ഉള്ളടക്കത്തിലേക്ക് പോവുക

ഇമ്മ്യൂണോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Immunology
SystemImmune
Subdivisions Genetic (Immunogenetics)
Significant diseasesRheumatoid arthritis Inflammation
Significant tests
SpecialistImmunologist

ജീവജാലങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും[1] ശാഖയാണ് ഇമ്മ്യൂണോളജി.[2][3] ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും രോഗപ്രതിരോധവ്യവസ്ഥയുടെ ഫിസിയോളജിക്കൽ പ്രവർത്തനത്തെ ഇമ്മ്യൂണോളജി രേഖപ്പെടുത്തുകയും അളക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ (ഉദാഹരണത്തിന് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ, മാറ്റിവച്ച അവയവങ്ങളെ ശരീരം തിരസ്കരിക്കൽ), രോഗപ്രതിരോധവ്യവസ്ഥയിലെ ഘടകങ്ങളുടെ ഭൗതിക, രാസ, ജൈവ സവിശേഷതകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ഇമ്മ്യൂണോളജി നൽകുന്നു. ഗൈനക്കോളജി, റുമറ്റോളജി, വൈറോളജി, ബാക്ടീരിയോളജി, പാരാസൈറ്റോളജി, സൈക്യാട്രി, ഡെർമറ്റോളജി തുടങ്ങിയ നിരവധി വൈദ്യശാസ്ത്ര വിഭാഗങ്ങളിൽ ഇമ്മ്യൂണോളജിക്ക് ഏറെ പ്രാധാന്യമുണ്ട്.

റഷ്യൻ ജീവശാസ്ത്രജ്ഞനായ ഇല്യ ഇലിച് മെക്നിക്കോവ്[4] ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. രോഗപ്രതിരോധശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് അദ്ദേഹം 1908-ൽ നോബൽ സമ്മാനം നേടി. അദ്ദേഹം നക്ഷത്രമത്സ്യത്തിന്റെ ലാർവകളിലേക്ക് ചെറിയ മുള്ളുകൾ കടത്തുകയും തുടർന്ന് മുള്ളുകളെ വലയം ചെയ്ത അസാധാരണ കോശങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. സ്വന്തം സമഗ്രത നിലനിർത്താൻ ശ്രമിക്കുന്ന ശരീരത്തിന്റെ സജീവ പ്രതികരണമായിരുന്നു ഇത്. ശരീരം ഒരു അന്യവസ്തുവിനെതിരെ സ്വയം പ്രതിരോധിക്കുന്ന ഫാഗോസൈറ്റോസിസ് എന്ന പ്രതിഭാസം ആദ്യമായി നിരീക്ഷിച്ചത് മെക്നിക്കോവാണ്.

രോഗപ്രതിരോധവ്യവസ്ഥയുടെ പ്രധാന ലിംഫോയിഡ് അവയവങ്ങൾ തൈമസ്,[5] അസ്ഥിമജ്ജ, പ്ലീഹ, ടോൺസിലുകൾ, ലിംഫ് വാഹിനികൾ, ലിംഫ് നോഡുകൾ, അഡിനോയിഡുകൾ, കരൾ തുടങ്ങിയവയാണ്. ആരോഗ്യസ്ഥിതി അത്യാഹിത നിലയിലേക്ക് വഷളാകുമ്പോൾ, തൈമസ്, പ്ലീഹ, അസ്ഥിമജ്ജ, ലിംഫ് നോഡുകൾ, മറ്റ് ലിംഫറ്റിക് ടിഷ്യൂകൾ എന്നിവയുൾപ്പെടെയുള്ള രോഗപ്രതിരോധവ്യവസ്ഥയിലെ അവയവങ്ങളുടെ ഭാഗങ്ങൾ രോഗി ജീവിച്ചിരിക്കുമ്പോൾത്തന്നെ ശസ്ത്രക്രിയ ചെയ്ത് എടുത്ത് പരിശോധന നടത്താറുണ്ട്.

രോഗപ്രതിരോധവ്യവസ്ഥയുടെ പല ഘടകങ്ങളും സെല്ലുലാർ സ്വഭാവമുള്ളവയാണ്. അവ ഏതെങ്കിലും പ്രത്യേക അവയവവുമായി ബന്ധപ്പെട്ടിട്ടില്ല; മറിച്ച്, ശരീരത്തിലുടനീളമുള്ള വിവിധ ടിഷ്യൂകളിൽ ഉൾച്ചേർന്നോ അവയിലൂടെ സഞ്ചരിച്ചോ ആണ് കാണപ്പെടുന്നത്.

