ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
Indicom.PNG

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. -
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ -
റെഡ് ഫ്ലാഗ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

ജനകീയ മുന്നേറ്റങ്ങൾ
പുന്നപ്ര-വയലാർ സമരം - കയ്യൂർ സമരം-
കാടകം വനസത്യാഗ്രഹം
കൊട്ടിയൂർ സമരം - കവ്വായി സമരം -
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ
എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
കെ. ദേവയാനി
തോപ്പിൽ ഭാസി
ഇ.കെ. നായനാർ
വി.എസ്. അച്യുതാനന്ദൻ

കമ്മ്യൂണിസം കവാടം

എൻ.കെ മാധവൻ, വർദുകുട്ടി എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തതിന്റെ ഭാഗമായി 1950 ഫെബ്രുവരി 28നാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്നത്. കേരളത്തിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ ആക്രമണമായിരുന്നു ഇത്.[1] കെ സി മാത്യുവായിരുന്നു സ്റ്റേഷൻ ആക്രമണത്തിനു നേതൃത്വം കൊടുത്തത്. എം.എം. ലോറൻസ് ഉൾപ്പെടെ 17 പേരാ​ണ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തത്.17 പേരായിരുന്നു ആക്രമണത്തിനു പിന്നിലെങ്കിലും 33 പേർ പ്രതികളായി. പതിനഞ്ച് മിനുറ്റുമാത്രമേ ആക്രമ​ണം നീണ്ടു നിന്നുള്ളു. എൻ.കെ.മാധവനെ പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു, വർദുകുട്ടി പിന്നീട് കേസിൽ മാപ്പുസാക്ഷിയായി.[2]

കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്നു കരുതപ്പെടുന്നു. ഇടപ്പള്ളി സംഭവം പാർട്ടിക്കകത്തെ വിഭാഗീയതയുടെ അനന്തരഫലങ്ങളായിരുന്നുവെന്ന് പാർട്ടി നേതൃത്വം പിന്നീട് നിരീക്ഷിക്കുകയുണ്ടായി.[3][4]

പശ്ചാത്തലം[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 1950 മാർച്ച് 9 ന് രാജ്യവ്യാപകമായി റെയിൽവേ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ഭരണസംവിധാനത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യാ നേതാവായിരുന്ന രണദിവെ അത്തരമൊരു ആഹ്വാനം നടത്തിയത്. അങ്കമാലി മുതൽ എറണാകുളത്തെ വടുതല വരെയുള്ള തീവണ്ടി ഗതാഗതം സ്തംഭിപ്പിക്കുക എന്നതായിരുന്നു ആലുവ പാർട്ടി കമ്മിറ്റിക്ക് മുകളിൽ നിന്നും കിട്ടിയ നിർദ്ദേശം.[5] ആലുവ - ഏലൂർ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം ശക്തമായി വളർന്നു വരുന്ന ഒരു കാലമായിരുന്നു. ഈ മേഖലയിലെ പ്രധാന വ്യവസസംരംഭങ്ങളായ സ്റ്റാൻഡാർഡ് പോട്ടറീസ്, ഇന്ത്യൻ അലുമിനിയം എന്നിവിടങ്ങളിൽ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ അനുബന്ധമെന്ന നിലയിൽ തൊഴിലാളി യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആലുവ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച നേതാവായിരുന്ന എൻ.കെ.മാധവൻ.[6] എറണാകുളത്തേക്കു പോകുന്ന തീവണ്ടികളുടെ ഷണ്ടിംഗ് കേന്ദ്രമെന്ന നിലയിൽ ഇടപ്പള്ളിക്കു വളരെ പ്രാധാന്യമുണ്ടായിരുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് മീറ്റിംഗ് കഴിഞ്ഞു മടങ്ങിയ എൻ.കെ.മാധവനേയും വറീതു കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇതാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം നടക്കാനുള്ള പ്രധാന കാരണം.

