ഉള്ളടക്കത്തിലേക്ക് പോവുക

ഇബ്‌നു ഖുദാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബ്‌നു ഖുദാമ
ٱبْن قُدَامَة
ഇബ്‌നു ഖുദാമ അധ്യാപനവും പ്രാർത്ഥനയും നിർവ്വഹിച്ചിരുന്ന ഉമയ്യദ് മസ്ജിദ് (ഡമാസ്കസ്, സിറിയ)
മതംഇസ്‌ലാം
വ്യക്തിവിവരങ്ങൾ
ജനനം1147
541 AH
ജമ്മാഇൻ, നബ്‌ലുസ് ( ജറൂസലം, പലസ്തീൻ (പ്രദേശം)
മരണം7 ജൂലൈ, 1223
ശവ്വാൽ 1, 620 ഹിജ്റ (79 വയസ്സ്)
ഡമാസ്കസ്, സിറിയ (അയ്യൂബി കാലഘട്ടം)
അന്ത്യവിശ്രമംഡമാസ്കസ്, സിറിയ
പദവി
വിശേഷണങ്ങൾ
  • ശൈഖുൽ ഇസ്‌ലാം
  • ഹൻബലി മദ്‌ഹബിന്റെ ഇമാം
  • ഹൻബലി നിയമവിദഗ്ദൻ[1]

പലസ്തീൻ പ്രദേശത്ത് നിന്നുള്ള ഒരു ഇസ്‌ലാമിക പണ്ഡിതനും, ഗ്രന്ഥകാരനുമായിരുന്നു ഇബ്‌നു ഖുദാമ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇബ്‌നു ഖുദാമ അൽ മഖ്ദീസി മുവാഖഫുദ്ദീൻ അബൂമുഹമ്മദ് അബ്ദുല്ലാഹ് (Arabic: ٱبْن قُدَامَة ٱلْمَقْدِسِي مُوَفَّق ٱلدِّين أَبُو مُحَمَّد عَبْد ٱللَّٰه بْن أَحْمَد بْن مُحَمَّد 1147 - 7 ജൂലൈ 1223)[2]

ഹൻബലി മദ്‌ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ അൽ-മുഗ്നി[3] ഉൾപ്പെടെ നിരവധി കൃതികൾ ഇബ്‌നു ഖുദാമയുടേതായി ഉണ്ട്. സുന്നികൾക്കിടയിൽ ശൈഖുൽ ഇസ്‌ലാം എന്ന വിശേഷണത്താൽ അറിയപ്പെടുന്നു[4]. ഈ ധാരയിൽ ഏറെ ശ്രദ്ധേയനായ ചിന്തകനാണ് ഇബ്‌നു ഖുദാമ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇന്നും വളരെയധികം സ്വാധീനം ചെലുത്തിവരുന്നു. അഥരി വിശ്വാസ ധാരയിലായിരുന്നു ഇബ്‌നു ഖുദാമ നിലകൊണ്ടത്[5]

ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ മുസ്‌ലിം സമൂഹത്തിന് അനുഗ്രഹമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം[6], പക്ഷെ അഭിപ്രായ സമന്വയത്തിനും ഏറെ വിലകൽപ്പിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]
ഇബ്‌നു ഖുദാമ വിദ്യാഭ്യാസം നേടുകയും അധ്യാപനം നടത്തുകയും ചെയ്ത ബാഗ്ദാദിന്റെ ഒരു ചിത്രീകരണം (ജോൺ ഫിലിപ്പ് ന്യൂമാൻ 1876)

പലസ്തീനിലെ ജറൂസലമിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമായ ജമ്മൈനിൽ[2] 1147-ലാണ് ഇബ്‌നു ഖുദാമയുടെ ജനനം. ബൈത്തുൽ മഖ്‌ദിസിന്റെ സമീപ പ്രദേശമായതു കൊണ്ടായിരിക്കാം അൽ മഖ്‌ദീസി എന്ന് നാമത്തോടൊപ്പം ചേർന്നത്. സൂഫിയും ഹൻബലി മദ്‌ഹബിന്റെ പ്രചാരകനുമായിരുന്ന അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ ഖുദാമയുടെ മകനായിരുന്നു ഇബ്‌നു ഖുദാമ[4]. കുരിശുയുദ്ധങ്ങൾ നടന്നിരുന്ന സമയമായിരുന്നു അക്കാലം .

ഡമാസ്കസിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ[2] ശേഷം 1166-ൽ ബാഗ്ദാദിലേക്ക് യാത്രതിരിച്ചു[4]. അവിടെ ഫിഖ്ഹ് നിയമങ്ങളും സൂഫിസവും അഭ്യസിച്ച അദ്ദേഹത്തിന്റെ ഗുരു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ആയിരുന്നു[4]. ഒരു വർഷം കഴിയുന്നതോടെ ജീലാനി അന്തരിക്കുന്നുണ്ടെങ്കിലും, ആ സ്വാധീനം ഇബ്‌നു ഖുദാമയിൽ പ്രകടമായിരുന്നു.

തന്റെ ആദ്യ ബാഗ്ദാദ് യാത്രയിൽ നാലുവർഷം തങ്ങുകയുണ്ടായി. ഇക്കാലയളവിൽ ഇബ്‌നു അഖീലിന്റെ യുക്തിമാത്രവാദത്തെ വിമർശിച്ചുകൊണ്ട് ഒരു ഗ്രന്ഥം എഴുതിയിരുന്നു എന്നാണ് പറയപ്പെടുന്നത്[4]. ഹദീഥ് പണ്ഡിതകളായ ഖദീജ നഹ്റവാനിയ, നഫീസ അൽ ബസ്സാസ, ശുഹ്ദ അൽ കാതിബ എന്നിവർ ഉൾപ്പെടെ[7] നിരവധി അധ്യാപകരിൽ നിന്നായി ഹദീഥുകൾ അഭ്യസിച്ചിരുന്ന ഇബ്‌നു ഖുദാമ, അവരിൽ നിന്നെല്ലാം ഹദീഥ് പഠിപ്പിക്കാനുള്ള ലൈസൻസ് സമ്പാദിച്ചിരുന്നു.

