Jump to content

ഇന്ത്യയിലെ ലൈംഗിക വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adolescent girls engaged in sex education

ഇന്ത്യയിലെ ലൈംഗിക വിദ്യാഭ്യാസം എന്നതു കൊണ്ട്  ഉദ്ദേശിക്കുന്നത് സർക്കാരോ, ആരോഗ്യ വിദഗ്ദ്ധരോ, സന്നദ്ധ സംഘടനകളോ സംഘടിതമായി നല്കുന്ന ശാസ്ത്രീയമായ ലൈംഗികാരോഗ്യ ബോധനമാണ്. ഇത് ലൈംഗിക ആരോഗ്യവിദ്യാഭ്യാസം (Sexual Health Education) അഥവാ ലൈംഗിക- ജീവിതനൈപുണീ വിദ്യാഭ്യാസം (Sexuality- Life skill education), അതുമല്ലെങ്കിൽ ബന്ധങ്ങളും, ലൈംഗികതയും, ആരോഗ്യപരവുമായ വിദ്യാഭ്യാസം (Relationships, Sex and Health education) എന്നറിയപ്പെടുന്നു. നേരിട്ടും ഓൺലൈൻ ആയും ഹെൽത്ത്‌ ആൻഡ് സെക്സ് എഡ്യൂക്കേഷൻ നൽകി വരുന്നു. സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, ആശുപത്രികൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവ ശാസ്ത്രീയമായ ലൈംഗികവും ആരോഗ്യപരവുമായ വിദ്യാഭ്യാസം നൽകി വരുന്നു. സാധാരണ ഗതിയിൽ സെക്സ് എഡ്യൂക്കേഷൻ (Sex education) എന്നറിയപ്പെടുന്ന ഇത്തരം വിദ്യാഭ്യാസം രീതികൾക്ക് ഇന്ത്യയിൽ കാര്യമായ എതിർപ്പും നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗികവും- പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും, അതുമായി ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനം, കൗമാരക്കാരുടെ പ്രശ്നങ്ങൾ, പ്രണയം, ഗർഭധാരണം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs), ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക സുരക്ഷ (Safe Sex), ലൈംഗിക ശുചിത്വം, ലിംഗഭേദം (Gender), ലൈംഗികതയിലെ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ വ്യത്യാസങ്ങൾ, ലൈംഗികചായ്‌വ്, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (LGBTIQ+), അലൈംഗികത (Asexuality), വാർദ്ധക്യത്തിലെ ലൈംഗികത, ലൈംഗിക സംയമനം, ലൈംഗികതയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ, ലൈംഗികബന്ധത്തിനുള്ള സമ്മതം (Sexual consent), ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലിംഗനീതി, ലൈംഗിക കുറ്റകൃത്യങ്ങളും നിയമവും (Law), അബോർഷൻ തുടങ്ങിയവ ഉൾപ്പെടുന്നു.

ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം ഏറെ അപകടകരമാണ്. ഇത്തരം സാഹചര്യത്തിൽ ആളുകളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയും, ഗർഭ നിരോധന മാർഗങ്ങളെയും, സുരക്ഷിതവും തൃപ്തികരവുമായ ലൈംഗികതയെ സംബന്ധിച്ച ശാസ്ത്രീയമായ അറിവ് ഇല്ലാതിരിക്കുകയും, ഇക്കാരണത്താൽ ആഗ്രഹിക്കാത്ത ഗർഭധാരണവും, എയ്‌ഡ്‌സ്‌ ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുവാനും സാധ്യതയുണ്ട്. മാത്രമല്ല, ലൈംഗിക ബന്ധത്തിന് ആവശ്യമായ സമ്മതത്തെ പറ്റിയും (consent) പീഡന ശ്രമങ്ങളെ തിരിച്ചറിയേണ്ടതിനെ പറ്റിയും ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിലൂടെ ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇത് പീഡന ശ്രമങ്ങളെ ചെറുക്കാൻ ആവശ്യമാണ്.

