Jump to content

ആർറ്റിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർറ്റിക്
Արթիկ
ഒക്ടോബർ 2009-ൽ ആർറ്റിക്
ഒക്ടോബർ 2009-ൽ ആർറ്റിക്
ആർറ്റിക് Արթիկ is located in Armenia
ആർറ്റിക് Արթիկ
ആർറ്റിക്
Արթիկ
Coordinates: 40°37′02″N 43°58′33″E / 40.61722°N 43.97583°E / 40.61722; 43.97583
Country അർമേനിയ
MarzShirak
Founded5th century
വിസ്തീർണ്ണം
 • ആകെച.കി.മീ.(3 ച മൈ)
ഉയരം
1,859 മീ(6,099 അടി)
ജനസംഖ്യ
 (2011 census)
 • ആകെ19,534
 • ജനസാന്ദ്രത2,800/ച.കി.മീ.(7,200/ച മൈ)
സമയമേഖലUTC+4 (GMT)
Postal code
3001-3007
ഏരിയ കോഡ്(+374) 244
ClimateDfb
വെബ്സൈറ്റ്Official website
Sources: Population[1]
ഏഴാം നൂറ്റാണ്ടിലെ ലംബാറ്റ് മൊണാസ്ട്രി

അർമേനിയയിലെ ഷിരാക് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ് ആർറ്റിക് (അർമേനിയൻ: Արթիկ). 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 19,534 ജനസംഖ്യയുണ്ടായിരുന്നു. 2016ലെ ഔദ്യോഗിക കണക്ക് പ്രകാരം ആർറ്റിക്കിലെ ജനസംഖ്യ ഏകദേശം 18,800 ആണ്.[2] പ്രധാനമായും പിങ്ക്, റോസ് നിറങ്ങളിലുള്ള തുഫ കല്ലുകൾക്ക് ആർറ്റിക് പട്ടണം പ്രശസ്തമാണ്. അർമേനിയയിലെ തുഫ, ട്രാവെർട്ടൈൻ കല്ലുകളുടെ ഉൽപാദനത്തിന്റെഒരു പ്രധാന കേന്ദ്രമാണിത്.

പദോൽപ്പത്തി[തിരുത്തുക]

ആർറ്റിക്കിലെ ലംബാട്ടവാങ്ക് ആശ്രമത്തിൽ കണ്ടെത്തിയ പതിനൊന്നാം നൂറ്റാണ്ടിലെ ലിഖിതമനുസരിച്ച്, മധ്യകാലഘട്ടത്തിൽ ഈ നഗരം ഹാർട്ട്ക് (Յարդք) എന്നറിയപ്പെട്ടിരുന്നു. ഇത് പിന്നീട് ആർദിക് ( Արդիկ), ആർഡിക്' ( Արդիք), ആർറ്റിക് ( Արթիկ ) എന്നിങ്ങനെയും അറിയപ്പെട്ടു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്,  2 ഭാഗങ്ങൾ അടങ്ങിയിരിക്കുന്ന ഇതിന്റെ പേരിലെ ‘അർ’ അരാഗാട്ട് പർവതത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, ‘ടിക്’ എന്നാൽ അർമേനിയൻ ഭാഷയിൽ ചായ്‌വുള്ളതെന്ന് അർത്ഥം. അതിനാൽ, ആർറ്റിക് എന്ന പേരിന്റെ അർത്ഥം മിക്കവാറും ‘അരാഗറ്റിലേയ്ക്ക് ചായുക’ എന്നായിരിക്കാവുന്നതാണ്.[3]

ചരിത്രം[തിരുത്തുക]

അഞ്ചാം നൂറ്റാണ്ടിലെ ഹോളി മദർ ഓഫ് ഗോഡ് പള്ളിയുടെ നഷ്ടാവശിഷ്ടങ്ങൾ.