ക്ലാസിക്കൽ ഇമ്മ്യൂണോളജി

[തിരുത്തുക]

ക്ലാസിക്കൽ ഇമ്മ്യൂണോളജി എപ്പിഡെമിയോളജി, മെഡിസിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരവ്യവസ്ഥകൾ, രോഗകാരികൾ, പ്രതിരോധശേഷി എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇത് പഠിക്കുന്നു. പ്രതിരോധശേഷിയെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിത പരാമർശം ബി.സി. 430 ൽ ഏതൻസിൽ നിന്നുള്ളതാണ്. ഒരിക്കൽ രോഗം വന്ന് ഭേദമായ ആളുകൾക്ക് രണ്ടാം തവണ അതേ രോഗം പിടിപെടാതെ രോഗികളെ പരിചരിക്കാൻ കഴിയുമെന്ന് തുസ്സിഡിഡീസ് രേഖപ്പെടുത്തി.[6] മറ്റു പല പുരാതന സമൂഹങ്ങളിലും ഈ പ്രതിഭാസത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. എന്നിരുന്നാലും 19, 20 നൂറ്റാണ്ടുകൾ വരെ ഈ ആശയം ശാസ്ത്രീയ സിദ്ധാന്തമായി വികസിച്ചിരുന്നില്ല.

രോഗപ്രതിരോധവ്യവസ്ഥയ്ക്ക് രൂപം നൽകുന്ന തന്മാത്രാ, സെല്ലുലാർ ഘടകങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെയും പ്രതിപ്രവർത്തനത്തെയും കുറിച്ചുമുള്ള പഠനമാണ് ഇമ്മ്യൂണോളജിയുടെ കേന്ദ്രവിഷയം. രോഗപ്രതിരോധവ്യവസ്ഥയെ കൂടുതൽ പ്രാകൃതമായ ഇന്നേറ്റ് (സ്വതസിദ്ധ) രോഗപ്രതിരോധ സംവിധാനമായും, കശേരുകികളിൽ അക്വയേർഡ് അഥവാ അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനമായും തിരിച്ചിരിക്കുന്നു. രണ്ടാമത്തേതിനെ ഹ്യൂമറൽ (അഥവാ ആന്റിബോഡി), സെൽ-മീഡിയേറ്റഡ് ഘടകങ്ങൾ എന്നിങ്ങനെ വീണ്ടും തിരിച്ചിരിക്കുന്നു.

രോഗപ്രതിരോധ പ്രതികരണത്തെ ഉണർത്തുന്ന വസ്തുവാണ് ആന്റിജൻ. ആന്റിജനെ തിരിച്ചറിയുന്ന കോശങ്ങൾ ലിംഫോസൈറ്റുകളാണ്. ആന്റിജനെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അവ ആന്റിബോഡികൾ സ്രവിക്കുന്നു. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നിർവീര്യമാക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികൾ. ആന്റിബോഡികൾ രോഗകാരികളെ നേരിട്ട് കൊല്ലുന്നില്ല; പകരം, ഫാഗോസൈറ്റുകൾ, എൻ‌കെ സെല്ലുകൾ തുടങ്ങിയ മറ്റ് രോഗപ്രതിരോധ കോശങ്ങൾക്ക് നശിപ്പിക്കാനുള്ള ലക്ഷ്യങ്ങളായി ആന്റിജനുകളെ തിരിച്ചറിയുകയാണ് ചെയ്യുന്നത്.

ആന്റിബോഡികളും ആന്റിജനുകളും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് ഹ്യൂമറൽ (ആന്റിബോഡി) പ്രതികരണം.[7] ബി-ലസികാണു എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം രോഗപ്രതിരോധ കോശങ്ങൾ പുറത്തുവിടുന്ന സവിശേഷ പ്രോട്ടീനുകളാണ് ആന്റിബോഡികൾ. അതേസമയം, ആന്റിബോഡികളുടെ ഉത്പാദനത്തിന് കാരണമാകുന്ന എന്തിനെയും ആന്റിജൻ എന്ന് നിർവചിക്കുന്നു. ഈ രണ്ട് ജൈവ ഘടകങ്ങളുടെയും സവിശേഷതകളെക്കുറിച്ചും അവയോടുള്ള സെല്ലുലാർ പ്രതികരണത്തെക്കുറിച്ചുമുള്ള ധാരണയിലാണ് ഇമ്മ്യൂണോളജി അധിഷ്ഠിതമായിരിക്കുന്നത്.