ലിംഗസമത്വത്തിലൂന്നിയ ശാസ്ത്രീയ ബോധനമാണിത്. പ്രധാനമായും ഇതിനെ മൂന്നായി തരം തിരിക്കാം.

(1) കൗമാരപ്രായക്കാരായ സ്കൂൾ/ കോളേജ് വിദ്യാർഥികൾക്കായുള്ള ശാസ്ത്രീയമായി ബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പറ്റിയുള്ള സമഗ്ര ആരോഗ്യ വിദ്യാഭ്യാസം. ഗർഭ നിരോധന മാർഗങ്ങൾ, ലൈംഗിക പീഡനം, പീഡന ശ്രമങ്ങളെ തിരിച്ചറിയാനുള്ള നല്ലതും ചീത്തയുമായ സ്പർശനം, ലൈംഗിക ബന്ധത്തിനുള്ള സമ്മതം, പോക്സോ ഉൾപ്പടെയുള്ള നിയമങ്ങൾ, സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്നിവയെപ്പറ്റിയുള്ള ബോധവൽക്കരണവും ഇതിൽ ഉൾപ്പെടുന്നു.

(2) അവിവാഹിതർക്കായി വിവാഹപൂർവ കൗൺസിലിംഗ്, വിവാഹം കഴിഞ്ഞവർക്കായി പോസ്റ്റ്‌ മാര്യേജ് കൗൺസിലിംഗ്, കുടുംബാസൂത്രണ/ ഗർഭനിരോധന മാർഗങ്ങൾ, ദമ്പതികൾക്കുള്ള കൗൺസിലിംഗ്, ജൻഡർ ബോധവൽക്കരണം, ലിംഗ- ലൈംഗികന്യൂനപക്ഷങ്ങളെ പറ്റിയുള്ള ബോധവൽക്കരണം (LGBTIA+), ലിംഗ സമത്വം തുടങ്ങിയവ.

(3) എച്ച് ഐ വി-എയ്ഡ്സ് /എസ് റ്റി ഡി ബോധവത്കരണം. ഇതിൽ രോഗികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി പകരുന്ന HIV അല്ലെങ്കിൽ എയ്ഡ്സ്, HPV അണുബാധ, ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ ഉൾപ്പെടുന്നു.

ഈ ലേഖനം, ഇന്ത്യയിലെ ലൈംഗിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്നത്തെ നില, ഗുണമേന്മ, കാര്യക്ഷമത, ഇത്തരം വിദ്യാഭ്യാസത്തോടുള്ള ഇവിടത്തെ എതിർപ്പ് എന്നിവ രേഖപ്പെടുത്തുന്നു. കുടുംബാസൂത്രണത്തിന്റെ ചരിത്രത്തിനു ഇന്ത്യയിലെ കുടുംബാസൂത്രണത്തിന്റെ ചരിത്രം കാണുക.[1][2]

ലൈംഗികാരോഗ്യത്തിന്റെ ഇന്നത്തെ സ്ഥിതി

[തിരുത്തുക]

ലിംഗസ്ഥിതിയും ഗർഭധാരണവും

[തിരുത്തുക]

2001ലെ ലിംഗാനുപാതം പരിശോധിച്ചാൽ 1000 ആണിനു 962 പെൺ മാത്രമേയുള്ളു എന്നു കാണാം.  ഈ അസമത്വത്തിന്  പല കാരണങ്ങളും കാണാനാവും. ഉദാഹരണത്തിന് അമ്മമാർ ഗർഭധാരണത്തിനും മുമ്പും ശേഷവും കഴിക്കുന്ന ഭക്ഷണത്തിലെ  പോഷക കുറവ്, പെൺഭ്രൂണഹത്യ, ആൺകുട്ടികളാണ് അഭികാമ്യമെന്ന പരമ്പരാഗത ചിന്താഗതി എന്നിങ്ങനെ പലതും .