ആധുനിക ആർറ്റിക് പ്രദേശത്ത് 1960-ൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ അനുസരിച്ച്, ബിസി 14-ആം നൂറ്റാണ്ട് മുതൽക്കുതന്നെ ഈ പ്രദേശം ഒരു സ്ഥിരതാമസമാക്കിയതായി വെളിപ്പെട്ടു. ആർറ്റിക്കിലെ തുഫ ചുണ്ണാമ്പുകല്ലിന്റെ പാളികൾക്കടിയിൽ വെങ്കലയുഗത്തിന്റെ അവസാന കാലത്തെ ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[4]

ചരിത്രപരമായി, ഗ്രേറ്റർ അർമേനിയയിലെ പുരാതന അയ്രാറാത്ത് പ്രവിശ്യയിലെ ഷിരാക് കന്റോണിന്റെ ഭാഗമാണ് ആർറ്റിക്. അർസാസിഡ് രാജവംശത്തിന്റെയും (എ.ഡി. 52-428) പിന്നീട് സസാനിദ് പേർഷ്യയുടെ (428-651) ഭരണകാലത്ത് ആർറ്റിക് പ്രദേശത്തിന്റെ നിയന്ത്രണം കംസാരകൻ എന്ന അർമേനിയൻ കുലീന കുടുംബമായിരുന്നു. ഒരു കുടിയേറ്റകേന്ദ്രം എന്ന നിലയിൽ, അഞ്ചാം നൂറ്റാണ്ടിൽ കംസാരകൻമാരായിരിക്കാം പരിശുദ്ധ ദൈവമാതാവിന്റെ സന്യാസ സമുച്ചയത്തിന്റെ അടിത്തറയോടൊപ്പം (സർപ്പ് മറൈൻ എന്നും അറിയപ്പെടുന്നു) ആർറ്റിക് പട്ടണം രൂപീകരിച്ചത്. ഏഴാം നൂറ്റാണ്ടിൽ ലംബാറ്റ് മൊണാസ്ട്രിയിലെ സെന്റ് സ്റ്റീഫൻ ചർച്ച്, സെന്റ് ഗ്രിഗറി ചർച്ച് (സെന്റ് ജോർജ്ജ് എന്നും അറിയപ്പെടുന്നു) എന്നിവയും അവർ നിർമ്മിച്ചു.

654-ൽ അർമേനിയയിലെ അറബ് അധിനിവേശത്തോടെ, ബഗ്രാറ്റിഡ് രാജവംശത്തിന് ആർറ്റിക്ക് ലഭിക്കുകയും പിന്നീട് 885-ൽ അവർ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യം സ്ഥാപിക്കുകയും ചെയ്തു. 1045-ൽ അർമേനിയ ബൈസന്റൈൻ സാമ്രാജ്യത്തിലേക്കും പിന്നീട് 1064-ൽ സെൽജുക് ആക്രമണകാരികളിലേക്കും പതിച്ചതിനുശേഷം, ഷിറാക്ക് പ്രദേശം സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും തകർച്ചയുടെ യുഗത്തിലേക്ക് പ്രവേശിച്ചു.

1201-ൽ ജോർജിയൻ സംരക്ഷകത്വത്തിന് കീഴിൽ അർമേനിയയിലെ സക്കാരിദ് രാജവംശം സ്ഥാപിതമായതോടെ, ഷിറാക്ക് പ്രദേശം വളർച്ചയുടെയും സ്ഥിരതയുടെയും ഒരു പുതുയുഗത്തിലേയ്ക്ക് പ്രവേശിച്ചു. 1236-ൽ മംഗോളിയക്കാർ അനി പിടിച്ചടക്കിയതിനുശേഷം, സക്കാരിദ് അർമേനിയ ഇൽഖാനേറ്റിന്റെ ഭാഗമെന്ന നിലയിൽ മംഗോളിയൻ സംരക്ഷക പ്രദേശമായി മാറി. 14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇൽഖാനേറ്റിന്റെ പതനത്തിനുശേഷം, സക്കാരിദ് രാജകുമാരന്മാർ നിയന്ത്രിച്ച ഷിരാക്ക് പ്രദേശം 1360-ൽ ആക്രമണകാരികളായ തുർക്കി ഗോത്രങ്ങളുടെ അധീനതയിലായി. 14-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സുന്നി ഒഗൂസ് തുർക്കി ഗോത്രമായ അക് കോയൂൻലു ഷിറാക്ക് ഉൾപ്പെടെ അർമേനിയ പിടിച്ചെടുത്തു. 1400-ൽ, തിമൂർ അർമേനിയയെയും ജോർജിയയെയും ആക്രമിക്കുകയും 60,000-ത്തിലധികം പ്രദേശവാസികളെ അടിമകളായി പിടികൂടുകയും ചെയ്തു. ഷിറാക്ക് ഉൾപ്പെടെ നിരവധി ജില്ലകളിലെ ജനവാസം നഷ്ടപ്പെട്ടു.[5] 1410-ൽ അർമേനിയ ഷിയ ഒഗുസ് തുർക്കി ഗോത്രമായ കാര കൊയുൻലുവിന്റെ നിയന്ത്രണത്തിലായി. അർമേനിയൻ ചരിത്രകാരനായിരുന്ന തോമസ് ഓഫ് മെറ്റ്സോഫിന്റെ അഭിപ്രായത്തിൽ, കാര കൊയുൻലു അർമേനിയക്കാർക്കെതിരെ കനത്ത നികുതി ചുമത്തിയിരുന്നെങ്കിലും, താരതമ്യേന സമാധാനപരമായിരുന്ന അവരുടെ ഭരണത്തിന്റെ ആദ്യ കാലങ്ങളിൽ പട്ടണങ്ങളുടെ ചില പുനർനിർമ്മാണങ്ങളും നടന്നിരുന്നു.[6]