ഉപാപചയ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കാൻസർ, അൽഷിമേഴ്സ് രോഗം പോലെയുള്ള നാഡീവ്യൂഹസംബന്ധിയായ രോഗങ്ങൾ എന്നിങ്ങനെ രോഗപ്രതിരോധശാസ്ത്രവുമായി ബന്ധമില്ല എന്ന് പരമ്പരാഗതമായി കരുതിപ്പോന്നിരുന്ന പല സാധാരണ രോഗങ്ങളുടെയും വികാസത്തിന് രോഗപ്രതിരോധ പ്രതികരണങ്ങൾ കാരണമാകുന്നുണ്ടെന്ന് ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.[8] കൂടാതെ, പകർച്ചവ്യാധികളിലും (ക്ഷയം, മലേറിയ, ഹെപ്പറ്റൈറ്റിസ്, ന്യുമോണിയ, ഛർദ്ദി, ഹെൽമിൻത്ത് വിരബാധ) രോഗപ്രതിരോധവ്യവസ്ഥയ്ക്ക് നേരിട്ടുള്ള പങ്കുണ്ട്. അതിനാൽ, ആധുനിക വൈദ്യശാസ്ത്രം, ബയോമെഡിക്കൽ ഗവേഷണം, ബയോടെക്നോളജി എന്നീ മേഖലകളിലെ പുരോഗതിക്ക് ഇമ്മ്യൂണോളജി മേഖലയിലെ ഗവേഷണങ്ങൾ ഏറെ പ്രധാനമാണ്.

ക്ലിനിക്കൽ ഇമ്മ്യൂണോളജി

[തിരുത്തുക]

രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറുകൾ (പരാജയം, അസാധാരണമായ പ്രവർത്തനം, വ്യവസ്ഥയിലെ കോശഘടകങ്ങളുടെ മാരകമായ വളർച്ച) മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ക്ലിനിക്കൽ ഇമ്മ്യൂണോളജി. രോഗപ്രതിരോധ പ്രതികരണങ്ങൾക്ക് രോഗകാരണത്തിലും ക്ലിനിക്കൽ സവിശേഷതകളിലും പങ്കുള്ള മറ്റ് വ്യവസ്ഥകളിലെ രോഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറുകൾ മൂലമുണ്ടാകുന്ന രോഗങ്ങളെ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  • ഇമ്മ്യൂണോഡെഫിഷ്യൻസി: ഇതിൽ രോഗപ്രതിരോധവ്യവസ്ഥയുടെ ഭാഗങ്ങൾ മതിയായ പ്രതികരണം നൽകുന്നതിൽ പരാജയപ്പെടുന്നു (ക്രോണിക് ഗ്രാനുലോമാറ്റസ് രോഗം, പ്രൈമറി ഇമ്മ്യൂൺ രോഗങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്);
  • ഓട്ടോഇമ്മ്യൂണിറ്റി: ഇതിൽ രോഗപ്രതിരോധവ്യവസ്ഥ ആതിഥേയന്റെ സ്വന്തം ശരീരത്തെത്തന്നെ ആക്രമിക്കുന്നു (സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഹാഷിമോട്ടോ രോഗം, മയസ്തീനിയ ഗ്രാവിസ് എന്നിവ ഉദാഹരണങ്ങളാണ്).

അപകടകരമല്ലാത്ത സംയുക്തങ്ങളോട് ശരീരം അനുചിതമായി പ്രതികരിക്കുന്ന വിവിധ ഹൈപ്പർസെൻസിറ്റിവിറ്റികളും (ആസ്ത്മ, മറ്റ് അലർജികൾ എന്നിവ) മറ്റ് രോഗപ്രതിരോധ വൈകല്യങ്ങളിൽ ഉൾപ്പെടുന്നു.

രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന ഏറ്റവും അറിയപ്പെടുന്ന രോഗം എയ്‌ഡ്‌സ്‌ ആണ്. സിഡി4+ ("ഹെൽപ്പർ") ടി സെല്ലുകൾ, ഡെൻഡ്രിറ്റിക് സെല്ലുകൾ, മാക്രോഫേജുകൾ എന്നിവയെ ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) അടിച്ചമർത്തുന്നതുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണിത്.

അലോഗ്രാഫ്റ്റുകളെ നശിപ്പിക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ ശ്രമങ്ങളെ (ട്രാൻസ്പ്ലാന്റ് തിരസ്കരണം) തടയുന്നതിനുള്ള മാർഗ്ഗങ്ങളും ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റുകൾ പഠിക്കുന്നു.[9]

ഡെവലപ്മെന്റൽ ഇമ്മ്യൂണോളജി

[തിരുത്തുക]