എന്നിരുന്നാലും, ഇന്ത്യയിലെ ലിംഗാനുപാതത്തിൽ പെൺകുഞ്ഞുങ്ങളുടെ സംഖ്യ കുറയാനുള്ള യഥാർഥ കാരണം ഗർഭധാരണത്തിനുമുമ്പുള്ള ലിംഗ പരിശോധനയും തുടർന്നുള്ള പെൺഭ്രൂണ ഹത്യയുമാണ്. [3]  

പെൺകുട്ടികളുണ്ടായാൽ അത് കുടുംബത്തിനു സാമൂഹ്യമായും സാമ്പത്തികമായും ബാദ്ധ്യതയായി മാറുമെന്ന് സ്ത്രീകളെ നിരന്തരം പറഞ്ഞുവിശ്വസിപ്പിക്കുന്നുവെന്നാണ് ഇതുകൊണ്ട് അർഥമാക്കേണ്ടത്.

കേരളം പോലുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ചില അപൂർവ്വം പ്രദേശങ്ങളിൽ അനേകം സ്ത്രീപുരുഷന്മാർ ജോലി ലഭ്യമാവുന്നതുവരെ തങ്ങളുടെ വിവാഹപ്രായം നീട്ടുന്നു. എന്നിരുന്നാലും ഇന്ത്യയിലെ മിക്ക വീടുകളിലും ലൈംഗിക കാര്യങ്ങളിൽ വളരെയധികം യാഥാസ്ഥിതികത പാലിച്ചു പോരുന്നു. ലൈംഗികതയെപ്പറ്റിയുള്ള എല്ലാവിധ ചർച്ചകളും ഈ വീടുകളിൽ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലും പട്ടണപ്രദേശത്തെ ചേരിപ്രദേശങ്ങളിലും മറ്റു അവികസിത മേഖലകളിലും പെൺകുട്ടികൾക്ക് ചെറുപ്രായത്തിൽത്തന്നെ വിവാഹിതരാകേണ്ടിവരുന്നുണ്ട്. ലൈംഗികതയെപ്പറ്റിയോ ഗർഭധാരണത്തെ പറ്റിയോ ഒരു അറിവുമില്ലാതെയാണവർ വിവാഹിതരാകുന്നത്. യൂണിസെഫ്  കണക്കുപ്രകാരം ഇന്ത്യയിൽ ഇന്ന് 24 കോടിയോളം പെൺകുട്ടികൾ 18 വയസിനു താഴെ പ്രായത്തിൽ വിവാഹിതരായവരാണ്, [4] ഇന്ത്യയിൽ ശരാശരി വിവാഹപ്രായം 20.6 ആയി വർദ്ധിച്ചിട്ടുണ്ടെങ്കിലും.  [5]

കൗമാരക്കാരിലെ ഗർഭാവസ്ഥ കൂടുതലാണ്. 36% പെൺകുട്ടികളും (പ്രായം 13–16) 64% കൗമാരപ്രായക്കാരും (പ്രായം 17–19) ഗർഭിണികളോ അമ്മമാരോ ആയിക്കഴിഞ്ഞതായി കണക്കുകൾ പറയുന്നു.[6] ഇന്ത്യയിൽ വിവാഹേതര ഗർഭം വലിയ അപമാനമായാണ് കരുതപ്പെടുന്നത്. ഗർഭം അലസിപ്പിക്കുക എന്നത് വളരെക്കുറച്ചുമാത്രം ലഭ്യമാവുന്ന സേവനമാണ്. അതു ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകളോട് ഡോക്ടർമാർ പോലും അനുകൂല നിലപാട് അപൂർവ്വമായേ എടുക്കാറുമുള്ളു. ഇതിന്റെ ഫലമായി അതാവശ്യമുള്ള സ്ത്രീകൾക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരാറുണ്ട്. ഇത് സ്ത്രീകളുടെ ജീവൻ പോലും അപകടത്തിലാക്കുന്നു. അല്ലെങ്കിൽ കുട്ടിയെ ഉപേക്ഷിക്കേണ്ടിവരുന്നു. അത്തരം അപമാനിതരായ സ്ത്രീകൾക്ക് ആത്മഹത്യ ചെയ്യേണ്ടതായി വരുന്നു.[7]

