ആർക്കെപ്പിസ്കോപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രൈസ്തവ സഭകളിൽ മേൽപ്പട്ടക്കാരുടെ അധികാര ശ്രേണിയിലെ ഒരു പദവിയാണ് ആർക്കെപ്പിസ്കോപ്പ അഥവാ ആർച്ചുബിഷപ്പ് (ഇംഗ്ലീഷ്: Archbishop). ഒന്നിലധികം എപ്പിസ്കോപ്പമാരുടെ അഥവാ ബിഷപ്പുമാരുടെ തലവനാണ് ആർക്കെപ്പിസ്കോപ്പ. സാധാരണഗതിയിൽ ഒരു ആർച്ചുബിഷപ്പ് മെത്രാപ്പോലീത്ത എന്ന പദവികൂടി വഹിക്കുന്നു. എന്നാൽ ഈ രണ്ട് പദവികളും വ്യത്യസ്തമാണ്. പ്രധാന ബിഷപ്പ് എന്ന അർത്ഥം വരുന്ന ആർക്കിഎപിസ്കോപ്പോസ് (ഗ്രീക്ക്: ἀρχιεπίσκοπος) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പദത്തിന്റെ ഉൽഭവം.[1][2] മെത്രാപ്പോലീത്ത എന്ന പദവിയിൽ നിന്ന് വ്യത്യസ്തമായി ആർച്ചുബിഷപ്പ് പദവി നൽകപ്പെടുന്നതിന് നിശ്ചിതമായ യോഗ്യതകൾ ഇല്ല. മെത്രാപ്പോലീത്ത മെത്രാസന പ്രവിശ്യയുടെ അദ്ധ്യക്ഷനാണ്. എന്നാൽ ആർക്കെപ്പിസ്കോപ്പ ഒരുഗണം ബിഷപ്പുമാരുടെ തലവനോ അല്ലെങ്കിൽ സ്ഥാനം കൊണ്ട് സാധാരണ ബിഷപ്പുമാരെക്കാൾ ഉന്നതനോ ആണ് എന്ന് അർത്ഥമാക്കുന്നു.

ചില സഭകളിൽ ആർക്കെപ്പിസ്കോപ്പ എന്ന പദവി മെത്രാപ്പോലീത്ത സ്ഥാനത്തേക്കാൾ ഉന്നതമാണ്. ഗ്രീസിലെ ഓർത്തഡോക്സ് സഭ ഇതിന് ഉദാഹരണമാണ്. എന്നാൽ കത്തോലിക്കാ സഭ തുടങ്ങി മറ്റ് ഒട്ടുമിക്ക സഭകളിലും ആർക്കെപ്പിസ്കോപ്പ എന്നത് മെത്രാപ്പോലീത്ത എന്ന പദവിയേക്കാൾ അല്പം താഴെയുള്ളതാണ്. സ്ഥാനിക ആർക്കെപിസ്കോപ്പമാർ (ഇംഗ്ലീഷ്: Titular archbishop), വ്യക്ത്യാധിഷ്ഠിത ആർക്കെപിസ്കോപ്പ (ഇംഗ്ലീഷ്: Archbishop ad personam) മുതലായ സ്ഥാനങ്ങൾ ഉള്ളവർക്ക് മെത്രാപ്പോലീത്തമാർക്ക് ഉള്ളതുപോലെ മെത്രാസന പ്രവിശ്യയോ മറ്റ് ബിഷപ്പുമാരുടെ മേൽ വ്യവസ്ഥാപിതമായ അധികാരങ്ങളോ ഇല്ല.

അവലംബം[തിരുത്തുക]

  1. "archbishop | Etymology, origin and meaning of archbishop by etymonline" (in ഇംഗ്ലീഷ്). Retrieved 2023-01-29.
  2. "Henry George Liddell, Robert Scott, A Greek-English Lexicon, ἀρχιεπίσκοπος". Retrieved 2023-01-29.
"https://ml.wikipedia.org/w/index.php?title=ആർക്കെപ്പിസ്കോപ്പ&oldid=3993505" എന്ന താളിൽനിന്ന് ശേഖരിച്ചത്