ആന്റിജനുകളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവ് വ്യക്തിയുടെ പ്രായം, ആന്റിജന്റെ തരം, മാതൃ ഘടകങ്ങൾ, ആന്റിജൻ അവതരിപ്പിക്കപ്പെടുന്ന ശരീരഭാഗം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.[10] നവജാതശിശുക്കൾ ഫിസിയോളജിക്കൽ ഇമ്മ്യൂണോഡെഫിഷ്യൻസി അവസ്ഥയിലാണെന്ന് പറയപ്പെടുന്നു, കാരണം അവരുടെ സ്വതസിദ്ധവും അഡാപ്റ്റീവുമായ രോഗപ്രതിരോധ പ്രതികരണങ്ങൾ വളരെയധികം അടിച്ചമർത്തപ്പെട്ട നിലയിലാണ്. ജനനശേഷം കുട്ടിയുടെ രോഗപ്രതിരോധവ്യവസ്ഥ പ്രോട്ടീൻ ആന്റിജനുകളോട് നന്നായി പ്രതികരിക്കുമെങ്കിലും ഗ്ലൈക്കോപ്രോട്ടീനുകളോടും പോളിസാക്രറൈഡുകളോടും പ്രതികരിക്കില്ല. വാസ്തവത്തിൽ, നവജാതശിശുക്കളെ ബാധിക്കുന്ന പല അണുബാധകൾക്കും കാരണം വിറുലൻസ് കുറഞ്ഞ അണുക്കളായ സ്റ്റഫൈലോകോക്കസ്, സ്യൂഡോമോണസ് എന്നിവയാണ്. നവജാതശിശുക്കളിൽ ഓപ്‌സോണിക് പ്രവർത്തനവും കോംപ്ലിമെന്റ് കാസ്കേഡ് സജീവമാക്കാനുള്ള കഴിവും വളരെ പരിമിതമാണ്. ഉദാഹരണത്തിന്, ഒരു നവജാതശിശുവിലെ ശരാശരി C3 നില മുതിർന്നവരിൽ കാണപ്പെടുന്നതിന്റെ 65% ആണ്. നവജാതശിശുക്കളിൽ ഫാഗോസൈറ്റിക് പ്രവർത്തനവും വളരെയധികം കുറഞ്ഞിരിക്കും. താഴ്ന്ന ഓപ്‌സോണിക് പ്രവർത്തനവും ഇന്റഗ്രിൻ, സെലക്റ്റിൻ റിസപ്റ്ററുകളുടെ അപ്-റെഗുലേഷൻ കുറയുന്നതുമാണ് ഇതിന് കാരണം; ഇത് എൻ‌ഡോതീലിയത്തിലെ അഡീഷൻ തന്മാത്രകളുമായി പ്രതിപ്രവർത്തിക്കാനുള്ള ന്യൂട്രോഫിലുകളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു. അവയുടെ മോണോസൈറ്റുകൾ മന്ദഗതിയിലുള്ളവയും എടിപി ഉൽ‌പ്പാദനം കുറഞ്ഞവയുമാണ്; ഇതും നവജാതശിശുവിന്റെ ഫാഗോസൈറ്റിക് പ്രവർത്തനത്തെ പരിമിതപ്പെടുത്തുന്നു. ആകെ ലിംഫോസൈറ്റുകളുടെ എണ്ണം മുതിർന്നവരിലേതിനേക്കാൾ വളരെ കൂടുതലാണെങ്കിലും സെല്ലുലാർ, ഹ്യൂമറൽ പ്രതിരോധശേഷി കുറവായിരിക്കും. നവജാതശിശുക്കളിൽ ആന്റിജൻ പ്രസന്റിങ് സെല്ലുകൾക്ക് ടി സെല്ലുകളെ സജീവമാക്കാനുള്ള കഴിവ് കുറവാണ്. കൂടാതെ, നവജാതശിശുവിന്റെ ടി സെല്ലുകൾ കുറഞ്ഞ തോതിൽ മാത്രം പെരുകുകയും IL-2, IL-4, IL-5, IL-12, IFN-g എന്നീ സൈറ്റോകൈനുകൾ വളരെ ചെറിയ അളവിൽ മാത്രം ഉൽ‌പ്പാദിപ്പിക്കുകയും ചെയ്യുന്നു; ഇത് ഹ്യൂമറൽ പ്രതികരണവും മാക്രോഫേജുകളുടെ ഫാഗോസൈറ്റിക് പ്രവർത്തനവും സജീവമാക്കാനുള്ള ശേഷിയെ പരിമിതപ്പെടുത്തുന്നു. ബി കോശങ്ങൾ നേരത്തേ വികസിക്കുന്നുണ്ടെങ്കിലും അവയും പൂർണ്ണമായി സജീവമല്ല.[11]