തുടർന്ന് അധ്യാപനമാരംഭിച്ച ഇബ്‌നു ഖുദാമ, പ്രസിദ്ധയായ സൈനബ് ബിൻത് അൽ വാസിതി ഉൾപ്പെടെയുള്ള ശിഷ്യരെ വാർത്തെടുത്തു[7]

ഖുദ്സ് മോചനത്തിനായി സുൽത്താൻ സലാഹുദ്ദീന്റെ സൈന്യത്തിൽ (1187) ഇബ്‌നു ഖുദാമ സേവനമനുഷ്ഠിച്ചിരുന്നു.1189ലും 1196ലും അദ്ദേഹം വീണ്ടും ബാഗ്ദാദ് സന്ദർശിക്കുകയും, 1195ൽ മക്കയിലേക്കുള്ള തീർത്ഥാടനം നടത്തുകയും ചെയ്തു. 1197-ൽ ഡമാസ്കസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം1223 ജൂലൈ 7-ന് ശനിയാഴ്ച അന്തരിച്ചു. ഈദുൽ ഫിത്വർ ദിനത്തിലായിരുന്നു (ഹിജ്റ 620, ശവ്വാൽ 1) അദ്ദേഹത്തിന്റെ അന്ത്യം.

കാഴ്ചപ്പാടുകൾ

[തിരുത്തുക]

അഥരി ദൈവശാസ്ത്ര വിശ്വാസത്തിലധിഷ്ഠിതമായിരുന്നു ഇബ്‌നു ഖുദാമയുടെ ചിന്തകൾ[4][8]. ദൈവശാസ്ത്രപരമായ ഊഹാപോഹങ്ങൾ ആത്മീയതയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം[9][10]. ഖുർആൻ-ഹദീഥ് എന്നീ സ്രോതസ്സുകൾ മാത്രമേ ദൈവശാസ്ത്ര ചർച്ചകൾക്ക് ആധാരമാക്കാവൂ എന്ന് ഇബ്‌നു ഖുദാമ സമർത്ഥിച്ചു[11]. അത്യുന്നതനായ ദൈവത്തിന്റെ വിശദാംശങ്ങൾ മനുഷ്യർ അന്വേഷിച്ച് പോവേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം[12][9][13]. എന്നാൽ ഇബ്‌നു തൈമിയ്യയെ പോലുള്ള പിൽക്കാല ഹൻബലി ഇമാമുമാർ ദൈവശാസ്ത്ര ചർച്ചകളിൽ സജീവമായി ഇടപെട്ടിരുന്നു[13].

അവലംബം

[തിരുത്തുക]
  1. A.C. Brown, Jonathan (2014). Misquoting Muhammad: The Challenge and Choices of Interpreting the Prophet's Legacy. Oneworld Publications. p. 63. ISBN 978-1780744209.
  2. 2.0 2.1 2.2 Lewis, B.; Menage, V.L.; Pellat, Ch.; Schacht, J. (1986) [1st. pub. 1971]. Encyclopaedia of Islam. Vol. III (H-Iram) (New ed.). Leiden, Netherlands: Brill. p. 842. ISBN 9004081186.
  3. Al-A'zami, Muhammad Mustafa (2003). The History of the Qur'anic Text: From Revelation to Compilation: A Comparative Study with the Old and New Testaments. UK Islamic Academy. p. 188. ISBN 978-1872531656.
  4. 4.0 4.1 4.2 4.3 4.4 4.5 Makdisi, G., “Ibn Ḳudāma al-Maḳdīsī”, in: Encyclopaedia of Islam, Second Edition, Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel, W.P. Heinrichs.
  5. Halverson, Jeffry R. (2010). Theology and Creed in Sunni Islam: The Muslim Brotherhood, Ash'arism, and Political Sunnism. Palgrave Macmillan. p. 36.
  6. Ibn Qudamah, Lam'ah al-I'tiqad, trans. G. F. Haddad
  7. 7.0 7.1 Asma Sayeed, Women and Transmission of Religious Knowledge in Islam (Cambridge: Cambridge University Press, 2013), p. 170
  8. Muwaffaq al-Dīn Ibn Qudāma al-Maqdisi, Ta!hrīm al-na)zar fī kutub al-kalām, ed. Abd al-Ra!hmān b. Mu!hammad Saīd Dimashqiyya (Riyadh: Dār ālam al-kutub, 1990); translated into English by George Makdisi, Ibn Qudāma’s Censure of Speculative Theology (London: Luzac, 1962)
  9. 9.0 9.1 Jon Hoover, Ibn Taymiyya's Theodicy of Perpetual Optimism (Leiden: Brill, 2007), p. 53
  10. Waines, David (2003). An Introduction to Islam. Cambridge University Press. p. 122. ISBN 0521539064.
  11. Muwaffaq al-Dīn Ibn Qudāma al-Maqdisi, Ta!hrīm al-na)zar fī kutub al-kalām, ed.
  12. Jon Hoover, Ibn Taymiyya's Theodicy of Perpetual Optimism (Leiden: Brill, 2007), p. 19
  13. 13.0 13.1 Jon Hoover, Ibn Taymiyya's Theodicy of Perpetual Optimism (Leiden: Brill, 2007), p. 236
"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഖുദാമ&oldid=4517470" എന്ന താളിൽനിന്ന് ശേഖരിച്ചത്