ഗർഭനിരോധനമാർഗ്ഗങ്ങൾ വിവാഹജീവിതത്തിലോ പുറത്തോ അപൂർവ്വമായി മാത്രമാണുപയൊഗിക്കുന്നത്. പലർക്കും ഇതേപ്പറ്റി ശാസ്ത്രീയമായ അറിവില്ല. 1992–1993ൽ ദേശീയ കുടുംബാരോഗ്യ സർവ്വേയിൽ വിവാഹിതരായ 7.1% സ്ത്രീകൾ മാത്രമേ (പ്രായപരിധി 15–19) ഗർഭനിരോധനോപാധികൾ ഉപയോഗിക്കുന്നുള്ളു എന്നു കണ്ടെത്തി. എന്നാൽ 20–24 പ്രായത്തിലുള്ളസ്ത്രീകൾ പൊതുവെ 21% ഇവ ഉപയോഗിക്കുന്നുണ്ട്. ഗർഭനിരോധനമാർഗ്ഗങ്ങൾ ഒരു വശത്തു ലഭ്യമാകാത്തപ്പൊഴാണ് മരുവശത്ത് ഗർഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന 50 ലക്ഷം ഗർഭച്ഛിദ്രങ്ങളിൽ 10% മാത്രമാണ് നല്ല സൗകര്യങ്ങളുള്ള ആശുപത്രികളിൽ നടക്കുന്നത്. മതസംഘടനകൾ നടത്തുന്ന ആശുപത്രികളിൽ അബോർഷന് അപ്രഖ്യാപിത വിലക്കുള്ളതായി ആരോപിക്കപ്പെടുന്നു. പൊതുവേ എംടിപി ആക്ടിനെപ്പറ്റി ജനങ്ങൾക്കും അറിവില്ല.[8]

എയിഡ്സ്/ എച്ച് ഐ വി, ലൈംഗികരോഗങ്ങൾ

[തിരുത്തുക]

ഇന്തയിൽ 40 ലക്ഷം പേരിലധികം എയ്ഡ്സ് രോഗികൾ ഉണ്ട്. ലോകത്തെ എതൊരു രാജ്യത്തേക്കാളും കൂടുതലാണിത്. ഇതിൽ പകുതിയോളമോ അതിൽ സ്വല്പം കൂടുതലോ പുരുഷന്മാരാണ്. സുരക്ഷിതമായ ലൈംഗികബന്ധത്തെപ്പറ്റിയോ, ഗർഭനിരോധന ഉറയുടെ ഉപയോഗത്തെപറ്റിയോ പോലും പലർക്കും ശരിയായ അറിവില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. [9]

വിവിധതരം ലൈംഗിക വിദ്യാഭ്യാസരീതികൾ

[തിരുത്തുക]

കൗമാരപ്രായക്കാർക്ക്

[തിരുത്തുക]

ഇന്ത്യയിൽ ഏതാണ്ട്, 19 കോടി കൗമാരപ്രായക്കാരുണ്ട്. അതിൽ 30% നിരക്ഷരരാണ്.[10]

ലൈംഗിക ആരോഗ്യത്തെപ്പറ്റി കൗമാരപ്രായക്കാർക്ക് ശാസ്ത്രീയമായ  വിവരം ലഭിക്കുന്നില്ല. ഇതിനു കാരണം വിദ്യാഭ്യാസം, പ്രത്യേകിച്ച് ബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പറ്റിയുള്ള സമഗ്ര വിദ്യാഭ്യാസം ഇല്ലായ്മയും ലൈംഗികതയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടും  മൂലമാണ്. ഹൈസ്കൂൾ തലത്തിലെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട അദ്ധ്യായം പോലും പലയിടത്തും കൃത്യമായി പഠിപ്പിക്കുന്നില്ല. പലപ്പോഴും സുരക്ഷിത ലൈംഗികതയെപറ്റിയുള്ള അറിവില്ലായ്മയും അബദ്ധധാരണകളും ഗർഭ നിരോധന മാർഗങ്ങളെ പറ്റിയുള്ള അജ്ഞാനവും ഇവരെ പല രീതിയിലും മോശമായി ബാധിക്കാറുണ്ട്.

