ആൻ കത്രീന കോൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ കത്രീന കോൾമാൻ
ജനനം1956 (വയസ്സ് 66–67)
ദേശീയതസ്കോട്ടിഷ്
കലാലയംഗ്ലാസ്ഗോ സർവ്വകലാശാല
അറിയപ്പെടുന്നത്അർദ്ധചാലക ലേസറുകൾ
പുരസ്കാരങ്ങൾഎൻജിനീയറിങ്ങ് അച്ചീവ്മെന്റ് അവാർഡ്, ഐ ട്രിപ്പിൾ ഇ ഫോട്ടോണിക്സ് സൊസൈറ്റി (2006)
Scientific career
Institutionsഗ്ലാസ്ഗോ സർവ്വകലാശാല
ഇല്ലിനോയ് സർവ്വകലാശാല
ടെക്സസ് സർവ്വകലാശാല

ഐ ട്രിപ്പിൾ ഇ ഫെല്ലോഷിപ്പും ഒഎസ്എ ഫെല്ലോഷിപ്പും ഉള്ള ആൻ കത്രീന കോൾമാൻ (ആൻ കത്രീന ബ്രൈസ്) ടെക്സസ് സർവ്വകലാശാലയിലെ പ്രൊഫസറും സ്കോട്ടിഷ് ഇലക്ട്രിക്കൽ എൻജിനീയറുമാണ്.

1956ൽ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് കോൾമാൻ ജനിച്ചത്. നോറയുടെയും വിൻസെന്റ് റെഡ്‌വേഴ്‌സ് ഹന്നയുടെയും ആദ്യ മകളാണ്. ഡാൽമുയിറിലെ സെന്റ് സ്റ്റീഫൻസ് പ്രൈമറി സ്കൂളിലും ഡംബാർട്ടനിലെ നോട്രേ ഡാം ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. 1978ൽ ഗ്ലാസ്‌ഗോ സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിഎസ്‌സി ബിരുദം നേടി. ബിയേഴ്‌സ്‌ഡണിലെ സെന്റ് ആൻഡ്രൂസ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ അധ്യാപക പരിശീലനം നേടി. ഹൈസ്കൂൾ ഭൗതികശാസ്ത്ര അദ്ധ്യാപികയായി രണ്ടുവർഷം ജോലി ചെയ്തതിനുശേഷം ഗ്ലാസ്ഗോ സർവകലാശാലയിൽ തിരിച്ചെത്തിയ അവർ 1987ൽ ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.

ബിരുദപഠനത്തിന് ശേഷം അവർ ഗ്ലാസ്ഗോ സർവകലാശാലയിൽ തന്നെ തുടർന്നു. ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഒപ്റ്റോ ഇലക്ട്രോണിക്‌സ് ഗ്രൂപ്പിൽ പോസ്റ്റ്ഡോക്‌ടറൽ റിസർച്ച് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അവർ 1992ൽ റിസർച്ച് ഫെല്ലോ ആയി നിയമിക്കപ്പെട്ടു. 1997ൽ സീനിയർ റിസർച്ച് ഫെല്ലോയും 2005ൽ പ്രൊഫസർ റിസർച്ച് ഫെല്ലോയും ആയി. ക്വാണ്ടം വെൽ ഇന്റർമിക്സിംഗിനെ അടിസ്ഥാനമാക്കി III-V അർദ്ധചാലക ചിപ്പുകളിൽ ഫോട്ടോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമ്മിക്കുന്നതിനുള്ള അവരുടെ പ്രാരംഭ പ്രവർത്തനത്തിന് കോൾമാനും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും അംഗീകരിക്കപ്പെട്ടിരുന്നു.

2012-ൽ, കോൾമാൻ ഇല്ലിനോയിസ് സർവകലാശാലയിലെ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എഞ്ചിനീയറിംഗ് വകുപ്പിൽ ചേർന്ന് [1] മൈക്രോ, നാനോടെക്നോളജി ലബോറട്ടറിയിൽ ജോലി ചെയ്തു. പിന്നീട് 2013-ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെറ്റീരിയൽസ് സയൻസ് ആന്റ് എൻജിനീയറിങ് പ്രൊഫസർ ആയി ടെക്സാസ് സർവകലാശാലയിൽ ചേർന്നു.[2]

ബഹുമതികളും ഔദ്യോഗിക പ്രവർത്തനങ്ങളും[തിരുത്തുക]

അർദ്ധചാലക സംയോജിത ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2008ൽ കോൾമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയർമാരുടെ ഒരു ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു, [3] 2009ൽ ഒപ്റ്റിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെയും ഫെലോ ആയി. ഫോട്ടോണിക് ഉപകരണങ്ങൾക്കുള്ള ക്വാണ്ടം വെൽ ഇന്റർമിക്സിംഗിന്റെ വിപുലമായ വികസനത്തിനും വാണിജ്യവൽക്കരണത്തിനുമായി 2006ൽ ഐ‌ ട്രിപ്പിൾ ഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ (മുമ്പ് ലേസേർസ് ആൻഡ് ഇലക്ട്രോ-ഒപ്റ്റിക്സ് സൊസൈറ്റി) എഞ്ചിനീയറിംഗ് അച്ചീവ്മെൻറ് അവാർഡ് പങ്കിട്ടു[4] (ജെ‌എച്ച് മാർഷിനൊപ്പം).[5] കോൾമാൻ ഐ‌ ട്രിപ്പിൾ ഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗവുമാണ്.[6] ക്ഷണിക്കപ്പെട്ട 40ലധികം അവതരണങ്ങളും പ്രസിദ്ധീകരണങ്ങളടക്കം നൂറിലധികം പ്രബന്ധങ്ങൾ അവർ വൈജ്ഞാനിക ജേണലുകളിൽ പ്രസിദ്ധീകരിച്ചു.

പരാമർശങ്ങൾ[തിരുത്തുക]

  1. Services, Engineering IT Shared. "New faculty member Bryce is an expert in optoelectronics". ece.illinois.edu. മൂലതാളിൽ നിന്നും 9 August 2014-ന് ആർക്കൈവ് ചെയ്തത്.
  2. "Ann Catrina Coleman". ece.utdallas.edu. മൂലതാളിൽ നിന്നും 11 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-16.
  3. "Women IEEE Fellows". മൂലതാളിൽ നിന്നും 5 August 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 August 2012.
  4. "LEOS Profiles: 2006 Award Recipients". ieee.org. മൂലതാളിൽ നിന്നും 11 May 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 August 2009.
  5. "Engineering Achievement Award Winners". photonicssociety.org (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-02.
  6. "Get to Know Your Society Leadership". IEEE Photonics Society News. 31: 10–11. October 2017.
"https://ml.wikipedia.org/w/index.php?title=ആൻ_കത്രീന_കോൾമാൻ&oldid=3333430" എന്ന താളിൽനിന്ന് ശേഖരിച്ചത്