ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്
Micrograph showing a Mallory body, a histopathologic finding associated with alcoholic hepatitis. H&E stain.
സ്പെഷ്യാലിറ്റിGastroenterology

അമിതമായി മദ്യപിക്കുന്നത് മൂലം മനുഷ്യശരീരത്തിലെ കരളിൽ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെയാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. [1] വർഷങ്ങളായി മദ്യപാനം തുടരുന്നവരിലും, സാധാരണയായി പ്രതിദിനം 8-10 പ്രാവശ്യം മദ്യപിക്കുന്നവരിലുമാണ് ഈ രോഗത്തിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. [2] ഇത് കരൾ രോഗത്തിന്റെ പ്രാരംഭ ഘട്ടമാണ്. മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇത് ഫൈബ്രോസിസിന്റെ പുരോഗതിക്ക് കാരണമായേക്കാം, ഇത് ലിവർ സിറോസിസിലേക്ക് എന്ന രോഗത്തിലേക്ക് നയിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ മദ്യം കഴിച്ചതിനു ശേഷമോ അല്ലെങ്കിൽ വർഷങ്ങളായുള്ള മദ്യപാനത്തിന്റെ അനന്തരഫലമായി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മഞ്ഞപ്പിത്തം (ചർമ്മത്തിലും കണ്ണുകളിലും ഉണ്ടാകുന്ന മഞ്ഞനിറം), അസ്കൈറ്റുകൾ ( വയറിന്റെ അറയിൽ ദ്രാവകം അടിഞ്ഞു കൂടുന്ന അവസ്ഥ ), ക്ഷീണം, ഹെപ്പാറ്റിക് എൻസെഫലോപ്പതി ( കരൾ തകരാറുമൂലം മസ്തിഷ്കത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ) എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. നേരിയ കേസുകളും സ്വയം പരിമിതപ്പെടുന്നവയാണെങ്കിലും, സങ്കീർണമായ കേസുകളിൽ മരണ സാധ്യത കൂടുതലാണ്. സങ്കീർണമായ കേസുകളിൽ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് നടത്തുന്നത്.

രോഗ ലക്ഷണങ്ങൾ[തിരുത്തുക]

ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ മുതലായ രോഗലക്ഷണങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. തുടർന്ന് ശരീരത്തിലും, പ്രത്യേകിച്ച് കാലിൽ നീരുണ്ടാകുകയും ക്രമേണ വയറ്റിൽ നീരു നിറഞ്ഞ് വയറ് വലുതാവുകയും ചെയ്യുന്നു. ചെറിയ മുറിവിൽ നിന്നുപോലും രക്തം കട്ടപിടിക്കാതെ പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാകാം. ആമാശയത്തിനുള്ളിൽ നിന്നും മൂലക്കുരുവിൽ നിന്നും ചിലപ്പോൾ അതികഠിനമായ രക്തസ്രാവമുണ്ടാകാം. അടിയന്തിര ശുശ്രൂഷ ലഭിച്ചില്ലെങ്കിൽ മരണത്തിന് വരെ ഇത് കാരണമാകാം.

രോഗം വർധിക്കുന്നതോടെ പോഷകാഹാരക്കുറവും ശരീരത്തിൽ നീര് വർധിക്കുകയും രോഗിക്ക് മഞ്ഞപ്പിത്തം പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം, വയറിനുള്ളിലെ രക്തസമ്മർദം വർധിക്കുകയും പ്ലീഹ ക്രമാതീതമായി വലുതാവുകയും ചെയ്യുന്നു.. ഈ അവസ്ഥയിൽ രോഗമുക്തി അസാധ്യമായിത്തീരുകയും ഹൃദയത്തിലും ശ്വാസകോശങ്ങളിലും നീരു നിറഞ്ഞോ രക്തം ഛർദ്ദിച്ചോ അല്ലെങ്കിൽ മഞ്ഞപ്പിത്തം കുടുതലായോ രോഗി മരണപ്പെടുന്നു.

പാതോജനിസിസ് ആൽക്കഹോളിക് കരൾ രോഗം
മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ

രോഗ നിർണയ മാർഗങ്ങൾ[തിരുത്തുക]

രക്ത പരിശോധനയിലൂടെയും, അൾട്രാസൗണ്ട് സ്കാനിങ്, സി ടി സ്കാനിങ് മുതലായ പരിശോധനയിലൂടെയുമാണ് രോഗം നിർണയിക്കുന്നത്. ലിവർ പ്രൊഫൈൽ അഥവാ കരളിലെ പ്രവർത്തനക്ഷമത മനസിലാക്കുന്നതിന് രക്ത പരിശോധന സഹായിക്കും. കൂടാതെ, എൻഡോസ്കോപ്പി പരിശോധനയിലൂടെ ആമാശയത്തിനുള്ളിലും മലദ്വാരത്തിനുള്ളിലുമുള്ള രക്തക്കുഴലുകളുടെ വീക്കം കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയും. ചിലരിൽ ബയോപ്സി ടെസ്റ്റ് വേണ്ടിവന്നേക്കാം.[3]

അവലംബം[തിരുത്തുക]

  1. "Alcoholic liver disease: MedlinePlus Medical Encyclopedia". medlineplus.gov. Retrieved 2 January 2017.
  2. Im, Gene Y. (February 2019). "Acute Alcoholic Hepatitis". Clinics in Liver Disease (in ഇംഗ്ലീഷ്). 23 (1): 81–98. doi:10.1016/j.cld.2018.09.005. PMID 30454835.
  3. "മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ". vikaspedua.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Classification