ഇന്ത്യൻ തെളിവു നിയമം
ഇന്ത്യൻ തെളിവു നിയമം | |
---|---|
സൈറ്റേഷൻ | 1872-ലെ ആക്റ്റ് നമ്പർ 1. |
ബാധകമായ പ്രദേശം | ജമ്മു കാശ്മീർ സംസ്ഥാനമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും |
നിയമം നിർമിച്ചത് | ഇന്ത്യൻ ലെജിസ്ലേച്ചർ |
തീയതി | 1872 മാർച്ച് 15 |
നിലവിൽ വന്നത് | 1872 സെപ്റ്റംബർ 1 |
കോടതികളിൽ കേസ് നടത്തിപ്പിന്റെ ഭാഗമായി തെളിവുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും തെളിവുകൾ എന്തൊക്കെയാണെന്നും അവ ആര് ഹാജരാക്കണമെന്നും മറ്റുമുള്ള കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന നിയമമാണ് ഇന്ത്യൻ തെളിവു നിയമം (The Indian Evidence Act). കോടതികളിൽ നിയമപരമായി ഉപയോഗിക്കുന്ന വിവിധ രീതികളിലുള്ള തെളിവുകളുടെ സ്വഭാവം, അവ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നിവയെ സംബന്ധിച്ചുള്ള നടപടികളാണ് തെളിവുനിയമത്തിലുള്ളത്.
പ്രാധാന്യം
[തിരുത്തുക]തെളിവുനിയമം ഒരു നടപടി നിയമമാണ് (procedural law). ഏതെങ്കിലും പ്രത്യേക ആക്റ്റുകളിലോ ചട്ടങ്ങളിലോ തെളിവുകളെ സംബന്ധിച്ചും അവ ഹാജരാക്കുന്ന രീതിയെ സംബന്ധിച്ചും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ആ നിയമങ്ങളിലെല്ലാം തെളിവുനിയമം ആണ് ബാധകം. 1872-ൽ ഇന്ത്യൻ തെളിവുനിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇന്ത്യയിൽ ഐകരൂപ്യമുള്ള ഒരു തെളിവുനിയമം ഉണ്ടായിരുന്നില്ല. ഇന്ത്യൻ തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കിയത് സർ ജയിംസ് സ്റ്റീഫൻ ആണ്. അതിനുമുമ്പ് തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കാനുള്ള പല സംരംഭങ്ങളും ഉണ്ടായെങ്കിലും അവയൊന്നും വിജയിച്ചില്ല.
നിയമം നിലവിൽ വരുന്നതിനു മുൻപുള്ള കാലം
[തിരുത്തുക]ഇന്ത്യൻ തെളിവുനിയമത്തിന്റെ ആവിർഭാവത്തിനുമുമ്പ് പ്രസിഡൻസി ടൗണുകളായ ബോംബെ (മുംബൈ), മദ്രാസ്, കൽക്കത്ത (കൊൽക്കത്ത) എന്നിവിടങ്ങളിലെ കോടതികളിൽ ഇംഗ്ളിഷ് തെളിവുനിയമം ഉപയോഗിച്ചുവന്നു. മറ്റു പ്രദേശങ്ങളിൽ കീഴ്വഴക്കങ്ങളനുസരിച്ചും പഴയ റെഗുലേഷനുകളനുസരിച്ചും മുഹമ്മദൻ ലോ അനുസരിച്ചും പരമ്പരാഗതമായി ഇന്ത്യയിൽ നിലനിന്നിരുന്ന നടപടികൾ പിന്തുടർന്നും തെളിവുകൾ സ്വീകരിച്ചുവന്നു.