1501-ൽ, യെറിവാൻ, ഷിറാക്ക് എന്നിവയുൾപ്പെടെ മിക്ക കിഴക്കൻ അർമേനിയൻ പ്രദേശങ്ങളും ഇറാനിലെ വളർന്നുവരുന്ന സഫാവിദ് രാജവംശം കീഴടക്കി. ഇറാനിയൻ ഭരണത്തിൻ കീഴിൽ, എറിവാൻ ഗവർണറേറ്റിനുള്ളിലായി നിലനിന്ന ഈ പട്ടണം ക്രമേണ ക്ഷയിച്ചു.

1804 ജൂണിൽ, 1804-1813 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യം ഷിറാക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1813 ജനുവരി 1-ന് ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ആർറ്റിക് ഔദ്യോഗികമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1829-30 കാലഘട്ടത്തിൽ കാർസിൽ നിന്നും കരീനിൽ നിന്നുമുള്ള നിരവധി അർമേനിയൻ കുടുംബങ്ങൾ ആർറ്റിക്കിൽ പുനരധിവസിപ്പിക്കപ്പെട്ടു. 1840-ൽ, ആർട്ടിക് പുതുതായി രൂപീകരിച്ച അലക്സാണ്ട്രോപോൾ ഉയെസ്ഡിന്റെ ഭാഗവും പിന്നീട് 1849-ൽ എറിവൻ ഗവർണറേറ്റിന്റെ ഭാഗവുമായി.

ഒന്നാം ലോകമഹായുദ്ധാനന്തരം, പുതുതായി സ്ഥാപിതമായ റിപ്പബ്ലിക് ഓഫ് അർമേനിയയുടെ അതിർത്തിക്കുള്ളിൽ ആർട്ടിക് ഉൾപ്പെടുത്തുകയും 1918 മെയ് മുതൽ 1920 ഡിസംബർ വരെ അത് അധിനിവേശ സോവിയറ്റ് ചെമ്പടയുടെ കീഴിലാകുന്നതുവരെ ഒരു ഹ്രസ്വകാല സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്തു.

1928-ൽ ആർട്ടിക്കിൽ സോവിയറ്റ് യൂണിയൻ "ആർട്ടിക്-ടഫ്" എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ തുഫ ഉൽപ്പാദക  സംഘം തുറന്നു. 1930-ൽ സോവിയറ്റ് അർമേനിയയിലെ ആർട്ടിക് റയോൺ രൂപീകരിക്കുകയും ആർട്ടിക് ഗ്രാമം അതിന്റെ പ്രാദേശിക കേന്ദ്രമായി മാറുകയും ചെയ്തു. 1939-ൽ ആർട്ടിക് ഒരു നഗര വിഭാഗം താമസകേന്ദ്രമായി മാറി. താമസിയാതെ 1945-ൽ ഇതിന് ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു. ആർട്ടിക്കിന്റെ ആദ്യത്തെ പ്രധാന നഗര പദ്ധതി 1948-ൽ അംഗീകരിച്ചു (പിന്നീട് 1965-ൽ ആർക്കിടെക്റ്റ് എ. മിരിജാന്യൻ ഇത് പരിഷ്കരിച്ചു). പട്ടണം ഒരു വ്യാവസായിക കേന്ദ്രമായി ക്രമാനുഗതമായി വികസിപ്പിച്ചതോടെ, 1963-ൽ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനുള്ളിലെ റിപ്പബ്ലിക്കൻ കീഴിലുള്ള ഒരു പട്ടണമായി ആർറ്റിക് മാറി.

1959 നും 1965 നും ഇടയിൽ, വാക്വം സ്റ്റൗവുകൾക്കായുള്ള ആർട്ടിക് ഫാക്ടറി, തുഫ-ബ്ലോക്ക്സ് ഫാക്ടറി, "അർഷലൂയ്സ്" ടെക്സ്റ്റൈൽ ഫാക്ടറിയുടെ ആർട്ടിക് ശാഖ എന്നിവയുടെ സ്ഥാപനത്തോടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് പട്ടണം സാക്ഷ്യം വഹിച്ചു. 1970-കളിൽ മറ്റ് പല വ്യവസായ സ്ഥാപനങ്ങളും ഇവിടെ തുറന്നു.

1991-ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെത്തുടർന്ന്, സ്വതന്ത്ര അർമേനിയയുടെ 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം പുതുതായി രൂപീകരിച്ച ഷിറാക്ക് പ്രവിശ്യയ്ക്കുള്ളിലെ ഒരു പട്ടണമായി ആർട്ടിക് മാറി. സ്വാതന്ത്ര്യാനന്തരം, സോവിയറ്റ് കാലഘട്ടത്തിലെ പല വ്യാവസായിക സ്ഥാപനങ്ങളും ഒന്നുകിൽ അടച്ചുപൂട്ടാനോ കുറഞ്ഞ ഉൽപാദനത്തിൽ പ്രവർത്തിക്കാനോ നിർബന്ധിതരായതിനാൽ, ഒരു വ്യാവസായിക കേന്ദ്രമെന്ന നിലയിലുള്ള ആർറ്റിക്കിന്റെ പ്രാധാന്യം ക്രമേണ നഷ്ടപ്പെട്ടു.

ഭൂമിശാസ്ത്രം[തിരുത്തുക]

പ്രവിശ്യാ കേന്ദ്രമായ ഗ്യുമ്രിയിൽനിന്ന് 27 കിലോമീറ്റർ ദൂരത്തിൽ തെക്കുകിഴക്കായി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,859 മീറ്റർ ഉയരത്തിൽ, ഷിറാക്ക് സമതലത്തിനുള്ളിൽ അരാഗാട്ട് പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ അടിവാരത്താണ് ആർറ്റിക് പട്ടണത്തിന്റെ സ്ഥാനം. ആർട്ടിക്കിന് തെക്കുകിഴക്കായി 67 കിലോമീറ്റർ റോഡ് ദൂരത്തിലാണ് തലസ്ഥാനമായ യെറിവൻ സ്ഥിതി ചെയ്യുന്നത്.

ആർട്ടിക്ജർ, ഗോംഷാദ്‌സർ എന്നീ രണ്ട് നദികൾ തെക്കുകിഴക്ക് നിന്ന് ആർട്ടിക് പട്ടണത്തിലേക്ക് പ്രവേശിച്ച് മധ്യഭാഗത്ത് കൂടി പട്ടണത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേയ്ക്ക് പോകുകയും അവിടെ ഒരുമിച്ച് ചേർന്ന് മണ്ടാഷ് നദിയിലേക്ക് ഒഴുകുന്ന ഒരു പോഷകനദിയായി മാറുന്നു.

പ്രധാനമായും വരണ്ട സ്റ്റെപ്പികളാൽ ചുറ്റപ്പെട്ടിരിക്കുന്നതും ഒരു ഈർപ്പമുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥയുമുള്ള ആർറ്റിക്കിൽ നേരിയ തണുപ്പുള്ള വേനൽക്കാലവും അത്യധികം തണുപ്പുള്ളതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാലവുമാണ് അനുഭവപ്പെടാറുള്ളത്.

അവലംബം[തിരുത്തുക]

  1. 2011 Armenia census, Shirak Province
  2. 2016 official estimate of the population in Armenia
  3. From the History of Artik
  4. About the community of Artik
  5. "The Turco-Mongol Invasions". Rbedrosian.com. Retrieved 2012-05-22.
  6. Kouymjian, Dickran (1997), "Armenia from the Fall of the Cilician Kingdom (1375) to the Forced Migration under Shah Abbas (1604)" in The Armenian People From Ancient to Modern Times, Volume II: Foreign Dominion to Statehood: The Fifteenth Century to the Twentieth Century, ed. Richard G. Hovannisian, New York: St. Martin's Press, p. 4. ISBN 1-4039-6422-X.
"https://ml.wikipedia.org/w/index.php?title=ആർറ്റിക്&oldid=3781730" എന്ന താളിൽനിന്ന് ശേഖരിച്ചത്