ഇരട്ട ജീവിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിൽ ആദ്യമായി ട്രാൻസ്​ജെൻഡറുകളുടെ കഥ പറയുന്ന മുഴുനീള ചിത്രമാണ് ഇരട്ടജീവിതം. നവാഗതനായ സുരേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ സ്വതന്ത്ര സിനിമകളുടെ പ്രദർശന സാധ്യതകൾ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാന്തര പ്രദർശനങ്ങൾ നടത്തിയാണ് ജനങ്ങളിലേക്കെത്തിച്ചത്. ആത്മജ, ദിവ്യാ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.അമ്മ ഫിലിംസിന്റെ ബാനറിൽ എം.ജി.വിജയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ആണും പെണ്ണുമായും, ഹിന്ദുവും മുസൽമാനുമായും, ധനവാനും ദരിദ്രനുമായും മുറിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ, സമകാലിക സാമൂഹിക രാഷട്രീയ പരിസരത്ത് വച്ച് നോക്കിക്കാണാനുള്ള ശ്രമമാണ് ഇരട്ട ജീവിതം എന്ന സിനിമ. പല അടരുകളിലായാണ് സിനിമ വികസിക്കുന്നത്. സൈനു എന്ന കഥാപാത്രവും അവളുടെ ഓർമകളിലൂടെ കുട്ടിക്കാലം മുതൽക്കുള്ള ആമിനയുമായുള്ള അവളുടെ ബന്ധത്തെയും, അതിലൂടെ ആമിനയിലുണ്ടായിരുന്ന അദ്രുമാൻ എന്ന പുരുഷനെയും കണ്ടെത്തുന്നതാണ് ഒരു ലെയർ. മത്സ്യത്തൊഴിലാളിയായ മൊയ്തുവിന്റെ ജീവിതാനുഭവങ്ങൾക്കിടയിൽ അദ്രമാൻ എന്ന മനുഷ്യന്റെ സാമൂഹിക ജീവിതം, കമ്പോള യുക്തികളിൽ കുടുങ്ങിക്കിടക്കുന്ന സമകാലിക സമൂഹത്തിൽ എന്തായിരുന്നു എന്ന വിലയിരുത്തലാണ്.

പുഷ്പ എന്ന തൊഴിലാളി സ്ത്രീയുടെ അനുഭവങ്ങളിലും വീക്ഷണങ്ങളിലും ജീവിക്കുന്ന അദ്രമാനെയാണ് മറ്റൊരു അടരിൽ കാണാനാവുക.ഇങ്ങനെ പല അടരുകളിൽക്കൂടി അദ്രമാൻ എന്ന ട്രാൻസ് ജെന്ററിനെ പൊതുബോധം എങ്ങനെ സ്വീകരിക്കുന്നു എന്ന് അടയാളപ്പെടുത്താനാണ് സിനിമ ശ്രമിച്ചിട്ടുള്ളത്.

അസോസിയേറ്റ് ഡയരക്ടർ: രവി വാസുദേവ് ആർട്ട് ഡയരക്ഷൻ: ബെന്നി പി വി സംഗീതം: ജോഫി ചിറയത്ത് വസ്ത്രാലങ്കാരം: യാമിനി പരമേശ്വരൻ ചമയം: അനിൽ നേമം സിനിമാട്ടോഗ്രഫി: ഷെഹനാദ് ജലാൽ എഡിറ്റിംഗ്: സുരേഷ് നാരായണൻ നിശ്ചലഛായാഗ്രഹണം: വൈശാഖ് ഉണ്ണി

"https://ml.wikipedia.org/w/index.php?title=ഇരട്ട_ജീവിതം&oldid=3229086" എന്ന താളിൽനിന്ന് ശേഖരിച്ചത്