ഫലപ്രാപ്തി

[തിരുത്തുക]

രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളായ കൗമാരക്കാർക്ക് കൃത്യമായതും ആവശ്യമായതുമായ ലൈംഗികവിദ്യാഭ്യാസം നൽകുവാൻ പലപ്പോഴും വൈമനസ്യമുള്ളവരാണ്. മതപരമായ വിലക്കുകൾക്കുപരി, മക്കളോട് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് ലജ്ജാകരവും വൃത്തികെട്ടതുമാണെന്നു കരുതുന്നു. പല മാതാപിതാക്കൾക്കും ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തെ പറ്റി ശരിയായ അറിവില്ല. (Tripathi et al).[11]

അദ്ധ്യാപകർക്കും ഇതേ കാഴ്ചപ്പാടാണ്. എൻ സി ഇ ആർ ടി ആദ്യമായി ലൈംഗികാരോഗ്യ വിദ്യാഭ്യാസം നിലവിലുള്ള കരിക്കുലത്തിന്റെ ഭാഗമായി ഒരു പ്രത്യേക വിഷയമായല്ലാതെ രാജ്യവ്യാപകമായി പഠിപ്പിക്കാൻ തുടക്കമിട്ടു. എന്നാൽ, അദ്ധ്യാപകർ ആ വിഷയം ഒഴിവാക്കാനാണു ശ്രമിച്ചത്. രണ്ടാമത്, ഗുജറാത്തിലെ ഒരു സ്കൂൾ അവിടത്തെ കൗൺസിലേഴ്‌സിന് വേണ്ടി രഹസ്യമായി കത്ത് ഒരു പെട്ടിയിലിടാൻ കുട്ടികളെ പ്രേരിപ്പിച്ചു. ലിംഗഭേദമനുസരിച്ച് കുട്ടികൾ വ്യത്യസ്ത ചോദ്യങ്ങളാണു ചോദിച്ചത്. പെൺകുട്ടികൾ ആർത്തവത്തെപ്പറ്റിയും തങ്ങളുടെ രൂപഘടനയെപ്പറ്റിയും സ്വാഭാവികമായ ലൈംഗികസ്വഭാവത്തെപ്പറ്റിയും ചോദിച്ചപ്പോൾ ആൺകുട്ടികൾ രാത്രികാലത്തുള്ള സ്കലനത്തെപ്പറ്റിയും സ്വയംഭോഗത്തെപ്പറ്റിയും ലിംഗവലിപ്പത്തെപ്പറ്റിയും തിരക്കി.(Abraham et al). ഇത്തരം പരിപാടികൾ നിലവിലുണ്ടെങ്കിലും വലിയ ഒരു ശതമാനം പെൺകുട്ടികളും സ്കൂളിൽ പോകാതിരിക്കുന്ന ഒരു സമൂഹത്തിൽ ഇതെങ്ങിനെ ഫലപ്രദമായി നടത്താനാവും? മുകളിൽപ്പറഞ്ഞ അപൂർവം കാര്യങ്ങളൊഴിച്ച് കൗമാരപ്രായക്കാർക്ക് ഇത്തരം കാര്യങ്ങളിൽ അവബോധമുണ്ടാക്കുന്ന പരിപാടികൾ വളരെക്കുറവാണ്. സന്നദ്ധ സംഘടനകൾ ഇത്തരം പരിപാടികൾ നടത്താൻ ശ്രമിച്ചാലും അദ്ധ്യാപകർ വളരെ അപൂവ്വമായി മാത്രമേ ലൈംഗികതയുമായോ പ്രത്യുത്പാദനാരോഗ്യവുമായോ ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കാറുള്ളു. ആരോഗ്യവകുപ്പും സാമൂഹികനീതി വകുപ്പും വനിതാ ശിശു വകുപ്പുമൊക്കെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് പൊതുവേ കുറവാണ്. (Tripathi et al).