ബാധകമായ മേഖലകൾ
[തിരുത്തുക]ഇന്ത്യൻ തെളിവുനിയമം ഉണ്ടായതോടുകൂടി ജമ്മു-കാശ്മീർ ഒഴികെയുള്ള എല്ലാ ഇന്ത്യൻ പ്രദേശങ്ങൾക്കും ബാധകമായ ഒരു തെളിവു നിയമം ഉണ്ടായി. 11 അധ്യായങ്ങളും 167 സെക്ഷനുകളും ഉള്ള ഇന്ത്യൻ തെളിവുനിയമം വളരെ പ്രത്യേകതയുള്ളതാണ്. ഇന്നുവരെ എടുത്തുപറയത്തക്ക വലിയ ഭേദഗതികളൊന്നും ഈ നിയമത്തിൽ ഉണ്ടായിട്ടില്ല. ഇന്ത്യയിലുള്ള എല്ലാ കോടതികൾക്കും, പട്ടാളകോടതികൾ (courts martial) ഉൾപ്പെടെ, ഇന്ത്യൻ തെളിവുനിയമം ബാധകമാണ്. എന്നാൽ ആർബിട്രേഷൻ നടപടികൾ; കോടതികളിൽ ഹാജരാക്കുന്ന സത്യവാങ്മൂലങ്ങൾ; ആർമി, നേവി, എയർഫോഴ്സ് എന്നീ നിയമപ്രകാരം സ്ഥാപിക്കപ്പെടുന്ന പട്ടാള കോടതികൾ എന്നിവയ്ക്ക് ഈ തെളിവുനിയമം ബാധകമല്ല.
നീതിനിർവഹണം നടത്തുന്നതിന് ശരിയായ തെളിവ് ആവശ്യമാണ്. ശരിയായ തെളിവെന്നാൽ നിയമപരമായി അംഗീകരിച്ചിട്ടുള്ളതെന്നാണ് അർഥമാക്കുന്നത്. നേരിട്ടു ബോധ്യപ്പെടുത്താവുന്ന തെളിവും ശരിയായ തെളിവു തന്നെയാണ്. നമ്മുടെ നീതിനിർവഹണത്തിന്റെ അന്തഃസത്ത ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല എന്നതാണ്.
കോടതിക്കു ബോധ്യപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിവിധ രീതികളിലുള്ള കുറ്റങ്ങൾ, തെറ്റ്, നിയമ ലംഘനം എന്നിവയ്ക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ. നീതി നിർവഹണ പ്രക്രിയയിൽ കോടതിയെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് തെളിവുനിയമം. കോടതികൾ സത്യാവസ്ഥ കണ്ടുപിടിക്കുന്നത് തെളിവുകളിൽക്കൂടി മാത്രമാണ്. തെളിവുകൾ എങ്ങനെ വേണം, രേഖകൾ അഥവാ പ്രമാണങ്ങൾ ആവശ്യമാണോ, അവ എങ്ങനെയാണ് ഹാജരാക്കേണ്ടത്, ആരാണ് ഹാജരാക്കേണ്ടത് എന്നീ കാര്യങ്ങൾ തെളിവുനിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതികൾ തീരുമാനിക്കുന്നു.
അടിസ്ഥാന ഘടകങ്ങൾ
[തിരുത്തുക]തെളിവിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.
- തർക്കപ്രശ്നവും അതിനോടു പ്രസക്തമായ കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ മാത്രം പരിഗണിക്കുക.
- കേട്ടറിവുകൾ തെളിവായി സ്വീകരിക്കാതിരിക്കുക.
- ലഭ്യമാകുന്നതിൽ ഏറ്റവും നല്ല തെളിവുകൾ മാത്രം നല്കുക.
കോടതിയിൽ തെളിവ് ഹാജരാക്കുന്ന രീതികൾ
[തിരുത്തുക]ഇന്ത്യൻ തെളിവുനിയമത്തെ അതതുകാലങ്ങളിലുള്ള കോടതി വിധികളും നിയമജ്ഞരുടെ വ്യാഖ്യാനങ്ങളും സമ്പുഷ്ടമാക്കിയിട്ടുണ്ട്. കോടതിയിൽ തെളിവ് ഹാജരാക്കുന്നത് വിവിധ രീതികളിലാണ്.
- നേരിട്ടു ഹാജരായി മൊഴി നല്കി തെളിവു കൊടുക്കുക.
- പ്രമാണങ്ങൾ, രേഖകൾ, സർട്ടിഫിക്കറ്റുകൾ മുതലായവ ഹാജരാക്കുക.
- ബന്ധപ്പെട്ട വസ്തുക്കൾ ഹാജരാക്കുക.