ചിത്രകാരൻ വരച്ച മോണോസൈറ്റുകളുടെ ചിത്രം

ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിൽ മാതൃ ഘടകങ്ങൾക്കും പങ്കുണ്ട്. ജനനസമയത്ത് കാണപ്പെടുന്ന ഇമ്മ്യൂണോഗ്ലോബുലിൻ മാതാവിൽ നിന്നുള്ള IgG ആണ്. ഈ ആന്റിബോഡികൾ FcRn (നിയോനേറ്റൽ എഫ്‌സി റിസപ്റ്റർ) വഴി മറുപിള്ളയിലൂടെ ഗർഭസ്ഥശിശുവിലേക്ക് എത്തുന്നു.[12] IgM, IgD, IgE, IgA എന്നിവ മറുപിള്ള കടന്ന് എത്താത്തതിനാൽ ജനനസമയത്ത് അവ കാണപ്പെടുന്നില്ല. ചില IgA മുലപ്പാലിലൂടെ ലഭിക്കുന്നു. നിഷ്ക്രിയമായി ലഭിച്ച ഈ ആന്റിബോഡികൾക്ക് നവജാതശിശുവിനെ 18 മാസം വരെ സംരക്ഷിക്കാൻ കഴിയും, പക്ഷേ അവയുടെ പ്രതികരണം സാധാരണയായി ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാണ്.[11] ഈ ആന്റിബോഡികൾക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാനും കഴിയും. നിഷ്ക്രിയമായി ലഭിച്ച മാതൃ ആന്റിബോഡികൾക്ക് സജീവ പ്രതിരോധവൽക്കരണത്തോടുള്ള ആന്റിബോഡി പ്രതികരണത്തെ അടിച്ചമർത്താൻ കഴിയും. അതുപോലെ, വാക്സിനേഷനോടുള്ള ടി-സെല്ലുകളുടെ പ്രതികരണം മുതിർന്നവരിലേതിൽ നിന്ന് കുട്ടികളിൽ വ്യത്യസ്തമാണ്; മുതിർന്നവരിൽ Th1 പ്രതികരണങ്ങളെ ഉണർത്തുന്ന വാക്സിനുകൾ നവജാതശിശുക്കളിൽ സമാനമായ പ്രതികരണങ്ങൾ ഉടനടി ഉണ്ടാക്കുന്നില്ല. ജനിച്ച് ആറ് മുതൽ ഒൻപത് മാസം ആകുമ്പോഴേക്കും കുട്ടിയുടെ രോഗപ്രതിരോധവ്യവസ്ഥ ഗ്ലൈക്കോപ്രോട്ടീനുകളോട് കൂടുതൽ ശക്തമായി പ്രതികരിക്കാൻ തുടങ്ങുന്നു. എന്നാൽ പോളിസാക്രറൈഡുകളോടുള്ള പ്രതികരണത്തിൽ പ്രകടമായ പുരോഗതി ഉണ്ടാകാൻ സാധാരണയായി കുറഞ്ഞത് ഒരു വയസ്സ് ആകേണ്ടതുണ്ട്. വാക്സിനേഷൻ ഷെഡ്യൂളുകളിൽ കാണപ്പെടുന്ന വ്യത്യസ്ത സമയക്രമങ്ങൾക്ക് ഇതാകാം കാരണം.[13][14]

കൗമാരപ്രായത്തിൽ മനുഷ്യശരീരം ഹോർമോണുകളുടെ മധ്യസ്ഥതയിലുള്ള വിവിധ ഭൗതിക, ശാരീരിക, രോഗപ്രതിരോധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. സ്ത്രീകളിൽ ഏറ്റവും പ്രധാനപ്പെട്ട ഹോർമോൺ 17-β- എസ്ട്രാഡിയോൾ (ഒരു ഈസ്ട്രജൻ) ആണ്; പുരുഷന്മാരിൽ പ്രധാനപ്പെട്ടത് ടെസ്റ്റോസ്റ്റിറോൺ ആണ്. എസ്ട്രാഡിയോൾ സാധാരണയായി 10 വയസ്സിലും ടെസ്റ്റോസ്റ്റിറോൺ അതിന് ഏതാനും മാസങ്ങൾക്കു ശേഷവും പ്രവർത്തിക്കാൻ തുടങ്ങുന്നു.[15] ഈ സ്റ്റിറോയിഡുകൾ പ്രാഥമിക, ദ്വിതീയ ലൈംഗിക സവിശേഷതകളിൽ മാത്രമല്ല, രോഗപ്രതിരോധവ്യവസ്ഥയുടെ വികാസത്തിലും നിയന്ത്രണത്തിലും സ്വാധീനം ചെലുത്തുന്നു എന്നതിന് തെളിവുകളുണ്ട്; ഓട്ടോഇമ്മ്യൂണിറ്റിക്കുള്ള വർദ്ധിച്ച സാധ്യതയും ഇതിൽ ഉൾപ്പെടുന്നു.[16][17] ബി സെല്ലുകളിലെയും മാക്രോഫേജുകളിലെയും കോശോപരിതല റിസപ്റ്ററുകൾ ശരീരത്തിലെ ലൈംഗിക ഹോർമോണുകളെ തിരിച്ചറിഞ്ഞേക്കാം എന്നതിനും ചില തെളിവുകളുണ്ട്.[18]