ലൈംഗികവിദ്യാഭ്യാസത്തോടുള്ള എതിർപ്പ് 

[തിരുത്തുക]

ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസം അശ്ലീലമാണെന്നും, ലൈംഗികതയെപ്പറ്റി ചർച്ച ചെയ്യുന്നത് പാപമാണെന്നും ചിലർ ആരോപിക്കുന്നു. പല മതസംഘടനകൾക്കും ആരോഗ്യ ലൈംഗിക വിദ്യാഭ്യാസത്തോട് എതിർപ്പുണ്ട്. എന്നാൽ ബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പറ്റിയുള്ള ബോധനത്തിന്റെ അഭാവത്തിൽ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളെ ഇവർ കണക്കിലെടുക്കാൻ തയ്യാറാകുന്നില്ല എന്ന്‌ വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മുതിർന്നവർക്കുള്ള കുടുംബാസൂത്രണം

[തിരുത്തുക]

മുതിർന്നവർക്കുള്ള കുടുംബാസൂത്രണ പരിപാടി നിലവിലുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ ഇതേപ്പറ്റി ഒരു കൃത്യമായ അവബോധം ഇന്നും സമൂഹത്തിൽ ഇല്ല. ഗർഭനിരോധന ഉറകൾ അല്ലെങ്കിൽ കോണ്ടം, കോപ്പർ ടി, അടിയന്തിര ഗർഭനിരോധന ഗുളികകൾ, വാസക്ടമി, ട്യൂബക്ടമി തുടങ്ങിയ സ്ഥിരം ഗർഭനിരോധന മാർഗങ്ങൾ എന്നിവയെ പറ്റിയുള്ള വിവരങ്ങളും ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നൽകേണ്ടതുണ്ട്. അതുവഴി ആഗ്രഹിക്കാത്ത ഗർഭധാരണം, എയ്ഡ്സ് മുതലായ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ തുടങ്ങിയവ ഒരു പരിധിവരെ തടയാനാകും.

എയിഡ്സ്/ എച്ച് ഐ വി, ലൈംഗികരോഗങ്ങൾ എന്നിവ തടയാനുള്ള വിദ്യാഭ്യാസം

[തിരുത്തുക]
HIV/AIDS prevention sign

ഓൺലൈൻ ലൈംഗിക വിദ്യാഭ്യാസം

[തിരുത്തുക]

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബന്ധങ്ങളെയും, ലൈംഗികതയെ പറ്റിയും, ആരോഗ്യത്തെ പറ്റിയും സമഗ്രമായ ബോധവൽക്കരണം നടത്തുന്നതിനെയാണ് 'ഓൺലൈൻ ലൈംഗികവും ആരോഗ്യപരമായ വിദ്യാഭ്യാസം അഥവാ ഓൺലൈൻ സെക്സ് ആൻഡ് ഹെൽത്ത്‌ എഡ്യൂക്കേഷൻ' എന്നറിയപ്പെടുന്നത്. വിദൂരത്തിൽ ഇരുന്നുകൊണ്ട് ധാരാളം ആളുകൾക്ക് എളുപ്പത്തിൽ ബോധവൽക്കരണം നടത്തുവാൻ ഓൺലൈൻ മാർഗം വഴി സാധിക്കും എന്നത് ഈ സംവിധാനത്തിന്റെ ഗുണമേന്മയാണ്. ഇത് താരതമ്യേനെ ചിലവ് കുറഞ്ഞതും, സമയലാഭം ഉള്ളതും, സുതാര്യവും ആണ് എന്ന പ്രത്യേകതയുമുണ്ട്.[12][13]

ഉൾപ്പെടുന്ന വിഷയങ്ങൾ

[തിരുത്തുക]

*മാനുഷിക ബന്ധങ്ങൾ.

