ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ നഗരപ്രദേശത്തോട് ചേർന്നു ഇടവെട്ടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ധന്വന്തരിഭാവത്തോടുകൂടിയ ശ്രീകൃഷ്ണനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശ്രീകൃഷ്ണന് ഉപദേവതകളായി ഗണപതി, ശിവൻ, ദുർഗ്ഗാദേവി എന്നിവർക്കും പ്രതിഷ്ഠകൾ അനുവദിച്ചിട്ടുണ്ട്. ഐതിഹ്യപ്രകാരം ഇവിടെ പ്രതിഷ്ഠ നടത്തിയത്, ദ്വാപരയുഗത്തിൽ, പഞ്ചപാണ്ഡവരിൽ നാലാമനായ നകുലനാണ്. കർക്കടകമാസം പതിനാറാം തീയതി നടക്കുന്ന ഔഷധസേവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. 2006-'07 കാലത്ത് ഈ സ്ഥലം കേരളമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. ചിക്കുൻ ഗുനിയ രോഗം കേരളത്തിൽ ആഞ്ഞടിച്ച അക്കാലത്ത് ഇവിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്ന് കഥകളുണ്ടായതാണ് അതിനുള്ള കാരണം. തന്മൂലം, കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ദർശനത്തിനെത്താൻ തുടങ്ങി. ഇതുകൂടാതെ അഷ്ടമിരോഹിണി, വിഷു തുടങ്ങിയവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.