സ്ത്രീ ലൈംഗിക ഹോർമോണായ 17-β- എസ്ട്രാഡിയോൾ രോഗപ്രതിരോധ പ്രതികരണത്തിന്റെ തോത് നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്.[19] ടെസ്റ്റോസ്റ്റിറോൺ പോലുള്ള ചില പുരുഷ ആൻഡ്രോജനുകൾ അണുബാധയോടുള്ള സമ്മർദ്ദ പ്രതികരണത്തെ അടിച്ചമർത്തുന്നതായും കരുതപ്പെടുന്നു. എന്നിരുന്നാലും, ഡിഎച്ച്ഇഎ പോലുള്ള മറ്റ് ആൻഡ്രോജനുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.[20]

പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന തൈമിക് ഇൻവൊല്യൂഷൻ പോലുള്ള ശാരീരിക മാറ്റങ്ങളും രോഗപ്രതിരോധ പ്രതികരണത്തെ ബാധിക്കുന്നു.[21]

ഇക്കോ ഇമ്മ്യൂണോളജിയും ബിഹേവിയറൽ ഇമ്മ്യൂണിറ്റിയും

[തിരുത്തുക]

ഇക്കോ ഇമ്മ്യൂണോളജി അഥവാ ഇക്കോളജിക്കൽ ഇമ്മ്യൂണോളജി, ഒരു ജീവിയുടെ രോഗപ്രതിരോധവ്യവസ്ഥയും അതിന്റെ സാമൂഹിക, ജൈവ, അജൈവ പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു.

ഏറ്റവും പുതിയ ഇക്കോ ഇമ്മ്യൂണോളജിക്കൽ ഗവേഷണങ്ങൾ, പരമ്പരാഗതമായി "രോഗപ്രതിരോധപരമല്ലാത്തവ" എന്ന് കണക്കാക്കപ്പെട്ടിരുന്ന ആതിഥേയ രോഗകാരി പ്രതിരോധ മാർഗ്ഗങ്ങളിൽ, അതായത് രോഗകാരികളെ ഒഴിവാക്കൽ, സ്വയംചികിത്സ, സിംബിയന്റ്-മീഡിയേറ്റഡ് പ്രതിരോധം എന്നിവയിൽ, ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.[22] മാർക്ക് ഷാലർ പേര് നൽകിയ ബിഹേവിയറൽ ഇമ്മ്യൂണിറ്റി മനഃശാസ്ത്രപരമായ രോഗകാരി ഒഴിവാക്കലിനെയാണ് സൂചിപ്പിക്കുന്നത്; ഉദാഹരണത്തിന്, രോഗികൾക്കു ചുറ്റുമുള്ള ഛർദ്ദിയുടെ ഗന്ധം പോലെയുള്ള ഉത്തേജനങ്ങളെ ഒഴിവാക്കൽ.[23] പരാന്നഭോജികൾ ബാധിക്കുമ്പോൾ മോണാർക്ക് ചിത്രശലഭം വിഷമുള്ള ചില അസ്‌ക്‌ളിപ്പിയാസ് ഇനങ്ങളിൽ മുട്ടയിടുന്നതാണ് മറ്റൊരു ഉദാഹരണം. ഈ വിഷവസ്തുക്കൾ രോഗബാധിതരായ മോണാർക്കുകളുടെ സന്തതികളിൽ പരാന്നഭോജികളുടെ വളർച്ച കുറയ്ക്കുന്നു. എന്നിരുന്നാലും, രോഗം ബാധിക്കാത്ത മോണാർക്ക് ചിത്രശലഭങ്ങൾ ഈ വിഷസസ്യങ്ങൾ മാത്രം ഭക്ഷിക്കാൻ നിർബന്ധിതരാകുമ്പോൾ, മറ്റ് മോണാർക്ക് ചിത്രശലഭങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ ആയുസ്സ് കുറയുന്നു.[24] വിഷസസ്യങ്ങളിൽ മുട്ടയിടുന്നത് മോണാർക്കുകളിൽ പരിണാമത്തിലൂടെ രൂപപ്പെട്ട ഒരു പെരുമാറ്റമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഇമ്മ്യൂണോതെറാപ്പി