*ലൈംഗികത- ആരോഗ്യം, മൂല്യങ്ങൾ, അവകാശങ്ങൾ.

*ജൻഡർ എന്താണെന്ന് മനസിലാക്കുക.

*ലൈംഗിക അതിക്രമങ്ങൾ, ചൂഷണം, സുരക്ഷ, നിയമ ബോധവൽക്കരണം.

*മനുഷ്യ ശരീരവും അതിന്റെ വളർച്ചയും പരിണാമവും. ഉദാ: ലിംഗം, യോനി, ഗർഭപാത്രം, വൃഷണം തുടങ്ങിയ ജനനേന്ദ്രിയങ്ങൾ, ആർത്തവം, ആർത്തവവിരാമം തുടങ്ങിയവ

*ലൈംഗിക- പ്രത്യുല്പാദന ആരോഗ്യം, കുടുംബാസൂത്രണം, ഗർഭ നിരോധന മാർഗങ്ങൾ പ്രത്യേകിച്ച് കോണ്ടം, ഗർഭം, ഗർഭകാലവും പോഷകാഹാരവും, പ്രസവം, ഗർഭഛിദ്രം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, എയ്‌ഡ്‌സ്‌ തുടങ്ങിയവ

*ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ട നൈപുണ്യങ്ങൾ

*ലൈംഗികത, ലൈംഗികപരമായ പെരുമാറ്റങ്ങൾ

ഈ ഓരോ വിഷയത്തിലുമുള്ള പരിശീനലനം വഴിയായി കുട്ടികളുടെ അറിവ് വർധിപ്പിക്കുക, അതുവഴി അവരുടെ അവബോധത്തിലും അതുപോലെ കഴിവുകളിലും അങ്ങനെ അവരുടെ പെരുമാറ്റത്തിലും മാറ്റം കൊണ്ടുവരിക. ഇതാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിവഴി ലക്ഷ്യമിടുന്നത്.

മറ്റൊരു തരത്തിൽ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും (Sexual and Reproductive Health & Rights ), ലൈംഗിക ചായ്‌വ് (Sexual Orientation), ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBTIA Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക സംയമനം, ബന്ധങ്ങൾ, ഉഭയസമ്മതം (Consent), ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, അലൈംഗികത (Asexuality), ബന്ധങ്ങൾ തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.[14]

ആർക്കൊക്കെ ഇത്തരം വിദ്യാഭ്യാസം നൽകാം

[തിരുത്തുക]

ഈ വിഷയത്തിൽ വിദഗ്ദ പരിശീലനം സിദ്ധിച്ച സെക്സോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ ലൈംഗികാരോഗ്യ വിദഗ്ദർ ഇന്ത്യയിൽ പൊതുവേ കുറവാണ്. ശാസ്ത്രീയ പരിശീലനം ലഭിച്ച ഡോക്ടർമാർ, മാനസികാരോഗ്യ വിദഗ്ദർ, നഴ്സുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ഫാർമസിസ്റ്റുമാർ, പബ്ലിക് ഹെൽത്ത്‌ പ്രൊഫഷണൽസ്, സോഷ്യൽ വർക്കർമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയവർ ബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പറ്റിയുള്ള വിദ്യാഭ്യാസം ഓൺലൈൻ ആയോ, നേരിട്ടോ, സമൂഹ മാധ്യമങ്ങൾ വഴിയോ നൽകി വരുന്നുണ്ട്. ഇന്ത്യയിൽ സർക്കാർ- സ്വകാര്യ ആശുപത്രികൾ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, വനിതാ ശിശു ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇത്തരം വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും പൊതുവേ വളരെ കുറവാണ്. ഇന്ന് ധാരാളം കോഴ്സുകളും ഈ മേഖലയിൽ ലഭ്യമാണ്. വിദേശ സർവകലാശാലകൾ ഈ മേഖലയിൽ മികച്ച കോഴ്സുകൾ നൽകി വരുന്നുണ്ട്.[15][16]

