Jump to content

ആൽക്കമിസ്റ്റുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന ഗ്രീസിലാണ് സ്വർണ്ണവും രസതന്ത്രവും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. പ്രാചീനഗ്രീസുകാരാണ് രസതന്ത്രത്തെ ആദ്യമായി ഒരു ശാസ്ത്ര ശാഖയായി കണ്ടുതുടങ്ങിയത്. എന്തുകൊണ്ടാണ് ദ്രവ്യം നിർമ്മിച്ചിരിക്കുന്നത് എന്നും അതിനെ എങ്ങനെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാമെന്നുമവർ പഠിച്ചു.ബി സി നാലാം നൂറ്റാണ്ടിൽ, അതായത് അരിസ്റ്റോട്ടിലിന്റെ കാലത്ത് തന്നെ ഈജിപ്തിനേയും മൊസൊപ്പൊട്ടേമിയയെയും ഗ്രീക്കുകാർ സ്വാധീനിച്ചിരുന്നു.

അക്കാലത്തെ ഗ്രീക്കുകാരുടെ ധാരണ ചെമ്പും സ്വർണ്ണവും ഒരേ പദാർത്ഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നായിരുന്നു. ഈ സിദ്ധാന്തത്തിലൂന്നി കൃത്രിമമായി സ്വർണ്ണമുണ്ടാക്കാനുള്ള പരീക്ഷണങ്ങളിലേർപ്പെട്ടു ഈജിപ്തിലേയും മറ്റും ലോഹപ്പണിക്കാർ. 'കെമിയ' എന്ന പേരുള്ള പഠനശാഖയായി ഇത് പിന്നീട് അറിയപ്പെട്ടു. കെമിസ്ട്രി എന്ന വാക്ക് ഇതിൽ നിന്നാണ് ഉദ്ഭവിച്ചത്!

മൊസൊപ്പൊട്ടേമിയയും ഈജിപ്തും ആക്രമിച്ച അറബികൾ പിന്നീട് കെമിയയിൽ ആകൃഷ്ടരായി. അവർ 'അൽ കെമിയ' എന്നാണ് അതിനെ വിളിച്ചത്. ഇതിൽ നിന്ന് 'ആൽക്കെമി'എന്ന പദമുണ്ടായി. എ ഡി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജാബിർ ഇബ്നു-ഹയ്യാൻ അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധനായ ആൽക്കെമിസ്റ്റ് ആയിരുന്നു. ഏതു ലോഹത്തെയും സ്വർണ്ണമാക്കാൻ കഴിവുള്ള 'ഫിലോസഫേഴ്സ് സ്റ്റോൺ'എന്നു വിളിക്കപ്പെടുന്ന മാന്ത്രികപ്പൊടി കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ അദ്ദേഹം മുഴുകി. തുടർന്ന് നൂറ്റാണ്ടുകളോളം യൂറോപ്പിലും അറബ് ലോകത്തുമൊക്കെ പലരും ഈ ശ്രമം തുടർന്നെങ്കിലും അവരാരും ലക്ഷ്യം കണ്ടില്ല.

ഫിലോസഫേഴ്സ് സ്റ്റോണിനായുള്ള പരീക്ഷണങ്ങളിൽ പല പുതിയ രാസപദാർത്ഥങ്ങളും കണ്ടെത്തിയെങ്കിലും ആരും വേണ്ടത്ര പ്രാധാന്യം അതിനൊന്നും കൊടുത്തില്ല. എല്ലാവരുടെയും ലക്ഷ്യം സ്വർണ്ണം മാത്രമായിരുന്നു. സ്വർണ്ണം കണ്ടെത്തിയെന്ന അവകാശവാദവുമായി പലരും രംഗത്തെത്തി. അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതോടെ 'ആൽക്കെമിസ്റ്റ്' എന്ന വാക്കിന് 'തട്ടിപ്പുകാരൻ' എന്നൊരു അർത്ഥം ഉണ്ടായി.

"https://ml.wikipedia.org/w/index.php?title=ആൽക്കമിസ്റ്റുകൾ&oldid=2671825" എന്ന താളിൽനിന്ന് ശേഖരിച്ചത്