ഇന്ത്യയിലെ അർബൻ സഹകരണ ബാങ്കുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടണങ്ങളിലും, അർദ്ധ പട്ടണങ്ങളിലും പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളാണ് അർബൻ കോ-ഓപ്പറേററീവ് ബാങ്കുകൾ. ഇത്തരത്തിലുള്ള ബാങ്കുകൾ 1996 വരെ കാർഷികേതര വായ്പകൾ മാത്രമായിരുന്നു നല്കിയിരുന്നത്.ഇവ പാരമ്പര്യമായി തങ്ങളുടെ പ്രദേശങ്ങളും, തൊഴിൽ മേഖലകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനമായും കച്ചവടക്കാർക്കും, ചെറുവായ്പ ആവശ്യക്കാർക്കുമാണ് വായ്പകൾ നൽകുന്നത്.

ബ്രിട്ടനിലും, ജർമ്മനി യിലും രൂപീവത്കരിച്ച ഇത്തരത്തിലുള്ള സഹകരണ വായ്പാ സംഘങ്ങളുടെ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, 19-ാം നൂററാണ്ടിന്റെ അവസാനത്തോടെയാണ് ഇന്ത്യയിലും അർബൻ കോ-ഓപ്പറേററീവ് ബാങ്കുകൾ തുടങ്ങിയത്. ജോയിന്റ് സ്‌റേറാക്ക് കമ്പനികൾക്കും, പങ്കാളിത്ത സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും ബദലായാണ് അർബൻ സഹകരണ സംഘങ്ങൾ രൂപം കൊണ്ടത്. അർബൻ സഹകരണ ബാങ്കുകളുടെ അടിസ്ഥാനം,തുറന്ന അംഗത്വവും ജനാധിപത്യ മാതൃകയിലെ തീരുമാനങ്ങളും, അന്യോന്യ സഹായ -സഹകരണത്തിലുമാണ്.

അർബൻ സഹകരണ ബാങ്കുകളുടെ ഉത്ഭവം[തിരുത്തുക]

ഭൗസാഹേബ് കവ്‌തേഖർ എന്ന പേരിലറിയപ്പെടുന്ന വിത്തൽ ലക്ഷ്മണന്റെ മാർഗനിർദശത്തിൽ 1889- ൽ നാട്ടുരാജ്യമായ ബറോഡയിൽ രൂപീകരിച്ച 'അന്യോന്യ സഹകാരി മണ്ഡലി' യെയാണ് ഇന്ത്യയിലെ ആദ്യത്തെ പരസ്പര സഹായ സംഘമായി കരുതുന്നത്. തങ്ങളുടെ അംഗങ്ങൾക്ക് ഉപഭോഗത്തിനാവശ്യമായ വായ്പ നല്കുന്നതിന് വേണ്ടി സമൂഹീകാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് അർബൻ കോ-ഓപ്പറേററീവ് ബാങ്കുകൾ. ആരംഭ ഘട്ടം മുതൽ ഇന്നുവരെയുള്ള അർബൻ കോ-ഓപ്പറേററീവ് ബാങ്കുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ പട്ടണ പ്രദേശങ്ങളിലുള്ള താഴ്ന്ന വരുമാനക്കാരുടെയും, ഇടത്തരക്കാരുടെയും ഇടയിൽ നിന്ന് സ്വരൂപിക്കുന്ന സമ്പാദ്യങ്ങൾ താരതമ്യേന സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിന്, വായ്പകൾ നൽകുന്നതിന് ഉപയോഗപ്പെടുത്തുന്നതായി കാണാം.

1904 ലെ കോ-ഓപ്പറേററീവ് ക്രെഡിററ് സൊസൈററീസ് ആക്ട് എന്ന നിയമ നിർമ്മാണം ഈ സംരംഭത്തിന് യഥാർത്ഥ പ്രചോദനം നൽകി. 1904 ഒക്‌ടോബറിൽ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ കാഞ്ചീവരം എന്ന പ്രദേശത്ത് ആദ്യത്തെ അർബൻ വായ്പാ സഹകരണസംഘം രജിസ്‌ററർ ചെയ്തു. പിന്നീട് പ്രധാനമായും താഴെ പറയുന്ന വായ്പാ സഹകരണ സംഘങ്ങൾ നിലവിൽ വന്നു.