[തിരുത്തുക]

ഒരു രോഗത്തെയോ തകരാറിനെയോ ചികിത്സിക്കാൻ രോഗപ്രതിരോധ ഘടകങ്ങളോ ആന്റിജനുകളോ ഉപയോഗിക്കുന്നതിനെ ഇമ്മ്യൂണോതെറാപ്പി എന്ന് പറയുന്നു. ക്രോൺസ് രോഗം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ചില ഓട്ടോഇമ്മ്യൂൺ വൈകല്യങ്ങൾ, അലർജികൾ, ചില അർബുദങ്ങൾ എന്നിവ ചികിത്സിക്കാൻ ഇമ്മ്യൂണോതെറാപ്പി സാധാരണയായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷിയില്ലാത്തവരിലും (എച്ച്.ഐ.വി. രോഗികൾ പോലുള്ളവർ) മറ്റ് രോഗപ്രതിരോധ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവരിലും ഇമ്മ്യൂണോതെറാപ്പി പലപ്പോഴും ഉപയോഗിക്കാറുണ്ട്.

ഡയഗ്നോസ്റ്റിക് ഇമ്മ്യൂണോളജി

[തിരുത്തുക]

ആന്റിബോഡിയും ആന്റിജനും തമ്മിലുള്ള ബന്ധനത്തിന്റെ സവിശേഷത, പലതരം ഡയഗ്നോസ്റ്റിക് രീതികളിലൂടെ പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനുള്ള മികച്ച ഉപകരണമായി ആന്റിബോഡിയെ മാറ്റി. ഒരു നിശ്ചിത ആന്റിജനെ കണ്ടെത്തുന്നതിനായി, അതിനു മാത്രം സവിശേഷമായ ആന്റിബോഡികളെ ഐസോടോപ്പിക് (റേഡിയോ) ലേബലുമായോ ഫ്ലൂറസെന്റ് ലേബലുമായോ ഒരു എൻസൈമുമായോ സംയോജിപ്പിക്കാം. എന്നിരുന്നാലും, ചില ആന്റിജനുകൾ തമ്മിലുള്ള സാമ്യം പിശകുകളിലേക്ക് നയിച്ചേക്കാം.[25]

കാൻസർ ഇമ്മ്യൂണോളജി

[തിരുത്തുക]

കാൻസർ കോശങ്ങളുമായുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള പഠനം കാൻസർ കണ്ടെത്തുന്നതിനും അതിനെതിരെ പോരാടുന്നതിനുമുള്ള ഡയഗ്നോസ്റ്റിക് പരിശോധനകളിലേക്കും ചികിത്സകളിലേക്കും നയിക്കും.

റീപ്രൊഡക്റ്റീവ് ഇമ്മ്യൂണോളജി

[തിരുത്തുക]