ആക്രമണം[തിരുത്തുക]

തങ്ങളുടെ നേതാക്കൾ പോലീസ് പിടിയിലാണെന്ന വിവരം ഫെബ്രുവരി 27 ന് പോണേക്കരയിൽ കൂടിയ പാർട്ടി രഹസ്യയോഗത്തിൽ അവതരിപ്പിക്കപ്പെടുകയും, ഏതുവിധേനേയും അവരെ സ്റ്റേഷനിൽ നിന്നും മോചിപ്പിക്കണമെന്ന് യോഗത്തിൽ തീരുമാനമെടുക്കപ്പെടുകയും ചെയ്തു. കെ.സി.മാത്യു ആയിരുന്നു ഈ നിർദ്ദേശം വെച്ചത്. ഭീരുക്കൾ എന്നു മുദ്രകുത്തപ്പെടും എന്നു പേടിച്ച്, തീരുമാനത്തിൽ എതിർപ്പുണ്ടായിരുന്നുവെങ്കിലും, എം.എം.ലോറൻസും, വി.വിശ്വനാഥമേനോനും മൗനം പാലിക്കുകയായിരുന്നു.[7] എം.എം.ലോറൻസ്, കെ.യു,ദാസ്, വി.വിശ്വനാഥമേനോൻ, കെ.സി.മാത്യു എന്നിവരടങ്ങുന്ന പതിനേഴു പേരുള്ള ഒരു ആക്ഷൻ കമ്മിറ്റിയും ഈ ദൗത്യത്തിനായി രൂപീകരിക്കപ്പെട്ടു.[8]

ഫെബ്രുവരി 28 രാത്രി പത്തുമണിയോടെ സംഘം, പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. രണ്ടു വാക്കത്തി, കുറച്ചു വടികൾ, ഒരു കൈബോംബ് എന്നിവയായിരുന്നു ഈ ദൗത്യത്തിനായി ഇവരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങൾ. കൈബോംബ് സ്റ്റേഷനു നേരെ എറിഞ്ഞുവെങ്കിലും, അത് പൊട്ടിയില്ല. തുടർന്നു നടന്ന ആക്രമണത്തിൽ മാത്യു, വേലായുധൻ എന്നീ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു.[9] പ്രതികളെ മോചിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാക്കാൻ അവർക്കു കഴിഞ്ഞില്ല. കൃഷ്ണപിള്ള എന്ന പോലീസുകാരൻ അന്നേ ദിവസം ലോക്കപ്പിന്റെ താക്കോൽ വീട്ടിൽ കൊണ്ടുപോയതിനാൽ ലോക്കപ്പ് തുറക്കാൻ സംഘത്തിനു കഴിഞ്ഞില്ല.[10] സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് തോക്കുകൾ ഇവർ കൈവശപ്പെടുത്തി.

ആക്രമണത്തെത്തുടർന്ന് നേതാക്കളും പ്രവർത്തകരും ഒളിവിൽ പോയെങ്കിലും, സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് സുരക്ഷിതമായ ഒളിതാവളങ്ങൾ ആർക്കും തന്നെ ലഭിച്ചില്ല. കെ.സി.മാത്യുവും, ലോറൻസും എല്ലാം ഒന്നിനു പുറകെ ഒന്നായി അറസ്റ്റിലായി. ഒളി താവളം ലഭിക്കാത്തതിനെ തുടർന്ന് തോക്കുകൾ കലൂരിലെ ഒരു കുളത്തിൽ ഉപേക്ഷിച്ചെങ്കിലും, പിറ്റേന്ന് അത് പോലീസ് കണ്ടെടുത്തു. കെ.യു.ദാസ് ആലുവ പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായ മർദ്ദനത്തെതുടർന്ന് മരിച്ചു.[11][12] മൃതദേഹം കുടുംബാംഗങ്ങളെപ്പോലും കാണിക്കാതെ പോലീസ് തന്നെ മറവു ചെയ്യുകയായിരുന്നു.

വിചാരണ, ശിക്ഷ[തിരുത്തുക]

1952 ലാണ് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തുടങ്ങുന്നത്. ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരേയും പോലീസിനു പിടിക്കാൻ കഴിഞ്ഞില്ല. പതിനൊന്നു പേർ മാത്രമാണ് പോലീസ് പിടിയിലായത്. അന്ന് ആലുവയിൽ പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന ചിലരും കേസിൽ പ്രതികളാക്കപ്പെട്ടു. എൻ.കെ.മാധവനും, വറീതുകുട്ടിയും ആക്രമണത്തിൽ പങ്കാളികളായിരുന്നില്ലെങ്കിലും, അവരും കേസിൽ പ്രതികളാക്കപ്പെട്ടു.