  • പയനീർ അർബൻ ഇൻ ബോംബെ (1905 നവംബർ 11 )
  • മിലിട്ടറി അക്കൗണ്ട്‌സ് മ്യൂച്ചൽ ഹെൽപ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പൂനെ(1906 ജനുവരി 9)
  • ഗോഖക്ക് അർബൻ( 1906 ഫെബ്രുവരി 15)
  • ബെൽഗാം പയനീർ ( 1906 ഫെബ്രുവരി 23)
  • തെക്ക് രത്‌നഗിരി -ഇപ്പോൾ സിന്ധു ദുർഗ് എന്നറിയപ്പെടുന്നു - (1906 മാർച്ച് 13)

1904 ലെ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റീസ് ആക്ട് വായ്‌പേതര സംഘങ്ങൾ രൂപീകരിക്കുന്നതിന് ആവശ്യമായ രീതിയിൽ 1912 ൽ ഭേദഗതി ചെയ്തു.

ഇവയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും, കൂടുതൽ കരുത്തുററതാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി 1914 ൽ മെക്ലഗൻ കമ്മിറ്റിയെ നിയോഗിച്ചു. താഴെക്കിടയിലുള്ളവർക്കും, ഇടത്തര വരുമാനക്കാർക്കും, അവരുടെ ആവശ്യങ്ങൾ നിറവേററി കൊടുക്കുവാൻ ഇത്തരം സ്ഥാപനങ്ങൾ മികച്ചതും, അനുയോജ്യവുമാണെന്നും കൂടാതെ ഇവർക്ക് ബാങ്കിംഗ് തത്ത്വങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാനും ഇത്തരം സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും മെക്ലഗൻ കമ്മറ്റി നിരീക്ഷിച്ചു. കാർഷിക വായ്പാ സംഘങ്ങളെക്കാൾ അർബ്ബൻ കോ-ഓപ്പറേററീവ് വായ്പാ പ്രസ്ഥാനം കൂടുതൽ പ്രായോഗികമാണെന്നും, കമ്മററി മനസ്‌സിലാക്കുകയുണ്ടായി. അർബ്ബൻ കോ-ഓപ്പറേററീവ്, ക്രെഡിററ് പ്രസ്ഥാനം അതിന്റെ ശരിയായ പാതയിൽ സഞ്ചരിക്കുന്നതിന് കമ്മററിയുടെ ശുപാർശകൾ സഹായകമായി.

1913-14 കാലഘട്ടത്തിലുണ്ടായിരുന്ന ബാങ്കുകളുടെ തകർച്ച 57 ഓളം ജോയിന്റ് സ്‌റേറാക്ക് ബേങ്കുകൾ പരാജയപ്പെട്ടപ്പോൾ നിക്ഷേപങ്ങൾ ഈ ജോയിന്റ് സ്‌റേറാക്ക് ബാങ്കുകളിൽ നിന്ന് അർബ്ബൻ കോ-ഓപ്പറേററീവ് ബാങ്കുകളിലേക്ക് ഒഴുകി തുടങ്ങി എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്. ആ സംഭവത്തെ മെക്ലഗൻ കമ്മറ്റി താഴെ പറയും പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 'യഥാർത്ഥത്തിൽ ഈ പ്രതിഭാസം വിപരീതഫലമാണ് പല പ്രദേശങ്ങളിലും സൃഷ്ടിച്ചത്. സഹകരണേതര സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് മുന്നേററം ഉണ്ടാക്കുകയും ആ നിക്‌ഷേപങ്ങൾ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടായി. രണ്ടു വിധത്തിലുള്ള നിക്ഷേപങ്ങൾക്കും ഉള്ള സുരക്ഷിതത്വത്തിലെ വ്യത്യാസം ബോധ്യപ്പെടുകയും ചെയ്തു. ഈ പ്രതിഭാസം ഭാഗികമായി പ്രാദേശികവും, സഹകരണ സ്ഥാപനങ്ങളുടെ പ്രചാരണത്തിന്റേതുമാണെന്ന ധാരണയുണ്ടായി. എന്നാൽ സഹകരണ സ്ഥാപനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധമാണ് ഈ പ്രതിഭാസത്തിന് സഹായിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.'