ഗർഭസ്ഥശിശുവിനെ ശരീരം സ്വീകരിക്കുന്നത് ഉൾപ്പെടെ, പ്രത്യുത്പാദന പ്രക്രിയയുടെ രോഗപ്രതിരോധ വശങ്ങളെക്കുറിച്ച് പഠിക്കുന്ന ഇമ്മ്യൂണോളജി മേഖലയാണിത്. വന്ധ്യതാ പ്രശ്നങ്ങൾ, ആവർത്തിച്ചുള്ള ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, പ്രീ എക്ലാമ്പ്സിയ പോലുള്ള അപകടകരമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്ന കാര്യത്തിൽ ഫെർട്ടിലിറ്റി ക്ലിനിക്കുകളും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ↑ Fossen, Christian. "What is Biology?". www.ntnu.edu. Retrieved 2018-07-25.
  2. ↑ "Systems Immunology: Learning the Rules of the Immune System". Annual Review of Immunology. 36 (1): 813–42. April 2018. doi:10.1146/annurev-immunol-042617-053035. PMC 6597491. PMID 29677477.
  3. ↑ Janeway's Immunobiology textbook Searchable free online version at the National Center for Biotechnology Information
  4. ↑ "Ilya Ilyich Mechnikov (Elie Metchnikoff) (1845–1916)". The Embryo Project. Arizona State University.
  5. ↑ "The thymus and the immune system: layered levels of control". Journal of Thoracic Oncology. 5 (10 Suppl 4): S273–76. October 2010. doi:10.1097/JTO.0b013e3181f20474. PMC 2951290. PMID 20859118.
  6. ↑ Gherardi, E (2007-01-02). "The Concept of Immunity. History and Applications". Immunology Course Medical School, University of Pavia. Archived from the original on 2007-01-02. Retrieved 2018-07-27.
  7. ↑ Janeway, Charles A; Travers, Paul; Walport, Mark; Shlomchik, Mark J. (2001). "Chapter 9: The Humoral Immune Response". Immunobiology the immune system health & disease (5th ed.). New York: Garland. ISBN 978-0-8153-3642-6.
  8. ↑ "What is immunology? | British Society for Immunology". www.immunology.org. Archived from the original on 2018-07-21. Retrieved 2018-07-21.
  9. ↑ "Transplant rejection: T-helper cell paradigm | British Society for Immunology". www.immunology.org. Archived from the original on 2019-04-23. Retrieved 2019-04-23.
  10. ↑ Goldsby RA, Kindt TK (2003). Immunology (5th ed.). San Francisco: W.H. Freeman. ISBN 978-0-7167-4947-9.
  11. 1 2 "The maturing immune system: implications for development and testing HIV-1 vaccines for children and adolescents". AIDS. 20 (4): 483–94. February 2006. doi:10.1097/01.aids.0000210602.40267.60. PMID 16470112.
  12. ↑ https://www.immunology.org/public-information/bitesized-immunology/immune-development/neonatal-immunology
  13. ↑ "Maternal vaccines". Primary Care. 28 (4): 791–806, vi–vii. December 2001. doi:10.1016/S0095-4543(05)70041-5. PMID 11739030.
  14. ↑ Holt PG, Macaubas C, Cooper D, Nelson DJ, McWilliam AS (1997). Th-1/Th-2 switch regulation in immune responses to inhaled antigens. Role of dendritic cells in the aetiology of allergic respiratory disease. Advances in Experimental Medicine and Biology. Vol. 417. pp. 301–06. doi:10.1007/978-1-4757-9966-8_49. ISBN 978-1-4757-9968-2. PMID 9286377.
  15. ↑ "Hormonal changes in puberty III: Correlation of plasma dehydroepiandrosterone, testosterone, FSH, and LH with stages of puberty and bone age in normal boys and girls and in patients with Addison's disease or hypogonadism or with premature or late adrenarche". The Journal of Clinical Endocrinology and Metabolism. 41 (5): 894–904. November 1975. doi:10.1210/jcem-41-5-894. PMID 127002.
  16. ↑ "Sex hormones as immunomodulators in health and disease". International Immunopharmacology. 1 (6): 983–93. June 2001. doi:10.1016/S1567-5769(01)00044-3. PMID 11407317.
  17. ↑ "Oestrogen and human T lymphocytes: presence of specific receptors in the T-suppressor/cytotoxic subset". Scandinavian Journal of Immunology. 28 (3): 345–50. September 1988. doi:10.1111/j.1365-3083.1988.tb01459.x. PMID 2973658.
  18. ↑ "B cells express intracellular but not surface receptors for testosterone and estradiol". Steroids. 67 (7): 647–54. June 2002. doi:10.1016/S0039-128X(02)00013-2. PMID 11996938.
  19. ↑ "Regulation of innate and adaptive immunity by the female sex hormones estradiol and progesterone". FEMS Immunology and Medical Microbiology. 38 (1): 13–22. August 2003. doi:10.1016/S0928-8244(03)00202-5. PMID 12900050.
  20. ↑ "Estrogen enhances immunoglobulin production by human PBMCs". The Journal of Allergy and Clinical Immunology. 103 (2 Pt 1): 282–88. February 1999. doi:10.1016/S0091-6749(99)70503-8. PMID 9949320.
  21. ↑ "Identification of a human recent thymic emigrant phenotype". Proceedings of the National Academy of Sciences of the United States of America. 97 (8): 4215–20. April 2000. Bibcode:2000PNAS...97.4215M. doi:10.1073/pnas.070061597. PMC 18202. PMID 10737767.
  22. ↑ "Non-immunological defense in an evolutionary framework". Trends in Ecology & Evolution. 26 (5): 242–48. May 2011. doi:10.1016/j.tree.2011.02.005. PMID 21435735.
  23. ↑ "Commentaries on Evolutionary Foundations of Cultural Variation: Evoked Culture and Mate Preferences". Psychological Inquiry. 17 (2): 96–137. 2006. doi:10.1207/s15327965pli1702_2.
  24. ↑ "Evidence for trans-generational medication in nature" (PDF). Ecology Letters. 13 (12): 1485–93. December 2010. doi:10.1111/j.1461-0248.2010.01537.x. PMID 21040353.
  25. ↑ "Approaches to minimizing interference by cross-reacting molecules in immunoassays". Clinical Chemistry. 37 (2): 144–53. February 1991. doi:10.1093/clinchem/37.2.144. PMID 1993317.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇമ്മ്യൂണോളജി&oldid=4683764" എന്ന താളിൽനിന്ന് ശേഖരിച്ചത്