ആർച്ചർ ഫിഷ്
ആർച്ചർ ഫിഷ് | |
---|---|
![]() | |
Toxotes jaculatrix | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Actinopterygii |
Order: | Perciformes |
Family: | Toxotidae Cuvier, 1816 |
Genus: | Toxotes Cuvier, 1816 |
കരയിൽ ജീവിക്കുന്ന പ്രാണികളെയും മറ്റ് ചെറിയ ജീവികളെയും അവയുടെ പ്രത്യേകതയുള്ള വായിൽ നിന്ന് വെള്ളത്തുള്ളികൾ തെറിപ്പിച്ചു ജലത്തിലേയ്ക്കു വീഴ്ത്തി ഇരപിടിക്കുന്ന മോണോടൈപ്പിക് കുടുംബം ആയ ടോക്സോട്ടിഡേയിലെ ഒരു മത്സ്യജനുസ്സാണ് ആർച്ചർഫിഷ് (spinner fish or archer fish). ടോക്സോട്ടസ് എന്ന ഒറ്റ ജനുസ്സിൽ പത്ത് ഇനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഈ കുടുംബമാണിത്. മിക്ക ഇനങ്ങളും ശുദ്ധജലസമ്പന്നമായ നദികൾ, അരുവികൾ, കുളങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നുവെങ്കിലും ഇതിലെ രണ്ടോ മൂന്നോ ഇനങ്ങൾ യൂറിഹാലൈൻ (ഏറിയും കുറഞ്ഞുമുള്ള ലവണാംശവുമായി പൊരുത്തപ്പെടാൻ കഴിയുന്നവ) ആയതിനാൽ ഇവ ശുദ്ധജലവും ഉപ്പുവെള്ളവുമടങ്ങിയ ആവാസ വ്യവസ്ഥകളുള്ള അഴിമുഖങ്ങളിലും കണ്ടൽക്കാടുകളിലും വസിക്കുന്നു. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യ വഴി വടക്കൻ ഓസ്‌ട്രേലിയയിലും മെലനേഷ്യയിലും ഇവയെ കണ്ടെത്താനാകും.[1]
ഇര പിടിക്കുന്ന വിധം[തിരുത്തുക]
ജലത്തിലൂടെ നീന്തിത്തുടിക്കുന്ന ഇവയുടെ നോട്ടം എപ്പോഴും മുകളിലേക്കായിരിക്കും. കരയിലെ സസ്യങ്ങളിലും മറ്റും ഇരിക്കുന്ന പ്രാണികളെയോ ജലത്തിനു മുകളിലൂടെ പറക്കുന്ന ചെറുജീവികളേയോ കണ്ടാൽ ഈ മത്സ്യങ്ങൾ അവയുടെ വായിൽ വെള്ളം നിറച്ച് ശക്തമായി വെള്ളം ചീറ്റിക്കുന്നു. ഈ ജലധാരയേറ്റ് പ്രാണികൾ താഴെ വെള്ളത്തിൽ പതിക്കുകയും ഈ മത്സ്യങ്ങൾ അവയെ ഭക്ഷണമാക്കുകയും ചെയ്യുന്നു. ഈ ഇനത്തിൽപ്പെട്ട വലിയ മത്സ്യങ്ങൾക്ക് ഏകദേശം 3 മീറ്റർ ദൂരത്തേക്ക് വരെ വെള്ളം ചീറ്റാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഇങ്ങനെ വെള്ളം ചീറ്റാൻ ഇവ നാക്ക് ഒരു കുഴൽ പോലെ ചുരുട്ടി പെട്ടെന്ന് ശകലങ്ങൾ അടയ്ക്കും. അപ്പോൾ ഒരു ചെറിയ പീരങ്കി പോലെ വെള്ളം ശക്തിയായി ചീറ്റിത്തെറിക്കും. ഇരയുടെ വലിപ്പവും ദൂരവും അറിഞ്ഞ് ഇവ വെള്ളം ചീറ്റിക്കുന്നതിന്റെ ശക്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു.[2]
ചില പ്രത്യേകതകൾ[തിരുത്തുക]
ഈ മീനുകളുടെ കണ്ണുകൾക്ക് നല്ല വലിപ്പമുണ്ട്. കാഴ്ചശക്തിയും കൂടുതൽ ആണ്. അന്തരീക്ഷത്തിൽ നിന്ന് വെള്ളത്തിലേക്ക് പതിക്കുന്ന പ്രകാശരേണുക്കൾക്ക് സംഭവിക്കുന്ന അപവർത്തനത്തിന് അനുസരിച്ച് കണ്ണുകൾ ക്രമീകരിക്കാനും ഇവയ്ക്കു കഴിയുന്നു. വെള്ളത്തിനടിയിൽ നിന്ന് ഇരയിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ ഈ സ്വഭാവ സവിശേഷതകൾ ഇവയെ സഹായിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ മത്സ്യങ്ങൾ അടുത്ത് കാണുന്ന ഇരയെ ജലപ്പരപ്പിലൂടെ ഊളിയിട്ട് പിടിക്കും. മിക്കവാറും ഒറ്റയായിട്ടുള്ള മത്സ്യങ്ങൾ വെള്ളത്തിന്റെ മുകൾപ്പരപ്പിലൂടെ തന്നെ നീന്തുന്നു.
മുട്ടകൾ[തിരുത്തുക]
ഒരു സമയം 20,000 മുട്ടകൾ ഇടുന്നു. ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. 12 മണിക്കൂറിനുള്ളിൽ ഈ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരും.
കുഞ്ഞുങ്ങൾ[തിരുത്തുക]
കുഞ്ഞുങ്ങൾക്ക് ഏകദേശം രണ്ടര സെന്റിമീറ്റർ നീളം വെക്കുമ്പോൾ തന്നെ വെള്ളം ചീറ്റി ഇര പിടിക്കാൻ ശ്രമിച്ചു തുടങ്ങും. പല തവണയായി ഇങ്ങനെ ശ്രമിച്ചു ഇവ വെള്ളം ചീറ്റി ഇരപിടിക്കാൻ ശീലിക്കുന്നു. ഒരു മീൻ ഇങ്ങനെ വെള്ളം ചീറ്റുമ്പോൾ മറ്റുള്ളവ അടുത്ത് നിന്ന് ഇത് നല്ലത് പോലെ നിരീക്ഷിക്കും. ഇങ്ങനെ അനുഭവജ്ഞാനത്തിലൂടെ ഇവ കുറെ ക്കഴിയുമ്പോൾ വിദഗ്ദ്ധരായ ഇരപിടുത്തക്കാരായി മാറുന്നു.[3]
അവലംബം[തിരുത്തുക]
- ↑ Froese, Rainer and Pauly, Daniel, eds. (2017). Species of Toxotes in FishBase. December 2017 version.
- ↑ മനോരമ ദിനപത്രം 2019 സെപ്റ്റംബർ 23 (പഠിപ്പുര- താൾ 12)
- ↑ മനോരമ ദിനപത്രം 2019 സെപ്റ്റംബർ 23 (പഠിപ്പുര - താൾ 12)