Jump to content

ഇണ്ടംതുരുത്തി മന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുനർനിർമ്മിച്ച ഇണ്ടംതുരുത്തി മന - ഇപ്പോൾ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി കാര്യാലയമാണ്‌.

കേരളത്തിൽ, വൈക്കം പട്ടണത്തിലുള്ള ഒരു പുരാതന ഭവനമാണ്‌ ഇണ്ടംതുരുത്തി മന. വൈക്കത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ നിന്ന് വിളിപ്പാടകലെയാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. വടക്കുംകൂർ രാജകുടുംബത്തിന്റെ കീഴിൽ നാടുവാഴി പാരമ്പര്യാവകാശവും 48 ബ്രാഹ്മണകുടുംബങ്ങളുടെ മേൽക്കോയ്മയും ഉണ്ടായിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരി കുടുംബത്തിന്റെ വാസസ്ഥാനമായിരുന്നു ഈ മന.

വൈക്കം സത്യാഗ്രഹകാലത്ത് ഈ വീട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സത്യാഗ്രഹികളുടെ ആവശ്യങ്ങളെ സംബന്ധിച്ച് ക്ഷേത്രഭരണത്തിന്റെ മുഖ്യചുമതലക്കാരനായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരിപ്പാടുമായി ചർച്ച നടത്താൻ മഹാത്മാഗാന്ധി ആഗ്രഹിച്ചു. ആരേയും ചെന്നു കാണുന്ന പതിവില്ലെന്നും കാണാൻ ആഗ്രഹമുള്ളവർക്ക് വന്നു കാണാമെന്നും നമ്പൂതിരിപ്പാട് പറഞ്ഞതനുസരിച്ച് മനയിലെത്തിയ[1] ഗാന്ധിയേയും അനുയായികളേയും അവർണ്ണരുമായുള്ള സമ്പർക്കത്തിൽ അയിത്തം തീണ്ടിയവരായി കണക്കാക്കി നാലുകെട്ടിൽ പ്രവേശിപ്പിച്ചില്ലെന്നും, പൂമുഖത്ത് പ്രത്യേകം ഉമ്മറത്തിണ്ണ കെട്ടി ഒരുക്കിയ ഇരിപ്പിടത്തിൽ അവരെ ഇരുത്തിയെന്നും പറയപ്പെടുന്നു. നമ്പ്യാതിരിയും ഗാന്ധിയുമായി നടന്ന മൂന്നു മണിക്കൂർ നേരത്തെ ചർച്ചയിൽ ഒത്തുതീർപ്പൊന്നും ഉണ്ടായില്ല.[2]

ഗാന്ധിജിക്കായി പൂമുഖത്ത് പ്രത്യേകം ഉമ്മറത്തിണ്ണ തന്നെ കെട്ടി ഒരുക്കി ഉണ്ടാക്കി പ്രത്യേകം ഇരിപ്പിടങ്ങളും തയ്യാറാക്കി നമ്പൂതിരിപ്പാട് അവരെ ചർച്ചക്കായി ഇരുത്തിയെന്നും ചരിത്രം പറയുന്നു.

ഗാന്ധിജി അന്ന് രാഷ്ട്ര പിതാവല്ല, ഒരു കക്ഷിരാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് മാത്രമാണ്. വടക്കേ ഇന്ത്യക്കാരനായ ഒരു ഹിന്ദിക്കാരൻ കോൺഗ്രസ്സ് നേതാവ് മാത്രം.

നമ്പൂതിരിയുടെ ലോകവും ചെറുതായിരുന്നു.

പരിവർത്തനം

[തിരുത്തുക]
മനയുടെ പരിസരത്ത്, യൂണിയൻ സ്ഥാപകനേതാവ് സി.കെ.വിശ്വനാഥന്റെ സംസ്കാരസ്ഥാനം

വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വിലയ്ക്കു വാങ്ങി പുനർ നിർമ്മിച്ച്, 2009 ഡിസംബർ 20ന്‌ അവരുടെ കാര്യാലയമായി പരിവർത്തനം ചെയ്തതിനാൽ, ഇണ്ടംതുരുത്തി മന വീണ്ടും വാർത്താവിഷയമായി. രണ്ടു നിലകളുള്ള മനയുടെ പഴയ ഘടനയിൽ ഒരു മാറ്റവും വരുത്താതെ, നാലുകെട്ടും അറകളും മറ്റും അതേപടി നിലനിർത്തിയാണ് പുനർനിർമ്മാണം നടത്തിയിരിക്കുന്നത്. ചെത്തു തൊഴിലാളികളിൽ നിന്ന് സമാഹരിച്ച 45 ലക്ഷം രൂപ കൊണ്ടാണ്‌ പുനർനിർമ്മാണം നടത്തിയത്. വൈക്കം സത്യാഗ്രഹ സമരത്തിന്റെ ചരിത്രം പഠിക്കാൻ എത്തുന്നവർക്ക് അതിനുള്ള സൗകര്യം മനയിൽ ഒരുക്കിയിട്ടുണ്ട്.

മന വിലയ്ക്കു വാങ്ങുന്നതിൽ മുൻ‌കൈ എടുത്ത ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപകനും സി.പി.ഐ. നേതാവുമായ സി.കെ.വിശ്വനാഥൻ, ചെത്തുതൊഴിലാളി യൂണിയന്റെ ആദ്യകാല സെക്രട്ടറി എം.വാസുദേവൻ, വൈക്കത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ.ദാമോദരൻ എന്നിവരെ സംസ്കരിച്ചിരിക്കുന്നതും മനയുടെ പരിസരത്താണ്‌.[3][4][5]

അവലംബം

[തിരുത്തുക]
  1. ഇണ്ടംതുരുത്തി മന സി.പി.ഐ. പുനർനിർമ്മിക്കുന്നു, മലയാള മനോരമ ദിനപത്രത്തിലെ വാർത്ത[1]
  2. "മഹാത്മജി സവർണ്ണമേധാവികളുമായി നടത്തിയ സംഭാഷണം" - സാമൂഹികരേഖകൾ എന്ന പരമ്പരയുടെ അഞ്ചാം ഭാഗമായി കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാല 2009-ൽ പ്രസിദ്ധീകരിച്ച "വൈക്കം സത്യാഗ്രഹരേഖകൾ" (പുറങ്ങൾ 266-290)
  3. വൈക്കം ഇണ്ടംതുരുത്തി മന, 2010 ജൂൺ 26-ലെ മലയാള മനോരമ പത്രത്തിൽ ആത്മജവർമ്മ തമ്പുരാന്റെ റിപ്പോർട്ട്.
  4. സത്യാഗ്രഹ സ്മാരകമായി പുനർനിർമ്മിച്ച ഇണ്ടംതുരുത്തി മനയുടെ ഉദ്ഘാടനം ഇന്ന്, 2009 ഡിസംബർ 18-ലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത.
  5. സവർണതയുടെ തിരുമുറ്റത്ത് ദലിത് വിവാഹം, 2010 ഏപ്രിൽ 26-ലെ മാധ്യമം ദിനപത്രത്തിൽ വന്ന വാർത്ത
"https://ml.wikipedia.org/w/index.php?title=ഇണ്ടംതുരുത്തി_മന&oldid=3906538" എന്ന താളിൽനിന്ന് ശേഖരിച്ചത്