Jump to content

ആർ.എച്ച്. ടാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ.എച്ച്. ടാണി
ജനനം(1880-11-30)30 നവംബർ 1880
മരണം16 ജനുവരി 1962(1962-01-16) (പ്രായം 81)
ദേശീയതBritish
വിദ്യാഭ്യാസംRugby School and Balliol College, Oxford
തൊഴിൽProfessor of Economic history at London School of Economics
അറിയപ്പെടുന്നത്Religion and the Rise of Capitalism (1926)
ജീവിതപങ്കാളി(കൾ)Jeanette

പ്രമുഖനായ ബ്രിട്ടിഷ് സാമൂഹിക-സാമ്പത്തിക ചരിത്രകാരനാണ് ആർ.എച്ച്. ടാണി. കിഴക്കൻ ലണ്ടനിലെ ചേരിനിവാസികളുടെ ജീവിതത്തെ ക്കുറിച്ചു വിശദമായി പഠിച്ച ടാണി, തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതദുരിതങ്ങളിൽ ഉത്ക്കണ്ഠാകുലനായിരുന്നു. സാമൂഹികനീതി എന്ന ആദർശത്തോടു പ്രതിബദ്ധത പുലർത്തിയ ടാണി, തൊഴിലാളികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസാവസരങ്ങൾ നൽകണമെന്ന് ശക്തമായി വാദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പുരോഗമനാശയങ്ങൾ 20-ാം ശ. -ത്തിലെ ബ്രിട്ടിഷ് തൊഴിലാളി പ്രസ്ഥാനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തികചരിത്ര രചനാരംഗത്ത് പുതിയ പ്രമേയങ്ങളും അന്വേഷണവിഷയങ്ങളും ആവിഷ്ക്കരിച്ചു എന്നതാണ് ടാണിയുടെ മുഖ്യസംഭാവന. 1540-നും 1640-നും ഇടയ്ക്കുള്ള ബ്രിട്ടിഷ് ചരിത്രം അറിയപ്പെടുന്നതു തന്നെ 'ടാണിയുടെ ശതകം' എന്നാണ്. മതതത്ത്വങ്ങളും ധാർമിക ചിന്തയും സാമ്പത്തിക വളർച്ചയും തമ്മിലുള്ള പരസ്പരബന്ധങ്ങൾ ചർച്ചാവിഷയമാക്കിയ ടാണി, ആധുനിക സാമ്പത്തികചരിത്ര വിജ്ഞാനീയത്തിനു പുതിയ മാനങ്ങൾ നൽകിയവരിൽ പ്രധാനിയാണ്.

ജീവിതരേഖ

[തിരുത്തുക]

1880 ന. 30-നു കൽക്കത്ത (കൊൽ ക്കൊത്ത)യിൽ ജനിച്ചു. കൊൽ ക്കൊത്തയിലെ പ്രസിഡൻസി കോളജ് പ്രിൻസിപ്പലായിരുന്ന പിതാവ് ഒരു സംസ്കൃതപണ്ഡിതനുമായിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ടാണി, 1913-ൽ ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ രത്തൻ ടാറ്റാ ഫൗണ്ടേഷന്റെ ഡയറക്ടർ ആയി നിയമിതനായി. പിന്നീട് അവിടെ സാമ്പത്തികചരിത്രവിഭാഗം റീഡറായും പ്രൊഫസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാമ്പത്തികചരിത്രരചനാ ശാഖയ്ക്കു നൽകിയിട്ടുള്ള സംഭാവനകളുടെ പേരിലാണ് ടാണി അവിസ്മരണീയനായിത്തീർന്നത്. 1912-ൽ പ്രസിദ്ധീകരിച്ച ദി അഗ്രേറിയൻ പ്രോബ്ളം ഇൻ ദ് സിക്സ്റ്റീൻത് സെഞ്ചുറി എന്ന കൃതി ബ്രിട്ടിഷ് സാമ്പത്തികചരിത്ര രചനാരംഗത്തു പുതിയൊരു പ്രവണതയ്ക്കു തുടക്കം കുറിച്ചു. ഉത്പ്പന്ന വിലയിലെ മാറ്റങ്ങളുടെയും ജനസംഖ്യാ വിപ്ലവത്തിന്റെയും ഫലമായി സാമൂഹിക-സാമ്പത്തിക ബന്ധങ്ങളിലുണ്ടാകുന്ന ദൂരവ്യാപക പരിവർത്തനങ്ങളാണ് ഈ കൃതി ചർച്ച ചെയ്യുന്നത്. പരമ്പരാഗത ഭൂവുടമാ വർഗത്തിന്റെ ക്രൂരമായ ചൂഷണ സമ്പ്രദായങ്ങളെ ശക്തമായ ഭാഷയിൽ അപഗ്രഥിക്കുന്ന ഈ കൃതി, ഭൂമിക്കുമേലുള്ള പാരമ്പര്യാവകാശം നിരോധിക്കണമെന്നും സ്വതന്ത്ര്യ വിപണിയുടെ നിയമങ്ങൾ നടപ്പാക്കണമെന്നും വാദിക്കുന്നു.
1926-ലാണ് ടാണിയുടെ മുഖ്യകൃതിയായ റിലീജിയൺ ആൻഡ് ദ് റൈസ് ഒഫ് ക്യാപിറ്റലിസം പ്രസിദ്ധീകരിച്ചത്. സാമ്പത്തിക ചരിത്ര രചനാശാഖയിലെ ഒരു ക്ലാസിക് ആയിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. വിഖ്യാത സാമൂഹിക ചിന്തകനായ മാക്സ് വെബറുടെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ സാമ്പത്തിക ചരിത്രത്തെ ഈ കൃതി വിലയിരുത്തുന്നു. ആധുനിക വ്യവസായ വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ചത് സമ്പാദ്യശീലം, കഠിനാധ്വാനസന്നദ്ധത, വ്യക്തിത്വവാദം തുടങ്ങിയ മൂല്യങ്ങളാണെന്ന് ടാണി സമർഥിക്കുന്നു. വ്യാവസായിക ഉത്പ്പാദനസമ്പ്രദായത്തിന്റെ വികാസത്തിൽ, കാര്യക്ഷമമായ തൊഴിൽശക്തി ചെലുത്തിയ സ്വാധീനതയെക്കുറിച്ചുള്ള നിഗമനങ്ങൾ അക്കാലത്ത് വളരെയേറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പക്ഷേ, ടാണിയുടെ വിപ്ലവകരമായ ഇത്തരം സിദ്ധാന്തീകരണങ്ങൾ പില്ക്കാലത്ത് മതവും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുണ്ടായ പഠനങ്ങൾക്കു വളരെയേറെ പ്രേരകമായിത്തീർന്നു.