- സാക്ഷികളെ ഹാജരാക്കി തെളിവു നല്കുക
സിവിൽ കോടതികളിലും ക്രിമിനൽ കോടതികളിലും തെളിവു നിയമം ബാധകമാണ്. ക്രിമിനൽ കോടതികളിൽ വലിയ കുറ്റങ്ങൾക്ക് കുറ്റസമ്മതം നടത്തിയാലും തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ. തെളിവു ലഭിക്കാത്ത കേസിൽ ശിക്ഷ നല്കാൻ കോടതിക്ക് അധികാരമില്ല. സിവിൽ കോടതിയിൽ വാദിയുടെ തർക്കം പ്രതി സമ്മതിച്ചാൽ മറ്റു തെളിവ് ആവശ്യമില്ല. നേരിട്ട് തെളിവ് ശേഖരിക്കാനും കൃത്യസ്ഥലം പരിശോധിക്കാനും കോടതികൾക്ക് അധികാരമുണ്ട്. ക്രിമിനൽ കോടതികൾ സംഭവസ്ഥലം പരിശോധിച്ച് തെളിവു ശേഖരിക്കാറുണ്ട്. സിവിൽ കോടതികൾ കമ്മിഷണർമാരെ അയച്ച് തെളിവുകൾ കണ്ടെത്തുന്നു. തെളിവുനിയമം നീതിന്യായ സംവിധാനത്തിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യൻ തെളിവുനിയമം മൂന്നം വകുപ്പ്[1] അനുസരിച്ച് തെളിവ് (evidence) എന്നുപറയുന്നത് താഴെ പറയുന്നവയാണ്.
വിവിധതരം തെളിവുകൾ
[തിരുത്തുക]1.കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വസ്തുതയെ സംബന്ധിച്ച് കോടതി തെളിവുശേഖരണം നടത്തുമ്പോൾ ഒരു സാക്ഷി കോടതിയുടെ അനുവാദത്തോടുകൂടി നല്കുന്ന വിവരമാണ് വാക്കാൽ തെളിവ് (oral evidence).[2]
2.കോടതിയുടെ പരിശോധനയ്ക്കായി ഹാജരാക്കുന്ന രേഖകളാണ് പ്രമാണത്തെളിവുകൾ (documentary evidences) [3]
ഒരു പ്രമാണത്തിന്റെ ഉള്ളടക്കമല്ലാത്ത കാര്യങ്ങളെല്ലാം വാക്കാൽ തെളിവിൽ നല്കാവുന്നതാണ്. പ്രമാണങ്ങളിലുള്ള ഉള്ളടക്കം ബോധ്യപ്പെടുത്താൻ പ്രമാണങ്ങൾതന്നെ ഹാജരാക്കുകയും ബന്ധപ്പെട്ട ആളെ വിസ്തരിക്കുകയും വേണം. ആധാരങ്ങൾ, വിലച്ചീട്ടുകൾ, കരാറുകൾ, രസീതുകൾ, സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, പ്ളാനുകൾ എന്നിവയെല്ലാം പ്രമാണത്തെളിവുകളാണ്. പ്രമാണ പ്രകാരമുള്ള തെളിവുകളെ പ്രാഥമിക തെളിവുകൾ ( primary evidences)[4] എന്നും രണ്ടാംതരം തെളിവുകൾ (secondary evidences) [5]എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അസ്സൽ രേഖകൾ ഹാജരാക്കി തെളിവു നല്കുന്നത് പ്രാഥമിക തെളിവും അടയാള സഹിതം പകർപ്പുകൾ, ഫോട്ടോകോപ്പികൾ എന്നിവ രണ്ടാംതരം തെളിവുകളും ആണ്. അസ്സൽ രേഖകളുടെ അഭാവത്തിൽ രണ്ടാംതരം രേഖകളെയും തെളിവായി കോടതി അംഗീകരിക്കുന്നുണ്ട്. തെളിവുകളെ നേരിട്ടുള്ള തെളിവുകൾ (direct evidences) എന്നും സാഹചര്യത്തെളിവുകൾ (circums-tantial evidences) എന്നും രണ്ടുരീതിയിൽ തരംതിരിച്ചിട്ടുള്ളതായി കാണാം. നേരിട്ടു ലഭിക്കുന്ന തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളെയും ക്രിമിനൽ കോടതികൾ തെളിവായി സ്വീകരിക്കുന്നു.