Advocacy organisations and movements

[തിരുത്തുക]

ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം പകരുന്ന മലയാളം പുസ്തകങ്ങൾ

[തിരുത്തുക]

ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം പകരുന്ന മലയാളം പുസ്തകങ്ങൾ കേരളത്തിൽ ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുരളി തുമ്മാരുകുടി, നീരജ ജാനകി എന്നിവർ എഴുതിയ ‘സെക്സ് സമ്മതം, സംയോഗം, സന്തോഷം’, ഡോക്ടർ ഷിംന അസീസ്, അഞ്ജു ഹബീബ് എന്നിവർ എഴുതിയ ‘തൊട്ടിലിലെ വാവയെ തോട്ടീന്നു കിട്ടിയതോ തുടങ്ങിയവ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നൽകുന്ന മലയാള ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്.[17]

ഇതും കാണൂ

[തിരുത്തുക]
  • National AIDS Control Organisation
  • Family Planning Association of India

അവലംബം

[തിരുത്തുക]
  1. "Sex education in India - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Comprehensive sexuality education". www.who.int.
  3. Jha, Prabhat, Rajesh Kumar, Priya Vasa, Neeraj Dhingra, Deva Thiruchelvam, and Rahim Moineddin. "Low male-to-female sex ratio of children born in India: national survey of 1· 1 million households." The Lancet 367, no. 9506 (2006): 211–218.
  4. "At 240 million, India has a third of child marriages in the world". Hindustan Times. 12 August 2014. Retrieved 7 March 2016.
  5. "Indian women push back marriage age". DNA India`. 20 February 2010. Retrieved 7 March 2016.
  6. Jejeebhoy, Shireen J. "Adolescent sexual and reproductive behavior: a review of the evidence from India". Social Science & Medicine 46, no. 10 (1998): 1275–1290.
  7. Watsa, M. C. (2005). "Sexual Health Services for Young People" (PDF). Journal of Family Welfare. 50 (I). Family Planning Association of India: 36.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Sexuality Education in India Yet Remains a Taboo". journals.sagepub.com.[പ്രവർത്തിക്കാത്ത കണ്ണി]
  9. Newmann, S., P. Sarin, N. Kumarasamy, E. Amalraj, M. Rogers, P. Madhivanan, T. Flanigan et al. "Marriage, monogamy and HIV: a profile of HIV-infected women in south India." International journal of STD & AIDS 11, no. 4 (2000): 250–253.
  10. Selvan, M. S., M. W. Ross, A. S. Kapadia, R. Mathai, and S. Hira. "Study of perceived norms, beliefs and intended sexual behaviour among higher secondary school students in India." AIDS care 13, no. 6 (2001): 779-788.
  11. Tripathi, Niharika, and T. V. Sekher. "Youth in India ready for sex education? Emerging evidence from national surveys." PloS one 8, no. 8 (2013): e71584.
  12. "Comprehensive Sex Education in India". doingsociology.org.[പ്രവർത്തിക്കാത്ത കണ്ണി]
  13. "Comprehensive Sex Education in India". doingsociology.org.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Comprehensive sexuality education". www.who.int.
  15. "Sexuality Education in India Yet Remains a Taboo". journals.sagepub.com.[പ്രവർത്തിക്കാത്ത കണ്ണി]
  16. "Adolescent sex education in India: Current perspectives". journals.lww.com.[പ്രവർത്തിക്കാത്ത കണ്ണി]
  17. "Sex 21 - Muralee Thummarukudy". bookcarry.com.[പ്രവർത്തിക്കാത്ത കണ്ണി]