ഉള്ളടക്കത്തിലേക്ക് പോവുക

ഇരുമുടിക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ തീർത്ഥാടനത്തിനുപോകുന്ന ഭക്തർ കൊണ്ടുപോകുന്ന ഒരു ഭാണ്ഡക്കെട്ടാണ് ഇരുമുടിക്കെട്ട് അഥവാ ഇരുമുടി. രണ്ടു ഭാഗങ്ങളായി കെട്ടുന്ന ഒരു തുണി സഞ്ചിയാണിത്. ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി ചവിട്ടാൻ ഇരുമുടിക്കെട്ടില്ലാതെ ഭക്തർക്ക് അനുവാദമില്ല. അയ്യപ്പന്റെ നടയിൽ എത്തിച്ചേരുന്ന ഓരോ ഭക്തനും തന്റെ കർത്തവ്യം നിർവഹിച്ചതിന്റെ പ്രതീകമായാണ് ഇരുമുടിക്കെട്ടിനെ കണക്കാക്കുന്നത്. ശബരിമലയിൽ ആദ്യമായി പോകുന്ന ഭക്തന് ഇരുമുടിക്കെട്ട് തയ്യാറാക്കാനും ശിരസ്സിലേറ്റാനും ഗുരുസ്വാമി (18 തവണയിലധികം ശബരിമലയിൽ പോയ വ്യക്തി) സഹായകനായി ഉണ്ടായിരിക്കണം. [1] ശബരിമല ദർശനം കഴിഞ്ഞ് പ്രസാദം കൊണ്ടുവരാനും ഇരുമുടി ഉപയോഗിക്കുന്നു.

ഇരുമുടിയുടെ ഭാഗങ്ങൾ

[തിരുത്തുക]

ഇരുമുടിക്കെട്ടിന് പ്രധാനമായും രണ്ട് അറകളുണ്ട്. ഓരോ അറയും ഓരോ ആവശ്യത്തെ പ്രതിനിധാനം ചെയ്യുന്നു. [2]

മുൻമുടി (മുൻഭാഗം)

[തിരുത്തുക]

ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾക്കും അയ്യപ്പന് സമർപ്പിക്കാനുമുള്ള വസ്തുക്കളാണ് ഈ ഭാഗത്ത് വെക്കുന്നത്. [3] ഇതിലുണ്ടാവുന്ന ചില വസ്തുക്കളാണ് നെയ്ത്തേങ്ങ, അട, കൽക്കണ്ടം, മലർ, നാളികേരം, മുദ്രാ നാളികേരം തുടങ്ങിയവ. ഇത് തയ്യാറാക്കുന്ന പ്രദേശങ്ങൾക്കനുസരിച്ച് മാറ്റം വരാറുണ്ട്.

പിൻമുടി (പിൻഭാഗം)

[തിരുത്തുക]

ശബരിമലയിലേക്ക് പോകുന്ന ഭക്തന്റെ സ്വന്തം ഉപയോഗങ്ങൾക്കുള്ള സാധനങ്ങളാണ് ഈ ഭാഗത്ത് വെക്കുന്നത്. ഇതിലുണ്ടാവുന്ന ചില വസ്തുക്കളാണ് ഭക്ഷ്യവസ്തുക്കൾ, വെറ്റില, അടയ്ക്ക, വിഭൂതി, ചന്ദനം, കാണിക്ക എന്നിവ.

കെട്ടുനിറ

[തിരുത്തുക]

വ്രതാനുഷ്ഠാനങ്ങളുടെ പൂർത്തീകരണശേഷം ഭക്തൻ ശബരിമല യാത്ര പുറപ്പെടുന്നതിന് മുൻപ് നടത്തുന്ന പ്രധാന ചടങ്ങാണ് കെട്ടുനിറ. സാധാരണയായി സ്വന്തം വീട്ടിലോ, അയ്യപ്പക്ഷേത്രങ്ങളിലോ, ഗുരുസ്വാമിയുടെ ഇല്ലങ്ങളിലോ ആണ് കെട്ടുനിറ നടത്തുന്നത്. ഇരുമുടിക്കെട്ടിന്റെ രണ്ടു അറകളിലും സാധനങ്ങൾ നിറച്ച് തയ്യാറാക്കുന്നു. തുടർന്ന് ഗുരുസ്വാമി അല്ലെങ്കിൽ മുതിർന്ന സ്വാമിമാർ ഇരുമുടിക്കെട്ട് ഭക്തൻ്റെ ശിരസ്സിൽ വെച്ച് അനുഗ്രഹിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. മലയാളി, മറുനാടൻ (2018-10-13). "ശബരിമല ആചാരാനുഷ്ഠാനങ്ങളിൽ അന്തിമ തീരുമാനത്തിന് അവകാശം തന്ത്രി കുടുംബത്തിന്; വിഗ്രഹത്തിനുള്ള അവകാശം കോടതി കണക്കിലെടുത്തിട്ടില്ല; സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകി കണ്ഠരര് മോഹനരും കണ്ഠരര്..." Retrieved 2025-10-23.
  2. പ്രൊഫ. എം.പി. ബാലകൃഷ്ണൻ, 'ശബരിമല: ചടങ്ങുകളും ദർശന രീതികളും' (Sabarimala: Rituals and Darshan Practices).
  3. രാഹുൽ ഈശ്വർ, 'സമ്പൂർണ്ണ ശബരിമല' (Comprehensive Sabarimala Guide).
"https://ml.wikipedia.org/w/index.php?title=ഇരുമുടിക്കെട്ട്&oldid=4576503" എന്ന താളിൽനിന്ന് ശേഖരിച്ചത്