അവസ്ഫോടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇംപ്ലോഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ഫോടനത്തിൽ (മേലെ) സ്ഫോടകബലം പുറത്തേയ്ക്ക് തെറിക്കുന്നു. എന്നാൽ അവസ്ഫോടനത്തിൽ (കീഴെ) വസ്തുക്കൾ ഉള്ളിലേയ്ക്ക് സ്വയം ഞെരിഞ്ഞമരുന്നു.

ഉളളിലേക്കുളള പൊട്ടിയമർച്ചയാണ് അവസ്ഫോടനം (Implosion). സാധാരണ സ്‌ഫോടനത്തിൽ ഖണ്‌ഡങ്ങൾ പുറത്തേക്ക്‌ തെറിച്ചുപോവുന്നു. അവസ്‌ഫോടനത്തിൽ ഇവ പൊട്ടിയമരുന്നു. അകത്തെ മർദ്ദം പുറത്തേതിനേക്കാൾ കുറവാകുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ചുറ്റുമുളള ജലത്തിന്റെ മർദ്ദം ഉപയോഗിച്ച് സമുദ്രയാനങ്ങളെ തകർക്കുന്നതും അംബരചുംബിയായ കെട്ടിടങ്ങളെ തകർക്കുന്നതുമെല്ലാം അവസ്ഫോടനത്തിന് ഉദാഹരണങ്ങളാണ്. ഭീമാകാരൻമാരായ നക്ഷത്രങ്ങൾക്കും സ്വന്തം ഗുരുത്വമർദ്ദം കാരണം അവസ്ഫോടനം സംഭവിക്കാറുണ്ട്.

ഉദാഹരണങ്ങൾ[തിരുത്തുക]

ആണവായുധങ്ങൾ[തിരുത്തുക]

അണ്വായുധ രൂപകല്പനയിൽ, പ്ലൂട്ടോണിയമോ യുറേനിയമോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഭേദനവസ്തുക്കളോ ഗോളാവസ്ഥയിൽ അവസ്ഫോടനം നടത്തുന്നു. തന്മൂലം പദാർത്ഥത്തിന്റെ വ്യാപ്തം കുറയ്ക്കപ്പെടുകയും സാന്ദ്രത രണ്ടുമുതൽ മൂന്നു മടങ്ങുവരെ വർദ്ധിക്കുകയും ചെയ്യും. അങ്ങനെ അത് നിർണായക പിണ്ഡത്തിലേയ്ക്ക് (Critical mass) എത്തുകയും അണുവിസ്ഫോടനം സംഭവിക്കുകയും ചെയ്യും. ചിലതരം താപീയ അണുവായുധങ്ങളിൽ ഈ സ്ഫോടനത്തിൽ നിന്നുളള ഊർജ്ജം ഉപയോഗിച്ച് ഗുളികാരൂപത്തിലുളള ഒരു ഫ്യൂഷൻ ഇന്ധനത്തെ ജ്വലിപ്പിക്കുകയും അത് അണുവിഘടനപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇപ്രകാരം വികിരണം (Radiation) ഉപയോഗിച്ചുളള അവസ്ഫോടനത്തെ പൊതുവേ വികിരണ അവസ്ഫോടനം (Radiation implosion) എന്നു പറയുന്നു. ഹൈഡ്രജൻ ബോംബിലും ലേസർ പ്രേരിത അണുസംയോജനത്തിലും ഈ രീതിയാണുളളത്.

ദ്രവഗതികം (Fluid dynamics)[തിരുത്തുക]

ദ്രാവകങ്ങളിലെ രന്ധ്രണം (Cavitation - ദ്രാവകങ്ങൾക്കുള്ളിലെ കുമിളരൂപീകരണം/കൂട്ടിയിടി) ഒരു അവസ്ഫോടന പ്രക്രിയ ഉൾപ്പെട്ടതാണ്. ഒരു ദ്രാവകത്തിനുള്ളിൽ ഉണ്ടാകുന്ന കുമിള ചുറ്റുമുളള ദ്രാവകത്തിന്റെ തള്ളൽ മൂലം പൊടുന്നനെ -‌അവസ്ഫോടനത്താൽ- പൊട്ടിത്തകരുന്നു.(ഒരു അതിവേഗ ജലപ്രൊപ്പല്ലറിൽ സംഭവിക്കുന്നതുപോലെ)

ജ്യോതിർ ഭൗതികശാസ്‌ത്രം (Astrophysics)[തിരുത്തുക]

തമോഗർത്തങ്ങൾക്കും(black holes) ന്യൂട്രോൺ നക്ഷത്രങ്ങൾക്കും അധിനവതാരയ്ക്കും (Supernovae) കാരണമാകുന്ന വൻ നക്ഷത്രങ്ങളുടെ ഗുരുത്വ സംക്ഷേപണ(gravitational collapse)ത്തിൽ അവസ്ഫോടനത്തിന് മർമ്മപ്രധാനമായ പങ്കുണ്ട്.

