ആർ. സെൽവരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. സെൽവരാജ്
നിയോജക മണ്ഡലം നെയ്യാറ്റിൻകര നിയമസഭാമണ്ഡലം
ജനനം 1949 മാർച്ച് 5(1949-03-05)[1]
മേലേകൊല്ല
ഭവനം നെടിയംകോട്, ധനുവച്ചപുരം,<br\> നെയ്യാറ്റിൻകര
രാഷ്ട്രീയപ്പാർട്ടി
കോൺഗ്രസ്സ് (ഐ)
ജീവിത പങ്കാളി(കൾ) മേരി വത്സല
കുട്ടി(കൾ) ദിവ്യ, ദീപ്തി

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് ആർ. സെൽവരാജ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സി.പി.ഐ(എം) സ്ഥാനാർത്ഥിയായി 2006-ൽ പാറശാലയിൽ നിന്നും 2011-ൽ നെയ്യാറ്റിൻകരയിൽ നിന്നും ജയിച്ച ഇദ്ദേഹം പാർട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്[2] 2012 മാർച്ച് 9-ന് നിയമ സഭാംഗത്വവും പാർട്ടി സ്ഥാനങ്ങളും രാജി വെയ്ക്കുകയും തുടർന്ന് 2012 ജൂൺ 2-ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.

ഐക്യകേരള രൂപീകരണശേഷം ഒരു പാർട്ടിയിൽ നിന്ന് രാജി വെച്ച് എം.എൽ.എ സ്ഥാനം ഉപേക്ഷിക്കുകയും തുടർന്ന് മറ്റൊരു പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്ത ആദ്യത്തെ[൧][൨] ആളാണ് ഇദ്ദേഹം.[3]

ജീവിതരേഖ[തിരുത്തുക]

വർഗീസിന്റെയും രൂത്തിന്റെയും മകനായി 1949 മാർച്ച് 5-ന് മേലേകൊല്ലയിൽ ജനനം. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട സെൽവരാജിന്റെ ജീവിതം പിന്നീട് സഹോദരിക്കൊപ്പമായിരുന്നു. കെ.എസ്.വൈ.എഫിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്ത് വന്നത്. സി.പി.ഐ.(എം) നേതാവ് സത്യനേശന്റെ വീട്ടിൽ താമസിച്ചായിരുന്നു ഏറെക്കാലം രാഷ്ട്രീയ പ്രവർത്തനം. 1982-ലും 1986-ലും കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 1999 മുതൽ കുറേക്കാലം സി.പി.ഐ.(എം) പാറശാല ഏരിയാ സെക്രട്ടറിയായിരുന്നു. 2003-ൽ ജില്ലാ കമ്മിറ്റിയിലെത്തി.2001-ൽ പാറശാല നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും കോൺഗ്രസിലെ സുന്ദരൻ നാടാരോട് പരാജയപ്പെട്ടു. എന്നാൽ 2006-ൽ സുന്ദരൻ നാടാരെ 4407 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ മത്സരിക്കുവാനാണ് പാർട്ടി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിനു പകരം പാറശാലയിൽ സി.പി.ഐ.(എം) മത്സരിപ്പിച്ചത് ആനാവൂർ നാഗപ്പനെ ആയിരുന്നു. പാറശ്ശാലയിൽ ആനാവൂർ നാഗപ്പൻ പരാജയപ്പെട്ടപ്പോൾ നെയ്യാറ്റിൻകരയിൽ സെൽവരാജ് 6702 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ്(ഐ) -യിലെ തമ്പാനൂർ രവിയായിരുന്നു തൊട്ടടുത്ത എതിർസ്ഥാനാർത്ഥി. എന്നാൽ 2012 മാർച്ചിൽ സെൽവരാജ് എം.എൽ.എ സ്ഥാനവും മറ്റ് സംഘടനാ സ്ഥാനങ്ങളും രാജിവെച്ചു. പാറശ്ശാല മണ്ഡലത്തിലെ പാർട്ടിയുടെ പരാജയത്തിൽ തനിക്ക് പങ്കുണ്ടെന്ന പരാതിയെ തുടർന്ന് പാർട്ടി നേതൃത്വത്തിന് താൻ അനഭിമതനായിത്തീരുകയും തന്നെ അനുകൂലിക്കുന്നവരെ ഏരിയാകമ്മറ്റിയിൽ നിന്നും പാർട്ടിയിലെ മറ്റ് ഘടകങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്തുവെന്നും തനിക്കെതിരെ അടിച്ചമർത്തൽ തുടരുന്നുവെന്നതുമാണ് പാർട്ടിവിടുന്നതിനുള്ള കാരണങ്ങളായി അദ്ദേഹം പ്രസ്താവിച്ചത്. എന്നാൽ യു.ഡി.എഫ്. നേതൃത്വത്തിന്റെ അറിവോടെ നടന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമായിട്ടാണ് സെൽവരാജ് രാജിവെച്ചതെന്ന് സി.പി.ഐ.(എം) നേതൃത്വം ആരോപിച്ചു.[4]

തുടർന്ന് വന്ന നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച സെൽവരാജ് 6334 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ നിയമസഭയിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ അംഗബലം 73 ആയി ഉയർന്നു.

കുറിപ്പുകൾ[തിരുത്തുക]

൧.^  കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് തിരു-കൊച്ചി നിയമസഭയിൽ കെ.ബാലകൃഷ്ണ മേനോൻ, കെ.കണ്ണൻ എന്നിവർ നിയമസഭാംഗത്വം രാജിവെച്ച് മറ്റൊരു പാർട്ടി സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. 1950-ൽ പീപ്പിൾസ് പാർട്ടി അംഗമായിരുന്ന ബാലകൃഷ്ണ മേനോൻ, സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതിനെ തുടർന്ന് വടക്കാംചേരിയിൽ നിന്നുള്ള നിയമസഭാംഗത്വം ഒഴിഞ്ഞു. തുടർന്ന് 1951-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തി. അതുപോലെ 1949-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരാനായി നിയമസഭാംഗത്വം രാജിവെച്ച കെ.കണ്ണനും അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന കണയന്നൂർ സംവരണ മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

൨.^  കേരള സംസ്ഥാന രൂപീകരണശേഷം 1985-ൽ ഉദുമ എം.എൽ.എ ആയിരുന്ന എം. കുഞ്ഞിരാമൻ ന‌മ്പ്യാർ രാജിവെച്ച ശേഷം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മാറി അതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/selvarajr.pdf
  2. നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് രാജിവെച്ചു / മാതൃഭൂമി
  3. "വിജയചരിത്രമെഴുതി സെൽവരാജ്". കേരള കൗമുദി. ജൂൺ 16, 2012. ശേഖരിച്ചത് ജൂൺ 17, 2012. 
  4. http://www.mathrubhumi.com/online/malayalam/news/story/1497040/2012-03-10/kerala
"https://ml.wikipedia.org/w/index.php?title=ആർ._സെൽവരാജ്&oldid=1696119" എന്ന താളിൽനിന്നു ശേഖരിച്ചത്