇപ്രകാരമെഴുതി :

vidi presso di me un veglio solo, 		
degno di tanta reverenza in vista, 	 		
che più non dee a padre alcun figliuolo. 
 			 
Lunga la barba e di pel bianco mista 	
portava, a' suoi capelli simigliante, 	
de' quai cadeva al petto doppia lista. 	
 			 
Li raggi de le quattro luci sante 	
fregiavan sì la sua faccia di lume, 
ch'i' 'l vedea come 'l sol fosse davante.

[11]

അവലംബം[തിരുത്തുക]

 1. Bellemore, J., "Cato the Younger in the East in 66 BC", Historia, 44.3 (1995)
 2. Plutarch, Cato Younger
 3. Plutarch, Cato Younger
 4. http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cato_Minor*.html
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-08. Retrieved 2013-02-25.
 6. http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cato_Minor*.html
 7. http://www.nndb.com/people/215/000095927
 8. Suetonius, Julius 28
 9. Plutarch, Caesar 32.8
 10. Plutarch, Life of Pompey, 1. (Loeb) at Thayer: [1]:see also Velleius Paterculus, Roman History 2, 21. (Loeb) at Thayer:
 11. http://danteworlds.laits.utexas.edu/purgatory/01antepurgatory.html
"https://ml.wikipedia.org/w/index.php?title=ഇളയ_കാറ്റോ&oldid=3625231" എന്ന താളിൽനിന്ന് ശേഖരിച്ചത്