അർബ്ബൻ സഹകരണ ബാങ്കുകളുടെ സവിശേഷതകൾ[തിരുത്തുക]

  • ഇന്ത്യൻ ഭരണഘടന പ്രകാരം 'സഹകരണം' പ്രാദേശിക വിഷയമായതുകൊകൊണ്ട്, സംസ്ഥാന സർക്കാറുകളാണ് കോ-ഓപ്പറേററീവ് സൊസൈററീസ് ആക്ട് നിർമ്മിക്കേണ്ടത്.. എല്ലാ സഹകരണ സംഘങ്ങളും അതത് സംസ്ഥാന സർക്കാറുകൾ തയ്യാറാക്കിയ കോ-ഓപ്പറേററീവ് സൊസൈററീസ് ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ് സഹകരണ ബാങ്കുകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്‌റേറററ് കോ-ഓപ്പറേററീവ് സൊസൈററീസ് ആക്ടും ബാങ്കിങ്ങ് റഗുലേഷൻ ആക്ടും അനുസരിച്ചാണ് നടത്തേണ്ടത്.
  • അർബ്ബൻ കോ-ഓപ്പറേററീവ് ബാങ്കുകളുടെ പ്രവർത്തന മേഖല പ്രാദേശികമായിരിക്കും.
  • ഇത്തരം ബാങ്കുകൾ താഴ്ന്ന വരുമാനക്കാരുടെയും, ഇടത്തരക്കാരുടെയും ആവശ്യങ്ങൾ സാധൂകരിക്കുന്നു.
  • അർബ്ബൻ കോ-ഓപ്പറേററീവ് ബാങ്കുകൾ അവരുടെ അംഗങ്ങൾക്ക് മാത്രം വായ്പകൾ നൽകുന്നു.
  • അംഗങ്ങളോട് അവരുടെ വായ്പയുടെ ഒരു നിശ്ചിത ശതമാനം ബാങ്കിന്റെ ഓഹരി മൂലധനത്തിൽ നിക്‌ഷേപിക്കുവാൻ ആവശ്യപ്പെടുന്നു.
  • തെരഞ്ഞെടുപ്പ് നയം 'ഒരംഗത്തിന് - ഒരു വോട്ട്' എന്നതാകുന്നു.
  • ഒരംഗത്തിന് എടുക്കാവുന്ന ഉയർന്ന പങ്കാളിത്തം ഓഹരികളുടെ എണ്ണത്താൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
  • അർബ്ബൻ കോ-ഓപ്പറേററീവ് ബാങ്കുകൾ ദ്വയനിയന്ത്രണ വിഷയമാകുന്നു. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ അവയുടെ പ്രവർത്തനങ്ങളായ രജിസ്‌ട്രേഷൻ, ആഡിററ്, പരിപാലനം, പിരിച്ചുവിടൽ, അവസാനിപ്പിക്കൽ, ലയനം എന്നിവ നിയന്ത്രിക്കുന്നു. ബാങ്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ലൈസൻസ് അനുവദിക്കലും, ശാഖകളുടെ വിപുലീകരണവും, പ്രവർത്തന പരിധി നിശ്ചയിക്കലും, മാതൃകാ രൂപീകരണവും, പലിശ നിരക്ക് നിശചയിക്കൽ മുതലായവ ഭാരതീയ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നു.

അവലംബം[തിരുത്തുക]

  • Handbook for Directors of Urban Cooperative Banks, Reserve Bank of India