17-ാം ശ. -ത്തിലെ ബ്രിട്ടിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ചു മൗലികമായ പല നിരീക്ഷണങ്ങളും ടാണി ആവിഷ്ക്കരിച്ചു. വിലയിലുണ്ടായ വമ്പിച്ച മാറ്റങ്ങളും ഉപഭോഗശീലങ്ങളിലെ വ്യതിയാനങ്ങളും ഭൂവരുമാനം കൊണ്ടു ജീവിക്കുന്ന ജന്മിവർഗത്തിന്റെ അധികാരത്തെ സാരമായി ബാധിച്ചു. ഇത് പരമ്പരാഗത ജന്മിവർഗവും പുതിയ മധ്യവർഗ ജന്മി വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടയാക്കി. പരമ്പരാഗതമായ ഫ്യൂഡൽ ഭരണസമ്പ്രദായത്തിന്റെ തകർച്ചയ്ക്കും ആഭ്യന്തരയുദ്ധത്തിനും ഇടയാക്കിയത് ഈ പരിവർത്തനങ്ങളാണ്. ആഭ്യന്തരയുദ്ധത്തെത്തുടർന്ന് രാജവാഴ്ചയും പൗരോഹിത്യാധിപത്യവും തകരുകയും ജനാധിപത്യവിപ്ലവത്തിനു നാന്ദികുറിക്കുകയും ചെയ്തു. ബ്രിട്ടിഷ് ആഭ്യന്തരയുദ്ധത്തെ ടാണി വിലയിരുത്തുന്നത് ഫ്യൂഡൽ ശക്തികളും പുരോഗമന മുതലാളിത്ത ശക്തികളും തമ്മിലുള്ള സംഘർഷമായിട്ടാണ്.

ഇദ്ദേഹം 1962 ജനു. 16-ന് ലണ്ടനിൽ നിര്യാതനായി.

കൃതികൾ

[തിരുത്തുക]

1924-ൽ എയ്ലീൻ പവറുമൊത്ത് (Eileen Power) എഡിറ്റു ചെയ്ത റ്റ്യൂഡർ ഇക്കണോമിക് ഡോക്യുമെന്റ്സ് എന്ന കൃതി, 16-ാം ശ. -ത്തിലെ ബ്രിട്ടിഷ് സാമ്പത്തിക ചരിത്രത്തിന്റെ ഏറ്റവും നല്ല രേഖയായി പരിഗണിക്കപ്പെടുന്നു.

  • ദി അഗ്രേറിയൻ പ്രോബ്ളം ഇൻ ദ് സിക്സ്റ്റീൻത് സെഞ്ചുറി
  • റിലീജിയൺ ആൻഡ് ദ് റൈസ് ഒഫ് ക്യാപിറ്റലിസം
  • ദി അസ്സസ്മെന്റ് ഒഫ് വേജസ് ഇൻ ഇംഗ്ലണ്ട്' (1913)
  • ദി അക്വിസിറ്റീവ് സൊസൈറ്റി (1920)
  • ഈക്ക്വാളിറ്റി (1931)
  • ലാൻഡ് ആൻഡ് ലേബർ ഇൻ ചൈന (1932) എന്നിവയാണ് ടാണിയുടെ ഇതര കൃതികൾ. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കുകയും മാരകമായി മുറിവേൽക്കുകയും ചെയ്ത ടാണി, യുദ്ധാനുഭവങ്ങളെ ആസ്പദമാക്കി 1953-ൽ ദി അറ്റാക്ക് ആൻഡ് അതർ എസ്സേയ്സ് എന്നൊരു കൃതിയും രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാണി, ആർ. എച്ച്. (1880 - 1962) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആർ.എച്ച്._ടാണി&oldid=3958095" എന്ന താളിൽനിന്ന് ശേഖരിച്ചത്