Jump to content

ആസ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തികമായ വരവുചെലവുകണക്കുകളിൽ (Financial Accounting), വിവിധ തരത്തിലുള്ള ധനവിഭവങ്ങളാണു് ആസ്തി എന്നറിയപ്പെടുന്നതു്. തനിക്കു് മൂല്യം സൃഷ്ടിക്കാൻ തക്ക വിധത്തിൽ ഒരു ഉടമസ്ഥനു് അവകാശമോ നിയന്ത്രണാധികാരമോ ചെലുത്താൻ കഴിയുന്ന, കേവലമൂല്യം അളന്നറിയാവുന്നതോ അല്ലാത്തതോ ആയ, എന്തിനേയും ആസ്തിയായി കണക്കാക്കാം. ആസ്തിയുടെ ഉടമസ്ഥത വഴി, ഉടമസ്ഥനു് തന്റെ സാമ്പത്തികമൂല്യം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടായിരിക്കണം. ലളിതമായി പറഞ്ഞാൽ, ആസ്തി പണമാക്കി മാറ്റാവുന്ന ഉടമസ്ഥമൂല്യത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ, പണം തന്നെ ഒരു ആസ്തിയാണു്.

നിർവ്വചനം

[തിരുത്തുക]

ആസ്തി എന്നാൽ, ഒരു സ്ഥാപനത്തിനോ (വ്യക്തിക്കോ) അതിന്റെ പൂർവ്വകാലചരിത്രത്തിന്റേയും പൂർവ്വക്രയവിക്രയങ്ങളുടേയും ഫലമായി നിയന്ത്രിക്കാൻ അധികാരപ്പെട്ടതും ഭാവിയിൽ അതിനു് സാമ്പത്തികലാഭമുണ്ടാക്കാൻ സാദ്ധ്യത തെളിക്കുന്നതുമായ ഒരു വിഭവമാണു്.

ആസ്തിയുടെ ഗുണധർമ്മങ്ങൾ

[തിരുത്തുക]
  • ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഭാവിയിലെ പണമൊഴുക്കിലേക്കു് നേരിട്ടോ അല്ലാതെയോ സംഭാവന നൽകാൻ ആസ്തി സഹായിക്കുന്നു.
  • ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥപനത്തെ സംബന്ധിച്ചിടത്തോളം, ഭാവിയിൽ അതുദ്ദേശിക്കുന്ന സേവനങ്ങൾ നൽകാൻ, ആസ്തി സഹായിക്കുന്നു.
  • ആസ്തിയുടെ ഉടമസ്ഥത മൂലം സ്ഥാപനത്തിനു് അവ വഴി ലഭിക്കാവുന്ന നേട്ടങ്ങളുടെ ലഭ്യത ആർക്കൊക്കെ വേണമെന്നു തീരുമാനിക്കാനും നിയന്ത്രിക്കാനുമാവും.
  • ആസ്തിയുടെ ഉടമസ്ഥത സ്ഥാപനത്തിനു ലഭിയ്ക്കാൻ കാരണമായ ക്രയവിക്രയം മുൻപേ നടന്നു കഴിഞ്ഞിരിക്കണം.

മൊത്തം തദ്സമയ ആസ്തി

[തിരുത്തുക]

ഒരു സ്ഥാപനത്തിന്റെ ഭൂസ്വത്തു്, യന്ത്രശാലകളും യന്ത്രങ്ങളും, പ്രാരംഭമൂലധനം, പ്രവർത്തനമൂലധനം, പലവക സ്ഥിരാസ്തികൾ,കൈയ്യിലിരിപ്പുപണം, ഹ്രസ്വകാലനിക്ഷേപങ്ങൾ, തിരിച്ചുകിട്ടാനുള്ള തുകകൾ, കലവറ ആസ്തികൾ, മുൻകൂട്ടി അടച്ചുവീട്ടിയ ചെലവുകൾ തുടങ്ങിയവയെല്ലാം ചേർന്നതാണു് അതിന്റെ മൊത്തം തദ്സമയ ആസ്തി.

സാധാരണ ഗതിയിൽ, സ്ഥാപനത്തിലെ ജോലിക്കാരേയും തൊഴിലാളികളേയും സാമ്പത്തിക ആസ്തിയായി കണക്കാക്കാറില്ല. ഉടമസ്ഥനു് വ്യക്തവും സമ്പൂർണ്ണവും വസ്തുനിഷ്ഠവുമായ, സാമ്പത്തികശാസ്ത്രത്തിനും അക്കൗണ്ടിങ്ങ് രീതികൾക്കും അനുസൃതമായ, നിയന്ത്രണം ഇവരിൽ ചെലുത്താനാവില്ല എന്നതാണു് ഇതിനു കാരണം.


"https://ml.wikipedia.org/w/index.php?title=ആസ്തി&oldid=2231646" എന്ന താളിൽനിന്ന് ശേഖരിച്ചത്