സാഹചര്യത്തെളിവുകൾ വളരെ വ്യക്തമായി പ്രോസിക്യൂഷൻ ഭാഗം തെളിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റങ്ങൾ ചെയ്യാനുള്ള ചിന്താഗതി, അതിനുള്ള തയ്യാറെടുപ്പുകൾ, കുറ്റം ചെയ്തതിനു മുമ്പും പിമ്പുമുള്ള പ്രതിയുടെ പെരുമാറ്റം എന്നിവ കോടതി തെളിവിനായി പരിശോധിക്കുന്നു. തിരിച്ചറിയൽ പരേഡ് നടത്തി കുറ്റവാളികളെ തിരിച്ചറിയുക, ഗൂഢാലോചന തെളിയിക്കുക, തൊണ്ടികൾ കണ്ടെടുക്കുക, രാസപരിശോധനാ റിപ്പോർട്ടുകൾ പരിശോധിക്കുക, കുറ്റസമ്മതമൊഴി, ദൃക്സാക്ഷി മൊഴി, ഏകസാക്ഷിയുടെ മൊഴി, കൂറുമാറുന്ന സാക്ഷിയുടെ മൊഴി എന്നീ വസ്തുതകളെല്ലാം ഭംഗിയായി വിശകലനം ചെയ്ത് തെളിവു ശേഖരിക്കുക തുടങ്ങിയവ കേസുകളുടെ ന്യായമായ തീരുമാനത്തിന് ആവശ്യമാണ്. സ്വയംരക്ഷാവാദം, ലൈംഗിക കുറ്റങ്ങൾ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം കോടതി പ്രത്യേകമായി പരിശോധിച്ച് തെളിവു കണ്ടെത്തുന്നു.
ക്രിമിനൽ കേസുകളിലും മറ്റും പ്രതി സ്ഥലത്തില്ലായിരുന്നു എന്ന വാദം (alibi evidence) ഒരു പരിധിവരെ പ്രതികൾക്കു സഹായകമാണ്. എന്നാൽ ഇത് തെളിയിക്കേണ്ട ചുമതല ആ വാദം ഉന്നയിക്കുന്ന ആൾക്കാണ്. ഓരോ കേസിന്റെയും വാദങ്ങളുടെയും പ്രത്യേകതയനുസരിച്ച് തെളിവു നല്കേണ്ട ബാദ്ധ്യത മാറിമാറി വരുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഭാഷണം; കക്ഷിയും അഭിഭാഷകനും, രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയം എന്നിവയെല്ലാം പ്രത്യേകതകൾ ഉൾ ക്കൊള്ളുന്നവയാണ്.
വിവിധ തരം സാക്ഷികൾ
[തിരുത്തുക]സാക്ഷികൾ പലവിധക്കാരായുണ്ട്. കുട്ടികളായ സാക്ഷികൾ, ബന്ധുക്കളായ സാക്ഷികൾ, താത്പര്യമുള്ള സാക്ഷികൾ എന്നിവരുടെ മൊഴികളെല്ലാം വിശദമായി വിശകലനം ചെയ്ത് തെളിവ് കണ്ടെത്തുന്നു. കേട്ടറിവ്, മരണമൊഴി, ഡോക്ടറുടെ സർട്ടിഫിക്കറ്റും മൊഴിയും എന്നിവയെല്ലാം തെളിവു നല്കൽ പ്രക്രിയയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കുറ്റം ചെയ്ത ആളുകൾ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊണ്ടികൾ കണ്ടെടുക്കുമ്പോൾ അതിനെ അംഗീകരിക്കാൻ നിയമവ്യവസ്ഥയുണ്ട്. പൊലീസ് നായ്ക്കളുടെ കണ്ടെത്തൽ, രാസപരിശോധനാ റിപ്പോർട്ടുകൾ, ആയുധങ്ങൾ എന്നിവയെല്ലാം തെളിവുനിയമത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-25. Retrieved 2012-10-25.
- ↑ "കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്". Archived from the original on 2013-12-22. Retrieved 2012-10-25.
- ↑ "കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്". Archived from the original on 2013-12-22. Retrieved 2012-10-25.
- ↑ "കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്". Archived from the original on 2016-06-24. Retrieved 2012-10-25.
- ↑ "കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്". Archived from the original on 2016-06-24. Retrieved 2012-10-25.
പുറത്തേയ്ക്കുള്ള കണ്ണി
[തിരുത്തുക]- ഇന്ത്യൻ തെളിവുനിയമം 2009-ലെ ആക്റ്റ് 10 അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ പതിപ്പ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തെളിവുനിയമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |