ആർബിട്രേഷൻ
കോടതി ബാഹ്യമായി തർക്കങ്ങൾ പരിഹരിക്കുന്ന സമ്പ്രദായമായ ബദൽ തർക്ക പരിഹാരമാർഗ്ഗത്തിൽ പെടുന്ന (Alternate Dispute Resolution Technique) ഒന്നാണ് ആർബിട്രേഷൻ. തർക്കത്തിലുള്ള കക്ഷികൾ പരസ്പരസമ്മതത്തോടെ ഒന്നോ അതിലധികമോ ആളുകളെ മദ്ധ്യസ്ഥനായി അഥവാ മദ്ധ്യസ്ഥന്മാരായി തീരുമാനിച്ച്, ഈ തർക്കം പരിശോധിച്ച് തീരുമാനം (അവാർഡ്) പ്രഖ്യാപിക്കാൻ ചുമതലപ്പെടുത്തുകയും ഈ തീരുമാനം അഥവാ അവാർഡ് ഇരുകക്ഷികൾക്കുമിടയിൽ പരസ്പരം അംഗീകരിക്കുമെന്നും ബാധകമായിരിക്കുമെന്നും സമ്മതിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് ആർബിട്രേഷൻ. ഇത്തരത്തിൽ മദ്ധ്യസ്ഥന്മാരായി പ്രവർത്തിക്കുന്നവരെ ആർബിട്രേറ്റർമാർ, ആർബിട്രേഷൻ ട്രൈബ്യൂണൽ എന്നീപേരുകളിൽ അറിയപ്പെടുന്നു. വാണിജ്യ - വ്യാപാര സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് സാധാരണ ആർബിട്രേഷൻ രീതി ഉപയോഗിക്കുന്നത്.
ആർബിട്രേഷനു വേണ്ടിയുള്ള മാതൃകാ ചട്ടങ്ങൾ ഐക്യരാഷ്ട്ര സഭയുടെ അന്തർദ്ദേശിയ വ്യാണിജ്യത്തിനായുള്ള കമ്മീഷൻ തയ്യാറാക്കുകയും അതിന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ 1976 ഡിസംബർ 15 ന് അംഗീകാരം നൽകുകയുമുണ്ടായി. യൂഎൻസിട്രാൽ (UNICITRAL) മോഡൽ എന്നറിയപ്പെടുന്ന ഈ ചട്ടങ്ങൾക്കനുസരിച്ച് 1985 -ൽ ഒരു മാതൃകാ നിയമം അന്താരാഷ്ട്ര വാണിജ്യ ആർബിട്രേഷനു വേണ്ടി തയ്യാറാക്കുകയും അംഗരാജ്യങ്ങൾ അതതുരാജ്യങ്ങളിൽ ആർബിട്രേഷനുവേണ്ടിയുള്ള നിയമനിർമ്മാണങ്ങൾ നടത്തുകയുമുണ്ടായി. [1] ഇതനുസരിച്ച് നിലവിലിരുന്ന ആർബിട്രേഷൻ വ്യവസ്ഥകൾ സമഗ്രമായി പരിഷ്കരിച്ച് ഇന്ത്യാ ഗവൺമെന്റും ആർബിട്രേഷൻ ആൻഡ് കൺസീലിയേഷൻ ആക്ട് 1996 പാസ്സാക്കുകയുണ്ടായി. [2] ആർബിട്രേഷൻ പ്രക്രിയയിലൂടെ ഉണ്ടാകുന്ന അവാർഡിന് അഥവാ തീരുമാനത്തിന് ഒരു സിവിൽ കോടതിയുടെ ഡിക്രിയുടെ (ഉത്തരവിന്റെ) പദവി ഉണ്ടായിരിക്കുന്നതും വിധി നടപ്പാക്കൽ (എക്സിക്യൂഷൻ) നടപടിവഴി അത് നടപ്പാക്കിയെടുക്കാവുന്നതുമാണ്.