കെ.സി.മാത്യു, കെ.എ.ഏബ്രഹാം, കൃഷ്ണൻകുട്ടി എന്നിവർക്ക് വിചാരണ കോടതി പന്ത്രണ്ടു വർഷം തടവാണ് ശിക്ഷയായി വിധിച്ചത്. ബാക്കി പ്രതികൾക്ക് മൂന്നു വർഷം മുതൽ അ‍ഞ്ചു വർഷം വരെയുള്ള വിവിധ കാലഘട്ടങ്ങളിലേക്ക് തടവു ശിക്ഷ വിധിച്ചു. ശിക്ഷ റദ്ദാക്കണമെന്നു കാണിച്ച് പ്രതികൾ ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും, ശിക്ഷയുടെ കാലാവധി വർദ്ധിപ്പിക്കണമെന്നു കാണിച്ച് സർക്കാരും കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി, എല്ലാ പ്രതികളുടേയും ശിക്ഷ ജീവപര്യന്തമായി ഉയർത്തി. സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും, അവിടെയും പ്രതികളുടെ ശിക്ഷ ശരിവെക്കുകയായിരുന്നു.

ആക്രമണത്തിൽ പങ്കെടുത്തവർ[തിരുത്തുക]

ക്ര. നം. പേര്
1 കെ.സി.മാത്യു
2 കെ.യു.ദാസ്
3 കെ.എ.ഏബ്രഹാം
4 മഞ്ഞുമ്മൽ കൃഷ്ണൻകുട്ടി
5 ഒ.രാഘവൻ
6 എം.എ.അരവിന്ദാക്ഷൻ
7 വി.സി.ചാഞ്ചൻ
8 വി.പി.സുരേന്ദ്രൻ
9 വി.കെ.സുഗുണൻ
10 കുഞ്ഞൻ ബാവ (കുഞ്ഞുമോൻ)
11 ടി.ടി.മാധവൻ
12 എസ്.ശിവശങ്കരപ്പിള്ള (ഇടപ്പള്ളി ശിവൻ)
13 സി.എൻ.കൃഷ്ണൻ
14 എം.എം. ലോറൻസ്
15 വി.വിശ്വനാഥമേനോൻ
16 കുഞ്ഞപ്പൻ
17 കൃഷ്ണപിള്ള

[13]

ജയിൽമോചനം[തിരുത്തുക]

1957 ൽ കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ എടുത്ത തീരുമാനത്തിൽ ഉൾപ്പെട്ട് പ്രതികൾ മോചിതരാവുകയായിരുന്നു. 1957 ഏപ്രിൽ 12 ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലെ എല്ലാ പ്രതികളേയും സർക്കാർ മോചിപ്പിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 • രാമചന്ദ്രൻ (2013). നക്ഷത്രവും ചുറ്റികയും, കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964. ISBN 938325501-3.
 1. "ഓർമ്മകൾ മരിച്ചുവീഴുമ്പോഴും". ശേഖരിച്ചത് 15 നവംബർ 2015.
 2. ആലുവാപുഴ പിന്നെയുമൊഴുകി - പയ്യപ്പിള്ളി ബാലൻ- നാഷണൽ ബുക് സ്റ്റാൾ
 3. കേരളത്തെപ്പറ്റി ഒരു റിപ്പോർട്ട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പുറം 27 - 1950
 4. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് അറുപത്തഞ്ചാണ്ട്‌, മാതൃഭൂമി
 5. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 82
 6. ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം - പയ്യപ്പിള്ളി ബാലൻ- ചിന്ത ബുക്സ്
 7. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 85
 8. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 85-86
 9. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 86
 10. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 84-85
 11. "കേരളത്തിലെ രക്തസാക്ഷികൾ". സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി. ശേഖരിച്ചത് 2014-07-08.
 12. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 8
 13. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 85-86