വൻ നക്ഷത്രത്തിന്റെ അകക്കാമ്പ് ജ്വലനം നിറുത്തുകയും തന്മൂലം താപത്തിന്റെ ഉറവിടം നഷ്ടമാകുന്നതുമൂലം ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും താങ്ങി നിർത്തുന്ന ബലങ്ങൾ ക്ഷയിക്കുന്നു. അകക്കാമ്പ് സ്വയം അകത്തേയ്ക്ക് കൂട്ടിയിടിക്കുകയും അങ്ങനെ അത് ഒരു തമോഗർത്തമോ ന്യൂട്രോൺ നക്ഷത്രമോ ആയി ഭവിക്കുകയും ചെയ്യുന്നു. യഥാർത്ഥ നക്ഷത്രത്തിന്റെ പുറംപാളികൾ അകത്തേയ്ക്ക് പതിക്കുകയും അത് പുറത്തേയ്ക്ക് തെറിച്ച് അധിനവതാര (Supernovae) ഉണ്ടാകുകയും ചെയ്യുന്നു.

നിയന്ത്രിത കെട്ടിടഘടന പൊളിക്കൽ (Controlled structure demolition)[തിരുത്തുക]

കല്ലുകെട്ടിയതോ (masonry), ഉരുക്കുചട്ടക്കൂടുളളതോ(steel frame), പ്രബലിത കോൺക്രീറ്റോ(reinforced concrete) ആയ വിവിധ കെട്ടിടഘടനകളെ അവയുടെ താങ്ങുതൂണുകളെ ക്രമാനുഗതമായ പൊടിച്ചുകൊണ്ട് എളുപ്പത്തിൽ പൊളിക്കുകയും കല്ലുകളും മണ്ണും മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു. ചുറ്റുപാടുമുളള കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാകാതെ അവശിഷ്ടങ്ങൾ നിശ്ചിതസ്ഥലത്തുമാത്രം പതിപ്പിക്കുകയാണ‌് ഇതിന്റെ ലക്ഷ്യം. മുൻകൂട്ടിസ്ഥാപിച്ച സ്ഫോടകവസ്തുക്കളെ കൃത്യമായ ഇടവേളകളിൽ ജ്വലിപ്പിച്ചുകൊണ്ട് കെട്ടിടത്തിന്റെ നടുഭാഗം ഭൂഗുരുത്വത്താൽ നിലംപൊത്തുകയും അതേസമയം വശങ്ങൾ അകത്തേയ്ക്ക‌് ഞെരിഞ്ഞമരുകയും ചെയ്യുന്ന സങ്കേതത്തെ അവസ്ഫോടനം എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.

കാഥോഡ് റേ ട്യൂബിന്റെയും ഫ്ളൂറസന്റ‌് ലാമ്പിന്റെയും അവസ്ഫോടനം[തിരുത്തുക]

കാഥോഡ്‌ കിരണനാളിയുടെ അവസ്ഫോടനം
ശൂന്യനാളി(Vacuum tube)യുടെ അപസ്ഫോടനം

കാഥോട് കിരണനാളിയ്ക്കുളളിൽ ഉയർന്ന ശൂന്യതയാണുളളത്. പുറമേയുളള ചില‌്ലുകവചം പൊട്ടുകയാണെങ്കിൽ അപകടകരമായ അവസ്ഫോടനം സംഭവിക്കാം. അവസ്ഫോടനത്തിന്റെ ശക്തിയാൽ ചില്ലുകഷണങ്ങൾ അപകടകരമായ വേഗതയിൽ പുറത്തേയ്ക്ക് പായും. ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന കാഥോട് കിരണനാളികൾ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടത്. [1]


അവലംബം[തിരുത്തുക]

  1. Bali, S.P. (1994-06-01). Colour Television: Theory and Practice. Tata McGraw-Hill. p. 129. ISBN 9780074600245. Archived from the original on 2017-03-21.
"https://ml.wikipedia.org/w/index.php?title=അവസ്ഫോടനം&oldid=3378306" എന്ന താളിൽനിന്ന് ശേഖരിച്ചത്